ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 50
എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )
അപ്പോഴും താൻ കുറിച്ചിട്ട വരികൾ അറംപറ്റുമെന്ന് അറിയാതെ അവൻ യാത്ര തുടർന്നു.. അവന്റെ പ്രാണനിലേക്ക്… നന്ദന്റെ സിഷ്ഠയിലേക്ക്.. വസു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു കണ്ണന്റെ മുന്നിൽ വന്നു നിന്നു.. പറ നന്ദൂട്ടാ.. ഈ കേട്ടതെല്ലാം സത്യമായിരുന്നോ? എന്നെ പറ്റിക്കുവായിരുന്നോ? പ്രണയത്തിന്റെ കണക്കു പുസ്തകത്തിൽ വീണ്ടും എനിക്ക് പിഴവ് പറ്റിയോ.. വസു കണ്ണന് നേരെ ചോദ്യമെറിഞ്ഞു.. ഒന്നും മിണ്ടാതെ തലകുമ്പിട്ടു നിൽക്കാനേ അവനായുള്ളു..
നേരത്തെ കൈത്തട്ടി വീണ പുസ്തകങ്ങൾ കയ്യിലെടുത്തു നോക്കി വസു.. ശരിയാണ് തനിക്ക് വന്ന കത്തുകളിലെ കയ്യക്ഷരം.. വീണ്ടും വീണ്ടും തകർന്നു കൊണ്ടിരുന്നു.. ഇനിയും മറനീക്കി വരാനുള്ള കാര്യങ്ങൾ കേൾക്കാൻ സ്വന്തം മനസിനെ പ്രാപ്തയാക്കി അവൾ അനന്തന് മുന്നിൽ ചെന്നു നിന്നു.. ഞാൻ ഭ്രാന്തി ആയിരുന്നില്ല അല്ലേ? അനന്തനെ പ്രണയിച്ച ഞാൻ ഭ്രാന്തി ആയിരുന്നില്ല.. സ്വയം ഒരു മന്ത്രണം പോലെ ഉരുവിട്ടു..
ഉള്ളിലെ സിഷ്ഠക്ക് മോചനം കൊടുക്കുമ്പോൾ എന്നിലെ ലെച്ചു തകരുന്നുണ്ട് നന്ദൂട്ടാ കണ്ണനോടായി വസു പറഞ്ഞു.. അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായെന്ന പോലെ കണ്ണൻ അരികിൽ വന്നിരുന്നു.. കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരഗ്നി പർവതം ഉള്ളിലില്ലേ.. നീ അറിയണം വസിഷ്ഠ ലക്ഷ്മി.. നിന്റെ നന്ദനെ..
സ്വന്തമാക്കാൻ ഒരായിരം തവണ മുന്നിട്ടിറങ്ങി.. കയ്യെത്തിപിടിക്കാൻ കൈനീട്ടിയപ്പോൾ വഴുതി പോയ നിങ്ങളുടെ ജീവിതം.. വിധിയെ മാത്രം പഴിച്ചാൽ പോരാ.. ചില മനുഷ്യരുടെ സ്വാർത്ഥതയും മറ്റു ചില പ്രണയങ്ങളും.. അത്രയും പറഞ്ഞവൻ ഹരിയേയും മിഥുവിനെയും നോക്കി.. നീയറിയണം നിന്റെ നന്ദേട്ടൻ എങ്ങനെയാണ് ഈ എനിക്കും നന്ദേട്ടൻ ആയി മാറിയതെന്ന്.. വീണ്ടും നന്ദനിലേക്കുള്ള യാത്ര തുടർന്നപ്പോൾ വസുവും കാതോർത്തു അനുഭവിക്കാൻ കഴിയാതെപോയ ആ പ്രണയത്തെ വാക്കുകളാൽ സ്വരങ്ങളാൽ അടുത്തറിയാൻ..
