ചന്തു തിരികെ വീട്ടിലെത്തി; മൃഗസ്നേഹികൾക്ക് നന്ദി
തിരുവനന്തപുരം: കാണാതായ വളർത്തുനായ ചന്തുവിനെ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കേദാരം മൂലവിളാകം ലെയ്നിലെ ഷീബയുടെ വീട്. മാതൃഭൂമി പത്രത്തിൽ ഒറ്റ കോളത്തിൽ ചെറിയ പരസ്യം നൽകി മണിക്കൂറുകൾക്കകം ചന്തുവിനെ കണ്ടെത്തി.
ചന്തുവിന്റെ ചിത്രമുള്ള ‘കാൺമാനില്ല’ എന്ന പരസ്യം വ്യാഴാഴ്ചത്തെ പത്രത്തിൽ പ്രത്യക്ഷപ്പെട്ടു. രാവിലെ 9 മണിയോടെ ഒരു മൃഗസ്നേഹിയുടെ കോൾ പരസ്യത്തിൽ നൽകിയ ഫോൺ നമ്പറിലേക്ക് വന്നു. ‘നിങ്ങളുടെ ചന്തു പി.എം.ജി.യുടെ അടുത്ത് നിൽക്കുന്നു!’
നാല് ദിവസം മുൻപാണ് ചന്തുവിനെ കാണാതായത്. ഷീബയും കുടുംബവും നഗരത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ചന്ദുവിനെ തിരഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും ഇവർ തിരച്ചിൽ ശ്രമങ്ങൾ നടത്തി. ഒടുവിൽ അവസാന പ്രതീക്ഷയെന്നോണം പത്രത്തിൽ പരസ്യം നൽകി. ഷീബ വർഗീസിന്‍റെ അച്ഛനും പ്ലാനിംഗ് ബോർഡ് അഡീഷണൽ ഡയറക്ടറുമായിരുന്ന ബെഞ്ചമിൻ ജോസഫ് 17 വർഷം മുമ്പ് വീട്ടിലെത്തിക്കുമ്പോൾ ചന്തുവിന് മൂന്ന് മാസം മാത്രമായിരുന്നു പ്രായം. അതിനുശേഷം, അവൻ കുടുംബത്തിലെ ഒരു അംഗമായി മാറുകയായിരുന്നു. ജർമ്മൻ ഷെപ്പേർഡ് ക്രോസ് ഇനത്തിൽ പെട്ടതാണ് ചന്തു.