Wednesday, December 18, 2024
Novel

ഭാര്യ : ഭാഗം 7

എഴുത്തുകാരി: ആഷ ബിനിൽ

കാശിക്കു ലീവ് അധികം ഇല്ലാത്തതു കൊണ്ട് റീസപ്‌ഷൻ അന്നുതന്നെ നടത്താൻ ആണ് പ്ലാൻ ചെയ്തിരുന്നത്. തനു ഫ്രഷ് ആയി വന്നപ്പോഴേക്കും ഒരുക്കാൻ ബ്യൂട്ടീഷൻ എത്തിയിരുന്നു. കൂടെ കാവ്യയും. തനുവിനു ഒന്നു കിടന്നാൽ കൊള്ളാം എന്നു ഉണ്ടായിരുന്നു. എങ്കിലും അവൾ എല്ലാത്തിനും നിന്നു കൊടുത്തു. കാര്യങ്ങളൊന്നും തന്റെ ആഗ്രഹം പോലെ അല്ലല്ലോ ഇപ്പോൾ നടക്കുന്നത്..! ബേബി പിങ്ക് കളറിൽ ഇളംനീല മുത്തുകളും എംബ്രോയ്ഡറി വർക്കും ചെയ്ത മനോഹരമായ ഗൗണ് ആയിരുന്നു തനുവിന്റെ വേഷം.

അതിനു ചേരുന്ന ആഭരണങ്ങളും അണിഞ്ഞു. ആഴ്ചകൾക്ക് മുൻപ്, ഈ ഡ്രെസ്സും ആഭരണങ്ങളും തിരഞ്ഞെടുത്ത ദിവസം അവൾ ഓർത്തെടുത്തു. അന്ന് എത്ര സന്തോഷവത്തി ആയിരുന്നു താൻ.. ഈ ഗൗൺ ഇട്ടു നിന്നപ്പോൾ കാശിയേട്ടന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി ഇപ്പോഴും ഓർമയുണ്ട്. ആഗ്രഹിച്ചയാളെ എല്ലാവരുടേയും ആശിർവാദത്തോടെ സ്വന്തമാക്കിയിട്ടും, ഒരു തരിമ്പുപോലും സന്തോഷിക്കാൻ തനുവിനു കഴിഞ്ഞില്ല. ഒരുങ്ങിയിറങ്ങിയ തനു ഒരു പാവയെപ്പോലെ തോന്നിച്ചു.

അവളുടെ ഗൗണിന്റെ അതേ കളർ പാറ്റേണിൽ ഉള്ള സ്യൂട്ട് ആയിരുന്നു കാശിയുടെ വേഷം. അലങ്കരിച്ച വേദിയിൽ അവനൊപ്പം നിൽക്കുമ്പോൾ വീണ്ടും അവളുടെ ഉള്ളിലെ കോംപ്ലക്‌സ് തലപൊക്കി തുടങ്ങി. ഇന്നലെവരെ ആസ്വദിച്ചിരുന്നു കൂട്ടുകാരുടെ അർത്ഥം വച്ചുള്ള കളിയാക്കലുകളും മറ്റും തനുവിനു അരോചകമായി തോന്നി. എങ്കിലും എല്ലാവർക്കും മുന്നിൽ പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു അവൾ നിന്നു, കാശിയും. രാത്രി പതിനൊന്നരയോട് അടുത്തായി അവർ വീട്ടിൽ എത്തുമ്പോൾ.

