Friday, January 17, 2025
LATEST NEWSTECHNOLOGY

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വെളിപ്പെടുത്തലുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇൻസ്റ്റഗ്രാം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൽ മെറ്റ ഒരു ഇൻ-ആപ്പ് ബ്രൗസർ ഉപയോഗിച്ച് റെൻഡർ ചെയ്യുന്നുവെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇത് ഉപയോക്താവിനെ നന്നായി ബാധിക്കും. പാസ്‌വേഡുകളും വിലാസങ്ങളും പോലുള്ള ഇൻപുട്ടുകളും ഓരോ ടാപ്പും മറ്റു വെബ്‌സൈറ്റുകളുമായുള്ള എല്ലാ ഇടപെടലുകളും ഹോസ്റ്റ് അപ്ലിക്കേഷന് ട്രാക്കുചെയ്യാൻ കഴിയുമെന്നും അദ്ദേഹം ബ്ലോഗിൽ പറയുന്നു.

ബിൽറ്റ്-ഇൻ സഫാരി ഉപയോഗിക്കുന്നതിന് പകരം, മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനുള്ളിൽ റെൻഡർ ചെയ്യുകയാണെന്നും, ഇത് ഉപയോക്താവിന്‍റെയോ വെബ്സൈറ്റ് ദാതാവിന്‍റെയോ സമ്മതമില്ലാതെ മറ്റ് വെബ്സൈറ്റുകളിൽ സംഭവിക്കുന്നതെല്ലാം നിരീക്ഷിക്കാൻ ഇൻസ്റ്റാഗ്രാമിനെ അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യങ്ങളിൽ ക്ലിക്കുചെയ്യുമ്പോൾ ഉൾപ്പെടെ കാണിക്കുന്ന എല്ലാ വെബ്സൈറ്റുകളിലും ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ അതിന്‍റെ ജാവാസ്ക്രിപ്റ്റ് കോഡ് ചേർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് ഓൺലൈനിൽ ചെയ്യുന്നതെല്ലാം വായിക്കാൻ കഴിയുമോ എന്നതുൾപ്പെടെ ആപ്പിൾ മൊബൈൽ ഉപയോക്താക്കൾ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കും ക്രൂസ് ഉത്തരം നൽകി.

ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് ഉപയോക്താക്കൾ അതിന്റെ ആപ്പുകളിൽ നിന്ന് ഒരു ലിങ്കോ പരസ്യമോ തുറക്കുമ്പോൾ മാത്രമേ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ വായിക്കാനും കാണാനും കഴിയൂവെന്ന് ക്രൗസ് പ്രതികരിച്ചു. മിക്ക ആപ്പ് ബ്രൗസറുകളും റെൻഡർ ചെയ്യുന്ന വെബ്സൈറ്റ് തുറക്കാൻ സഫാരിക്ക് വഴിയുണ്ട്. ആ സ്ക്രീനിൽ നിന്ന് അത് വന്നാലുടൻ ഒഴിവാക്കാനുള്ള ഓപ്ഷൻ ഉപയോഗിക്കുക. ആ ബട്ടൺ ലഭ്യമല്ലെങ്കിൽ, നിങ്ങൾക്കിഷ്ടമുള്ള ബ്രൗസറിലേക്കുള്ള ലിങ്ക് തുറക്കുന്നതിന് യുആർഎൽ കോപ്പി ചെയ്ത്, പേസ്റ്റ് ചെയ്യുക.