Friday, January 17, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 36

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

കരയെ ചുംബിച്ചു പോകുന്ന തിരകളിലേക്ക് കണ്ണും നട്ട് നിന്നുകൊണ്ട് അവൾ ദീർഘമായി നിശ്വസിച്ചു.. കാറ്റിൽ അലസമായി പറന്നുകൊണ്ടിരുന്ന കുർത്തി കൈകൾ കൊണ്ട് ഒതുക്കി പിടിച്ചു തിരിഞ്ഞു നിന്നു… ഇതൊക്കെയാണ് അഥവാ ഇതൊക്കെയായിരുന്നു നീരജ… വസിഷ്ഠ ലക്ഷ്മിയുടെ ഭൂതകാലം… തന്റെ പുറകിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് പറഞ്ഞു കൊണ്ട് വീണ്ടും അവൾ കടലിലേക്ക് മിഴി പായിച്ചു… അസ്തമിക്കാൻ ശങ്കിച്ചു നിൽക്കുന്ന സൂര്യനെ നോക്കി… പിന്നെ തിരിഞ്ഞവളുടെ അരികിൽ വന്നിരുന്നു… അന്ന് റെയിൽവേ സ്റ്റേഷനിൽ ആണ് എത്തിയത്.. എങ്ങോട്ടേക്ക് ആണ് പോകേണ്ടത് എന്നൊരു രൂപവും ഉണ്ടായിരുന്നില്ല…

ചില സമയത്തു സർവ്വവും നഷ്ട്ടപെട്ടന്ന അവസ്ഥയിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ നമ്മളെ രക്ഷിക്കില്ലേ… അന്ന് അതുപോലെ ഒരാളുടെ കൈകൾ എനിക്ക് നേരെ നീണ്ടു.. ആരാ അത്…. നീരജ ആകാംക്ഷയോടെ ചോദിച്ചു.. എന്റെ പഴയ ഒരു സുഹൃത്ത്… എത്രയോ കാലങ്ങൾക്ക് ശേഷം അവളെ ഞാൻ കണ്ടുമുട്ടി… ഹരിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടു മാത്രം ഞാൻ സംസാരിക്കാതിരുന്ന എന്റെ ഒരു കൂട്ടുകാരി… ഞങ്ങൾ പ്ലസ്ടു എല്ലാം ഒരുമിച്ചായിരുന്നു… അന്നത്തെ ദിവസത്തെ ഓർമകളിലേക്ക് വസു വീണ്ടും എത്തി.. തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്തു പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുമ്പോഴാണ് പരിചിതമായൊരു മുഖം കാണുന്നത്…

ഹേയ് വസിഷ്ഠ താൻ എന്താണ് ഇവിടെ? കരഞ്ഞു തളർന്നിരുന്ന വസു മുഖമുയർത്തി നോക്കി… ആൻ… താൻ… താനിത് എങ്ങോട്ടാ… വസു അവളെ കണ്ടതും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു… ഞാൻ വീട്ടിലോട്ടാണ് മോളെ… ചുമ്മാ ഒന്ന് ഊര് ചുറ്റാൻ വന്നതായിരുന്നു… ഒറ്റക്കോ? വസു സംശയത്തോടെ ചോദിച്ചു.. ആ അതേ… ഒറ്റക്ക് തന്നെ… അതൊക്കെ പോട്ടെ ഹരിപ്രിയ എവിടെ… സാധാരണ വസിഷ്ഠ എവിടെ പോയാലും വാലുപോലെ കാണുമല്ലോ… ആൻ പറഞ്ഞതും വസുവിന്റെ കണ്ണുനീർ വീണ്ടും പെയ്തുകൊണ്ടിരുന്നു… അത് കണ്ടതും ആൻ വസുവിന്റെ കൈ എടുത്തു തന്റെ കൈകളിൽ ഒതുക്കി വെച്ചു… വാ… നമുക്ക് ഒന്ന് മാറിയിരിക്കാം… അത്രയും പറഞ്ഞു വിശ്രമമുറിയിലേക്ക് കയറി..

