Friday, January 17, 2025
LATEST NEWSSPORTS

കൂട്ടായത് ഫുട്‍ബോൾ പ്രേമം; സമൂഹമാധ്യമ സുഹൃത്തിനെ കാണാൻ വളപുരത്തെത്തി ജർമ്മൻകാരൻ

കൊളത്തൂർ: പലചരക്ക് കടയുടമയായ സുഹൃത്തിനെ അന്വേഷിച്ച് വളപുരത്ത് എത്തി ജർമ്മൻകാരൻ. ജർമ്മനിയിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനറായ ഹാങ്ക് മാക്‌സൈനർ ആണ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്ത് വളപുരം കെപി കുളമ്പ് സ്വദേശി അമീർ അബ്ബാസിനെ കാണാൻ മലപ്പുറത്ത് എത്തിയത്. കെ.പി കുളമ്പിൽ പലചരക്ക് കട നടത്തുകയാണ് അമീർ അബ്ബാസ്. ഇരുവരും വലിയ ഫുട്ബോൾ പ്രേമികളാണ്. കഴിഞ്ഞ ലോകകപ്പിൽ ഒരു ഫുട്ബോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്.

ബ്രസീൽ ആരാധകനായ അമീർ അബ്ബാസിനോട് ഇറ്റലി ഫാനായ ഹാങ്ക് ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് നിരന്തരം സംവാദം നടത്താറുണ്ടായിരുന്നു. ഇങ്ങനെ സൗഹൃദം ശക്തമായി. കേരളം സന്ദർശിക്കാൻ പലപ്പോഴും ഹാങ്കിനെ അമീർ ക്ഷണിക്കാറുമുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയെന്നുപറഞ്ഞ് ഹാങ്ക് വിളിച്ചപ്പോൾ അമീറിന് ആദ്യം വിശ്വാസമായില്ല. ഒടുവിൽ നേരിൽ കണ്ടപ്പോഴാണ് അമ്പരപ്പ് മാറിയത്. മുൻപ് 3 തവണ ഹാങ്ക് ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും കേരളത്തിൽ എത്തുന്നത് ആദ്യമാണ്. അമീറിനും സുഹൃത്തുക്കൾക്കുമൊപ്പം നാട് ചുറ്റിക്കണ്ട ശേഷമാണ് ഹാങ്ക് മടങ്ങിയത്. അമീറിനെ അദ്ദേഹം ജർമനിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.