Thursday, January 23, 2025
LATEST NEWS

ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: ഗോതമ്പ് മാവിന്‍റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുതെന്നായിരുന്നു നേരത്തെയുള്ള നിയമം. ഇത് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുകയാണ്. ഗോതമ്പ് മാവിന്‍റെ വിലക്കയറ്റം നിയന്ത്രിക്കാനും സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഈ നയം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. ഉക്രൈൻ-റഷ്യ യുദ്ധത്തിനു പിന്നാലെ ഗോതമ്പ് വില ആഗോള വിപണിയിൽ കുത്തനെ ഉയർന്നിരുന്നു. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ ഏകദേശം 1/4 വിഹിതവും കയറ്റുമതി ചെയ്തിരുന്നത് റഷ്യയും ഉക്രൈനുമായിരുന്നു. അവർ തമ്മിലുള്ള സംഘർഷം ആഗോള ഗോതമ്പ് വിതരണ ശൃംഖലയെ താറുമാറാക്കുകയും ഇന്ത്യൻ ഗോതമ്പിന്‍റെ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്തു. തൽഫലമായി, ആഭ്യന്തര വിപണിയിൽ ഗോതമ്പിന്‍റെ വില ഉയർന്നു.

ഇതോടെ രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് 2022 മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് കേന്ദ്ര വാദം.
ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത് ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കി. ഗോതമ്പ് മാവിന്‍റെ ആവശ്യം വിദേശ വിപണിയിൽ വർദ്ധിച്ചു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 2022 ഏപ്രില്‍-ജൂലൈ കാലയളവില്‍ 200% വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.