Thursday, November 21, 2024
HEALTHLATEST NEWS

കോവിഡ് വാക്സിൻ മരണവുമായി ബന്ധപ്പെട്ട ഹർജിയിൽ ബോംബെ ഹൈക്കോടതി നോട്ടീസയച്ചു

മുംബൈ: കോവിഡ് -19 വാക്സിൻ മൂലം മകൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയെ തുടർന്ന് ബോംബെ ഹൈക്കോടതി ഇന്ത്യാ ഗവൺമെന്‍റ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ, ഡിസിജിഐ മേധാവി എന്നിവർക്ക് നോട്ടീസ് അയച്ചു. കോവിഡ് -19 വാക്സിന്‍റെ സുരക്ഷയെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ നടത്തി മെഡിക്കൽ പ്രാക്ടീഷണർമാരെ വാക്സിൻ എടുക്കാൻ ‘നിർബന്ധിച്ചതിനും’ കോവിഡ് -19 വാക്സിനെക്കുറിച്ചുള്ള വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചതിനും സർക്കാരിനെയും മറ്റുള്ളവരെയും ദിലീപ് ലുനാവത്ത് തന്റെ ഹർജിയിൽ കുറ്റപ്പെടുത്തുകയും ചെയ്തു.

കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച് മകൾ ഡോ.സ്നേഹാൽ ലുനാവത്ത് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി 1,000 കോടി രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

2021 ജനുവരി നാലിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ.വി.ജി.സൊമാനി ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണെന്ന് വ്യക്തമായി സൂചിപ്പിച്ചതായി ഹർജിയിൽ പറയുന്നു. ഡിസിജിഐ വാക്സിന്‍റെ സുരക്ഷ അവകാശപ്പെടുന്ന ഒരു വാർത്തയുടെ പ്രസിദ്ധീകരിച്ച ഭാഗം ചൂണ്ടിക്കാട്ടിയാണ് ഹർജി. “സുരക്ഷാ ആശങ്ക അല്പം പോലും ഉണ്ടെങ്കിൽ ഞങ്ങൾ ഒരിക്കലും ഒന്നിനെയും അംഗീകരിക്കില്ല. വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണ്”, എന്നായിരുന്നു പ്രസിദ്ധീകരിച്ചത്.