ഭാര്യ : ഭാഗം 21
എഴുത്തുകാരി: ആഷ ബിനിൽ
തനുവിനെ പോയി കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കാശി സ്വന്തം വീട്ടിലേക്കാണ് ആദ്യം പോയത്. ഈ രണ്ടാഴ്ചക്കിടയിൽ ഒരിക്കൽ പോലും അമ്മ ചെമ്പമംഗലത്തേക്ക് വിളിച്ചിട്ട് പോലുമില്ല എന്നത് തന്നെ കാരണം. കൃഷ്ണനും കാവ്യയും ഇടക്ക് വിളിച്ചു കാര്യങ്ങൾ അന്വോഷിക്കാറുണ്ട്. പക്ഷെ അതുകൊണ്ട് കാര്യമില്ലല്ലോ. അമ്മ തെറ്റിദ്ധാരണകൾ മാറ്റി വച്ച് തനുവിനെ അംഗീകരിക്കാതെ തരമില്ലല്ലോ. കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഡോർ തുറന്നത് കാവ്യയാണ്.
കാശിയെ കണ്ടതും ഓടി വന്നു ആ നെഞ്ചത്തേക്ക് വീണു പൊട്ടിക്കരഞ്ഞു അവൾ. “ഏട്ടാ.. ഏട്ടത്തി…..” അതു മാത്രമേ അവൾക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണൻ പുറത്തു പോയിരിക്കുകയായിരുന്നു. “നീ പോയി കുളിച്ചു വേഷം മാറി വാ. ഭക്ഷണം എടുത്തു വയ്ക്കാം” കാശിയെ ഒന്നും പറയാൻ അനുവദിക്കാതെ മാലതി പറഞ്ഞു. കാശി മുകളിലെ മുറിയിലേക്ക് പോയി. ഭക്ഷണം കഴിക്കുന്ന സമയത്തും കാശിക്ക് മുഖം കൊടുക്കാതെ മാലതി ഒഴിഞ്ഞുമാറി. ഒടുവിൽ അവൻ തന്നെ അമ്മയെ പിടിച്ചിരുത്തി.
“എന്താ അമ്മയുടെ പ്രശ്നം?” അവർ കോപത്തോടെ അവനെതിരെ ഇരുന്നു: “അത് നിനക്കും അറിയാവുന്നതല്ലേ കാശി. എന്റെ എട്ടനാണെങ്കിലും അയാളും കുടുംബവും എല്ലാവരും ചേർന്ന് ചതിക്കുകയായിരുന്നു നമ്മളെ” കാശി പരമാവധി ശാന്തത എടുത്തണിഞ്ഞ് അവരെ നോക്കി: “അവർ എന്തു ചതി ചെയ്തു എന്നാ അമ്മ പറയുന്നത്?” “തനു.. അവൾക്ക് കല്യാണത്തിന് മുൻപ് ഒരു ബന്ധം ഉണ്ടായിരുന്നു അത്രേ. അതെല്ലാം മറച്ചുവച്ചാണ് അവൾ നിന്റെ താലിക്ക് കഴുതുനീട്ടി തന്നത്. സ്വന്തം മകളെക്കാളും സ്നേഹിച്ചതല്ലേ ഞാൻ അവളെ? എന്നിട്ടും അവൾക്ക് എങ്ങനെ മനസുവന്നു.?” അവർ കണ്ണുനീർ വാർത്തു.
“അമ്മേ ആരും ആരെയും ചതിച്ചില്ല. തനു ഒരു റേപ്പ് വിക്ടിം ആണ്. അതറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ അവളെ വിവാഹം കഴിച്ചതും. ആരും അവളെ സഹതാപത്തോടെ നോക്കുന്നത് കാണാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെയാണ് എല്ലാം മറച്ചുവയ്ക്കാൻ പറഞ്ഞതും” ആ സ്ത്രീ കത്തുന്ന കണ്ണുകളോടെ കാശിയെ നോക്കി: “നീ എന്തൊക്കെയാ ഈ പറയുന്നത് കാശി? നീ പറഞ്ഞാലും അവൾക്കെങ്ങനെ മനസു വന്നു ഇതിന്? കതിർമണ്ഡപത്തിൽ കയറി നിൽക്കുമ്പോൾ വിറച്ചുപോലും ഇല്ലേ അവളെ?”
