Sunday, January 25, 2026
LATEST NEWSSPORTS

നോർവെയെ വീഴ്ത്തി യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഓസ്ട്രിയ

ഗ്രൂപ്പ് എയിൽ നോർവേയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ഓസ്ട്രിയ വനിതാ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക്. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയ ക്വാർട്ടറിലെത്തുന്നത്. ക്വാർട്ടർ ഫൈനലിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന ഓസ്ട്രിയയ്ക്ക് അവസാന എട്ടിൽ സ്ഥാനം ഉറപ്പായിരുന്നു. പന്ത് കൈവശം വക്കുന്നതിൽ നോർവെ മുന്നിട്ട് നിന്നെങ്കിലും ഓസ്ട്രിയ ആണ് മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്

ആദ്യ പകുതിയുടെ 37-ാം മിനിറ്റിൽ വെറീന ഹാൻഷായുടെ അപകടകരമായ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഹോഫൻഹെയിമിന്‍റെ നിക്കോൾ ബില്ലയാണ് ഓസ്ട്രിയയ്ക്കായി വിജയഗോൾ നേടിയത്. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ നോർവേ ഉണർന്നെങ്കിലും തോൽവി ഒഴിവാക്കാൻ അത് പര്യാപ്തമായിരുന്നില്ല. ഇതോടെ നോർവേ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയ ജൂലൈ 21ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായ ജർമ്മനിയെ നേരിടും.