Wednesday, January 22, 2025
Novel

ഭാര്യ : ഭാഗം 29- അവസാനഭാഗം

എഴുത്തുകാരി: ആഷ ബിനിൽ

“ലീവ് എടുത്തത് എന്തായാലും ഗുണമായി” ഗാഢനിദ്രയിൽ നിന്നുണർന്ന കാശി പറയുന്നത് കേട്ടു തനു തല താഴ്ത്തി. അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. നെറ്റിയിൽ തൊട്ടുനോക്കി. പനി മാറിയിരിക്കുന്നു..! “അല്ല.. ഇതിപ്പോ ബഷീറിന്റെ ബാല്യകാലസഖിയിൽ കുരു പൊട്ടിയ പോലെ ആയല്ലോ?” രണ്ടാളും ചിരിച്ചുകൊണ്ട് പരസ്പരം പുണർന്നു. തനുവിന്റെ പൂർവകാലത്തെകുറിച്ചുള്ള വേദനകൾ ഒക്കെ ആ സംഭവത്തോടെ മാഞ്ഞുപോയിരുന്നു. പകരം അവിടെ കാശിയുമൊത്തുള്ള നല്ല നിമിഷങ്ങൾ സ്ഥാനം പിടിച്ചു,

അവന്റെ പ്രണയവും. താൻ കാശിയുടെ ഏറ്റവും അനുയോജ്യയായ ഭാര്യയാണെന്ന് അവൾക്കിപ്പോൾ ബോധ്യമുണ്ട്. കോളേജിലും ഫ്ലാറ്റിലും വീട്ടിലും ഒക്കെയായി തനുവിന്റെ ജീവിതം പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോയി. അവരുടെ പ്രണയം മൂന്നു മാസം കൂടി കടന്നുപോയി. അവരുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് ആഗ്രഹം ഉണ്ടായിരുന്നിട്ട് കൂടി, ഒരു കുഞ്ഞെന്ന ആഗ്രഹം രണ്ടു വീട്ടുകാരും അവരുടെ മുന്നിൽ അവതരിപ്പിച്ചില്ല. “കല്യാണം കഴിഞ്ഞിട്ട് എട്ടൊമ്പത് മാസം ആയില്ലേ.. വിശേഷം ഒന്നും ഇല്ലേ?”

തുടങ്ങിയ നാട്ടുകാരുടെ ചോദ്യങ്ങൾ തനുവിന്റെ കോഴ്‌സ് കഴിയട്ടെ എന്ന അലസമായ മറുപടികൊണ്ടു മറികടന്നു. എല്ലാവരോടും ഇങ്ങനൊക്കെ പറയുന്നുണ്ടെങ്കിലും ഒരു കുഞ്ഞിനായി രണ്ടുപേരും തീവ്രമായി ആഗ്രഹിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടായില്ല. ഈ മാസം വീണ്ടും പ്രതീക്ഷയോടെ ടെസ്റ്റ് ചെയ്യാൻ വാഷ് റൂമിൽ കയറിയതാണ് തനു.

ഉറക്കം തെളിഞ്ഞു കട്ടിലിൽ തന്നെ കാത്തിരിക്കുകയാണ് കാശി. തന്റെ മുന്നിലേക്ക് തനു നീട്ടിയ പ്രെഗ്നൻസി ടെസ്റ്റ് കാർഡിലെ രണ്ടാമത്തെ നേരിയ പിങ്ക് വര അവരുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകി. സന്തോഷം കൊണ്ട് രണ്ടാളുടെയും കണ്ണു നിറഞ്ഞു. വർത്തയറിഞ്ഞ രണ്ട് വീടുകളിലും ഉത്സവം ആയിരുന്നു. അമ്മമാരും അച്ചന്മാരും ഏട്ടന്മാരും കാവ്യയും നീലുവും ഒക്കെ മാറി മാറി ഫ്ലാറ്റിൽ അവർക്കൊപ്പം വന്ന് താമസിച്ചു. മീനാക്ഷി രണ്ടുമൂന്നുതവണ വന്നു കണ്ടു. തനയ്യും കുടുംബവുമായി വിവാഹത്തിന് മുൻപേ തന്നെ അവൾ നന്നായി ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു. കാണുന്ന രൂപത്തിൽ അല്ല,