“അവൾ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്നു ഭീഷണിപ്പെടുത്തിയാണ് ഞാൻ അവളെ കൊണ്ട് സമ്മതിപ്പിച്ചത്.” കാശി തലയുയർത്തി തന്നെ പറഞ്ഞു. മാലതി അത്ഭുതത്തോടെ അവനെ നോക്കി. “നിനക്ക് ഭ്രാന്താണോ കാശി? എല്ലാം അറിഞ്ഞുകൊണ്ട് മറ്റൊരുതന്റെ വിഴുപ്പിനെ ഇത്ര റിസ്കെടുത്ത് തലയിൽ കയറ്റെണ്ട എന്ത് ആവശ്യമാ നിനക്കുള്ളത്?” “അമ്മേ..” കാശി താക്കീതോടെ അവരെ വിളിച്ചു. പിന്നെ സ്വയം നിയന്ത്രിച്ചു: “അമ്മേ ഞാൻ തനുവിനെ സ്നേഹിക്കുന്നു.
എതവസ്ഥയിലും അവൾ തനുവാണ്. എന്റെ പ്രണനാണ്. കാവ്യ എനിക്ക് പ്രിയപ്പെട്ടവൾ ആയതുകൊണ്ട് അവളെ ഞാൻ ഉപമിക്കുന്നില്ല. പക്ഷെ തനുവിനെ സ്വന്തം മകളായി കണ്ടു എന്നല്ലേ അമ്മ പറയുന്നത്. മകൾക്ക് ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതിൽ അമ്മക്ക് ഒരു വിഷമവും ഇല്ലേ..?” “വിഷമം ഒക്കെയുണ്ട് മോനെ. പക്ഷെ അതിലും വലുതാണ് എനിക്ക് നിന്റെ ഭാവി” “തനുവിന് ഇങ്ങനൊരു ദുരന്തം സംഭവിച്ചു എന്നു കരുതി എന്റെ ഭാവിക്ക് എന്തു കുഴപ്പം വരാനാണ് അമ്മേ?” “മോനെ അതു പിന്നെ..
അവളുടെ മാനസികാവസ്ഥ.. ആ സംഭവങ്ങൾ.. പിന്നെ അവളെങ്ങാനും പ്രെഗ്നൻറ് ആയാൽ….” അവർ അത് മുഴുമിപ്പിച്ചില്ല. “അമ്മക്ക് ഇത്രയും വിദ്യാഭ്യാസവും ലോകപരിചയവും ഒക്കെ ഉള്ളത് വെറുതെയാണോ? മാനസികാവസ്ഥ ഓക്കെ. എനിക്ക് മനസിലാകും. പക്ഷെ അതിൽ നിന്ന് അവളെ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് നൂറു ശതമാനം ഉറപ്പ് എനിക്കുണ്ട്. കഴിഞ്ഞ ഒരു മാസം എന്റെകൂടെ അവൾ അത്ര ഹാപ്പി ആയിട്ടാണ് ജീവിച്ചത്. അവൾ മാത്രമല്ല ഞാനും. പിന്നെ, റേപ്പ് വിക്ടിം ആയ ഒരാൾ പ്രെഗ്നൻറ് ആകാതിരിക്കാൻ ഉള്ള പ്രീകോഷൻസ് ഹോസ്പിറ്റലുകാർ തന്നെ എടുക്കും.
