Thursday, November 21, 2024
LATEST NEWSTECHNOLOGY

ആസാദി സാറ്റ് ഒരുക്കി 75 സ്കൂളുകളിലെ 750 പെൺകുട്ടികൾ

ചെന്നൈ: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ബഹിരാകാശത്ത് നിന്ന് അത് കാണാൻ ആസാദി സാറ്റുമുണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 പെൺകുട്ടികളാണ് ശാസ്ത്ര ഗവേഷണ രംഗത്തെ സ്ത്രീ ശക്തിയുടെ പ്രതീകമായി ഉപഗ്രഹം രൂപകൽപ്പന ചെയ്തത്.

ആസാദി സാറ്റിനെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി.) ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന് പുറപ്പെടും. കുറഞ്ഞ ചെലവിൽ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ രൂപകൽപ്പന ചെയ്ത എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം ആസാദി സാറ്റിനെ ഭൗമനിരീക്ഷണ ഉപഗ്രഹത്തിനൊപ്പം ഭ്രമണപഥത്തിലെത്തിക്കും.

പെൺകുട്ടികളുടെ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഉപഗ്രഹമാണ് ആസാദി സാറ്റ്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്പോണ്ടറുകൾ, ബഹിരാകാശ ഗവേഷണത്തിനുള്ള സാമഗ്രികൾ, ഉപഗ്രഹത്തിന്‍റെ തന്നെ ഫോട്ടോ എടുക്കുന്നതിനുള്ള സെൽഫി ക്യാമറകൾ എന്നിവയുൾപ്പെടെ 75 ഉപകരണങ്ങളാണ് ആസാദി സാറ്റിന്‍റെ ഘടകങ്ങൾ. മലപ്പുറത്തെ മങ്കട, ചേരിയം ജി.എച്ച്.എസിൽ നിന്നുള്ള കുട്ടികളാണ് കേരളത്തിൽ നിന്ന് പങ്കെടുത്തത്.