സ്വഭാവത്തിൽ ആണ് കാര്യമെന്ന് അവളും തെളിയിച്ചു. മാലതി വരുമ്പോഴൊക്കെ മസാലദോശയോ മാങ്ങാ അച്ചാറോ ഒക്കെ കൊണ്ടുവരും. അവർക്ക് ഗർഭകാലത്ത് ഏറ്റവും പ്രിയം അതിനോടായിരുന്നത്രെ. മറ്റുള്ളവരും തനുവിന്റെ ഇഷ്ടം അനുസരിച്ചു ഓരോന്നും ചോദിച്ചു മനസിലാക്കി വാങ്ങിയും ഉണ്ടാക്കിയും കൊടുക്കാൻ തുടങ്ങി. പതിവ് പോലെ ക്ലാസിൽ പോകുമെങ്കിലും തനുവും ഗർഭകാലം ആസ്വദിച്ചു തുടങ്ങിയിരുന്നു, അതിന്റെ ബുദ്ധിമുട്ടുകളും. ഫോളിക് ആസിഡ് മാത്രമാണ് മരുന്നായി കഴിക്കാൻ ഉള്ളത്. മുളപ്പിച്ച പയറും പഴവർഗങ്ങളും അവൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

ചെറിയ തോതിൽ ഡെയ്ലി വർക് ഔട്ട് ചെയ്യാനും തുടങ്ങി. കാശി ആണെങ്കിൽ വാർത്ത അറിഞ്ഞപ്പോൾ മുതൽ നിലത്തൊന്നും അല്ല. എന്നും തനുവിന്റെ വയറിൽ കൈ ചേർത്തുവച്ചു കുഞ്ഞിനോട് സംസാരിക്കും. പരമാവധി ദിവസങ്ങളിൽ 8 മണിക്ക് മുൻപ് വീട്ടിലെത്തും. വീട്ടിൽ വന്നാൽ മുഴുവൻ സമയവും തനുവിന്റെ പിന്നാലെ തന്നെയാണ്. തനുവിന് ശർദ്ധി ഒന്നും ഇല്ലാത്തത് ഒരു ആശ്വാസം ആയിരുന്നു. പഠനത്തിൽ വലിയ തടസങ്ങൾ ഉണ്ടായില്ല. സ്വാതി വിശേഷം അറിഞ്ഞപ്പോൾ മുതൽ ഭയങ്കര സന്തോഷത്തിൽ ആണ്. അമ്മമാർ ആരും ഇല്ലാത്തപ്പോൾ തനു ഊണ് കൊണ്ടുവരാറില്ല.

പകരം സ്വാതി വീട്ടിൽ നിന്ന് തനുവിനും കൂടി ലഞ്ച് കൊണ്ടുവരാൻ തുടങ്ങി. അതും അവൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ. എട്ടാം ആഴ്ചത്തെ സ്കാനിംഗിന് ഡോക്ടറുടെ റൂമിന് മുന്നിൽ കാത്തിരിക്കുകയാണ് തനു. കാശി വരാമെന്ന് പറഞ്ഞെങ്കിലും മെഡിക്കൽ കോളേജിൽ തന്നെ ആയതുകൊണ്ട് അവൾ വേണ്ടന്ന് പറഞ്ഞു. സ്കാൻ ചെയ്ത ഡോക്ടറുടെ മുഖഭാവം തനുവിൽ ചില സംശയങ്ങൾ ജനിപ്പിച്ചു. “ഗ്രോത്ത് കുറവണല്ലോടോ” “ഹാ.. ഹാർട്ട് ബീറ്റ് ഉണ്ടോ ഡോക്ടർ…..?” ഡോക്ടർ നിഷേധാർത്തിൽ തലയാട്ടി.