വസുവും ആൻ നെ പിന്തുടർന്നു.. ഇനി പറയ്‌… നിനക്ക് എന്ത് പറ്റിയതാ. അവളുടെ മുഖം കയ്യിലെടുത്തു ആൻ ചോദിച്ചതും വസുവിന് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല… വേദനകളും മുറിവുകളും അവൾക്കു മുന്നിൽ തുറന്ന് കാട്ടി… എല്ലാം കേട്ടതിനു ശേഷം ആൻ പറഞ്ഞു… എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല… ഹരിപ്രിയ ഇത്രയൊക്കെ പറഞ്ഞെന്നും ചെയ്തെന്നും… നിന്നെ ഒത്തിരി ഇഷ്ടമായിരുന്നല്ലോ… എന്നേക്കാൾ വലുതല്ലേ ആൻ സ്വന്തം സഹോദരനും ഭർത്താവും… വസു പതിയെ പറഞ്ഞു… അപ്പോൾ മോളെ… എങ്ങോട്ടാണ് ഒളിച്ചോട്ടം… എന്തെങ്കിലും ഐഡിയ ഉണ്ടോ…

ആൻ തിരക്കിയതും വസു ഇല്ലെന്ന് തലവെട്ടിച്ചു… ഒരു കാര്യം ചെയ്യ്… തല്ക്കാലം നീ എന്റെ കൂടെ പോര്… വീട്ടിൽ ഏതായാലും ഞാനും അമ്മച്ചിയും മാത്രമേ ഒള്ളു… അപ്പ പിന്നെ രാഷ്ട്രീയം ഒക്കെ കഴിഞ്ഞു അങ്ങനെ വീട്ടിൽ വരാറൊന്നും ഇല്ല… ആൻ പറഞ്ഞു… ബുദ്ധിമുട്ടാവോ ആൻ… വേറെ ആരും ഇല്ലാത്തത് കൊണ്ടാണ്… ഞാൻ… വസു മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു.. എന്തായാലും… നിനക്ക് മനസ് മാറുന്നത് വരെ എന്റെ കൂടെ നിൽക്കാം.. ആൻ പറഞ്ഞു.. പിന്നെ… നമുക്ക് ഒരു ടാക്സി പിടിച്ചു പോകാം നീ മിസ്സിംഗ് ആണെന്ന് ഇപ്പോൾ തന്നെ വീട്ടിൽ അറിഞ്ഞു കാണും… സൊ… റിസ്ക് എടുക്കണ്ട…

അങ്ങനെ ഞാൻ ആൻ ന്റെ കൂടെയായിരുന്നു ഒരു വർഷം… പോകുന്ന വഴിയിൽ ഫോൺ ഓഫ് ചെയ്തു… അതുകൊണ്ട് തന്നെ ഞാൻ എവിടെയായിരുന്നു എന്ന് ആർക്കും കണ്ടു പിടിക്കാനായില്ല.. പിന്നെ അവളുടെ അപ്പന്റെ പാർട്ടി ഹോൾഡ് വെച്ചു ഞാൻ എക്സാം എഴുതി. കോളേജിൽ മറ്റാരുടെയും കണ്ണിൽ പെടാതെ പ്രിൻസിപ്പൽ എല്ലാ കാര്യവും ചെയ്തു തന്നു .. ക്ലാസുകൾക്ക് പോകാത്തത് കൊണ്ട് ആൻ നിർബന്ധിച്ചെന്നെ നെറ്റ് എഴുതിച്ചു… വീട്ടിൽ ഇരുന്നു പഠിച്ചത് കൊണ്ട് ആ പണം ലാഭിച്ചു അഥവാ ആൻ നെ ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല.. നെറ്റും ജെ ആർ എഫും കിട്ടിയത് കൊണ്ട്തന്നെ ആൻ എന്നെ കുറെ നിർബന്ധിച്ചു അവളോടൊപ്പം പുറത്തേക്ക് ചെല്ലാൻ പക്ഷേ…