എങ്ങനെ കണ്ണനും അനന്തൻ നന്ദേട്ടനായി എന്നറിയാനായി.. കണ്ണൻ നാട്ടിലെത്തിയത് പോലും വസുവിനോടുള്ള തന്റെ പ്രണയം പറയാൻ വേണ്ടിയായിരുന്നു.. എന്നാൽ വസു അന്ന് കോളേജിൽ പോയിട്ടില്ലാത്തത് കൊണ്ട് തന്നെ ഹരിയെ കൂട്ടാനായി കോളേജിലേക്ക് ചെന്നു.. കുറെ പുസ്തകങ്ങൾ അവളുടെ പക്കൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതിൽ രണ്ടുമൂന്നെണം കയ്യിൽ വാങ്ങി.. നക്ഷത്രങ്ങളേ കാവൽ വസുവിന് വേണ്ടിയാണ് എടുത്തത് എന്നറിഞ്ഞതും അവനിൽ ഒരു പുഞ്ചിരി നാമ്പിട്ടു..
കോളേജിൽ നിന്നും നേരെ മുറിയിലെത്തി ആ പുസ്തകം കൗതുകത്തിന്റെ പുറത്തു കയ്യിലെടുത്തു.. നോക്കിയപ്പോൾ അതിലൊളിച്ചിരുന്ന കുറിപ്പുകൾ കണ്ടു.. അവൾക്കായി ആരോ എഴുതിയത്.. എവിടെയോ ദേഷ്യം തോന്നി. പക്ഷേ അവളിൽ അങ്ങനെ യാതൊരു തോന്നലും ഉണ്ടാവില്ലെന്ന് സ്വയം ഉറപ്പിച്ചു.. കത്ത് അതേ പടി മടക്കി പുസ്തകത്തിൽ വെച്ചു.. അവളുടെ മനസ്സിൽ മറ്റാരെങ്കിലുമെണ്ടെങ്കിൽ സ്വയം പിൻവാങ്ങാം എന്ന ചിന്തയിൽ. പിടിച്ചുവാങ്ങലിനുമപ്പുറത്ത് വിട്ടുകൊടുക്കുക എന്നതിന് കൂടി പ്രണയത്തിൽ സ്ഥാനമുണ്ടല്ലോ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
തന്റെ ഫോണിൽ ഉള്ള വസുവിന്റെ നമ്പറിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു.. ഒടുവിൽ മെസ്സേജ് അയച്ചു.. സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതും ആശ്വാസം തോന്നി.. പുസ്തകം തുറന്നു നോക്കിയിട്ടില്ല എന്ന് തോന്നി… തന്നോടൊന്നും ചോദിച്ചു കണ്ടില്ല.. അല്ലെങ്കിലും ചോദ്യങ്ങൾക്ക് എന്ത് പ്രസക്തി? ഉത്തരങ്ങൾ പോലും സമസ്യയാണല്ലോ.. പേരറിയാത്തൊരു സമസ്യ.. കൗതുകത്തിന്റെ പുറത്തു പ്രൊഫൈലിൽ ഇട്ടിരിക്കുന്ന ഫോട്ടോ നോക്കി.. ചെമ്പകപൂവ് മുടിയിൽ കൊരുക്കുന്ന അവളുടെ മുഖം.. ബയോ നോക്കിയപ്പോൾ കണ്ടു നരേന്ദ്രന്റെ മാത്രം ഗൗരി ❤️
അധികരിച്ചു വന്ന സങ്കടത്തെയും സന്തോഷത്തെയും മറച്ചുകൊണ്ട് അവളോട് മനസ് ചോദ്യമെറിഞ്ഞു.. ഈ നരേന്ദ്രന്റെ മാത്രമാണോ ഗൗരി നീ എന്ന്.. ആണെങ്കിൽ എങ്ങിനെ നിനക്കെന്നെ മറവിക്ക് വിട്ടു കൊടുക്കാൻ കഴിഞ്ഞു.. പക്ഷേ ഞാൻ എന്നും സ്വാർത്ഥനാണ് സിഷ്ഠ.. നിന്നെ മറ്റാർക്കും പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. നിന്നിലെ സർവ്വവും എനിക്ക് മാത്രം സ്വന്തമാകണം.. ഓർമ്മകൾ ഇല്ലെങ്കിലും എത്രയും പെട്ടന്ന് ഞാൻ നിന്നെ മറവിയെന്ന താഴ്‌വരയിൽ നിന്നും സ്‌മൃതികളെന്ന മഞ്ഞു പുതച്ചു സ്വന്തമാക്കിയിരിക്കും..
