Sunday, December 22, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 35

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

തിരിഞ്ഞകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് കറന്റ് വന്നതും ഹാളിൽ ടിവി ഓൺ ആയതും… ന്യൂസ് ചാനലിലേക്ക് നോക്കിയ വസു തറഞ്ഞു നിന്നു… പുറത്തേക്ക് ഇറങ്ങിയോടിയപ്പോൾ കണ്ടു കാർ തിരിച്ചിടുന്ന സുദേവിനെ.. ഞാനും വന്നോട്ടെ… നിങ്ങളുടെ കൂടെ… വസു അപേക്ഷയെന്നോണം പറഞ്ഞതും ഹരി ചോദിച്ചു.. എന്തിന്… നിന്റെ ആരും അവിടെയില്ല… പ്ലീസ് ഹരി….

അത്രയും പറഞ്ഞുകൊണ്ട് കാറിൽ കയറാൻ വേണ്ടി ഡോർ തുറന്ന വസുവിനെ ഹരി മാറി നില്ക്കാൻ പറഞ്ഞു തള്ളിയിട്ട് കാറിൽ കയറി പോയി.. താഴെ വീണ വസുവിന്റെ നെറ്റി വീഴ്ചയുടെ ആഗാതത്തിൽ താഴെ കിടന്ന കല്ലിൽ കൊണ്ടു.. എന്നാൽ തന്റെ വേദന കാര്യമാക്കാതെ അവൾ വീടിനകത്തേക്ക് കയറി.. അപ്പോഴും ടിവിയിൽ ആ വാർത്ത തന്നെ മുന്നിട്ടു നിൽക്കുകയായിരുന്നു…

തലേന്നുടുത്തിരുന്ന സാരി പോലും മാറാതെ വസു ഹോസ്പിറ്റൽ ലക്ഷ്യമാക്കി നടന്നു… റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു ഐ സി യു വിൽ ആണെന്ന്… കൈകളും കാലുകളും തളരുന്നത് വസു അറിഞ്ഞെങ്കിലും കാര്യമാക്കിയില്ല.. ഹൃദയം അതിന്റെ ഉച്ചസ്ഥായിയിൽ മിടിക്കുന്നുണ്ടായിരുന്നു.. ഐ സി യു വിന് മുന്നിൽ നിൽക്കുന്ന മറ്റുള്ളവരെ കണ്ടപ്പോൾ മനസിലായി താൻ മാത്രമാണ് ഒന്നും അറിയാതിരുന്നത് എന്ന്… തന്നെ മാത്രമാണ് എല്ലാവരും അവഗണിച്ചതെന്ന്..

എല്ലാവരുടെ മുഖത്തും മുന്നിട്ട് നിന്നിരുന്ന നിസംഗഭാവം അവരെത്രത്തോളം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് വിളിച്ചോതി കൊണ്ടിരുന്നു.. തനിക്ക് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായി തോന്നിയതും ഐ സി യു വിനു മുൻപിലുള്ള ഇരിപ്പിടത്തിൽ അവളിരുന്നു.. തന്റെ മാറോടൊട്ടി കിടന്നിരുന്ന താലി കയ്യിലെടുത്തു കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരുന്നു… ഞാൻ കാണണ്ടെന്ന് പറഞ്ഞാൽ ന്നെ തനിച്ചാക്കി പോണം ന്നാണോ നന്ദൂട്ടാ… ഞാൻ ഒറ്റക്കാണ്… ന്നെ തനിച്ചാക്കല്ലേ നന്ദൂട്ടാ.. ഡോക്ടർ ഇറങ്ങി വന്നതും സുദേവ് കാര്യങ്ങൾ തിരക്കി…

