Sunday, January 19, 2025
LATEST NEWSSPORTS

ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെ 155 റൺസിന് തകർത്ത് പാകിസ്ഥാൻ

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ. ഹോങ്കോങ്ങിനെ 155 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ സൂപ്പർ ഫോറിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന് 38 റൺസ് മാത്രമാണ് നേടാനായത്.

പാകിസ്ഥാനെതിരായ മത്സരത്തിൽ ഹോങ്കോങ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഹോങ്കോങ് 10.4 ഓവറിൽ 38 റൺസിന് ഓൾ ഔട്ടായി. ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഷദാബ് ഖാനാണ് ഹോങ്കോങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. പാകിസ്ഥാന് വേണ്ടി ഷദാബ് 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും മികച്ച പിന്തുണ നൽകുകയും 3 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ടി20 ഫോർമാറ്റിൽ പാകിസ്ഥാന്‍റെ ഏറ്റവും വലിയ വിജയമാണിത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് പാകിസ്ഥാൻ നേടിയത്. 2007ൽ കെനിയയെ 172 റൺസിന് ശ്രീലങ്ക പരാജയപ്പെടുത്തിയിരുന്നു.

ഞായറാഴ്ച നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടും. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഗ്രൂപ്പ് ബിയിൽ നിന്ന് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സൂപ്പർ 4 ന്‍റെ ആദ്യ മത്സരം ശനിയാഴ്ച ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ നടക്കും. ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കും. ബുധനാഴ്ച നടക്കുന്ന സൂപ്പർ 4ലെ നാലാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സൂപ്പർ 4 ലെ അവസാന മത്സരം വെള്ളിയാഴ്ച പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ്.