പോകുന്ന വഴി മാലതി ഒരു ഗ്ലാസ് പാലെടുത്ത് തനുവിന്റെ കയ്യിൽ കൊടുത്തു റൂമിലേക്ക് വിട്ടു. “ഇനിയിപ്പോൾ വേഷം മാറാൻ ഒന്നും നിൽക്കേണ്ട. നിങ്ങൾ പോയി ഉറങ്ങിക്കോളൂ. മോൾക്ക് നല്ല ക്ഷീണം ഉണ്ട്. നമുക്ക് നാളെ സംസാരിക്കാം” തനു വിറച്ചുകൊണ്ടാണ് കാശിയുടെ മുറിയിൽ എത്തിയത്. അവൻ ബാത്‌റൂമിൽ ആണെന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ ഗ്ലാസ് മേശപ്പുറത്തു വച്ച് ആഭരണങ്ങൾ ഓരോന്നായി അഴിച്ചു മാറ്റാൻ തുടങ്ങി. കാശി കുളികഴിഞ്ഞു വരുമ്പോൾ ഗൗണിന്റെ പുറകിലെ സീബും ആയി മൽപ്പിടിത്തം നടത്തുന്ന തനുവിനെ ആണ് കണ്ടത്.

അവൻ ഒന്നും മിണ്ടാതെ അവൾക് പുറകിൽ ചെന്നു നിന്ന് അതഴിച്ചു കൊടുത്ത ശേഷം മേശപ്പുറത്തിരുന്ന ഫോണും എടുത്തു ബാൽക്കണിയിലേക്ക് പോയി. കാശിയുടെ ചുടുനിശ്വാസം കഴുത്തിൽ തട്ടിയ തനുവിനു എന്താണ് സംഭവിച്ചത് എന്നു മനസിലായപ്പോഴേക്കും അവൻ കടന്നുപോയിരുന്നു. മേക്കപ്പും തലമുടിയിൽ പുരട്ടിയ ഹെയർ സ്സ്‌പ്രേയും മറ്റും കഴുകി കളയാൻ കുറച്ചധികം അധ്വാനിക്കേണ്ടി വന്നു. ഷവറിലെ തണുത്ത വെളളം ശരീരത്തിൽ കൂടി ഒഴുകിയിറങ്ങിയപ്പോൾ എവിടെല്ലാമോ നീറ്റൽ അനുഭവപ്പെട്ടു.

വെള്ളത്തിനൊപ്പം തനുവിന്റെ ചുടുകണ്ണീരും ഒലിച്ചിറങ്ങി. തനു തിരിച്ചിറങ്ങുമ്പോൾ കട്ടിലിൽ വെറുതെ ഫാനും നോക്കി കിടക്കുകയാണ് കാശി. അവന്റെ എഴുന്നേറ്റിരുന്നു, തനിക്കടുത്തായി അവളെ പിടിച്ചിരുത്തി. പാൽ പകുതി കുടിച്ച ശേഷം അവൾക്ക് നൽകി. തനുവിന്റെ കൈകളുടെ വിറയൽ കാശി ശ്രദ്ധിച്ചു: “ആദ്യരാത്രി അല്ലെ.. ചടങ്ങുകളൊന്നും തെറ്റിക്കേണ്ട. കുടിച്ചിട്ട് കിടന്നോളൂ. നിനക്ക് നല്ല ക്ഷീണം ഉണ്ട്” അത്രയും പറഞ്ഞു കട്ടിലിന്റെ ഓരം ചേർന്നു കാശി കിടന്നു. എതിർ ഭാഗത്തായി തനുവും.

എത്ര സ്വപ്നം കണ്ട നിമിഷമാണിത്..! ഈ രാത്രി മുഴുവൻ കാശിയേട്ടനോട് സംസാരിച്ചിരിക്കണം എന്നായിരുന്നു ആഗ്രഹം. തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കണം. ഒരു പെണ്ണിന്റെ വികാരങ്ങൾ മനസിൽ തോന്നി തുടങ്ങിയ കാലം മുതൽ കണ്ണുകൾ കൊണ്ടും പുഞ്ചിരി കൊണ്ടും പകുത്തു നൽകിയ പ്രണയം മുഴുവനും ആവാഹിച്ചു ആ നെറ്റിയിൽ ചുണ്ട് ചേർക്കണം. കണ്ണുകൾ കഥ പറയുന്നത് കാണണം. ഇതുവരെ പറയാൻ മടിച്ച കാശിയേട്ടന്റെ പ്രണയം മുഴുവൻ ഉള്ളിലേക്ക് ആവാഹിക്കണം.

