Tuesday, January 21, 2025
Novel

ഭാര്യ : ഭാഗം 25

എഴുത്തുകാരി: ആഷ ബിനിൽ

തനുവിന് എന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയും മുൻപ് തന്നെ നീലു അവളെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങിക്കഴിഞ്ഞിരുന്നു. ബഹളം കേട്ട് ഓടിവന്ന ദേവിയമ്മയും ലക്ഷ്മിയും കാര്യം മനസിലാകാതെ വാ പൊളിച്ചു നിന്നു. കാർത്തുമോള് ആണെങ്കിൽ നീലു തനുവിനെ ഉപദ്രവിക്കുന്നതാണ് എന്നു കരുതി അവളുടെ ഉടുപ്പിൽ പിടിച്ചു വലിക്കാനൊക്കെ നോക്കുന്നുണ്ട്. അത് പരാജയപ്പെട്ടു പോകുമ്പോൾ ഉറക്കെ നിലവിളിക്കുന്നുമുണ്ട്. തനുവിന്റെ ചെവിക്കൊപ്പമേ ഉള്ളു നീലു. ഇടക്ക് ഏന്തി വലിഞ്ഞു തനുവിന് ഉമ്മ കൊടുക്കുകയും മുഖം കയ്യിലെടുത്ത് എന്തൊക്കെയോ പതം പറയുകയും ചെയ്യുന്നുണ്ട്.

തനു നീലുവിന്റെ സ്നേഹ പ്രകടനങ്ങൾ കണ്ട് കണ്ണുതള്ളി നിൽക്കുകയാണ്. പണ്ടത്തെ നീലുവിനെ ഓർമ്മിപ്പിക്കുന്ന ഭാവമാണ് ഇപ്പോൾ അവൾക്കെങ്കിലും പൂർണ്ണമായും വിശ്വസിക്കാൻ തനുവിനായില്ല. ഒടുവിൽ ലക്ഷ്മി വന്ന് നീലുവിനെ തനുവിൽ നിന്ന് വേർപെടുത്തി. കുടിക്കാൻ ജ്യൂസ് കൊടുത്തു. നീലു അത് ആർത്തിയോടെ കുടിച്ചുതീർത്തു. രാവിലെ രണ്ട് ഇഡ്ഡലി മാത്രമാണ് ഇന്നത്തെ തന്റെ ഭക്ഷണം എന്ന് അവൾക്ക് അപ്പോഴാണ് ഓർമ്മവന്നത്. ഈ നേരമത്രയും തനു നീലുവിന്റെയും നീലു തനുവിനെയും നിരീക്ഷിക്കുകയായിരുന്നു. നീലുവിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് തനുവിന് ബോധ്യമായി.

തനുവിനെ കണ്ട് നീലുവിന്റെ ഉള്ളം നീറി. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവളുടെ അവസ്ഥക്ക് കാരണം താൻ ആണെന്ന കാര്യം അവളെ ദുഃഖിപ്പിച്ചു. നീലുവിന്റെയും കൊണ്ട് തനു ഫ്ലാറ്റിലേക്ക് പോയി. കുറേനേരം അവിടെ മൗനം തളംകെട്ടി നിന്നു. തനുവിന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞിരുന്നത് കൊണ്ടു തന്നെ അവളെ ഉഷാറാക്കി എടുക്കേണ്ടത് തന്റെ കടമയാണെന്ന് അവൾക്ക് തോന്നി. പക്ഷെ അതിന് വേണ്ടി പോലും കാശിയുടെയും തനുവിന്റെയും ഇടയിൽ ഒരു കരടായി നിൽക്കാൻ അവളെ മനസനുവദിച്ചില്ല. തനുവിനെ പഴയ തനു ആക്കാൻ താൻ പഴയ നീലു ആകണം എന്ന് അവൾക്ക് ഉറപ്പായിരുന്നു.