എന്തോ അവളും അവളുടെ ഭർത്താവും മാത്രം ഉള്ളിടത്ത് എത്രയാണ് ഞാൻ നിൽക്കുക എന്ന് തോന്നിയത് കൊണ്ട് ഹൈദരാബാദ് മതിയെന്ന് തീരുമാനിച്ചു… പിന്നെ ഇവിടെ വന്നതിനു ശേഷമുള്ള എന്നെ നിനക്കറിഞ്ഞൂടെ..? നീരജയോട് ചോദിച്ചുകൊണ്ട് വസു പറഞ്ഞു നിർത്തി.. പിന്നെ നീ മറ്റാരെയും കോൺടാക്ട് ചെയ്തില്ലേ ഇതുവരെ…? നീരജ ചോദിച്ചു… ഇല്ല…. ഇടക്ക് ഒരിക്കൽ ഫോൺ ഓൺ ചെയ്തു ചില ഡോക്യൂമെൻറ്സും മറ്റും മെയിലിൽ അറ്റാച്ച് ചെയ്തു… കണ്ണേട്ടനെ…. നിന്റെ നന്ദൂട്ടനെ കണ്ടില്ലേ.. ഒരിക്കലും… ഇല്ലാ… കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഫോട്ടോകളിലേക്ക് നോക്കും…

പിന്നെ പുതിയ അപ്ഡേറ്സ് എല്ലാം ആൻ പറഞ്ഞറിയാറുണ്ട്… അവൾ ഫോട്ടോസ് അയച്ചു തരും… എങ്ങനാ… സന്തോഷായിട്ടാണോ ഇരിക്കുന്നെ? സന്തോഷം…. അറിയില്ല… ആയിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും.. പിന്നെ ഞാൻ ഒരിക്കൽ മഹിയെ കണ്ടിരുന്നു.. അന്നവൻ എന്നെ കുറെ ചീത്ത വിളിച്ചു… മേലൊക്കെ അടിച്ചു.. എന്നെ ചുറ്റിപിടിച്ചു കുറെ കരഞ്ഞു… ഞാൻ ഒരിക്കൽ ആൻ വന്നപ്പോൾ നാട്ടിൽ പോയിരുന്നു.. സൊ അവനു മാത്രം അറിയാം ഞാൻ എവിടെയാണെന്ന്.. മറ്റാരെയും….? ഇല്ല… പാറുവിനെയും നിക്കിയെയും കുറിച്ചിടക്കിടക്ക് അന്വേഷിക്കും അവനോട്…

അവൻ എന്നെ കാണാൻ വരുമ്പോൾ മാത്രം… ഡയറക്റ്റ് കോൺടാക്ട് ഞാൻ വെച്ചിരുന്നില്ല… പേടിയായിരുന്നു… അപ്പോൾ നീണ്ട നാലു വർഷങ്ങൾ അല്ലേ? നാലു വർഷങ്ങൾ കൊണ്ട് നിനക്ക് കണ്ണേട്ടനെ നന്ദനായി കാണാൻ കഴിഞ്ഞോ? എല്ലാരും പറയുംപോലെ നീ ഹരിനന്ദ് ലെ നന്ദനെ പ്രണയിച്ചു തുടങ്ങിയോ…? നീരജ ചോദിച്ചതും വസു കടലിന്റെ ഇരുളിമയിലേക്ക് നോക്കി… നന്ദനും സിഷ്ഠയും ഭൂതകാലമാണ്… നന്ദൂട്ടനും ലെച്ചുവും വർത്തമാനവും ഭാവിയും… ഞാൻ ആഗ്രഹിക്കുന്നത്… ഈ നിമിഷങ്ങൾ മാത്രമാണ്… ഹരിനന്ദ് ലെ നന്ദൻ എനിക്ക് എന്നും നന്ദൂട്ടൻ മാത്രമായിരിക്കും…

ഞാൻ നന്ദൂട്ടൻ ആഗ്രഹിച്ചത് പോലെ നന്ദന്റെ സിഷ്ഠയിൽ നിന്നും നന്ദൂട്ടന്റെ മാത്രം ലെച്ചു ആണ് ഇപ്പോൾ… നിനക്ക്… അവിടെ നിന്നാൽ മതിയായിരുന്നില്ലേ? മറ്റുള്ളവരുടെ അവഗണന ഉണ്ടായിരുന്നെങ്കിലും കണ്ണേട്ടൻ നിന്റെ കൂടെ നിൽക്കുമായിരുന്നില്ലേ? ഇതാണ് നീരജ ഞാൻ പറഞ്ഞെ… എന്നെ ആരും മനസിലാക്കിയിട്ടില്ല എന്ന്… ഞാൻ നന്ദൂട്ടനെ ആദ്യം എന്നിൽ നിന്നും അകറ്റിയത് ഞാൻ മറ്റൊരാളെ മനസ് കൊണ്ട് സ്നേഹിച്ചത് കൊണ്ടാണ്… നന്ദൂട്ടന് രണ്ടാംസ്ഥാനം നൽകാൻ കഴിയാത്തത് കൊണ്ട്… പിന്നീട് നന്ദൻ നന്ദൂട്ടൻ ആണെന്നറിഞ്ഞപ്പോൾ അകറ്റിയത് ഞാൻ അനാഥ ആണെന്ന് അറിഞ്ഞത് കൊണ്ടാണ്…

