Tuesday, December 24, 2024
LATEST NEWSSPORTS

ഞെട്ടിച്ച് ബ്രൈറ്റണ്‍ ; ടെന്‍ ഹാഗിന് തോൽവിയോടെ തുടക്കം

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന് 2022-23 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ തുടക്കം. മുൻ ചാമ്പ്യൻമാരെ തോൽപ്പിച്ചത് ബ്രൈറ്റണാണ്. മത്സരത്തിൽ ബ്രൈറ്റൺ 2-1ന് വിജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിൽ എറിക് ടെൻ ഹാഗ് പരാജയം ഏറ്റുവാങ്ങി.

മാഞ്ചസ്റ്ററിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ മൽസരത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുണൈറ്റഡ്. ട്രാൻസ്ഫർ വിൻഡോയിൽ കൂടാരത്തിലെത്തിച്ച ക്രിസ്റ്റ്യൻ എറിക്സൺ, ലിസാന്ദ്രോ മാർട്ടിനെസ് എന്നിവരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഫോർവേഡ് ആന്‍റണി മാർഷ്യലിന്‍റെയും അഭാവത്തിലിറങ്ങിയ മത്സരത്തിൽ യുണൈറ്റഡിനെതിരെ ബ്രൈറ്റൺ മികച്ച തുടക്കമാണ് നേടിയത്.

മുൻ ആഴ്സണൽ താരം ഡാനി വെൽബെക്ക്, ആദം ലല്ലാന, ട്രോസാർഡ് എന്നിവരുൾപ്പെട്ട ബ്രൈറ്റന്‍റെ ഫോർവേഡ് ലൈനപ്പ് നിരവധി സ്കോറിംഗ് അവസരങ്ങൾ സൃഷ്ടിച്ചു. 30-ാം മിനിറ്റിൽ മിഡ്ഫീൽഡർ പാസ്കൽ ഗ്രോസിലൂടെ ബ്രൈറ്റൺ ആദ്യ ഗോൾ നേടി. 39-ാം മിനിറ്റിൽ ഗ്രോസ് വീണ്ടും മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഞെട്ടിച്ച് വലകുലുക്കി. ആദ്യപകുതിയിൽ ബ്രൈറ്റൺ 2-0ന് മുന്നിട്ട് നിന്നു.