Tuesday, December 17, 2024
LATEST NEWSSPORTS

കോലിയെ ട്വന്റി20യിൽ ആവശ്യമുണ്ടോ? തുറന്നടിച്ച് അജയ് ജഡേജ

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിന് വിരാട് കോലിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ. ടീമിനെ തിരഞ്ഞെടുക്കുന്നത് താനാണെങ്കിൽ കോലിയെ ഉൾപ്പെടുത്തില്ലെന്നും ജഡേജ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ വിരാട് കോലി ദയനീയ പ്രകടനവുമായി ഒരു റണ്ണെടുത്ത് പുറത്തായ സാഹചര്യത്തിലാണ് ജഡേജയുടെ പ്രതികരണം.

ടി20 ബാറ്റിംഗിൽ ഇന്ത്യ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ച് തീരുമാനമെടുക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്‍റിനും ക്യാപ്റ്റനും മുന്നിൽ രണ്ട് ഓപ്ഷനുകളുണ്ടെന്ന് ജഡേജ ചൂണ്ടിക്കാട്ടി. വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് ഒരു തീരുമാനം എടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ജഡേജ പറഞ്ഞു. ബർമിംഗ്ഹാമിൽ നടന്ന രണ്ടാം മത്സരത്തിൽ ഫോമിലുള്ള ദീപക് ഹൂഡയെ പുറത്താക്കി ഇന്ത്യ കോലിക്ക് അവസരം നൽകി. മത്സരത്തിൽ വൺ ഡൗണായി ക്രീസിലെത്തിയ താരം വെറും മൂന്ന് പന്തിൽ ഒരു റണ്ണിന് പുറത്തായി.

ടി20യിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ടീം തെളിയിച്ച ഘട്ടമാണിത്. ഇനിയും 180-200 റൺസ് നേടാൻ കഴിയും. ഇവിടെ ക്രിക്കറ്റ് മാറിയിട്ടില്ല. നേരെമറിച്ച്, ബാറ്റിംഗിനോടുള്ള സമീപനത്തിൽ മാറ്റമുണ്ട്. ഇക്കാര്യത്തിൽ രോഹിത് ശർമ ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ജഡേജ പറഞ്ഞു.