കാണേണ്ട എന്ന് പറഞ്ഞത് പെട്ടെന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. അത് കൊണ്ട് മാത്രം… പിന്നെ ഒളിച്ചോടി പോന്നത് ഒരിക്കലും ജാതകദോഷത്തിൽ അടിയുറച്ചു വിശ്വസിച്ചത് കൊണ്ടല്ല… ഒരു കാരണം സുജയമ്മയുടെ അപേക്ഷ… മറ്റൊരു കാരണം നന്ദൂട്ടൻ ആഗ്രഹിക്കുന്ന ലെച്ചു ആകാൻ എനിക്ക് സമയം വേണമായിരുന്നു… അതുകൊണ്ടാണ്… വിട്ടിട്ടു വന്നത്… നന്ദൂട്ടൻ ഭേദമായാൽ ചിലപ്പോൾ വിട്ടിട്ടു വരാൻ എനിക്കും തോന്നില്ല.. എന്നെ വിടേം ചെയ്യില്ല… ആ അവസ്ഥയിൽ വിട്ടിട്ടു വന്നപ്പോൾ നെഞ്ച് പിടച്ചിരുന്നു… പിന്നെ നല്ല രീതിക്ക് അപഹർഷതാ ബോധം… എല്ലാം… ഇപ്പോൾ സ്വന്തമായി ഒരു ജോലി ഏകദേശം ആയി..

അതും സ്വന്തം പൈസ കൊണ്ട് പഠിച്ചിട്ട്… വസു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.. യൂ ആർ റിയലി ഗ്രേറ്റ്… തകർന്നു പോയേക്കാവുന്ന നിമിഷങ്ങളെ തരണം ചെയ്തു ഇവിടം വരെ എത്തിയില്ലേ…. ഒന്നുമില്ലാത്ത വസിഷ്ഠയല്ല നീ ഇപ്പോൾ.. എവിടെയും തല ഉയർത്തി തന്നെ നിനക്ക് നിൽക്കാം… ഐ ആം റിയലി പ്രൗഡ് ഓഫ് യൂ… നീരജ വസുവിനെ പുഞ്ചിരിയോടെ പുണർന്നു… എനിക്ക് നിന്നോട് ഒരു അപേക്ഷയുണ്ട്.. നിന്റെ ഏട്ടനെ നീ തന്നെ പറഞ്ഞു മനസിലാക്കണം… ഞാൻ മറ്റൊരാളുടേതാണെന്ന്… വസു അപേക്ഷയെന്നോണം പറഞ്ഞു.. ഞാൻ നിന്നോട് ഇത് പറയാൻ കാരണവും നിന്റെ നിലേഷ് ഏട്ടന് എന്നോടുള്ള ഇഷ്ടം അറിഞ്ഞത് കൊണ്ടാണ്…

അത് എനിക്ക് മനസിലായി… ഞാൻ പറഞ്ഞോളാം ഏട്ടനോട്… അതൊക്കെ പോട്ടെ നിന്റെ താലി… അത് നീ എന്ത് ചെയ്തു… ചെറു ചിരിയോടെ വസു നീരജക്ക് നേരെ തിരിഞ്ഞു… കഴുത്തിൽ കിടന്ന നേർത്ത ചെയിൻ പൊക്കി കാണിച്ചു… ഹൃദയാകൃതിയിലുള്ള ലോക്കറ്റ്‌ തുറന്നു… ഇതിനുള്ളിൽ ഭദ്രമായിട്ടുണ്ട്..പിന്നീട് മുൻവശത്തു വെട്ടിയിട്ടിരുന്ന മുടി മെല്ലെ നീക്കി… നെറുകയിൽ നേർത്തു കിടന്നിരുന്ന കുങ്കുമതരികൾ… വിവാഹം കഴിഞ്ഞതിൽ പിന്നെ ഇതില്ലാതെ ഞാൻ ജീവിച്ചിട്ടില്ല… എന്തോ… ഈ അടയാളങ്ങൾ അരികിലില്ലെങ്കിലും നന്ദൂട്ടന്റെ സാമിപ്യം വിളിച്ചോതാറുണ്ട്..