തനുവിന്റെ ഹൃദയത്തിൽ നിന്ന് ഒരു നിലവിളി ഉയർന്നു. നിറഞ്ഞുവരുന്ന കണ്ണുകൾ ഡോക്ടറിൽ നിന്ന് ഒളിപ്പിക്കാൻ അവൾ പാടുപെട്ടു. സ്കാനിങ് കഴിഞ്ഞറിങ്ങിയ ഉടനെ കാശിയെ വിളിച്ചു തനു. “കാശിയേട്ടാ…… കുഞ്ഞിന്… ഹാർട്ട് ബീറ്റ് ഇല്ല….” “തനു നീ വെറുതെ തമാശ കളിക്കല്ലേ” മറുവശത്ത് കാശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടതോടെ തനുവിന്റെ കണ്ണുകൾ നിയന്ത്രണങ്ങൾ ലംഘിച്ചു ഒഴുകാൻ തുടങ്ങി. “എന്റെ ശബ്ദം കേട്ടിട്ട് തമാശയാണെന്ന് തോന്നുന്നുണ്ടോ കാശിയേട്ടന്?” കാശി അതിന് മറുപടിയൊന്നും പറഞ്ഞില്ല. അര മണിക്കൂറിനകം അവൻ മെഡിക്കൽ കോളേജിൽ എത്തി.

സ്കാനിങ് റിപ്പോർട്ട് വാങ്ങി തനു പുറത്തേക്ക് വന്നു. “Failed first trimester pregnancy” എന്ന റിപ്പോർട്ട് കണ്ടതോടെ തനുവിന്റെ സകല നിയന്ത്രണങ്ങളും വിട്ടു. കാശിയുടെ നെഞ്ചിൽ തല ചേർത്തുവച്ചു അവൾ ഉറക്കെയുറക്കെ കരഞ്ഞു. ഫ്ലാറ്റിൽ സുമിത്ര ആണ് ഉണ്ടായിരുന്നത്. തനുവിന്റെ ഭാവവും മറ്റും കണ്ട അവർ പേടിച്ചുപോയി. സ്കാനിംഗിന്റെ കാര്യം പറഞ്ഞപ്പോൾ അവരുടെ പേടി സത്യമായി. എങ്കിലും തന്നെ കൊണ്ട് കഴിയും വിധത്തിൽ അവർ മകൾക്ക് ധൈര്യം പകർന്നു. അന്ന് രാത്രി മുഴുവൻ തനു ഉറക്കം നഷ്ടപ്പെട്ട് ഓരോന്ന് ആലോചിച്ചും കുഞ്ഞിനെ ആരോഗ്യത്തോടെ തരണേ എന്ന് പ്രാർത്ഥിച്ചും നേരം വെളുപ്പിച്ചു.

തനുവിന്റെ ഡോക്ടറെ പിറ്റേന്ന് തന്നെ അവർ പോയി കണ്ടു. ഒരാഴ്ച നന്നായി ഭക്ഷണം കഴിച്ചു റെസ്റ്റ് എടുത്ത് സ്കാനിങ് റിപ്പീറ്റ് ചെയ്യാൻ ആണ് അവർ നിർദേശിച്ചത്. ആ ഒരാഴ്ച കാത്തിരിപ്പിന്റേതായിരുന്നു, ഒപ്പം സമ്മർദ്ദത്തിന്റേതും. ടെൻഷൻ വല്ലാതെ കൂടുന്നത് മനസിലാക്കി അവസാനത്തെ രണ്ടു ദിവസം അവൾ കോളേജിൽ പോയി. ആ ദിവസങ്ങളിൽ ശർദ്ധി ഉണ്ടായിരുന്നു എന്നത് അവർക്ക് വീണ്ടും പ്രതീക്ഷ നൽകി. രണ്ടാമത്തെ സ്കാനിംഗിലും കുഞ്ഞിന് വളർച്ചയോ ഹൃദയത്തിന്റെ പ്രവർത്തനമോ ഉണ്ടായിരുന്നില്ല. അതോടെ MTP (മരുന്ന് കഴിച്ചു ഗർഭം അലസിപ്പിക്കുന്ന പ്രക്രിയ) ചെയ്യാൻ തീരുമാനിച്ചു.