അമിതമായി മദ്യപിച്ചതാണ് ആക്‌സിഡന്റിനു കാരണം എന്ന് തോന്നുന്നു.. എന്തായാലും ഞങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട്… ബാക്കിയൊക്കെ നിങ്ങളുടെ എല്ലാം പ്രാർത്ഥന പോലെ.. അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ നടന്നു നീങ്ങി.. മദ്യപിച്ചെന്നോ? വസു സ്വയം ചോദിച്ചു.. ഹാ… നീ.. നീ കാരണമാണ് എന്റെ ഏട്ടൻ ഇങ്ങനെ കിടക്കുന്നത് വസു… ഇപ്പോൾ നിനക്ക് താലി വേണം ല്ലേ..?? ആരെ കാണിക്കാനാണ് ഈ വക പ്രഹസനങ്ങൾ… ദേഷ്യത്തോടെ വസുവിനോട്‌ ഹരി ചോദിച്ചു… അവളെ ഒന്ന് നോക്കിയെങ്കിലും വസു ഒന്നും മിണ്ടിയില്ല..

പ്രാർത്ഥനയോടെ തന്നെ നേരം തള്ളിനീക്കി.. അകത്തേക്ക് കയറി പോകുന്ന ഡോക്ടറെ കണ്ടതും വസു ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.. ഡോക്ടർ… ഞാൻ.. ഒന്ന് കണ്ടോട്ടെ… ഞാൻ വിളിച്ചാൽ നന്ദൂട്ടന് വിളികേൾക്കാതിരിക്കാൻ പറ്റില്ല.. നോക്കു കുട്ടി.. ഇപ്പോൾ തന്നെ ദേവ് മരുന്നുകളോട് പ്രതികരിക്കുന്നില്ല.. ഇതിന്റെ ഇടയിൽ കുട്ടിയെ അകത്തേക്ക് കയറ്റുന്നത് പോസ്സിബിൾ അല്ല.. അത്രയും പറഞ്ഞയാൾ അകത്തേക്ക് കയറി.. ഡോക്ടർ പോയതും ഹരി വീണ്ടും അവളുടെ അരികിലേക്ക് വന്നു..

ഇനി നിനക്കെന്താ വസിഷ്ഠ വേണ്ടത്.. ഇത്രയും ദിവസങ്ങൾ എന്റെ ഏട്ടനെ നോവിച്ചു… അത്രയും മനസുകൊണ്ട് വെറുത്തു നീ.. ഇന്നലെ നീ പറഞ്ഞത് ഞാൻ കേട്ടതാണ്… നിനക്കിനി ഏട്ടനെ കാണണ്ട ന്ന്… നീ… നീയിനി എന്തെടുക്കാനാ… അകത്തു കയറി ഇനിയും നിനക്ക് കുത്തി നോവിക്കണോ… തെറ്റ് ചെയ്തത് ഞാൻ അല്ലേ… കള്ളം പറഞ്ഞത് ഞാൻ അല്ലേ…? എന്തിനാ നീയെന്റെ ഏട്ടനെ…. പിന്നെ നിന്നോടും കണ്ണേട്ടനോടും മാത്രമേ ഞങ്ങൾ കള്ളം പറഞ്ഞിട്ടുള്ളു… അത് നിന്റെ അച്ഛനും അമ്മയ്ക്കും അറിയാം…

എല്ലാവരുടെയും ആഗ്രഹപ്രകാരമാണ് ഞങ്ങളങ്ങനെ പറഞ്ഞതും ചെയ്തതും ഒക്കെ.. നിന്റെ ഈ നശിച്ച നന്ദൻ ഭ്രാന്ത് കാരണം നഷ്ട്ടമായത് എനിക്ക് എന്റെ ഏട്ടനെയാണ്… നിന്റെ നന്ദൻ ഏട്ടൻ.. അത്രയും പറഞ്ഞപ്പോൾ തന്നെ ഹരിയെ സുദേവ് വിളിച്ചു.. പ്രിയാ.. മതി… എന്താണ് ഈ പറഞ്ഞു കൂട്ടുന്നതെന്ന് വല്ല ബോധ്യോം ഉണ്ടോ നിനക്ക്… എന്നെ തടയേണ്ട ദേവേട്ടാ… ഇവളാണ്.. ഇവളുമാത്രമാണ് എന്റെ ഏട്ടന്റെ ഈ അവസ്ഥക്ക് കാരണം.. ഹരിയുടെ നാവിൽ നിന്ന് വീണ വാക്കുകൾ കേട്ടതും സുമ ദേഷ്യത്തിൽ വന്ന് വസുവിന്റെ കയ്യിൽ മുറുകെ പിടിച്ചു…. എന്ത് തെറ്റാണ്…