ഒരുമാതിരി സീരിയലിലെ കഥയൊക്കെ കേട്ട് വിശ്വസിക്കുന്നത് കഷ്ടമാണ് കേട്ടോ.” അപ്പോഴും മാലതിയുടെ പരിഭവം അവസാനിച്ചിരുന്നില്ല: “മോനെ എന്തൊക്കെ പറഞ്ഞാലും മകന്റെ ഭാര്യയായി വരുന്ന പെണ്കുട്ടിയെ കുറിച്ച് അമ്മമാർക്ക് ചില സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടാകില്ലേ. അത് നീയെന്താ മനസിലാക്കാത്തത്?” കാശി ഒട്ടും പതറിയില്ല. ഉറപ്പോടെ ചോദിച്ചു: “മകന്റെ ഭാര്യ കന്യകയായിരിക്കണം എന്നതാണോ അമ്മമാരുടെ സങ്കല്പം? അങ്ങനെ ആണെങ്കിൽ മകനും അങ്ങനെ ആയിരിക്കണമല്ലോ. അതിനെ കുറിച്ച് ഒന്നും സങ്കല്പിക്കുന്നില്ലേ?”
കാശിയുടെ ചോദ്യം അവർ തീരെ പ്രതീക്ഷിച്ചതല്ല. “അമ്മേ.. മകന്റെ ഭാര്യ സ്നേഹമുള്ളവളും എല്ലാവരെയും സ്വന്തമായി കാണുന്നവളും ആയിരിക്കണം എന്നൊക്കെ സങ്കല്പിച്ചാൽ ഓക്കേ ആണ്. പക്ഷെ ഇതൊരുമാതിരി… ഒക്കെ പോട്ടെ. ഇക്കാര്യങ്ങൾ എല്ലാം അറിഞ്ഞു ഞാൻ തനുവിനെ ഉപേക്ഷിച്ചു മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചു എന്നു തന്നെ വയ്ക്കു. അവൾക്ക് ഈ സോ കോൾഡ് കന്യകാത്വം ഉണ്ടെന്ന് അമ്മക്ക് ഉറപ്പ് പറയാൻ പറ്റുമോ?” അവന്റെ ചോദ്യങ്ങൾക്കൊന്നും മാലതിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
“പ്രണയത്തിന് വേണ്ടി ശരീരവും മനസും സമർപ്പിക്കുന്നവരില്ലേ? പണമുണ്ടാക്കാൻ എളുപ്പവഴി തേടുന്നവരില്ലേ? അവർക്കെല്ലാം ഒരു ചോയ്സ് ഉണ്ട്. വേണമെങ്കിൽ സ്വീകരിക്കാം, വേണ്ടെങ്കിൽ വേണ്ട. തനുവിന്റെ ജീവിതത്തിൽ അത്തരമൊരു ചോയ്സ് പോലും അവൾക്ക് ഉണ്ടായിരുന്നില്ല അമ്മേ.. അന്നത്തെ സംഭവം അവളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടന്നത്. ഒന്ന് എതിർക്കാൻ പോലുമുള്ള ശേഷി അവൾക്കന്ന് ഇല്ലായിരുന്നു. ശരീരവും മനസും ഒരുപോലെ മുറിപ്പെട്ട അവസ്ഥയിലാണ് എനിക്കവളെ കിട്ടിയത്. പാതിവഴിയിൽ ഉപേക്ഷിക്കാൻ മനസു വന്നില്ല. സ്നേഹിച്ചതാണ്, ഒരുപാട്.