ഇനിയൊരു മായയാകാൻ വിടാതെ നരേന്ദ്രന്റെ മാത്രം ഗൗരി ആ മായയിൽ പുനർജനിക്കട്ടെ.. എന്നിൽ നിന്നുള്ള കുറിപ്പുകളെല്ലാം പഴയ സിഷ്ഠയിലേക്കുള്ള വഴി വെട്ടട്ടെ.. ആ വഴിത്താരയുടെ ഒടുക്കം ഓർമ്മകൾ പൂത്ത വേരുകളുമായി നിനക്ക് മാത്രമായി ഞാൻ കാത്തുനിൽക്കും.. ജീവനും ജീവിതവും പ്രാണനും നിനക്കായ് അർപ്പിച്ചവനായി.. പദ്മരാജനെ ഇഷ്ടമാണോ എന്ന ചോദ്യത്തോടെ വീണ്ടും മെസ്സേജ് അയച്ചു.. അവളിൽ നിന്നും ഉതിർന്നു വീണ അക്ഷരങ്ങൾക്ക് മറുപടി പുഞ്ചിരിയിൽ ഒതുക്കി..
പുറത്തു വീശിയടിച്ചിരുന്ന ചെമ്പക കാറ്റിൽ മനം കുളിർന്നു.. തന്റേത് മാത്രമായവളുടെ ഗന്ധം.. പ്രണയത്തിന്റെ ഗന്ധം.. ആമിയുടെ നീർമാതളത്തിന്റെ താളുകൾ മറിഞ്ഞു.. ചുവന്ന മഷിയിൽ സിഷ്ഠ അടയാളപ്പെടുത്തിയിട്ടിരുന്ന വരികളിൽ കണ്ണുകൾ ഉടക്കി.. സിഷ്ഠ.. വീണ്ടും ചിന്തകൾ അവളിലേക്ക് നീണ്ടു.. നിന്റെ മിഴി കടലിൽ പ്രാണൻ പിടഞ്ഞു കൊണ്ട് ഒരു മീനിനെ പോലെ വീണ്ടും വീണ്ടും ആഴങ്ങൾ അളക്കാൻ അനന്തനെ ആകൂ.. അനന്തന് മാത്രം.. എത്ര പകലുകൾ എത്ര ഇരവുകൾ.. എത്ര കാലങ്ങൾ.. എത്ര യുഗങ്ങൾ..
എത്രയെത്ര മാത്രകൾ നിന്നിൽ കിടന്നു പിടഞ്ഞാലും ഒരിറ്റു ജീവൻ ബാക്കി നിന്നാൽ വീണ്ടും അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി നിവരാൻ അനന്തനാകും.. ഋതുക്കളുടെ ചക്രത്തിൽ നിന്നും തെന്നി വീണ പ്രണയകാലം.. വർഷങ്ങൾക്കു മുൻപേ ദിശയറിയാതെ ഉഴറി.. ഇന്നവ കറങ്ങി തിരിഞ്ഞതിന്റെ അവകാശിയിലേക്ക് എത്തപ്പെട്ടിരിക്കുന്ന.. ഒരു കൈക്കുമ്പിൾ നിന്റെ ഓർമകൾ നിറച്ചുകൊണ്ട് നിന്നിലേക്ക് എത്തപ്പെടാം ജന്മജന്മാന്തരങ്ങൾക്കിപ്പുറവും..
