Friday, January 17, 2025
LATEST NEWSSPORTS

ലോകകപ്പിന് മുൻപ് ഘാനക്കും ടുണീഷ്യക്കും എതിരെ സൗഹൃദ മത്സരത്തിന് ബ്രസീല്‍

റിയോ: ലോകകപ്പിന് മുൻപ് ഘാനയ്ക്കും ടുണീഷ്യയ്ക്കുമെതിരെ ബ്രസീൽ സൗഹൃദ മത്സരം കളിക്കും. സെപ്റ്റംബർ 23, 27 തീയതികളിലാണ് മത്സരം. എന്നാൽ മത്സരത്തിന്‍റെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

സെപ്റ്റംബർ 22ന് അർജന്‍റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാല്‍ ഇത് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്ന് ദിവസങ്ങൾക്കകമാണ് പുതിയ സൗഹൃദ മൽസരത്തിന്‍റെ ഷെഡ്യൂൾ ബ്രസീല്‍ പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വർഷം അർജന്‍റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിലെത്തിയതിനെ തുടർന്ന് തടസപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ താരങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി ആരോപണമുയർന്നതാണ് ഇതിന് കാരണം. പിന്നീട് മറ്റൊരു തീയതിയിൽ മത്സരം നടത്താൻ ഫിഫ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായ നിലപാടാണ് ബ്രസീലും അര്‍ജന്റീനയും സ്വീകരിച്ചത്.