“നീ ഭയങ്കര കുക്ക് ആയെന്നൊക്കെ കേട്ടല്ലോ? എന്നെ നീ അടുക്കളക്കാരി ആക്കിയലോ എന്നു കരുതിയത് ഇവിടേക്ക് വരാതിരുന്നത്. ഇനിയിപ്പോ നീ എല്ലാം ചെയ്യുലോ അല്ലെ?” നീലു തനുവിനെ ചൊറിയാൻ തുടങ്ങി. സത്യത്തിൽ വന്നു വന്ന് തനുവിന് അടുക്കളയിൽ കയറാനോ എന്തെങ്കിലും വച്ചുണ്ടാക്കാനോ ഒക്കെ നല്ല മടി ആയി തുടങ്ങിയിരുന്നു. പാചകത്തിൽ തുടങ്ങിയ നീലുവിന്റെ പ്രഭാഷണം മെഡിക്കൽ സയൻസും സ്പിരിച്വൽ കാര്യങ്ങളും ഹിസ്റ്ററിയും ഉത്തരകൊറിയയും വരെയെത്തി. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും മെല്ലെ മെല്ലെ തനു ഫോമിലായി.

ഒരുപാട് സംസാരിക്കുന്നില്ലെങ്കിലും നീലുവിന്റെ കളിയും ചിരിയുമെല്ലാം അവൾ അസ്വദിച്ചുതുടങ്ങി. പതിവില്ലാത്തെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട കാശി അകത്തേക്ക് കയറുമ്പോൾ കാണുന്നത് ആകെ ബഹളമയമായി പാചകം ചെയ്യുന്ന നീലുവിനെയും തനുവിനെയും ആണ്. രണ്ടുപേരും വൻ പാട്ട് കച്ചേരി ഒക്കെയാണ്. കുറേ നേരം നോക്കി നിന്നപ്പോൾ ആണ് മനസിലായത്, സംഗതി അന്താക്ഷരി ആണെന്ന്. നീലു ചപ്പാത്തി പരത്തി എടുക്കുകയാണ്. തനുവിന്റെ ഒരു പാന്റും ബനിയനും ആണ് വേഷം. ബനിയൻ ഓവർസൈസ് ആയതുകൊണ്ട് കാണുമ്പോ ഒരു ജിപ്സി ലുക്ക്.

തനു തലയിൽ ഒരു തോർത്തും കെട്ടി സ്ലാബിൽ കയറിയിരുന്ന് ചപ്പാത്തി ചുട്ടെടുക്കുന്നു. ആള് വളരെ സന്തോഷത്തിൽ ആണെന്ന് ആ മുഖം കണ്ടാലറിയാം. തനു ഭാവഗായികയെപ്പോലെ പാടി തലയാട്ടിക്കൊണ്ട് നോക്കിയത് കാശിയുടെ മുഖത്തേക്ക് ആണ്. എരിവ് വലിച്ചപോലെ അവൾ സ്ലാബിൽ നിന്ന് ചാടിയെഴുന്നേറ്റു. നീലുവും തനുവിന്റെ നോട്ടം വഴി നീലുവും ചെന്നെത്തിയത് കാശിയിൽ ആണ്. കുറ്റം ചെയ്ത കുട്ടിയെപ്പോലെ അവളും തലതാഴ്ത്തി നിന്നു. “എന്താണ് നീലിമ ശിവപ്രസാദ്, എൻറെ ഭാര്യയെ ഉപദ്രവിച്ചു മതിയായില്ല?” നീലുവിന്റെ കണ്ണു നിറഞ്ഞുതുടങ്ങി. കാശിയുടെ കൈകൾ ചേർത്തുപിടിച്ചു അവൾ:

“കാശിയേട്ടാ മാപ്പ് പറയാനുള്ള യോഗ്യത എനിക്കില്ല എന്നറിയാം. പക്ഷെ അത് ചോദിക്കാനുള്ള മിനിമം ധൈര്യം കിട്ടാൻ ആണ് ഞാൻ കുറച്ചു നാളത്തേക്ക് മാറി നിന്നത്. എന്നോട് ക്ഷമിക്കണം എന്ന് പറയില്ല.. പക്ഷെ ഞാനിപ്പോൾ പഴയ നീലു ആയിട്ടല്ല ഏട്ടന്റെ മുന്നിൽ നിൽക്കുന്നത്. ഈ ഒരു ദിവസം ഇവിടെ തങ്ങാൻ എന്നെ അനുവദിക്കണം. നാളെ രാവിലേ പോയ്ക്കോളാം.” കാശി നീലുവിനെ ഒന്ന് നോക്കി. ഇത്തവണ അവൾ പറയുന്നത് സത്യമാണെന്ന് കാശി എന്ന ഏട്ടനും കൈലാസ് നാഥ്‌ എന്ന പോലീസ് ഓഫീസർക്കും ഒരുപോലെ ബോദ്ധ്യം വന്നു.

