Thursday, December 19, 2024
Novel

അറിയാതെ : ഭാഗം 1

നോവൽ
എഴുത്തുകാരി: അഗ്നി


“ദേ ഇക്കാ എന്നെ വിട്ടെ…താഴെ ‘അമ്മ അന്വേഷിക്കുട്ടോ… എന്താ ഇത്… ഛെ.. വഷളൻ…ഇപ്പൊ ഇത്തിരി കൂടുന്നുണ്ട്ട്ടോ..ദേ നോക്കിയേ ..എന്റെ ചുണ്ടൊക്കെ പൊട്ടി…ദൈവമേ…” “എന്നതാടി ഫാത്തിമ കാശിരുദ്ര മേനോൻ എന്ന എന്റെ പാത്തു.. എന്താ മോളെ പ്രശ്നം…” അവൻ അവളിലേക്ക് ചാഞ്ഞു അവളെ ഇറുകെപുണർന്നോണ്ട് ചോദിച്ചു.. “ദേ ഇത് തന്നെയാ ഇക്കാ പ്രശ്നം..എന്നു പറഞ്ഞുകൊണ്ട് അവൾ അവനെ ഒന്നു നുള്ളി..” അത് പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ടുതന്നെ അവന്റെ കൈ അയഞ്ഞു…

ആ തക്കത്തിന് അവൾ അവനെ തള്ളിമാറ്റി മുറിക്ക് പുറത്തേക്ക് ഓടി… അവൻ അവളുടെ പുറകെ പാത്തു എന്നു വിളിച്ചോണ്ട് ഓടി…… പാത്തു!!!!!!!!!!!!!! കാശി പെട്ടന്ന് തന്നെ ഞെട്ടിയുണർന്നു…അപ്പോഴാണ് അവന് അതൊരു സ്വപ്നമായിരുന്നു എന്ന് മനസ്സിലായത്…സമയം നോക്കിയപ്പോൾ മണി 5:30..പിന്നെ അവൻ ഉറങ്ങിയില്ല…കാരണം ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ അവൻ ബാംഗ്ലൂർക്ക് പോകുകയാണ്… കാശി ആയിട്ടല്ല.. കാശിരുദ്ര മേനോൻ IPS, കമ്മീഷണർ ഓഫ് പോലീസ്,ബാംഗ്ലൂർ.

അവൻ തന്റെ അടുത്ത് കിടക്കുന്ന അധ്വിക എന്ന ആമി മോളെ ഒന്നു നോക്കി..ഒന്നര വയസായതെയുള്ളൂ…അമ്മയുടെ ചൂടേൽക്കാതെ അച്ഛന്റെ ചൂടേറ്റ് വളരുന്നൊരു കുഞ്ഞിക്കിളി.. ഇടയ്ക്ക് എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടിട്ടാണെന്നു തോന്നുന്നു അവൾ അവളുടെ കുഞ്ഞരിപല്ലുകൾ പുറത്തുകാട്ടി ചിരിക്കുന്നുണ്ടായിരുന്നു.. പാത്തുവിനെക്കുറിച്ചുള്ള ഓർമകൾ നിറഞ്ഞപ്പോൾ അവന്റെ ഉള്ളം ഒന്നു തേങ്ങി… “മോനെ…എന്തു പറ്റിയെടാ… വാതിൽ തുറക്കൂ കുട്ടി..’അമ്മ അകത്തേക്ക് വരട്ടെ…”

“ഇല്ലമ്മാ..ഞാനൊരു സ്വപ്നം കണ്ടതാ…” അവൻ വാതിൽ തുറന്നുകൊണ്ടു പറഞ്ഞു.. “ഹ്മ്മ…സാരില്യ കുട്ട്യെ..എല്ലാം ശെരിയാവും.. നീ ഇപ്പൊ അങ്ങോട്ടേക്ക് പോകുന്നതുതന്നെ മീരയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറാനാണെന്നറിയാം.. പക്ഷെ മോനെ നീ മീരയെ അല്ലെങ്കിലും ആമി മോളെ സ്വീകരിക്കുന്ന ഒരാളെ വിവാഹം ചെയ്യണം… കാരണം ഒരു പെണ്കുഞ്ഞ് വളരേണ്ടത് അവളുടെ അച്ഛന്റെയും അമ്മയുടെയും ചൂടേറ്റാണ്..