നിനക്കായി മിടിക്കുന്ന ഹൃദയത്തിന്റെ താളം കേട്ടുറങ്ങാം ഈ ജന്മം അത്രയും.. ഒടുക്കം ഒരുപിടി ചാരമായി പട്ടടയിൽ ഒടുങ്ങുമ്പോഴും കണ്ണീർ വറ്റി നീ കൂടെ വരണം.. എനിക്ക് പറ്റണില്ല നന്ദേട്ടാ.. കൂടെ കൂട്ടാമോ എന്ന് ആത്മാവിനോട് മൗനമായി ചോദ്യമെറിയണം.. നീയില്ലാതെ എങ്ങനെ ഞാൻ ഈ ഭൂമി വിട്ടു പോകും.. ഒടുക്കം നക്ഷത്രമായി മാനത്തു മിന്നുമ്പോഴും നീ വേണം എനിക്ക് വെളിച്ചമാകാൻ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പിറ്റേന്ന് തന്നെ ഒളികണ്ണിട്ടു ക്ലാസ്സിൽ നോക്കുന്ന സിഷ്ഠയുടെ കണ്ണുകളിൽ അവയുടെ ഇണകളും കൊരുത്തിരുന്നു.. ശ്രദ്ധ മാറുമെന്ന് തോന്നിയതും സ്വയം ശാസനയാൽ ഒതുക്കി നിർത്തി കണ്ണുകളെ.. അറ്റെൻഡൻസ് രജിസ്റ്റർ അവൾക്ക് നേരെ നീട്ടി മാർക്ക് ചെയ്യാൻ പറഞ്ഞപ്പോഴും ആ കണ്ണുകൾ വൈര്യമണികളായി തിളങ്ങി.. ഇങ്ങനെ നോക്കല്ലേ പെണ്ണേ അവളോട് ചേർന്നു നിന്നപ്പോൾ മനസ് മന്ത്രിച്ചു..
പുഞ്ചിരിയിൽ നന്ദിയൊതുക്കി നടന്നു നീങ്ങി.. തന്നോട് സംസാരിക്കാൻ അടുത്തെത്തുമ്പോൾ ഉള്ളം പനിക്കുന്നതുപോലെ വിറകൊള്ളുന്നത് കാണാം.. മുഖത്തു പൂക്കൾ വിരിയുന്നു.. രോമകൂപങ്ങൾ പോലും പൂക്കളമെഴുതുന്ന തണുപ്പ് അവളിൽ അരിച്ചു കയറുന്നത് കൗതുകത്തോടെ കണ്ണുകളിൽ ഒപ്പിയെടുത്തു.. കുളിരുകോരുന്ന അവളെ ചേർത്തു നിർത്തി ചൂട് പകരാൻ ഉള്ളം മുറവിളി കൂട്ടിയോ? എന്തിനാണ് പെണ്ണേ ഇത്ര പരിഭ്രമം.. എന്റെ അടുത്തല്ലേ.. ഒരു പക്ഷേ തനിക്ക് പോലും മൗനം വാചാലമാകുന്നുണ്ട് അവളുടെ സമക്ഷം.. പിന്നീടുള്ള ദിവസങ്ങളിലും അവളറിയാതെ തന്നെ അവളെ നോക്കി കണ്ടു..
അനിയന്ത്രിതമായി മിടിക്കുന്ന ഹൃദയത്തെ ശാസനയാൽ അടക്കി പിടിച്ചു.. ഉള്ളിൽ ഇരുന്നാരോ സമയമായില്ലെന്ന് മന്ത്രിക്കും പോലെ.. കത്തുകളിലൂടെ പരസ്പരം അറിയുകയായിരുന്നു അനന്തനും വസുവും.. എന്നാൽ തുറന്ന് പറയാനുള്ള സാഹചര്യം അനന്തനോ എല്ലാം തുറന്ന് ചോദിക്കാൻ വസുവോ മുതിർന്നിരുന്നില്ല.. തടസങ്ങളേതുമില്ലാതെ അവളിലെ സിഷ്ഠയെ സ്വന്തമാക്കാനായി അനന്തൻ കാത്തിരുന്നു.. അവളിലെ സ്പന്ദനങ്ങൾ പോലും അവനിൽ പുഞ്ചിരിയുണർത്തി.. നന്ദാ എന്ന് അവൾ സ്വയം വിളിക്കുമ്പോൾ ചങ്ങലയാൽ ബന്ധിച്ചിട്ടിരിക്കുന്ന അനന്തനിലെ നന്ദൻ ആഹ്ലാദത്തിന്റെ കൊടുമുടിയേറി..