അത്താഴം കഴിക്കുമ്പോൾ തനുവിനെ ഒന്നു വെറി പിടിപ്പിക്കാൻ കാശിയും നീലുവും തമ്മിൽ വെറുതെ സംസാരിച്ചുകൊണ്ടിരുന്നു. കൂടുതലും നീലുവിന്റെ വീരസഹാസകഥകളും അത് വഴി തനുവിന് കിട്ടിയിരിക്കുന്ന പണികളും ഒക്കെ തന്നെ. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ നടന്നാണ് പോവുക. തിരികെ വരുമ്പോൾ നേരെയുള്ള വഴിയേ പോകാതെ ആരുടെയെങ്കിലും ഒക്കെ പറമ്പിൽ കൂടെ വളഞ്ഞുചുറ്റി പോകും. മാങ്ങ, നെല്ലിക്ക, ചാമ്പയ്ക്ക തുടങ്ങി ആ വഴിയിൽ എന്തൊക്കെയുണ്ടോ, അതെല്ലാം കൈക്കലാക്കും. സാധാരണയിലും വൈകിയാണ് വീട്ടിൽ എത്തുക. ചെല്ലുമ്പോഴേ കാണാം, സുമിത്രാമ്മ ചൂരലും കൊണ്ട് നിൽക്കുന്നത്.

കൊണ്ടുപോയത് നീലു ആണെങ്കിലും അടി കിട്ടുന്നത് തനുവിനാണ്. “നീയല്ലേ മൂത്തത്” എന്നൊരു പറച്ചിലും. വെറും മൂന്ന് ദിവസത്തെ മൂപ്പ് ആണെന്ന് കൂട്ടണം. ഒരു ദിവസം അല്ല, മിക്കവാറും എല്ലാ ദിവസവും ഇതാണ് കഥ. നീലു ഭാവനയുടെ കടുത്ത ആരാധികയായിരുന്നു. അവരുടെ ചിത്രങ്ങളൊക്കെ വനിതയിൽ നിന്നും മറ്റും കീറിയെടുത്ത് ഒരു പഴയ രണ്ടുവര ബുക്കിൽ ഒട്ടിച്ചുവച്ചു. അതുകണ്ടപ്പോൾ താനും ആരെയെങ്കിലും ആരാധിക്കണ്ടേ എന്ന് തനുവിന് തോന്നി. മീര ജാസ്മിനിലും ഗോപികയിലും ഒക്കെ ചെന്ന് അവസാനം കാവ്യ മാധവനിൽ ആരാധന അവസാനിച്ചു.

നീലു ചെയ്തത് പോലെ അവളും അവരുടെ ഫോട്ടോകൾ ബുക്കിൽ ഒട്ടിച്ചുവച്ചു. ഒരു ദിവസം കൂട്ടുകാരെ കാണിക്കാൻ തനു ബുക് ക്ലാസിൽ കൊണ്ടുപോയി. അന്ന് അത് കറക്റ്റായി ടീച്ചർ പൊക്കുകയും ചെയ്തു. അതുവരെ പാവം പടിപ്പി ഇമേജ് ഉണ്ടായിരുന്ന തനു ആകെ നാണം കെട്ടു. അതിന്റെ പിന്നിലെ നീലുവിന്റെ വെളുത്ത കൈകൾ ആരും കണ്ടില്ല. ഇതുപോലെ ഒരുപാടുണ്ട് നീലുവിന്റെയും തനുവിന്റെയും ബാല്യകാലസ്മരണകൾ. കാശിയും നീലുവും അതെല്ലാം പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ട് നിശബ്ദയായിരുന്നു തനുവിന്റെ ഉള്ളിൽ ഒരു കുഞ്ഞു അസൂയ മുളപൊട്ടി തുടങ്ങി. അവളും സംസാരത്തിൽ ഒപ്പം കൂടി.