എന്ത് തെറ്റാണ് അവൻ നിന്നോട് ചെയ്തത്… നിന്റെ നശിച്ച ജാതകദോഷം കാരണം എനിക്ക് എന്റെ ഏട്ടനെ നഷ്ടപ്പെട്ടു… ഇപ്പോൾ നീ കാരണം കണ്ണനെ കൂടി.. നിനക്ക് ജന്മം തന്നെന്നൊരു തെറ്റല്ലേ എന്റെ ഏട്ടൻ ചെയ്തുള്ളു.. കണ്ണനോ അവൻ ചെയ്ത തെറ്റെന്താ? ഒരു ഭ്രാന്തിയാണെന്നറിഞ്ഞിട്ടും നിനക്ക് ഒരു ജീവിതം തന്നതോ.. തന്റെ രോഷമെല്ലാം പറഞ്ഞു തീർത്തപ്പോഴാണ് എന്താണ് താൻ പറഞ്ഞെന്ന ബോധ്യം അവർക്ക് വന്നത്… മോളെ ഞാൻ… പെട്ടന്ന് ദേഷ്യം വന്നപ്പോൾ…

സുമ എന്തോ പറയാനാഞ്ഞതും വസു കയ്യെടുത്തു വിലക്കി… ഞാൻ നിങ്ങളുടെ ആരുമല്ല അല്ലേ അമ്മേ… ഞാൻ ഒരു ഭാഗ്യദോഷിയാണല്ലേ… വസു മുഖം പൊത്തി നിലത്തിരുന്നു കരഞ്ഞു… എന്റെ അച്ഛൻ… അമ്മ ഞാൻ കാരണം ആണല്ലേ… അത്രയും പറഞ്ഞവൾ വീണ്ടും ഓർമകളിലേക്ക് പോയി പലതും ചികഞ്ഞു കൊണ്ടിരുന്നു… പക്ഷേ തനിക്ക് എല്ലാം നിഴൽ ചിത്രങ്ങളായി മാത്രമേ ഓർമയുള്ളു.. പിന്നീട് എന്തോ ചോദിക്കാനാഞ്ഞതും ഡോക്ടർ ഡോർ തുറന്ന് വെളിയിലേക്ക് വന്നതും ഒരുമിച്ചായിരുന്നു..

ദേവ്ന് ബോധം വീണിട്ടുണ്ട്.. ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം.. അത്രയും പറഞ്ഞയാൾ എല്ലാവരെയും നോക്കി.. പ്രതീക്ഷയറ്റ് നിലത്തിരുന്നു കരയുന്ന പെൺകുട്ടിയെ കണ്ടതും അയാൾക്കവളോട് എന്തെന്നില്ലാത്ത അലിവ് തോന്നി… പിന്നീടൊന്നും പറയാതെ അയാൾ അകത്തേക്ക് കയറിപ്പോയി കണ്ണന് ബോധം വന്നെന്ന വാക്കുകൾ കേട്ടതും വസു പ്രതീക്ഷയോടെ എല്ലാവരെയും ഉറ്റു നോക്കി… മോളെ… മോൾക്ക് കാണണോ അവനെ.. വസുവിന്റെ അടുത്തു വന്ന് മാധവ് ചോദിച്ചതും ഹരി അയാളോട് ക്ഷോപിച്ചു..