ഒടുവിൽ, തനിക്കു വേണ്ടി മിടിക്കുന്ന ആ ഹൃദയതാളം കേട്ടുറങ്ങണം…. ഓർമകൾ മുറിവുകളിൽ മുളകുതേച്ചപോലെ വീണ്ടും വീണ്ടും വേദനിപ്പിച്ചു തുടങ്ങിയപ്പോൾ തലയിണയിൽ കൈകൾ അമർത്തി തനു നിശബ്ദം കരഞ്ഞു. കാശിയും ഓർക്കുകയായിരുന്നു. ഈ രാത്രിയെകുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ. താൻ ആഗ്രഹിച്ചപോലെ, സ്വപ്നം കണ്ടപോലെ തനു ഇപ്പോൾ അരികിൽ തന്നെയുണ്ട്. പക്ഷെ മനസുകൊണ്ട് അവളിലേക്കെത്താൻ തനിക്കിനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടി വരും.

അടക്കിപ്പിടിച്ച തനുവിന്റെ തേങ്ങലുകൾ കാശിയിലേക്ക് തുളച്ചുകയറി. അവൻ നേരെ കിടന്നു അവളെ തന്റെ കരവലയത്തിനുള്ളിലാക്കി. തനു കുതറി മാറുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല. ആ ഒരു ചേർത്തുപിടിക്കലാണ് ആ നിമിഷത്തിൽ അവളും ആഗ്രഹിച്ചിരുന്നത്. കാശിയുടെ ഷർട്ടിന്റെ നനച്ചും നെഞ്ചിനെ പൊള്ളിച്ചും കൊണ്ട് തനുവിന്റെ കണ്ണുനീർ ഊർന്നിറങ്ങി. അതിനിടയിൽ എപ്പോഴോ അവർ ഇരുവരും ഉറക്കത്തിലേക്ക് വഴുതിവീണു.

എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാതെ കട്ടിലിൽ എഴുന്നേറ്റിരുന്നു, തരുൺ. ഒടുവിൽ വിമ്മിഷ്ടം സഹിക്കാൻ വയ്യാതെ കതകു തുറന്ന് നടുത്തളത്തിൽ ചെന്നിരുന്നു. രണ്ടു ദിവസം കൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞത് അവൻ ആലോചിച്ചു. അതിനു മുൻപ് വരെ തനുവിന്റെയും നീലുവിന്റെയും കളിച്ചിരികൾ മുഴങ്ങിക്കേട്ട വീടാണിത്. സത്യത്തിൽ പെണ്കുട്ടികൾ ആണ് വീടിനെ വീടാക്കുന്നത്. അവന്റെ കണ്മുന്നിൽ അച്ഛനും അമ്മയും ചെറിയച്ഛനും ചെറിയമ്മയും തനയ്‌യും താരയും രാജീവും തൻവിമോളും നീലുവും തനുവും, ഒപ്പം താനും ചേർന്നിരുന്ന നല്ല നിമിഷങ്ങൾ തെളിഞ്ഞുവന്നു.

ഇനി എന്നെങ്കിലും എല്ലാവരും അതുപോലെ ഒന്നിക്കുമോ? ഒന്നിച്ചാൽ തന്നെ ഹൃദയത്തിൽ കോറിയിട്ട ആ മായാത്ത മുറിപ്പാട് തനുവിനു മറക്കാൻ ആകുമോ? തോളിൽ ഒരു കാരസ്പർശം തോന്നിയപ്പോൾ തിരിഞ്ഞുനോക്കി, തനയ്..! അവൻ ഒന്നും മിണ്ടാതെ തരുണിന്റെ അടുത്തു വന്നിരുന്നു. രണ്ടുപേരുടെയും മനസ് ഒരുപോലെ സംഘർഷഭരിതമായിരുന്നു. പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു. എന്തെങ്കിലും ദുഃഖം ഉണ്ടായാൽ എല്ലാവരും ഉറങ്ങി കഴിയുമ്പോൾ ഇതുപോലെ അകത്തളത്തിൽ വന്നിരിക്കും രണ്ടാളും.