കുറച്ച്‌ പ്രായം കഴിയുമ്പോൾ അവളെ പല കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കാൻ അമ്മമാർക്കെ കഴിയുള്ളൂ എന്നോർമ്മ വേണം…” “അമ്മാ…കുറച്ച് നേരത്തേക്കെങ്കിലും ഈ പറയുന്നത് ഒന്ന് നിർത്താമോ…എനിക്ക്..എന്റെ പാത്തു.. അവളെ പിരിഞ്ഞൊരു ജീവിതം ..അറിയില്ല അമ്മേ…” അവന്റെ വിഷമം കണ്ട് അവർക്കും സങ്കടമായി.. “ഞാൻ പറഞ്ഞൂന്നെ ഉള്ളൂ മോനെ…സാരമില്ല…” എന്നും പറഞ്ഞ് അവർ പുറത്തേക്ക് പോയി….

അവന്റെ കണ്ണുകൾ ചുവരിൽ ഫ്രയിം ചെയ്ത് വച്ചിരിക്കുന്ന തങ്ങളുടെ വിവാഹ ഫോട്ടോയിൽ പതിഞ്ഞു… താനും തന്റെ പാത്തുവും വിവാഹ വേഷത്തിൽ ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ… ഓർമ്മകൾ അവനെ ചുട്ടുപൊള്ളിക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ വേഗം തന്നെ കുഞ്ഞിന്റെ ഇരുവശത്തും തലയിണകൾ വച്ച ശേഷം കുളിക്കുവാനായി പോയി…തന്റെ ദേഹത്തേക്ക് വീഴുന്ന തണുത്തവെള്ളം തനിക്കൊരാശ്വാസമായി അവന് തോന്നി…

കുളി കഴിഞ്ഞ് വന്നപ്പോൾ കാണുന്നത് കുഞ്ഞാമിയെയാണ്…അവൾ എഴുന്നേറ്റ് വന്നതേയുള്ളൂ..ആ കുഞ്ഞിക്കൈകൾകൊണ്ടവൾ തന്നെയാണ് തിരയുന്നതെന്ന് മനസ്സിലാക്കിയ കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അവൻ ഓടിച്ചെന്നവളെ എടുത്തു…അവന്റെ മുടിയിലെ തണുത്തവെള്ളം മുഖത്തേക്ക് വീണപ്പോൾ കുഞ്ഞാമി ഒന്ന് കണ്ണ് ചിമ്മി.. ആ കണ്ണുകളെ പതിയെ തുറന്ന് അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു…എന്നിട്ട് പതിയെ അവന്റെ കഴുത്തിലേക്ക് കൈകൾ ചുറ്റി അവനിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു….

ഇതേസമയം ബാംഗ്ലൂരിൽ… തന്റെ കുഞ്ഞിന്റെ കൈകളുടെ അനക്കം തട്ടിയിട്ടാണ് സൈറ ഉണർന്നത്…..അവന് വിശന്നിട്ടാണെന്ന് മനസ്സിലാക്കിയ അവൾ താൻ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടണുകൾ അഴിച് അവനെ മുലയൂട്ടി…..അതിന്റെ കൂടെ തന്നെ അവന്റെ കണ്ണുകളും പതുക്കെ അടഞ്ഞുവന്നു.. ഡോക്ടർ സൈറ മറിയം..ബാംഗ്ലൂരിൽ വന്നിട്ട് ഇപ്പോൾ ഒന്നരക്കൊല്ലം ആകുന്നു…അവിടുത്തെ പ്രശസ്തമായ മെഡി വേൾഡ് എന്ന ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ആണ്…ബാംഗ്ലൂരിൽ ഒരു ഫ്‌ളാറ്റിൽ ആണ് താമസം..