രണ്ടു വീടുകളിലും മൗനം തളംകെട്ടി. അത്രയധികം എല്ലാവരും ഈ കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചിരുന്നു. എങ്കിലും തനുവിനും കാശിക്കും മുൻപിൽ അവർ സന്തോഷം അഭിനയിച്ചു. പകൽ അമ്മമാരും രാത്രി കാശിയും തനുവിന് കൂട്ടു നിന്നു. തനു വീണ്ടും ഒരു ഡിപ്രെഷനിലേക്ക് പോകാൻ സാധ്യത ഉള്ളതുകൊണ്ട് അവളെ വിഷമിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരമോ പ്രവർത്തിയോ ആരിൽ നിന്നും ഉണ്ടായില്ല. മീനാക്ഷിയും നീലുവും എല്ലാ ദിവസവും തനുവിനെ വന്നു കണ്ടു. മീനാക്ഷിയുടെ സാന്നിധ്യം തനുവിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. പ്രസവം പോലെ തന്നെ വേദനാജനകം ആണ് അബോർഷനും.

പ്രസവശേഷം കുഞ്ഞിന്റെ മുഖം കാണുന്നതോടെ അമ്മ എല്ലാ വേദനയും മറക്കും. പക്ഷെ തന്നിൽ നിന്ന് കടുത്ത രക്തക്കട്ടകളായി ഒഴുകി വരുന്ന സ്വന്തം കുഞ്ഞ് ഒരമ്മയെ എത്രമാത്രം വേദനിപ്പിക്കും എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. “ദൈവത്തിന് എന്നെ പരീക്ഷിച്ചു മതിയായില്ല അല്ലെ കാശിയേട്ടാ” ഡിസ്ചാർജ് ആകുന്നതിനു തലേദിവസം രാത്രി, കാശിയുടെ നെഞ്ചിൽ തനു തന്റെ സങ്കടങ്ങൾ ഇറക്കിവച്ചു. സ്വന്തം വിഷമം പങ്കുവയ്ക്കാൻ ഇടമില്ലാതെ, ആണായി പിറന്നതിനാൽ ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ കാശി ഉഴറി. നാട്ടിൻ പുറങ്ങളിൽ പ്രസവം കഴിഞ്ഞു ചെയ്യുന്നതുപോലെ തന്നെ ദേഹരക്ഷ ചെയ്യും അബോർഷൻ കഴിഞ്ഞാലും.

മാലതിക്ക് ഇതിലെല്ലാം വലിയ താല്പര്യം ആയിരുന്നു. ലേഹ്യവും കഷായവും കുഴമ്പു തേച്ചു കുളിയും ഒക്കെയായി തനു കുറക്കൂടെ തടിച്ചു, നിറവും വച്ചു. അവസനവർഷത്തെ ക്ലാസ് കഴിയാറായത് കൊണ്ട് തനുവിന് പഠിക്കാൻ ഒരുപാട് ഉണ്ടായിരുന്നു. കാശിയുടെ പിന്തുണയും പഠനവും ഒക്കെയായി തനു മെല്ലെ തന്റെ ദുഃഖങ്ങൾ മറന്നു തുടങ്ങി. എല്ലാം നല്ലതെന്ന് വിശ്വസിച്ചുകൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ കാശിയും. പതിയെ പതിയെ രണ്ടുപേരുടെയും പ്രണയം വീണ്ടും പൂത്തുലഞ്ഞുതുടങ്ങി. കാശിയുടെയും തനുവിന്റെയും ഒന്നാം വിവാഹ വാർഷികം ചെറുതുരുത്തിയിലെ കാശിയുടെ വീട്ടിലാണ് ആഘോഷിച്ചത്.

രണ്ടു വീട്ടുകാരും ചേർന്ന് അത് ഒരുത്സവം പോലെ കൊണ്ടാടി. വീണ്ടും ഒരുമാസം കൂടി കഴിഞ്ഞു തനുവിന്റെ കോഴ്‌സ് കഴിഞ്ഞു. ഇനി എക്‌സാമുകളും മറ്റും ആണ് ബാക്കിയുള്ളത്. ഇതിനിടയിൽ തനു വീണ്ടും ഗർഭിണിയായി. ഇത്തവണ രണ്ടുവീടുകളിലും മാത്രമേ അവർ അത് അറിയിച്ചുള്ളൂ. നാലാം മാസത്തെ സ്കാനിങ് കൂടി കഴിഞ്ഞാണ് സ്വാതിയോട് പോലും പറയുന്നത്. എക്സാമുകളും പ്രാക്ടിക്കലും എല്ലാം തനു നന്നായെഴുതി. കാശി ഇത്തവണ വളരെ ശ്രദ്ധാലുവായിരുന്നു. ഭാരം ഉള്ളത്തൊന്നും എടുക്കാൻ പോലും അവളെ സമ്മതിക്കില്ല. തനുവിന്റെ എല്ലാ കാര്യങ്ങളിലും അവന്റെ കണ്ണെത്തും.