ചെറു ചിരിയോടെ വീണ്ടും അവൾ കഴുത്തിലെ മാലയിൽ പിടിമുറുക്കി.. കടലിലെ ഇരുളിമ പതിയെ കരയെ പുല്കാനായി വന്നുകൊണ്ടിരുന്നു… സൂര്യൻ അസ്തമിക്കാൻ ഒരുങ്ങി.. ഞാനും വന്നോട്ടെ വസു.. നാളെ നിന്റെ കൂടെ… നീരജ ചോദിച്ചു… വന്നോളൂ… പക്ഷേ എന്നെ കൊണ്ടുപോകാൻ മഹി വരും.. അവൻ ബാംഗ്ലൂരിൽ നിന്നും പോന്നിട്ടുണ്ട്… ചുറ്റി തിരിഞ്ഞു എപ്പോൾ എത്തുമോ എന്തോ? മഹിയെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ വസുവിൽ അവനോടുള്ള സ്നേഹം നിറഞ്ഞു തൂവി… ഓഹ്… അതിനെന്താ… എനിക്കും കാണാമല്ലോ… നിന്റെ മഹിയെ… അതിൽ സന്തോഷമേയുള്ളൂ എനിക്ക്.. വസു ഒന്ന് ചോദിച്ചോട്ടെ?

മുഖവുര എന്നോണം നീരജ ചോദിച്ചു.. മുഖവുര വേണ്ട.. നിനക്ക് എന്തും ചോദിക്കാം… വസു ഉത്തരം നൽകി.. നിന്റെ അച്ഛനെയും അമ്മയെയും കുറിച്ചു നീ പിന്നീട് അന്വേഷിച്ചില്ലേ? ഇല്ലാ… കുഞ്ഞിലേ… പറഞ്ഞു കേട്ടിട്ടുണ്ട് ആക്സിഡന്റ് പറ്റിയതാണെന്ന്.. പോയവർ പോയി.. പിന്നെ അന്വേഷിച്ചു പോയിട്ടെന്താ… ഓർമ്മ ദിവസം എനിക്ക് അറിയാം.. അന്ന് ബലി ദർപ്പണം ചെയ്യാറുണ്ട്.. കഴിഞ്ഞ നാലു വർഷം മുടക്കം വരുത്തിയിട്ടില്ല… അവരുടെ ആത്മാവിനതൊരു ആശ്വാസമാണെന്ന് എനിക്ക് തോന്നി.. നീ… നീ പിന്നീട് എപ്പോഴെങ്കിലും അനന്തൻ സർ നെ കണ്ടിരുന്നോ?

കുറച്ചു ശങ്കിച്ചാണെങ്കിലും നീരജ ചോദിച്ചു.. വസു മെല്ലെ എഴുന്നേറ്റു… കൂടെ നീരജയും… നമുക്ക് ഒന്ന് നടന്നാലോ… വസു ചോദിച്ചു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നീ ഇപ്പോഴും അദ്ദേഹത്തെ പ്രണയിക്കുന്നുണ്ടോ വസു… നടത്തം നിർത്തിയതും നീരജ ചോദിച്ചു… അത്രയും നേരത്തെ മൗനത്തെ വസു ഭേദിച്ചു… നീരജയെ നോക്കി ചോദിച്ചു. മിഥ്യയായിരുന്നെങ്കിലും ആദ്യപ്രണയത്തെ ആർക്കെങ്കിലും മറക്കാൻ കഴിയുമോ നീരജ? ചെമ്പകം പൂക്കും. കാത്തിരിക്കാം❤️😊

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 35