ഒടുക്കം കുറച്ചു മാറി കരഞ്ഞു തളർന്നിരിക്കുന്ന സുജയെ ചൂണ്ടി കൊണ്ട് വസു പറഞ്ഞൊപ്പിച്ചു.. അമ്മ… സുജയമ്മ കണ്ടോട്ടെ അച്ഛാ… ഞാൻ… ഞാൻ വരണില്ല… അതേയ് ആരാ ലെച്ചു… അകത്തുള്ള ആൾക്ക് ലെച്ചു നെ കാണണമെന്ന് സുജ കയറി കണ്ടിറങ്ങിയതും നേഴ്സ് വന്നു പറഞ്ഞു.. എല്ലാരേയും ഒന്ന് നോക്കിയ ശേഷം വസു അകത്തേക്ക് കയറി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കണ്ണടച്ച് കിടക്കുന്ന കണ്ണനെ കണ്ടതും അവളുടെ ഹൃദയം ഒരു മാത്ര നിലച്ചത് പോലെ തോന്നിയവൾക്ക്…

അരികിലെത്തി ക്യാനുല ഘടിപ്പിച്ചിരുന്ന കയ്യോട് തന്റെ കൈ ചേർത്തു വെച്ചു… നെറ്റി ചുളിച്ചു കൊണ്ട് കണ്ണൻ പതിയെ കണ്ണുകൾ തുറന്നു.. എന്നോട് അത്രത്തോളം വെറുപ്പായോ ലെച്ചുട്ടി.. ഒന്ന് കയറി കാണാൻ പോലും തോന്നാത്തത്ര വെറുത്തോ നീ നിന്റെ നന്ദൂട്ടനെ… തിരികെ മറുപടി നൽകാൻ കഴിയാതെ വസു ഏങ്ങി കൊണ്ടിരുന്നു.. അല്ലെന്ന് തലവെട്ടിച്ചു കൊണ്ടിരുന്നു.. നിന്റെ നെറ്റിയിൽ ഇതെങ്ങനെയാ ചോര… അവൻ ചോദിച്ചു… ഒന്നും പറയാതെ അവൾ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..

പിന്നെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു.. ഒന്നും ആലോചിക്കേണ്ട.. കൂടുതൽ സംസാരിക്കേം വേണ്ട… വസു അത്രയും പറഞ്ഞൊപ്പിച്ചു പുറത്തേക്കിറങ്ങി… ഇറങ്ങുന്നതിന് മുൻപായി അവനെയൊന്ന് തിരിഞ്ഞു നോക്കി.. ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖം കണ്ടതും വർദ്ധിച്ച സങ്കടകടൽ അവളുടെ ഉള്ളിൽ തിരയടിച്ചുയർന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പുറത്തേക്കിറങ്ങി ചെന്ന വസുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് സുജ പറഞ്ഞു.. എങ്ങനെ പറയേണ്ടത് എന്നറിയില്ല… ഒരമ്മയുടെ അപേക്ഷയായി കണ്ടാൽ മതി.. എന്റെ മോനെ എനിക്ക് തിരികെ തരണം..

മോളുടെ ദോഷം കൊണ്ടാണെന്ന്… വേണ്ട അമ്മേ… കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടണ്ട… ഞാൻ.. ഞാൻ ഇനി വരില്ല… അത്രയും പറഞ്ഞുകൊണ്ട് വസു അവരുടെ കയ്യിൽ കൈചേർത്തു.. തിരിഞ്ഞു നടക്കാൻ തുടങ്ങിയ വസുവിനെ തടഞ്ഞു നിർത്തി കൊണ്ട് ഹരി പറഞ്ഞു… ഇനിയെന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് വരരുത്… അവളുടെ കഴുത്തിൽ കിടന്നിരുന്ന താലിയിൽ പിടിമുറുക്കി കൊണ്ട് ഹരി പറഞ്ഞു… ഈ താലി നിന്റെ കഴുത്തിൽ കിടക്കും തോറും എന്റെ ഏട്ടന് ആപത്താണ്… അതുകൊണ്ട് ഞാൻ ഇതിങ്ങു ഊരി എടുക്കുവാണ്.. ഇല്ല… വേണ്ട ഹരി… അവളുടെ കയ്യിൽ കൈവെച്ചു കൊണ്ട് വസു തടഞ്ഞു…