എല്ലാ ദിവസവും കുഞ്ഞിനോട് വയറിൽ വയറിൽ തല ചേർത്തുവച്ചു സംസാരിക്കും. തനുവിന് അഞ്ചുമാസം ആയ സമയത്താണ് തനയ്യുടെയും മീനാക്ഷിടെയും കല്യാണം. തനു ആണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ഒരുങ്ങിയിറങ്ങിയ അവൾ സുന്ദരിയായിരുന്നു. അതിലും ഉപരി, വീർത്തുവരുന്ന ആ കുഞ്ഞുവയർ അവൾക്ക് വല്ലാത്തൊരു ഐശ്വര്യം നൽകി. കാശിയുടെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞുതുളുമ്പി. മാസങ്ങൾ വീണ്ടും കടന്നുപോയി. കുഞ്ഞിന്റെ അനക്കം അറിഞ്ഞു തുടങ്ങിയ സമയത്ത് കാശിക്കായിരുന്നു ഏറ്റവും സന്തോഷം.

ഏഴാം മാസം കഴിഞ്ഞതോടെ തനുവിനെ ആഘോഷമായി ചെമ്പമംഗലത്തേക്ക് കൊണ്ടുപോയി. അമ്മമാർ ഇടവും വലവും നിന്ന് അവളെ പരിപാലിച്ചു. കാശിക്കും തനുവിനും പരസ്പരം കാണാതിരിക്കാൻ കഴിയില്ലായിരുന്നു. തനു ഇല്ലാതെ ഫ്ലാറ്റ് നിർജീവമായി കാശിക്കു തോന്നി. മിക്ക ദിവസങ്ങളിലും അവൻ വീട്ടിലേക്കു തന്നെ പോരും. തനുവിനരികിൽ തന്നെയിരിക്കും. പ്രതീക്ഷിച്ചതിലും നേരത്തെ വേദന വന്ന് തനുവിനെ അഡ്മിറ്റ് ചെയ്തു. കുഞ്ഞിന്റെ പൊസിഷൻ ശരിയായി വരാത്തത് കാരണം സിസേറിയൻ ചെയ്യേണ്ടി വന്നു. “മിസ്സിസ് തനിമ കൈലാസ് നാഥ്‌” നഴ്‌സിന്റെ വിളി കേട്ട് കാശി ഓടി അടുത്തെത്തി.

അവരുടെ കയ്യിലിരുന്ന കുഞ്ഞു മാലാഖയെ കയ്യിലേറ്റ് വാങ്ങിയപ്പോൾ അവന്റെ കണ്ണിൽ നിന്നൊരു നീർത്തുള്ളി ആ കുഞ്ഞു കൈകളിൽ വീണു. തന്റെ കുഞ്ഞ്, തന്റെ തനുവിന്റെ പ്രാണൻ..! “പെൺകുഞ്ഞാണ്” സിസ്റ്റർ പറഞ്ഞു. രണ്ടു കുടുംബങ്ങളിലെയും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ എല്ലാവരും എത്തിയിരുന്നു. “തനു..???” “സുഖമായിരിക്കുന്നു. ഒരു നാല് മണിക്കൂർ കഴിഞ്ഞാൽ മുറിയിലേക്ക് മാറ്റാം സർ” അവർ കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയി. റൂമിൽ എത്തിയ തനുവിനെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയാണ് കാശി. കുഞ്ഞിനെ അമ്മമാർ കളിപ്പിക്കുകയാണ്.