ഒന്നും സംസാരിച്ചില്ലെങ്കിലും മനസ് ശാന്തമാകാൻ അതു മാത്രം മതിയായിരുന്നു. പിന്നീടെപ്പോഴോ പഠനവും സൗഹൃദവും ജോലിയും രണ്ടു വഴിക്കായാപ്പോൾ ശീലങ്ങളൊക്കെ മാറി. ഒരേ ഗർഭപാത്രത്തിൽ ജനിച്ച ഒരുമിച്ചു പിറന്നുവീണ അവരിൽ ഒരാളുടെ ഹൃദയം മറ്റാൾക്കും കൂടി വേണ്ടിയാണ് മിടിക്കുന്നത് എന്നു തിരിച്ചറിയാൻ അവരിരുവരും വൈകിപ്പോയി. അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ: കാശി..! തനുവിന്റെ മുറിവുകൾക്ക് മരുന്നാകാൻ അവനു മാത്രമേ സാധിക്കൂ എന്നറിയാം.

പക്ഷെ എത്ര നാൾ? ചോരയും നീരുമുള്ള ഒരു പുരുഷനാണ് കാശി. എത്രനാൾ തനുവിന്റെ സ്നേഹത്തിനു വേണ്ടി അലഞ്ഞുനടക്കാൻ അവനാകും? ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ സൂര്യന്റെ കിരണങ്ങൾ കണ്ണിൽ തട്ടി വിളിച്ചപ്പോളാണ് തനു കണ്ണു തുറന്നത്. നേരം നന്നായി പുലർന്നിരിക്കുന്നു. കാശിയേട്ടൻ എഴുന്നേറ്റു പോയതോന്നും താൻ അറിഞ്ഞതെ ഇല്ലല്ലോ. ഇന്നലെ രാത്രി കാശി തന്നെ ചേർത്തുപിടിച്ചു ഉറങ്ങിയത് അവൾ ഓർത്തു. തന്റെ ആ ഒരു സ്വപ്നം എങ്കിലും സത്യമായല്ലോ..!

ഫോണെടുത്തു സമയം നോക്കിയപ്പോൾ ഒമ്പതര.. ഇത്രയും നേരം ഉറങ്ങിപ്പോയോ? തനു വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു. “നീ എന്തിനാ തല നനച്ചത്? ഇന്നലെ രാത്രി കുളിച്ചു കിടന്നതല്ലേ?” കാശി വാതിൽ തുറന്ന് അകത്തേക്ക് വന്നതുകൊണ്ട് പറഞ്ഞു. “അതുപിന്നെ…” “നോക്ക് തനു. ഇത് നിനക്ക് പരിചയം ഇല്ലാത്ത വീടൊന്നും അല്ല. കുട്ടിക്കാലം മുതൽ നിനക്കറിയാവുന്ന വീടും വീട്ടുകാരും ആണ് ഇവിടെ ഉള്ളത്. അതുകൊണ്ട് മറ്റുള്ളവരെ ബോധിപ്പിക്കാൻ നീ ഇവിടെ ഒന്നും ചെയ്യേണ്ട. നീ എങ്ങനെ ആണോ അങ്ങനെ തന്നെ മതി. മനസിലായോ?”

തനു ഒന്നു മൂളി. “എങ്കിൽ വാ..ബ്രെക്ഫാസ്റ് കഴിക്കാം” “കാശിയേട്ടാ.. ഞാൻ ഒരുപാട് ലേറ്റ് ആയല്ലേ എഴുന്നേൽക്കാൻ..” “അതിവിടെ ആരെങ്കിലും ചോദിച്ചോ?” “അതല്ല.. എന്നാലും ഇത്രയും നേരം ആകുമെന്ന് ഞാനും വിചാരിച്ചില്ല.” കാശി അതിനു മറുപടിയൊന്നും പറഞ്ഞില്ല. പകരം തനുവിന്റെ തലയിൽ കെട്ടിയിരുന്ന ടൗവൽ അഴിച്ചെടുത്തു തലമുടി നന്നായി തോർത്തി കൊടുത്തു. ഒരു നുള്ള് കുങ്കുമം എടുത്ത് സീമന്തരേഖയിൽ ചാർത്തി. അവളുടെ കയ്യും പിടിച്ചു താഴേക്ക് നടന്നു.