ഒടുവിൽ കാര്യങ്ങൾ നേരെ തിരിഞ്ഞു. കാശിയും തനുവും കൂടി നീലുവിനെ കളിയാക്കി ഒരു വഴിക്കാക്കി. ഇപ്പോൾ നീലുവിന് അത് സന്തോഷമാണ് നൽകിയത്. ഭക്ഷണം കഴിഞ്ഞെങ്കിലും ഒരുപാട് നേരം മൂന്നാളും കൂടി സംസാരിച്ചുകൊണ്ടിരുന്നു. തനുവിന് അധികം ഉറക്കളച്ചു ഇരിക്കാൻ കഴിയില്ല എങ്കിലും അന്ന് അവൾ അതൊന്നും കാര്യമാക്കിയില്ല. ഏതാനും മണിക്കൂറുകൾ കൊണ്ട് നീലുവിന്റെ സാനിധ്യം തനുവിൽ ഉണ്ടായ മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു കാശി. അവന് നീലുവിനോട് ഉണ്ടായിരുന്ന ദേഷ്യം ഏറെക്കുറെ മാറിയിരുന്നു. പന്ത്രണ്ടരയോടെ എല്ലാവരും ഉറങ്ങാൻ പോയി.

ഇത്തവണ തനുവും കാശിയും മുറിയിലേക്ക് പോകുന്നത് നീലു സന്തോഷത്തോടെ നോക്കി നിന്നു. റൂമിൽ കയറി കതകടച്ചു തിരിഞ്ഞ തനു കാശിയുടെ ദേഹത്തു തട്ടിയാണ് നിന്നത്. കടന്നുപോകാൻ നോക്കിയെങ്കിലും കാശി അവളെ തന്നോട് ചേർത്തുനിർത്തി. ആ നോട്ടം നേരിടാൻ ആകാതെ തനു തല താഴ്ത്തി. കാശി ചൂണ്ടുവിരൽ കൊണ്ട് തനുവിന്റെ മുഖം പിടിച്ചുയർത്തി. “അപ്പോൾ എന്നോട് മാത്രമേ അകൽച്ചയുള്ളൂ അല്ലെ..?” അത് ചോദിക്കുമ്പോൾ കാശിയുടെ കണ്ണുകൾ ഈറനായിരുന്നു. തനുവിനും സങ്കടം വന്നു. “കാശിയേട്ടാ ഞാൻ…” “എനിക്കറിയണം തനു.

നിന്റെ അസുഖം ഏറെക്കുറെ ഭേദമായിട്ടാണ് നമ്മൾ ഹോസ്പിറ്റലിൽ നിന്ന് മടങ്ങിയത്. ഡിസ്ചാർജ് ആയി ഒരു മാസം കഴിഞ്ഞു. എല്ലാവരോടും നീ അത്യാവശ്യം സംസാരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും പഴയപോലെ ചെയ്യുന്നുണ്ട്. ഇപ്പോൾ നീലു വന്നപ്പോൾ, അവളുടെ കൂടെ കുറച്ചു നേരം ഇരുന്നപ്പോൾ തന്നെ നീ പഴയ തനു ആയിട്ടാണ് അവളോട് ഇടപെട്ടത്. പക്ഷെ ആദ്യം മുതൽ തന്നെ എന്നെ മാത്രം നിന്റെ കണ്ണിൽ പിടിക്കുന്നില്ല. വീട്ടിൽ നിന്നാൽ നീ ഇത് തുടരുമെന്ന് കരുതിയാണ് ഞാൻ നിന്നെയും കൊണ്ട് ഇവിടേക്ക് വന്നത്. ഇപ്പോഴും ഒരു മാറ്റവും ഇല്ല. ഇനി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കു ബോധ്യം വരാത്തത് കൊണ്ടാണോ?

അതോ നീ ആഗ്രഹിക്കുന്നപോലെ ഉള്ള ഒരു സപ്പോർട്ട് എന്നിൽ നിന്ന് കിട്ടാത്തത് കൊണ്ടാണോ?” ബാക്കി പറയാൻ അനുവദിക്കാതെ തനു തന്റെ കൈകൊണ്ട് അവന്റെ ചുണ്ടുകളെ തടഞ്ഞു. കുറച്ചുനേരം രണ്ടുപേരും പരസ്പരം നോക്കിനിന്നു. കാശിയുടെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയസാഗരം തന്നെ മുക്കികൊല്ലാൻ പോലും കെൽപ്പുള്ളതാണെന്ന് തനു തിരിച്ചറിഞ്ഞു. എങ്കിലും അതിൽ നീന്താൻ അവളുടെ ഉള്ളം തുടിച്ചു. ഇനിയും തന്റെ പ്രണയം കാശിക്കു മുന്നിൽ മറച്ചുപിടിക്കാൻ കഴിയില്ലെന്ന് തനു അറിഞ്ഞു: “എനിക്ക് ഇന്നീ ലോകത്ത് മറ്റെന്തിനേക്കാളും ഇഷ്ടം എന്റെ ഈ ipsനോടാണ്.

