സോഷ്യൽ മീഡിയ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിയന്ത്രിക്കുക. ആപ്ലിക്കേഷനുകളുടെ ദുരുപയോഗത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ ദുരുപയോഗവും വർദ്ധിക്കും. നിലവിൽ, ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ ഒരു മാർഗവുമില്ല. തെറ്റായ വിവരങ്ങളും അവയുടെ ദുരുപയോഗവും തടയുന്നതിനായി ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെച്ചൊല്ലി സർക്കാരും വാട്ട്സ്ആപ്പും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാർത്തകൾ. സർക്കാർ ഏജൻസികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്ലിക്കേഷനുകൾ ബാധ്യസ്ഥരാണെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, സ്വകാര്യതാ കാരണങ്ങളാൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് ആപ്ലിക്കേഷനുകളുടെ നിലപാട്.