എന്നാൽ പരസ്പരമുള്ള പിടിവലിയിൽ താലി പൊട്ടി വസുവിന്റെ കൈയിലേക്ക് ഊർന്നു വീണു.. ചെയിൻ ഹരിയുടെ കയ്യിലും… ദേഷ്യവും സങ്കടവും അധികരിച്ചതും വസു ഹരിയെ തള്ളി മാറ്റി…. ഹരി… ആ മാല താ… അതെനിക്ക് നന്ദൂട്ടൻ കെട്ടി തന്നതാണ്… തരാൻ… വസു പറഞ്ഞെങ്കിലും ഹരി അത് കേട്ടതായി പോലും ഭാവിച്ചില്ല.. നിന്നെ ഞാൻ തല്ലാതിരുന്നത് മറ്റൊന്നും കൊണ്ടല്ല ഹരി… എന്റെ മനസ്സിൽ നീ എപ്പോഴേ മരിച്ചു കഴിഞ്ഞു…

പിന്നെ എന്തിന്റെ പേരിൽ ആയാലും മറ്റൊരാളെ ദേഹോപദ്രവം ചെയ്യരുതെന്ന് എനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്… ഇത് കണ്ടുകൊണ്ടാണ് പുറത്തു പോയ സുദേവും മാധവും സുമയും അങ്ങോട്ടേക്ക് എത്തുന്നത്… എല്ലാവരെയും ഒന്ന് നോക്കിയ ശേഷം വസു ഒന്നും പറയാതെ അവിടെ നിന്നിറങ്ങി.. സമയം ഇഴഞ്ഞു നീങ്ങിയതിനനുസരിച്ചവളും നീങ്ങി കൊണ്ടിരുന്നു… അടഞ്ഞു കിടന്നിരുന്ന ക്ഷേത്രത്തിനു മുന്നിൽ നിന്നവൾ നിറമിഴികളാലെ കേണു കൊണ്ടിരുന്നു കണ്ണന് വേണ്ടി..

തന്റെ സെർട്ടിഫിക്കറ്റുകളും മറ്റും ബാഗിൽ നിറച്ചു അത്യാവശ്യം വേണ്ട ഡ്രെസ്സുകളും അതിനോടൊപ്പം എടുത്തു വെക്കാൻ അവൾ മറന്നില്ല.. താഴേക്കിറങ്ങിയതും കണ്ടു ഹാളിൽ ഇരിക്കുന്ന മാലയിട്ടു വെച്ച രണ്ടു ഫോട്ടോകൾ.. അച്ഛാ.. അമ്മേ.. അറിയില്ലായിരുന്നു എനിക്ക് ഇതുവരെ…നിങ്ങളെന്റെ അമ്മാവനും അമ്മായിയുമല്ല… അച്ഛനും അമ്മയുമാണെന്ന് അറിയാതെ പോയ ഒരു പമ്പര വിഡ്ഢിയാണ് ഞാനെന്ന്.. എന്തിനാ നിങ്ങളൊറ്റക്ക് പോയെ… എന്നെ കൂടെ കൊണ്ടു പൊക്കൂടായിരുന്നോ…