ഈ ലോകത്തെ മറ്റെന്തിനേക്കാളും അവളെന്നെ സ്നേഹിക്കുന്നുണ്ട്. അതെല്ലാം അറിഞ്ഞുകൊണ്ട് എന്റെ പ്രസൻസ് ഏറ്റവും ആവശ്യമുള്ള ആ സമയത്ത് അവളെ വേണ്ടെന്ന് വച്ച് ഒറ്റക്കാക്കി പോരാൻ മനസു വന്നില്ല അമ്മേ. ” മാലതി കുറെ നേരം ആലോചനയിൽ ആയിരുന്നു. കാശിയുടെ ജീവിതമാണ്. തീരുമാനം എടുക്കേണ്ടതും അവനാണ്. അവന്റെ നിലപാട് അവൻ അറിയിച്ചുകഴിഞ്ഞു. പറയുന്നതെല്ലാം ന്യായമാണ് എന്ന് അറിയുകയും ചെയ്യാം. പക്ഷെ അത് അംഗീകരിക്കാൻ മനസ് അനുവദിക്കുന്നില്ല. “അമ്മേ..” കാശി പ്രതീക്ഷയോടെ വിളിച്ചു. അവർ മകന്റെ മുഖത്തേക്ക് നോക്കി.
“കാശി.. നീ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട്. തനുവിനെ എനിക്ക് ഒരുപാട് ഇഷ്ടവുമാണ്. പക്ഷെ ഈ സംഭവങ്ങളൊക്കെ എന്നെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഒരു കരടായി വന്നാലോ എന്നാണ് എന്റെ പേടി” കാശി നിലത്തേക്കിരുന്നു. സോഫയിൽ ഇരിക്കുന്ന മാലതിയുടെ കയയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു “എന്റെ ജീവിതത്തിൽ അമ്മക്കുള്ള സ്ഥാനം ഞാൻ പറയാതെ തന്നെ അറിയാമല്ലോ. അതുപോലെ തന്നെയാണ് എനിക്ക് തനുവും. അവളില്ലാതെ എനിക്ക് പറ്റില്ല അമ്മേ.. ഇനിയും വൈകിയാൽ എനിക്കവളെ എന്നേക്കുമായി നഷ്ടപ്പെടും. പ്ലീസ് അമ്മ..” മാലതി മകനെ നോക്കി.
ആ മുഖത്തെ നിശ്ചയദാർഢ്യവും കണ്ണുകളിലെ ദൃഢതയും അവർ കണ്ടു. ഇനിയും ഓരോ ന്യായവാദങ്ങൾ പറഞ്ഞു അവനെ പിന്തിരിപ്പിക്കുന്നതിൽ അർത്ഥം ഇല്ല എന്നവർക്ക് ബോധ്യമായി. “ശരി. നിന്റെ ഇഷ്ടം അതാണെങ്കിൽ കൃഷ്ണേട്ടൻ വരട്ടെ. നമുക്ക് ഒരുമിച്ചു പോയി അവളെ ഇങ്ങു കൂട്ടാം.” കാശിക്കു അതിരില്ലാത്തവിധം സന്തോഷം തോന്നി. ഒരുകണക്കിന് ഇങ്ങനെ സംഭവിച്ചത് നന്നായി. എല്ലാവരും എല്ലാം അറിഞ്ഞു അവളെ സ്നേഹിക്കുമ്പോൾ ആ സ്നേഹത്തിനു ഭംഗി കൂടും. അധികം വൈകാതെ കൃഷ്ണനും എത്തി. മാലതിയുടെ തീരുമാനം അയാളെയും ഒരുപാട് സന്തോഷിപ്പിച്ചു. “കൃഷ്ണേട്ടാ.. പോകാം.
ഇരുപത്തിയെട്ട് വർഷം ഞാൻ നിങ്ങൾ പറയുന്നത് മാത്രം കേട്ട് ജീവിച്ചു. ഇപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ കെട്ടേ പറ്റൂ.” അയാൾ അവരുടെ വാക്കുകളും ആക്ഷനും കടമെടുത്തുകൊണ്ട് കളിയാക്കി. കാശിയും കാവ്യയും അതുകണ്ട് ചിരിച്ചു. “ദേ അച്ഛനും മക്കളും കൂടി എന്നെ കളിയാക്കാൻ നടക്കുകയാണോ? ഒരു അബദ്ധം ഒക്കെ ആർക്കും പറ്റും. അതെത്ര കളിയാക്കാൻ ഒന്നുമില്ല” മാലതി കെറുവോടെ പറഞ്ഞു. കാശി അവർക്കരികിലേക്ക് ചെന്നു: “എന്റെ അമ്മക്ക് ഇത്ര നല്ല മനസുള്ളത് കൊണ്ടല്ലേ ഞാൻ പറഞ്ഞത് മനസിലാക്കാനും തനുവിനെ തിരിക്വ വിളിക്കാനും തോന്നിയത്.. അമ്മ മുത്തല്ല, തങ്കമാണ് അമ്മേ.”
