Thursday, January 23, 2025
HEALTHLATEST NEWS

കൊവിഡ് ബാധിതരിൽ പ്രമേഹം വർദ്ധിക്കുന്നതായി പഠനം

മുംബൈ : കൊവിഡ് ബാധിതരിൽ പ്രമേഹം വർദ്ധിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കോവിഡ് -19 ബാധിച്ച ആളുകളിൽ പഞ്ചസാരയുടെയും തൈറോയ്ഡ്-ഉത്തേജക ഹോർമോണുകളുടെയും അളവ് വർദ്ധിച്ചതായി കണ്ടെത്തി.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ബാവാസ്കർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കൽ റിസർച്ച് സെന്‍ററിന്‍റെ ഉടമ കൂടിയായ ഡോ.ഹിമ്മത് ബാവസ്കറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഠനത്തിൽ ഉൾപ്പെട്ട 17 രോഗികളിൽ ആർക്കും പാരമ്പര്യ പ്രമേഹമോ ഹൈപ്പോതൈറോയ്ഡിസമോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് -19 രോഗികളിൽ ആദ്യ തരംഗത്തിൽ തന്നെ പ്രമേഹം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ.ജലീൽ പാർക്കർ പറഞ്ഞു. പ്രമേഹമുള്ള ചില രോഗികളെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതായിരുന്നു, ഇവ നിയന്ത്രിക്കാൻ വലിയ അളവിൽ മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.