Friday, January 10, 2025
HEALTHLATEST NEWS

കോവിഡ് വാക്‌സിൻ മൂലം മരണം; നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷൻ മൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വാക്സിന്റെ പാർശ്വഫലങ്ങൾ മൂലമുള്ള മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും മൂന്ന് മാസത്തിനുള്ളിൽ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് (എൻഡിഎംഎ) ജസ്റ്റിസ് വി.ജി അരുൺ നിർദ്ദേശം നൽകി.

ഭർത്താവ് അബ്ദുൾ നാസർ വാക്സിനേഷനെ തുടർന്ന് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം തമ്മനം സ്വദേശി കെ.എ സയീദ സമർപ്പിച്ച ഹർജിയിലാണ് നിർദേശം.

ഇത്തരം സംഭവങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ എസ്.മനു അറിയിച്ചു. തുടർന്ന് നഷ്ടപരിഹാരം നൽകാനുള്ള സാധ്യത പരിശോധിക്കാൻ നിർദേശം നൽകി.