“മതി മതി പതപ്പിച്ചത്..” അവർ ചിരിച്ചു. സീതക്ക് പക്ഷെ ഇതൊന്നും ഉൾകൊള്ളാൻ ആയില്ല. “എന്നാലും മാലതി.. കണ്ടേടത്തൊക്കെ പിഴച്ചു നടന്ന ഒരു പെണ്ണിനെ തന്നെ വേണം എന്ന് കാശിമോൻ ഇത്ര നിർബന്ധം പിടിക്കുന്നത് എന്താണെന്നാ ഞാൻ ആലോചിക്കുന്നത്. ആ പെണ്ണ് എന്തു കൈവിഷം ആണോ കലക്കി കൊടുത്തത്..” കാശി മറുപടി പറയാൻ തുനിഞ്ഞെങ്കിലും മാലതി അവനെ തടഞ്ഞു: “സീതേ. ഇത് ഞങ്ങളുടെ കുടുംബകാര്യം ആണ്. എന്റെ മകന്റെ ജീവിതവും. തീരുമാനം എടുക്കേണ്ടത് അവനാണ്.
അവനില്ലാത്ത വിഷമം ഒന്നും നിനക്ക് ഉണ്ടാകേണ്ട കാര്യമില്ല. മനസ്സിലായല്ലോ?” സീത അടികിട്ടിയപോലെ നിന്നുപോയി. അവർ കൃഷ്ണന്റെ നേരെ തിരിഞ്ഞു: “കൃഷ്ണാ.. നീ കേട്ടോ നിന്റെ ഭാര്യ എന്നോട് പറഞ്ഞത്? നീ ഇവിടെ മിണ്ടാതെ കേട്ടൊണ്ട് നില്കുകയാണോ? എന്നു മുതലാ ഈ കുടുംബത്തിൽ പെണ്ണുങ്ങൾ തീരുമാനം എടുത്ത് തുടങ്ങിയത്?” കൃഷ്ണൻ ശാന്തനായി അവരെ നോക്കി: “സീതേ. അകന്ന ബന്ധുവായ നിന്നെ ഞങ്ങൾ ഈ കുടുംബത്തിലെ ഒരു അംഗമായേ കണ്ടിട്ടുള്ളൂ. ഇവിടെ നിന്ന് ഇറക്കി വിട്ടാൽ പോകാൻ ഒരിടം ഇല്ല എന്ന ഓർമ വേണം ഓരോന്ന് പറയുമ്പോഴും ചെയ്യുമ്പോഴും.
തനു ഈ കുടുംബത്തിലെ മരുമകളാണ്. അവളെ അംഗീകരിക്കാനും അനുസരിക്കാനും കഴിയുമെങ്കിൽ മാത്രം നിനക്ക് ഇനിയും ഇവിടെ നിൽക്കാം. അല്ലെങ്കിൽ പോകാം. ആരും തടയില്ല നിന്നെ.” കൃഷ്ണനിൽ നിന്ന് അതവർ പ്രതീക്ഷിച്ചില്ലായിരുന്നു. പൂർണ്ണമായും പരാജയപ്പെട്ടു എന്നു മനസിലാക്കിയ അവർ സ്വന്തം മുറിയിലേക്ക് വലിഞ്ഞു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ കഴിഞ്ഞ രണ്ടാഴ്ചയായി ശിവനും ഗീതയും ജോലിക്ക് പോകുന്നില്ല. തനയ്യും തരുണും പോകുന്നുണ്ടെങ്കിലും വന്നാൽ ഉടനെ തനുവിന്റെ മുറിയിൽ കയറും. തനുവിന്റെ അവസ്ഥ ദിനംപ്രതി വഷളായി വന്നു.