കാശിയുടെ നിശ്വാസം മുഖത്തു തട്ടുമ്പോഴും, അവൻ അടുത്തു നിൽക്കുമ്പോൾ പോലും താൻ തരളിതയായി പോകുന്നത് തനു അറിഞ്ഞു. പക്ഷെ അതിനു തൊട്ടടുത്ത നിമിഷം തന്നെ രണ്ടുദിവസം മുന്നേ തന്റെ ജീവിതത്തിൽ സംഭവിച്ചത് ഓർമ വരും. അതോടെ ഉള്ളം ശൂന്യമാകും. ഒരു നോട്ടം, മൃദുവായ ഒരു സ്പർശം, ഒരു ഓർമകൊണ്ടുപോലും പെണ്ണിനെ ഉണർത്താനും തളർത്താനും കഴിവുള്ള മന്ത്രികനാണ് പുരുഷൻ..! “ഇപ്പോ എങ്ങനുണ്ട് തനുമോളെ?” മാലതി ആണ്. അവർ തനുവിന് മുന്നിലെ പ്ളേറ്റിലേക്ക് ഇഡ്ഡലിയും സാമ്പാറും എടുത്തുവച്ചു. കാശി തനിക്കുള്ളത് സ്വയം എടുത്തു.

“കുഴപ്പം ഇല്ല അപ്പച്ചി.. ക്ഷീണം കാരണം ഉറങ്ങിപ്പോയി ഞാൻ” “കാശിയോട് ഞാനാ പറഞ്ഞത് വിളിക്കേണ്ട എന്ന്. ആശുപത്രിയും വീടും കല്യാണവും എല്ലാം ആയി ആകെ കോലം കേട്ടു പോയി മോള്. ഇനീപ്പോ എല്ലാം കഴിഞ്ഞല്ലോ. നന്നായി ഭക്ഷണം കഴിച്ചു റെസ്റ്റ് എടുത്താൽ മതി. പഴയതുപോലെ മിടുക്കിയാകും.” അതിനിനി തനിക്ക് ഒരിക്കലും കഴിയില്ല എന്നു പറയണം എന്നുണ്ടായിരുന്നു. പക്ഷെ വായിൽ വന്നത് മറ്റൊന്നാണ്. “മാമനും കാവ്യയും അപ്പച്ചിയും കഴിച്ചോ?” “ഏട്ടൻ രാവിലെ കഴിച്ചു.

കൂടെ ഞാനും. കാവ്യ ദേ വരുന്നു. നിന്നെക്കാളും ക്ഷീണം ആണ് അവൾക്ക്” ചായ അവൾക്ക് മുന്നിലേക്ക് നീക്കിക്കൊണ്ട് അവർ പറഞ്ഞു. തനിക്കുള്ള ഇഡ്ഡലിയും സാമ്പാറും പ്ളേറ്റിലേക്ക് എടുത്തുവച്ചശേഷം കാവ്യ അവരെ നോക്കി ചുണ്ട് കോട്ടി. “ചേച്ചി വന്നപ്പോ പിന്നെ അമ്മക്ക് എന്നെ വേണ്ടാതെ ആയോ?” “നിന്നോട് ഞാൻ പറഞ്ഞു, ചേച്ചി അല്ല ഏട്ടത്തി ആണെന്ന്. അതുപോലെ തനു, ഇനിമുതൽ അപ്പച്ചിയും മാമനും അല്ല അച്ഛനും അമ്മയും ആണ് കേട്ടോ. അങ്ങനെ വിളിക്കണം.” തനു പുഞ്ചിരിച്ചു. അത് കാശിയുടെ ചുണ്ടിലേക്കും പടർന്നു.

