Monday, December 30, 2024
LATEST NEWSSPORTS

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ന് ആഴ്‌സണൽ-ലിവര്‍പൂൾ പോരാട്ടം

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലും ലിവർപൂളും ഏറ്റുമുട്ടും. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. അർട്ടേറ്റയ്ക്ക് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്സണലിന് ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്താം. അതേസമയം, തുടർച്ചയായ തിരിച്ചടികൾ നേരിടുന്ന ലിവർപൂളിന് പ്രതീക്ഷ കൈവിടാതിരിക്കാൻ ആഴ്സണൽ പോലുള്ള വലിയ ടീമിനെതിരെ വിജയിക്കേണ്ടതുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 11.30ന് ആരംഭിക്കുന്ന മത്സരത്തിൽ എവർട്ടണുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയോടേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ യുണൈറ്റഡിന് ഇന്ന് ഒരു ജയം ആവശ്യമാണ്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ വേട്ട തുടർന്ന മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ഒന്നാമതെത്തിയിരുന്നു. സതാംപ്ടണിനെ സിറ്റി 4-0നാണ് തോൽപ്പിച്ചത്. 20-ാം മിനിറ്റിൽ ജാവോ ക്യാൻസലോയിലൂടെയാണ് സിറ്റി ഗോൾവേട്ട ആരംഭിച്ചത്. ഫിൽ ഫോഡൻ, റിയാദ് മെഹറേസ്, എർലിംഗ് ഹാലൻഡ് എന്നിവരും സ്കോർ ചെയ്തു. പ്രീമിയർ ലീഗിൽ ചെൽസിയും വലിയ വിജയം നേടി. വൂൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. കയ് ഹവാർഡ്സ്, ക്രിസ്റ്റ്യൻ പുലിസിച്ച്, അർമാൻഡോ ബ്രോജ എന്നിവരാണ് സ്കോറർമാർ.