മകൻ അദ്രിയേൽ എന്ന ഒന്നരവയസ്സുകാരൻ ആദിയും കൂടെ കൂട്ടുകാരി മിയയും ഉണ്ട്…അവൾ ഇവിടെ ഒരു പ്രമുഖ ചാനലിൽ റിപ്പോർട്ടർ ആയി വർക്ക് ചെയ്യുന്നു..ചുരുക്കി പറഞ്ഞാൽ സൈറയുടെ ബെസ്റ്റ് ഫ്രൻഡും അവളുടെ ആശുപത്രിയിൽ പീഡിയാട്രിക് ഡിപാർട്മെന്റിൽ വർക്ക് ചെയ്യുന്ന സാമുവേൽ തോമസ് എന്ന സാമിന്റെ ഭാവി ഭാര്യയ്യും ആണ് കക്ഷി…മിയയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ് ആണത്.. കുഞ്ഞിന് പാലുകൊടുത്ത് സൈറയും ഉറങ്ങിപ്പോയിരുന്നു… “സൈറാമ്മോ..എഴുന്നേറ്റെ…

ഹോസ്പിറ്റലിൽ പോകേണ്ടേ…” “ആടാ മിയാ..ഞാൻ ഇവന് പാല് കൊടുത്ത് ഉറങ്ങിപ്പോയി…നിനക്ക് ഇന്നെപ്പോഴാ പോകണ്ടേ…” “എനിക്കിന്ന് വൈകുന്നേരം ആടാ…അതുകൊണ്ട് രാധാ ദീദിടെ കൂടെ ഞാനും ഉണ്ടാകും ഇവന്റെ അടുത്ത്…” രാധാ ദീദി അവിടെ വൃത്തിയാക്കാനും കുഞ്ഞിനെ നോക്കാനും മറ്റും വരുന്ന സ്ത്രീയാണ്.. സൈറ അവളെ ചുറ്റിപ്പിടിച് കവിളിൽ കവിളിൽ ഉമ്മകൊടുത്തു… “അയ്യേ…ഈ പെണ്ണ്..പല്ലും തേക്കാതെ ഉമ്മ വച്ചോണ്ട് നടക്കുവാ…” സൈറയ്ക്ക് പെട്ടന്ന് അവളുടെ മമ്മ അവളെ വഴക്ക് പറയാറുള്ളത് ഓർമ്മ വന്നു…

താൻ പല്ലുതേക്കാതെ മമ്മയെ ഉമ്മവയ്ക്കുന്നത് പതിവായിരുന്നു..എപ്പോഴും അവളെ അവളുടെ മമ്മ വഴക്കും പറയുമായിരുന്നു.. അതോർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു…ഇത് മനസ്സിലാക്കിയ മിയ അവളെ പതിയെ ഒന്ന് തട്ടി…എന്നിട്ട് ബാത്റൂമിലേക്കാക്കി… അപ്പോഴേക്കും ആദി ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു…സൈറയാണെങ്കിൽ ബാത്റൂമിലും..മിയ ആകെ പെട്ട അവസ്ഥയിലായി..കാരണം അവൻ രാവിലെ എഴുന്നേൽക്കുമ്പോൾ സൈറയെ കണ്ടില്ലെങ്കിൽ വല്ലാത്ത കരച്ചിലായിരിക്കും…