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പതിവ് പോലെ തന്നെ ഓണാഘോഷം വന്നെത്തി.. അവളുടെ പ്രണയ മഷി പുരണ്ട വരികൾക്കിനി ദിവസങ്ങൾ കാത്തിരിക്കണം എന്ന ചിന്ത അവനിലും വേദന വിതച്ചു.. ആഘോഷത്തിനിടയിലും അവന്റെ കണ്ണുകൾ അതിന്റെ ഇണയെ മാത്രം തിരഞ്ഞുകൊണ്ടിരുന്നു.. സാരിയിൽ അവളെ ആദ്യമായി കണ്ടപ്പോൾ ഹൃദയം തുടിക്കാൻ ഒരുവേള മറന്നുപോയി.. ആദ്യമായി കുഞ്ഞിയുടുപ്പിട്ട് തനിക്കരികിലേക്ക് ഓടി എത്തിയ കുഞ്ഞു സിഷ്ഠ ഉള്ളിൽ ഇന്നും എരിഞ്ഞിടുന്ന വിങ്ങലായി ഉണ്ട്.. ആദ്യമായി പട്ടു പാവാട ഇട്ട് തന്റെ കൂടെ അമ്പലത്തിലേക്ക് വന്ന സിഷ്ഠയും..
ഇന്നിപ്പോൾ അവളെ സാരിയിൽ കണ്ടപ്പോഴും വാത്സല്യം ഉയർന്നു കൊണ്ടിരുന്നു.. തനിക്കായി ഭക്ഷണം വിളമ്പിയപ്പോൾ ആ കണ്ണുകളിൽ അത്രയും സംതൃപ്തിയായിരുന്നു തെളിഞ്ഞു നിന്നത്.. ഉച്ചക്ക് ശേഷമുള്ള വടംവലിയിൽ അവൾ പങ്കെടുക്കുന്നത് കണ്ടു.. സന്തോഷം തോന്നി.. സ്റ്റാഫ് റൂമിൽ പോയി വന്നതും അവിടമൊട്ടാകെ സിഷ്ഠക്കായി കണ്ണുകൾ പരതി.. കൂട്ടുകാരെ കണ്ടു.. പക്ഷേ അവളെവിടെ.. കാലിനേക്കാൾ വേഗത്തിൽ ഹൃദയം പടികൾ ചവിട്ടി കയറി.. ക്ലാസ്സിനരികിലെത്തിയതും ആ സാമിപ്യം അറിഞ്ഞ പോലെ ഹൃദയം സൂചന നൽകി..
ക്ലാസ്സിൽ ഡെസ്കിൽ തലചേർത്തിരിക്കുന്ന അവളെ കണ്ടതും നെഞ്ച് പൊടിഞ്ഞു.. ആധിയോടെ ആ നെറ്റിത്തടങ്ങളിൽ കൈവെച്ചു പനിയാണോ എന്ന് തിരക്കിയതും അല്ലെന്ന് പറഞ്ഞു.. തന്റെ കൈകളിൽ പിടിവീണപ്പോൾ മുറിഞ്ഞു കിടക്കുന്ന ഉള്ളം കൈ കണ്ടു.. സ്വന്തം ശരീരം നോവിച്ചുകൊണ്ടുള്ള മത്സരം വേണോ എന്ന് ദേഷ്യം തോന്നി. സ്റ്റാഫ്‌റൂമിലേക്ക് കൊണ്ടുപോയി മരുന്ന് വെച്ചു കെട്ടി കൊടുത്തു.. പോകാൻ നേരം വിൽ മിസ്സ് യു നന്ദൻ സർ എന്ന് പറഞ്ഞവൾ തിരികെ നടന്നപ്പോൾ എവിടെയോ ഒരു കല്ലെടുത്തു വച്ച ഭാരം അനുഭവപെട്ടു..
