ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനി കമ്പനികൾക്ക് നിശ്ചയിക്കാം
ന്യൂഡൽഹി: ഇനി മുതൽ, കമ്പനികൾക്ക് ആഭ്യന്തര ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കാം. ഓരോ റൂട്ടിലെയും മിനിമം, മാക്സിമം ചാർജ് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. പുതിയ രീതിയിലുള്ള നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.
എയർ ടർബൈൻ ഇന്ധനത്തിന്‍റെ (എടിഎഫ്) വിലയിലെ മാറ്റം ശരിയായി വിലയിരുത്തിയ ശേഷമാണ് ടിക്കറ്റ് നിരക്ക് നിരോധനം നീക്കാൻ തീരുമാനിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കോവിഡ്-19 മഹാമാരിക്ക് ശേഷം 2020 മെയ് 25ന് സർവീസുകൾ പുനരാരംഭിച്ചപ്പോഴാണ്, വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചത്.
നിലവിൽ 2,900 മുതൽ 8,800 രൂപ വരെയാണ് 40 മിനിറ്റിൽ താഴെയുള്ള യാത്രയ്ക്ക് ഈടാക്കുന്നത്. സാമ്പത്തിക ലാഭം കുറഞ്ഞ വിമാനക്കമ്പനികളെ സഹായിക്കാനാണ് അടിസ്ഥാന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്. കമ്പനികൾ പതിവായി നിരക്ക് വർദ്ധിപ്പിക്കുന്നത് തടയാൻ കേന്ദ്രം തന്നെ പരമാവധി ടിക്കറ്റ് വിലയും നിശ്ചയിച്ചിട്ടുണ്ട്.