Thursday, December 26, 2024
LATEST NEWSSPORTS

ബാഴ്സ-സിറ്റി സൗഹൃദ മത്സരം സമനിലയിൽ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയും ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരമായിരുന്നു ഇത്.

ബാഴ്സയുടെ എക്കാലത്തേയും മികച്ച പരിശീലകരിലൊരാളായ പെപ് ​ഗ്വാർഡിയോള സിറ്റിയുടെ ചുമതല വഹിച്ചുകൊണ്ടാണ് ന്യൂകാമ്പിൽ മടങ്ങിയെത്തിയത്. മറുവശത്ത്, ബാഴ്സയിൽ പെപ്പിന്റെ വിശ്വസ്തനായിരുന്ന സാവി ഹെർണാണ്ടസാണ് ടീമിനെ ഒരുക്കിയത്. ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടത്തിൽ ഇരുടീമുകളും സമനില പാലിച്ചുവെന്നതും ശ്രദ്ധേയമായി.

പിയറി എമെറിക് ഔബമെയാങ്, ഫ്രെങ്കി ഡി ജോംഗ്, മെംഫിസ് ഡിപേ എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോൾ നേടിയത്. ജൂലിയൻ അൽവാരെസ്, കോൾ പാമർ, റിയാദ് മഹ്രെസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.