Thursday, January 23, 2025
LATEST NEWSSPORTS

2025 വനിതാ ഏകദിന ലോകകപ്പിനായി ബിസിസിഐ

2025ലെ വനിതാ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ ബിസിസിഐ. ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശത്തിന് ബിസിസിഐ ലേലം സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേലത്തിൽ ജയിച്ചാൽ ഏകദിന ലോകകപ്പ് ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തും. 2013ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. വനിതാ ലോകകപ്പ് തന്നെയായിരുന്നു അതും. മുംബൈയിൽ നടന്ന ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 114 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയയാണ് ആ ലോകകപ്പ് നേടിയത്.

വിദേശ ടി20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ, ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ ആരംഭിച്ച ടി20 ലീഗിൽ ഇന്ത്യൻ കളിക്കാരെ പ്രധാനമായും കളിക്കാൻ അനുവദിക്കും. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലെ എല്ലാ ടീമുകളും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ബിസിസിഐ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ചേരുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

പുരുഷ കളിക്കാരെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിച്ചാലും, ബിസിസിഐയുമായുള്ള സെൻട്രൽ കോൺട്രാക്ടുള്ള പ്രമുഖ കളിക്കാർക്ക് ഈ ആനുകൂല്യം ലഭിച്ചേക്കില്ല. അതേസമയം, ഈ തീരുമാനം സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ ഇല്ലാത്ത യുവതാരങ്ങൾക്ക് ഏറെ ഗുണം ചെയ്യും.