ഇഷ്ടമല്ല.. ഭ്രാന്തമായ പ്രണയമാണ് എനിക്ക്. പക്ഷെ ഒരിക്കലും കാശിയേട്ടൻ ആഗ്രഹിക്കുന്നത് പോലെ ഒരു ഭാര്യയാകാൻ എനിക്ക് കഴിയില്ല. അത് അറിഞ്ഞുകൊണ്ട് ഞാൻ ഏട്ടനെ എന്റെ സ്നേഹം അറിയിച്ചാൽ പ്രണയം കാണിച്ചു വഞ്ചിക്കുന്നത് പോലെ ആകും. ഇത്രയും നാൾ എന്റെ പ്രണയം കാശിയേട്ടൻ കണ്ടു പിടിക്കാതിരിക്കാൻ ആണ് ഞാൻ ഒഴിഞ്ഞുമാറി നടന്നത്. ഇഷ്ടമാണ്, എന്റെ പ്രണനാണ്. പക്ഷെ ഏട്ടന് ഒരു നല്ല ഭാര്യയായി ജീവിക്കാൻ എനിക്കാവില്ല. എന്നെ.. എന്നെ മറക്കണം കാശിയേട്ടൻ” തനു വിതുമ്പലോടെ പറഞ്ഞു നിർത്തും മുൻപേ കാശിയുടെ കൈകൾ അവളുടെ ചെകിടിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

“നീ എന്നെക്കുറിച്ചു എന്താടി കൊപ്പേ മനസിലാക്കി വച്ചത്? ഈ നല്ല ഭാര്യ നല്ല ഭാര്യ എന്ന് നൂറു വട്ടം പറയുന്നത് ഏതർഥത്തിൽ ആണെന്ന് എനിക്ക് മനസിലാകുന്നുണ്ട്. അതിന് ആണെങ്കിൽ കല്യാണം കഴിഞ്ഞ അന്ന് തന്നെ ഞാൻ വിചാരിച്ചിരുന്നെങ്കിൽ നടക്കില്ല എന്ന് തോന്നുന്നുണ്ടോ നിനക്ക്? ഒരു മാസത്തിലേറെ ഒരേ ബെഡിൽ കിടന്നുറങ്ങിയിട്ടും, ഒരിക്കലെങ്കിലും, എന്തെങ്കിലും രീതിയിൽ ഞാനതിന് ശ്രമിച്ചതായി പറയാമോ നിനക്ക്? എല്ലാം പോട്ടെ. ആശുപത്രിയിൽ കിടക്കുന്ന സമയത്ത് നിന്റെ അടിവസ്ത്രം വരെ മാറ്റി തന്നിട്ടുണ്ട് ഞാൻ.

എന്റെ മടിയിൽ കിടന്നാ മിക്ക ദിവസങ്ങളിലും നീ ഉറങ്ങിയത്. അത്രക്ക് മൂത്തു നിൽക്കുകയാണെങ്കിൽ അന്നേ എനിക്കത് ആകാമായിരുന്നു. ഞാൻ സ്നേഹിച്ചത് നിന്നെയാണ് തനു. എല്ലാം മറന്ന് നീ എന്റെ കൂടെ പുതിയൊരു ജീവിതം തുടങ്ങാൻ ആണ് ഞാൻ കാത്തിരുന്നത്. ഒരല്പം പോലും നിനക്കെന്നെ മനസിലാകുന്നില്ലേ തനു?” ദേഷ്യത്തെക്കാൾ, അപ്പോൾ കാശിയുടെ ശബ്ദത്തിൽ വേദനയാണ് നിറഞ്ഞു നിന്നത്. തുടരും-

ഭാര്യ : ഭാഗം 24