Friday, January 17, 2025
GULFLATEST NEWS

ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ

റിയാദ്: ഉത്പാദനം വർദ്ധിപ്പിച്ച് എണ്ണ വില നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ സൗദി അറേബ്യയിലെ ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട് . കഴിഞ്ഞ മാസം കടൽ വഴിയുള്ള കയറ്റുമതി പ്രതിദിനം 7.5 ദശലക്ഷം ബാരലിലെത്തിയിരുന്നു.

ജൂണിൽ ഇത് 66 ലക്ഷം ബാരലായിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതി 16.5 ലക്ഷം ബാരലിലേക്കും ഇന്ത്യയിലേക്കുള്ള കയറ്റുമതി 10 ലക്ഷം ബാരലിലേക്കും ഉയർന്നു. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പ്രകാരം, അസംസ്കൃത എണ്ണയുടെ കയറ്റുമതി മൂല്യം 2021 ൽ ഇതേ കാലയളവിൽ 786 കോടി റിയാലിൽ നിന്ന് 1441 കോടി റിയാലായി ഉയർന്നു.എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾക്ക് മേൽ കടുത്ത അന്താരാഷ്ട്ര സമ്മർദ്ദം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി അറേബ്യ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എണ്ണ ഉൽപാദനം വർദ്ധിപ്പിക്കാൻ രാജ്യത്ത് സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു.