ചമീര പരിക്കേറ്റ് പുറത്ത്; ഏഷ്യാ കപ്പിൽ ലങ്കയ്ക്കും ആശങ്ക
ഏഷ്യാ കപ്പിന് തയ്യാറെടുക്കവെ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ദുശ്മന്ത ചമീരയുടെ പരുക്ക്. കാലിനേറ്റ പരിക്ക് കാരണം താരത്തിന് ഏഷ്യാ കപ്പ് കളിക്കാൻ സാധിക്കില്ല. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
നേരത്തെ ചമീരയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഇതിൽ നിന്ന് താരം പൂർണ്ണമായും മോചിതനായിരുന്നില്ല. എങ്കിലും ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാലിപ്പോൾ ചമീരയുടെ പരുക്ക് കാൽവണ്ണയിലേക്ക് മാറിയതായും ടൂർണമെന്റ് കളിക്കാനാകില്ല എന്നും ടീം ഡോക്ടർമാരിലൊരാൾ പറഞ്ഞതായാണ് റിപ്പോർട്ട്. പരിക്കിന്‍റെ വ്യാപ്തി വ്യക്തമല്ലെങ്കിലും ടി20 ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ പേസ് ആക്രമണത്തെ നയിക്കേണ്ടിയിരുന്നത് ചമീരയായിരുന്നു. ഇപ്പോൾ ചമീരയില്ലാത്ത സാഹചര്യത്തിൽ കാര്യമായ പരിചയസമ്പത്തില്ലാത്ത പേസ് നിരയാകും ലങ്കയുടേത്. ലങ്കയ്ക്ക് പുറമെ ഇന്ത്യക്കും പാകിസ്ഥാനും ഇക്കുറി ഏഷ്യാ കപ്പിൽ പ്രധാന പേസർമാരുടെ സേവനം ലഭിക്കില്ല. ഇന്ത്യയുടെ ജസപ്രീത് ബുംറയും പാകിസ്ഥാന്റെ ഷഹീൻ അഫ്രീദിയും പരുക്കിനെത്തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് പിന്മാറിയിരുന്നു.