ഞാൻ ആർക്കും ഒരു ഭാരമാകുന്നില്ല ഇവിടം വിട്ടു പോകുവാണ്.. അത്രയും പറഞ്ഞുകൊണ്ട് തന്റെ ഫോണിൽ അവരുടെ ഫോട്ടോയെടുത്തു.. പിന്നീടത് മെയിലിൽ അറ്റാച്ച് ചെയ്തു.. അവിടെ നിന്നും ഇറങ്ങി നേരെ കണ്ണന്റെ വീട്ടിലേക്കാണ് പോയത്… കണ്ണന്റെയും അവളുടെയും മുറിയിലേക്ക് ചെന്നു… മൗനമായി പടവെട്ടിയതും ഒടുക്കം ആ മൗനത്തിനിടക്ക് എപ്പോഴോ സ്നേഹിക്കാൻ തുടങ്ങിയതും എല്ലാം മലവെള്ളപാച്ചിലു പോലെ ഓർമകളായി എത്തി… ടേബിളിൽ ഇരുന്ന കണ്ണന്റെ ഡയറി കയ്യിലെടുത്തു അതിൽ അവൻ എഴുതി നിർത്തിയതിന്റെ തൊട്ടടുത്ത പേജിൽ ഇങ്ങനെ കുറിച്ചു..

നന്ദൂട്ടാ…. ഞാൻ പോകുവാണ്…. ലെച്ചു ആകാൻ പറ്റുവോന്ന് എനിക്കറിയില്ല… പക്ഷേ… അഥവാ ഞാൻ മടങ്ങി വരികയാണെങ്കിൽ ലെച്ചു ആയിട്ടു മാത്രമാകും.. ഭാഗ്യദോഷിയാണ് ഞാൻ… അച്ഛനെയും അമ്മയെയും ഭാഗ്യ ദോഷം കൊണ്ട് കൊന്നവൾ… നന്ദൂട്ടനും അങ്ങനെ തോന്നുവാണെങ്കിൽ എന്നെ അന്വേഷിച്ചു വരാം.. മറിച്ചാണെങ്കിൽ ഈ ഭാഗ്യദോഷി മതി കൂട്ടിനെന്ന് തോന്നുവാണേൽ കാത്തിരിക്കണേ നന്ദൂട്ടന്റെ ലെച്ചുവായി വസിഷ്ഠ ലക്ഷ്മി തിരികെ വരുന്നത്…. എന്ന് നന്ദൂട്ടന്റെ ലച്ചൂട്ടി….

കണ്ണുനീർ ചുംബിച്ചതാളുകൾ മടക്കി വെച്ചു… ആൽബം കയ്യിലെടുത്തു.. തങ്ങളുടെ ഫോട്ടോയിൽ നിന്നൊരെണ്ണം എടുത്തു ബാഗിൽ നിക്ഷേപിച്ചു… പുറത്തേക്കിറങ്ങിയതും ആദ്യം കണ്ട ഓട്ടോയിൽ കയറി…. എങ്ങോട്ടേക്ക് പോകണം എന്നൊരു തീരുമാനം ഇല്ലായിരുന്നു…. അതുകൊണ്ട് തന്നെ ഒടുക്കം റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ആ ഓട്ടോ നീങ്ങി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കരയെ ചുംബിച്ചു പോകുന്ന തിരകളിലേക്ക് കണ്ണും നട്ട് നിന്നുകൊണ്ട് അവൾ ദീർഘമായി നിശ്വസിച്ചു..

കാറ്റിൽ അലസമായി പറന്നുകൊണ്ടിരുന്ന കുർത്തി കൈകൾ കൊണ്ട് ഒതുക്കി പിടിച്ചു തിരിഞ്ഞു നിന്നു… ഇതൊക്കെയാണ് അഥവാ ഇതൊക്കെയായിരുന്നു നീരജ… വസിഷ്ഠ ലക്ഷ്മിയുടെ ഭൂതകാലം… തന്റെ പുറകിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് പറഞ്ഞു കൊണ്ട് വീണ്ടും അവൾ കടലിലേക്ക് മിഴി പായിച്ചു… അസ്തമിക്കാൻ ശങ്കിച്ചു നിൽക്കുന്ന സൂര്യനെ നോക്കി… ചെമ്പകം പൂക്കും..കാത്തിരിക്കാം❤️🌸 അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 34