ചില ദിവസങ്ങളിൽ എമർജൻസി കേസുകൾ ഒക്കെ വന്ന് സൈറ പോകുമ്പോൾ ഇവന്റെ കരച്ചിൽ മാറ്റുവാനായി മിയയും ദീദിയും കഷ്ടപെടാറുണ്ട്…അവസാനം കുഞ്ഞ് കരച്ചിൽ നിർത്താതെ കരഞ്ഞ് തളർന്ന് ഉറങ്ങാറാണ് പതിവ്.. അതുകൊണ്ടുതന്നെ എന്ത് എമർജൻസി ആണെങ്കിലും സൈറ പരമാവധി ആദി ഉണരുന്നതിന് മുന്നേ തന്നെ ഫ്‌ളാറ്റിലെത്താൻ ശ്രമിക്കാറുണ്ടായിരുന്നു…

മിയ കുഞ്ഞിന്റെ കരച്ചിൽ അടക്കാൻ പാടുപെടുന്നത് അറിഞ്ഞെന്നതുപോലെ അവന്റെ കരച്ചില് കേട്ടപ്പോഴേക്കും തന്നെ സൈറ ഒരു ടവ്വൽ ഉടുത്തുകൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി… മിയ അപ്പോഴേക്കും പതുക്കെ വാതിലടച്ചു പുറത്തേക്ക് പോയി..സൈറ അവന് മുലയൂട്ടി….അവന്റെ കരച്ചിൽ മാറുന്നത് വരെ അവൾ അവനെ ഊട്ടിയും കളിപ്പിച്ചോണ്ടും ഇരുന്നു…അവൻ ഒന്ന് ഓക്കെ ആയപ്പോഴേക്കും അവൾ മിയയെ വിളിച്ച് അവനെ അവളുടെ കയ്യിൽ കൊടുത്തതിനു ശേഷം കുളിക്കാൻ കയറി..

ഷവറിനടിയിൽ ആണെങ്കിൽ പോലും ഇതുവരെയുള്ള തന്റെ ജീവിതത്തെ ആകമാനം നോക്കികാണുകയായിരുന്നു സൈറ…തനിക്ക് ഇപ്പൊൾ സ്വന്തം എന്ന് പറയാൻ ആകെക്കൂടെയുള്ളത് തന്റെ ആദിയാണെന്ന് ഓർക്കവേ മറ്റുള്ള വിഷമങ്ങളെല്ലാം മറന്നവൾ പുഞ്ചിരിച്ചു… അവൾ പുഞ്ചിരിക്കുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങും..എന്ത് സാഹചര്യമായാലും അത് പുഞ്ചിരിച്ചുകൊണ്ട് നേരിടുന്ന സൈറ എല്ലാവർക്കും അത്ഭുതമാണ്.. അത്രെയേറെ പരീക്ഷണങ്ങൾക്ക് നടുവിൽനിന്നും, ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൾ വളർന്നു..

അവളുടെ ജീവിത സാഹചര്യങ്ങൾ വച്ച് നോക്കിയാൽ പിന്തിരിഞ്ഞോടേണ്ട പല സാഹചര്യങ്ങളുടെ നടുവിൽ നിന്നും ജീവിതത്തോട് ധൈര്യമായി പടവെട്ടിയാണ് അവൾ ഇന്നീക്കാണുന്ന രീതിയിലേക്ക് എത്തപ്പെട്ടത്.. കുളി കഴിഞ്ഞ് അവൾ ഒരു പിങ്ക് ചുരിദാർ അണിഞ്ഞു…തന്റെ കൊട്ടും സ്‌തേതസ്കോപ്പും അവൾ ബാഗിൽ എടുത്തു വച്ചു… പുറത്തിറങ്ങിയപ്പോഴേക്കും അവൾ കണ്ടു തന്റെ ആദിക്കുട്ടനെ..

