Saturday, January 24, 2026
LATEST NEWSSPORTS

ചെസ് ഒളിമ്പ്യാഡ് സമാപിച്ചു; നിഹാൽ സരിന് സ്വർണം

മഹാബലിപുരം : 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മലയാളത്തിന്‍റെ പ്രിയതാരം നിഹാൽ സരിൻ, ഡി.ഗൂകേഷ് എന്നിവർ സ്വർണം നേടി. ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ്മുഖ് എന്നിവർ വെങ്കലം നേടി.

ടീം ഇനത്തിൽ ഇന്ത്യ രണ്ട് വെങ്കല മെഡലുകൾ നേടി. ഓപ്പൺ വിഭാഗത്തിൽ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമും വെങ്കലം നേടി. വനിതാ വിഭാഗത്തിൽ ഉക്രൈൻ സ്വർണവും ജോർജിയ വെള്ളിയും നേടി. ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാൻ സ്വർണ്ണ മെഡലും, അർമേനിയ വെള്ളി മെഡലും നേടി.

ജൂലൈ 28 ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ, നടൻ രജനീകാന്ത്, എ ആർ റഹ്മാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.