ഞാനും ഓരോ നിമിഷവും നിന്നോടൊത്തു ചിലവിടാൻ ആണ് ആഗ്രഹിക്കുന്നത്.. പക്ഷേ.. അമ്മച്ചിയെ പറഞ്ഞു മനസിലാക്കിക്കണം.. മിഥുനയെ പറഞ്ഞു മനസിലാക്കിക്കണം.. അതിനെല്ലാം ശേഷം നിനക്ക് വേണ്ടി നിന്റെ വീട്ടുകാരുടെ മുൻപിൽ.. ഈ അധ്യാപകന്റെ വേഷം അഴിച്ചുവെക്കണം.. നിനക്ക് വേണ്ടി.. നിന്റെ മാത്രം നന്ദനാകണം.. എന്റെ പെണ്ണിനെ ഇവിടെ ആരും പഴിക്കരുതല്ലോ.. ഊട്ടിഉറപ്പിച്ചു തീരുമാനങ്ങൾ എടുത്തു അനന്തന്റെ മനസ്.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രാത്രി ചാരുബെഞ്ചിൽ തലചേർത്തിരുന്നു കുറിപ്പെടുത്തു നോക്കി.. യാത്രകൾക്ക് നിറം നല്കപ്പെടുമ്പോൾ നിനക്കൊപ്പം വള്ളിപ്പടർപ്പുകൾ താണ്ടണം.. ആ വരികൾക്കുത്തരമെന്നോണം അവന്റെ ഉള്ളവും മന്ത്രിച്ചു.. ഇനിയുള്ള ദിവസത്തെ വിരഹം ആലോചിച്ചതും കണ്ണുനീർ പൊടിഞ്ഞു.. ഇനിയും ഒളിച്ചുകളി തുടരില്ല പെണ്ണേ എത്രയും പെട്ടന്ന് നിന്നെ കൂടെ കൂട്ടിയേക്കാം.. ഓർമ്മകൾ നന്ദനിലെത്തുമ്പോൾ താനെ പൂവിട്ടോളും.. പക്ഷേ ചെയ്തുതീർക്കേണ്ടതെല്ലാം ചെയ്തു തീർക്കണം എനിക്ക്.. അതിന് ശേഷം നീയും ഞാനും മാത്രമായി ശിഷ്ട കാലം.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അമ്മച്ചിയേയും കൂട്ടി കൂട്ടുകാരിയുടെ വീട്ടിൽ പോകുമ്പോഴാണ് സിഷ്ഠയെ പോലെ ആരോ വണ്ടിയിൽ പോകുന്നത് കണ്ടത്.. അവരെ പിന്തുടർന്നപ്പോൾ മനസിലായി അമ്പലത്തിലേക്കാണ് എന്ന്.. എന്നാൽ വണ്ടിയൊതുക്കി അരയാലിൻ ചുവട്ടിലേക്ക് നീങ്ങുന്നത് കണ്ടതും അതിനോട് ചേർന്നുള്ള കുളപ്പടവിലേക്ക് അമ്മച്ചിയോട് പറഞ്ഞിറങ്ങി നടന്നു.. ഹരിപ്രിയ കത്തുകളുടെ കാര്യമറിഞ്ഞെന്ന് അവരുടെ സംഭാഷണങ്ങളിൽ നിന്നും മനസിലായി.. തന്റെ പ്രണയത്തിൽ അവൾ എത്രത്തോളം വിശ്വസിക്കുന്നെന്ന് മനസ്സിലായതും കണ്ണുകൾ നിറഞ്ഞു..
എന്നാൽ ഉത്തരമില്ലാതെ വിശ്വാസത്തിന്റെ പുറത്തു മാത്രം ഹരിപ്രിയയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. താൻ കരണമാണല്ലോ എന്ന ചിന്ത അസ്വസ്ഥമാക്കാൻ തുടങ്ങി.. ഇന്നലെ എടുത്ത തീരുമാനത്തെ വീണ്ടും മനസ്സിൽ ഊട്ടിഉറപ്പിച്ചു കൊണ്ട് അർച്ചനയ്ക്ക് എഴുതിച്ചു.. ശ്രീകോവിലിനു മുൻപിൽ അവളെ കാണുന്ന വിധത്തിൽ നിന്നു തൊഴുതു.. തന്റെ സിഷ്ഠയെ തനിക്ക് തന്നെ തരണമെന്ന് കേണപേക്ഷിച്ചു.. വരും ജന്മങ്ങളിലും.. പ്രസാദം വാങ്ങിച്ചുകൊണ്ട് അവൾക്കു പുറകെ നടന്നു..