മീനാക്ഷിയും കാവ്യയും നീലുവും എല്ലാം കൂടെ നിലയുറപ്പിച്ചിട്ടുണ്ട്. മൂക്കും വായും പോലും ശരിയായി തിരിഞ്ഞു വന്നിട്ടില്ലെങ്കിലും കുഞ്ഞിന് കാശിയുടെ മൂക്കാണ്, തനുവിന്റെ കണ്ണാണ് എന്നൊക്കെ കമന്റ് പറയുന്നും ഉണ്ട്. എന്തു കണ്ടിട്ടാണോ എന്തോ..! “ഒരുപാട് വേദനിച്ചോ?” കാശി തനുവിന്റെ നിറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു. “സാരമില്ല.. നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ” തനു വേദനക്കിടയിലും പുഞ്ചിരിച്ചു.

അതാണ് അമ്മയുടെ മനസ്. താൻ പ്രസവിച്ച കുഞ്ഞിനോട് മാത്രമല്ല, എല്ലാ കുഞ്ഞുങ്ങളോടും വാത്സല്യവും സ്നേഹവും ഉള്ളവൾക്കാണ് അമ്മ എന്ന പേരിനുള്ള യോഗ്യതയുള്ളൂ. ഖുശി എന്നാണ് മകളെ വിളിച്ചത്‌. ഒഫീഷ്യൽ നെയിം വൈദേഹി. തനുവിന്റെയും കാശിയുടെയും ജീവിതത്തിലെ എല്ലാ സന്തോഷത്തിന്റെയും തുടക്കം ആകുകയായിരുന്നു അവൾ. കടന്നുപോയ കനൽവഴികൾക്ക് ഇപ്പുറം പച്ചവിരിച്ച പുൽമേടുകൾ കാത്തിരിക്കുന്നുണ്ട് എന്ന യാഥാർഥ്യം അവരിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. (അവസാനിക്കുന്നില്ല. കാശിയുടെയും തനുവിന്റെയും ഖുശിയുടെയും ജീവിതയാത്ര ഇവിടെ തുടങ്ങുകയാണ്.)

NB: ക്ലൈമാക്സ് ചിലർക്കെങ്കിലും ഇഷ്ടക്കേട് ഉണ്ടാക്കും എന്നറിയാം. എന്റെ മനസിലെ കഥ പൂർത്തിയായ സ്ഥിതിക്ക് ഒരുപാട് വലിച്ചു നീട്ടി മെഗാ സീരിയൽ പോലെ വെറുപ്പിക്കാൻ താൽപ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ നിർത്തുന്നത്. അബോർഷൻ അടക്കം കാശിയുടെയും തനുവിന്റെയും വിവാഹ ശേഷം നടക്കുന്ന പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തതാണ്. അതുകൊണ്ട് തന്നെ ഈ കഥ എനിക്കേറെ പ്രിയപ്പെട്ടതാണ്. നിങ്ങളുടെ കമന്റ്സിന് റിപ്ലൈ തരാത്തത് മനപൂർവം അല്ല. സമയം തികയാത്തത് കൊണ്ടാണ്. ജോലിയും വീട്ടിലെ കാര്യങ്ങളും കഴിഞ്ഞുള്ള സമയമാണ് എഴുത്തിന് മാറ്റി വയ്ക്കുന്നത്. സ്ഥിരമായി എല്ലാ പാർട്ടിനും കമന്റ് ഇടാറുള്ള കുറെപേരെ നന്ദിയോടെ ഓർക്കുന്നു. ഒപ്പം വായിച്ചും വിമർശിച്ചും പ്രോത്സാഹിപ്പിച്ചും പിന്തുണച്ചവരെയും. എല്ലാവർക്കും നന്ദി… Edit: നീലുവിന് പറ്റിയൊരു ചെക്കനെ കണ്ടു പിടിക്കാൻ വേണ്ടി മാത്രം കഥ നീട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. കല്യാണം വേണമെന്ന് തോന്നുമ്പോൾ അവർക്കുള്ള ചെക്കനെ അവൾ തന്നെ കണ്ടു പിടിക്കട്ടെ…☺️

ഭാര്യ എന്ന എന്റെ ഈ നോവലിന്റെ കഥയിലെ നീലിമ എന്ന നീലുവിന്റെ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള ജീവിതം പറയുന്ന രീതിയിലാണ് അടുത്ത കഥ എഴുതുന്നത് (How Old are you? – ഭാര്യ 2) നാളെ മുതൽ ഈ പേജിൽ വായിക്കാം.

ഭാര്യ : ഭാഗം 28