ഭക്ഷണം കഴിഞ്ഞു മേശ വൃത്തിയാക്കാനും പച്ചക്കറി അരിയാനും മറ്റും അവളും മാലതിയെ സഹായിച്ചു. തനു ഉള്ളതുകൊണ്ട് കാവ്യയും അവർക്കൊപ്പം കൂടി. കാശി കൃഷ്ണന്റെ മുറിയിൽ ബിസിനസ് സംബന്ധിച്ച് എന്തോ ചർച്ചയിൽ ആണ്. അടുക്കളയിൽ മാലതിക്ക് സഹായത്തിന് സീത എന്ന ഒരു അകന്ന ബന്ധുകൂടിയുണ്ട്. താമസവും ഭക്ഷണവും എല്ലാം അവിടെ തന്നെ. തനുവിനെക്കാൾ നീലുവിനെ ആയിരുന്നു അവർക്ക് താല്പര്യം. കാരണം നീലു കുറച്ചുകൂടെ സുന്ദരി ആണല്ലോ.

നിറവും സൗന്ദര്യവും ഉള്ള അവളെ മാറ്റി നിർത്തി കാശി തനുവിനെ സ്വീകരിച്ചതിൽ അവർക്ക് ചെറിയ ഇഷ്ടക്കേടുണ്ടായിരുന്നു. എങ്കിലും അവനെ പേടിച്ച് അവർ അഭിപ്രായങ്ങൾ ഒന്നും പറയാറില്ല. തനുവിനു പാചകം വലിയ വശം ഉണ്ടായിരുന്നില്ല. അമ്മയും ചെറിയമ്മയും നീലുവും നല്ല കൈപ്പുണ്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവളും താരയും അടുക്കളയിൽ ഇതുവരെ അധികം പരീക്ഷണങ്ങൾ നടത്തിയിട്ടില്ല . പണ്ടൊരിക്കൽ ഉള്ളി സാമ്പാർ വച്ചു ഫെയിൽ ആയി പോയത് അവൾ ഓർത്തു. അന്നത് രസം ആണെന്നും പറഞ്ഞു എല്ലാവർക്കും കൊടുത്തു.

അച്ഛൻ അതു വീണ്ടും വീണ്ടും വാങ്ങി കുടിച്ച കാര്യം ആലോചിച്ചപ്പോൾ അറിയാതെ അവളിൽ ഒരു ചിരി വിരിഞ്ഞു. അതു മാലതി കണ്ടിരുന്നു. കഴിഞ്ഞുപോയ ആദ്യരാത്രിയുടെ ബാക്കിപത്രമായി ആ ചിരിയെ അവർ കണക്കാക്കി. തനുവിന്റെ ക്ഷീണം കഴിഞ്ഞ ദിവസം BP കുറഞ്ഞതിന്റെയും കല്യാണ തിരക്കുകളുടെയും ആണെന്നാണ് എല്ലാവരെയും പോലെ അവരും കരുതിയത്. അവൾ താണ്ടിയ ദുരിതപർവങ്ങളുടെ ആഴവും പരപ്പും അവർക്കറിയില്ലല്ലോ.

മാലതി തനുവിനെ നിർബന്ധിച്ചു വിശ്രമിക്കാൻ പറഞ്ഞയച്ചു. റൂമിലേക്ക് കയറുമ്പോൾ കാശി എവിടേക്കോ പോകാൻ റെഡിയായി ഇറങ്ങുന്നതാണ് അവൾ കാണുന്നത്. “ഞാൻ ഒന്നു പുറത്തേക്ക് പോകുകയാണ് തനു.” എവിടേക്കാണ് പോകുന്നതെന്നോ എപ്പോൾ വരും എന്നോ ഊണിനു കാണില്ലേ എന്നോ.. എന്തെങ്കിലും അവൾ ചോദിക്കും എന്ന പ്രതീക്ഷയിൽ കാശി ഒരു നിമിഷം അവിടെ തന്നെ നിന്നു. പിന്നെ തനുവിന് ഒരു വിളറിയ ചിരി സമ്മാനിച്ചു പുറത്തേക്ക് പോയി.

തുടരും-

ഭാര്യ : ഭാഗം 6