പൊട്ടിയ കണ്ണാടിയിൽ നോക്കി കുറിവരക്കരുതെന്ന് ഒരു കുഞ്ഞു പെൺകുട്ടി പറഞ്ഞതും കുസൃതിയോടെ ഇനി എന്ത് ചെയ്യുമെന്ന് അവളോട് തിരക്കി.. ഒട്ടൊന്ന് ശങ്കിക്കുക പോലും ചെയ്യാതെ തന്റെ നെറ്റിയിൽ അവളുടെ വിരലിലെ തണുപ്പിൽ ചാലിച്ചു കൊണ്ട് ചന്ദനം വരഞ്ഞു.. നേരത്തെ കണ്ട പെൺകുട്ടി അവൾക്ക് കുറി വരച്ചപ്പോൾ ഇത്തിരി കുശുമ്പ് തോന്നിയോ? ആ മുഖത്തും തന്നോടുള്ള ദേഷ്യമായിരുന്നു.. കുറി വരക്കാത്തതിൽ ആണെന്ന് മനസിലായി..
എന്നാൽ പടർന്നു നിന്ന പ്രസാദം തന്റെ കൈവിരലിൽ ചേർത്തു കൊണ്ട് തുടച്ചു മാറ്റി.. ആ കണ്ണുകളിൽ നോക്കാൻ ധൈര്യം വന്നില്ല.. ഹരിപ്രിയയുമായി സംസാരിച്ചു പ്രദക്ഷിണം ചെയ്തു വന്നു.. അവൾക്കൊപ്പം വർഷങ്ങൾക്കിപ്പുറം ഒരമ്പല നടയിൽ.. വീണ്ടും പാഴ്ക്കിനാക്കളാക്കി തട്ടിത്തെറിപ്പിക്കരുതെന്ന് ഭഗവാനോട് പറഞ്ഞു കൊണ്ടിരുന്നു.. അവസാനമായി വീണ്ടും ശ്രീ കോവിലിനു മുൻപിൽ എത്തി.. താൻ നൽകിയ ചെമ്പക പൂക്കൾ തിരുമേനി അവൾക്ക് നൽകി.. അവയിൽ വെള്ള ചെമ്പകം തിരഞ്ഞു കണ്ടുപിടിച്ചപ്പോൾ അവളിൽ നിറഞ്ഞ സന്തോഷം തന്നിലേക്കും പകരുന്നത് അവൻ അറിഞ്ഞു..
അവളിലെ ചെമ്പകഭ്രാന്ത് അറിയാമെങ്കിലും ആ വാക്കുകളിൽ നിറയുന്ന കൗതുകത്തെ ആവാഹിക്കാനായി വീണ്ടും ചോദ്യമെറിഞ്ഞു കൊണ്ടിരുന്നു.. പുറത്തെത്തിയതും തന്നോട് എന്തോ ചോദിക്കാൻ ആഞ്ഞപ്പോഴാണ് അമ്മച്ചി വരുന്നത്.. പുറത്തുള്ളവരോട് വല്ല്യ അടുപ്പം അമ്മച്ചി കാണിക്കാത്തത് കൊണ്ട് തന്നെ വേഗം യാത്ര പറഞ്ഞു നടന്നു.. എന്തോ അമ്മച്ചി സിഷ്ഠയെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.. അതെന്തായാലും നന്നായി.. അമ്മച്ചിക്കൊരു നല്ല സർപ്രൈസ് ആയിരിക്കും തനിക്ക് തന്റെ പെണ്ണിനെ തിരിച്ചു കിട്ടിയെന്നറിഞ്ഞാൽ.. കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി.. ❤️
അഷിത കൃഷ്ണ (മിഥ്യ )