ഈ ദിവസങ്ങളിൽ ഒന്നും അവൾ മുറിക്ക് പുറത്തിറങ്ങാനോ ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാനോ കൂട്ടാക്കിയില്ല. ഫ്രഷ് അകാൻ ആരെങ്കിലും കൊണ്ടുപോകണം. വാരി കൊടുത്താൽ മാത്രം ഭക്ഷണം കഴിക്കും. രാത്രി ഉറക്കമില്ലാത്ത അവസ്ഥയായിരുന്നു. അമ്മമാരും ഏട്ടന്മാരും മാറി മാറി അവൾക്ക് കാവലിരുന്നു. ഇത്രയും ദിവസം തുടർച്ചയായി ഒരാളെയും കാണാതെ ഒരു വാക്കുപോലും ഉരിയാടാതെ തനുവിനെപ്പോലെ ഒരാൾക്ക് ജീവിക്കാൻ കഴിയുന്നത് തന്നെ എല്ലാവർക്കും അത്ഭുതം ആയിരുന്നു. തനുവിനെ സൈക്യാട്രിസ്റ്റിനെ കാണിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായണ് ശിവനും ഹരിയും.
“കാശി വന്നെന്ന് തനയ് പറഞ്ഞു കേട്ടു. വൈകുന്നേരം ആയിട്ടും ഇവിടേക്ക് കണ്ടില്ലെങ്കിൽ നമുക്ക് തന്നെ മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം. അല്ലെ ഏട്ടാ” ഹരി ആലോചനയോടെ തലയാട്ടി. “അവള് സമ്മതിക്കുമോ എന്നറിയില്ല. കാശിക്കല്ലാതെ ആർക്കും ഇപ്പോഴത്തെ അവസ്ഥയിൽ അവളെ നിയന്ത്രിക്കാൻ കഴിയില്ല. ഒന്നും പറ്റിയില്ലെങ്കിൽ പിടിച്ചു കെട്ടി കൊണ്ടുപോകേണ്ടി വരും. എന്റെ കുഞ്ഞിന്റെ ഒരു വിധി” അയാൾ തലയിൽ കൈവച്ചു പരിതപിച്ചു. ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ശിവൻ വേദനയോടെ അത് നോക്കി നിന്നു. തനു ഏട്ടന്റെ മകൾ ആണെങ്കിലും അങ്ങനൊരു വേർതിരിവ് ആ വീട്ടിൽ ഇല്ലായിരുന്നു.
ചെറിയച്ഛനും ചെറിയമ്മയും അച്ഛനെയും അമ്മയെയും പോലെ തന്നെയാണ് ഹരിയുടെ മക്കൾക്ക്. നീലുവിനും അങ്ങനെ തന്നെ ആയിരുന്നു. ആവശ്യങ്ങൾക്ക് പണം ചോദിക്കാനും വിശേഷങ്ങൾ പറയാനും രണ്ടാളെയും സമീപിക്കും. തങ്ങൾക്ക് രണ്ട് അച്ചന്മാരും അമ്മമാരും ഉണ്ടെന്ന് കുട്ടികൾ കളിയായി പറയാറുണ്ടായിരുന്നു. ഗേറ്റ് കടന്ന് കാശിയുടെ കാർ വരുന്നത് കണ്ട രണ്ടാളുടെയും മുഖം തെളിഞ്ഞു. പക്ഷെ അതിൽ നിന്നിറങ്ങി വന്ന മാലതിയെ കണ്ടതോടെ ആ തെളിച്ചം മങ്ങി.
തുടരും-