അവൾ വേഗം അവനുള്ള പഴവും പഞ്ചസാരയും കുഴച്ചത് എടുത്തു അവനത് വാരിക്കൊടുത്തു..ഓരോ സ്പൂണ് പാലും ഇടയിൽ കൊടുത്തുകൊണ്ടിരുന്നു… അവൻ ബാക്കി വച്ച പഴത്തിന്റെ മേലേക്ക് ഒരൽപ്പം പുട്ട് ഇട്ടതിന് ശേഷം അവൾ അത് കഴിച്ചു…അത് കഴിഞ്ഞവൾ പതിയെ ആദിയെ അവന്റെ കളിപ്പാട്ടങ്ങൾക്ക് നടുവിൽ ഇരുത്തി..അവന്റെ ശ്രദ്ധ മാറിയ സമയം നോക്കി അവൾ മിയയോടും ദീദിയോടും യാത്ര പറഞ്ഞ് തന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു..

അവിടെ ചെന്ന് തന്റെ സ്വതസിദ്ധമായ ചിരിയിലൂടെ അവൾ എല്ലാവരെയും പരിശോധിച്ചു…അവിടെ വരുന്ന രോഗികൾക്കെല്ലാം അവളുടെ പുഞ്ചിരി ഒരാശ്വാസമായിരുന്നു… “ഡി…” ആ വിളി കെട്ടിട്ടാണ് അവൾ പുറത്തേക്ക് നോക്കിയത്..അവിടെ സാം നിൽപ്പുണ്ടായിരുന്നു.. “ഡി…നിനക്കൊന്നും കഴിക്കണ്ടേ..ഇവിടെ മനുഷ്യന് വിശന്നിട്ട് കൊടല് കരിയുവാ..” “എന്തോ..എങ്ങനെ…ഇന്നെനിക്ക് നല്ല കരിമീൻ വറുത്തതാണെന്ന് ആ ചാരത്തി മിയ നിന്നെ വിളിച്ചുപറഞ്ഞില്ലേ…സത്യം പറഞ്ഞോ..”

“മനസിലായല്ലേ…അപ്പൊ പാത്രം താടി..ഞാൻ പോയി കഴിച്ചിട്ട് വരാം…ഇന്നും എനിക്ക് പോഹയാ (അവിൽ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം)…ആ ഹൗസ് ഓണർക്ക് വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ല എന്ന് തോന്നുന്നു..” ഹും.. ശെരി..എന്നും പറഞ്ഞ് ചിരിച്ചുംകൊണ്ട് അവർ അവരുടെ ഭക്ഷണം തമ്മിൽ മാറ്റി കഴിച്ചു… വൈകുന്നേരം അവൾ നേരത്തെ ഇറങ്ങി ..മിയ ഇറങ്ങുന്നതിന് മുന്നേ അവിടെ എത്തണമായിരുന്നു അവൾക്ക്..കാരണം ദീദി ഇന്ന് നേരത്തെ പോകും എന്ന് പറഞ്ഞിരുന്നു…

അങ്ങനെ അവൾ ഫ്‌ളാറ്റിൽ എത്തി ..അപ്പോഴേക്കും മിയയും ആദിയും വസ്ത്രം മാറിയിരിപ്പുണ്ടായിരുന്നു …അവൾ വേഗം തന്നെ ഒന്ന് ഫ്രഷ് ആയി തിരികെ വന്നു.. വീട്ടിലേക്ക് ചില അത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ ഉള്ളത്കൊണ്ട് തന്നെ അവൾ മിയയെ ഓഫീസിലേക്ക് ആക്കിയ ശേഷം ആദിയെം കൊണ്ട് അവിടെയുള്ള ഡി-മാർട്ടിലേക്ക് ചെന്നു..അവിടെയാകുമ്പോൾ എല്ലാ സാധനങ്ങൾക്കും നല്ല വിലക്കുറവുണ്ട്… അവൾ ഒരു ട്രോളി എടുത്തു..

അതിന്റെ മുകൾ ഭാഗം അഡ്ജസ്റ്റ് ചെയ്തതിന് ശേഷം ആദിയെ അവിടെ ഇരുത്തി അവൾ സാധനങ്ങൾ പെറുക്കിയിടാനായി ഓരോ ഷെൽഫിലൂടെയും നടന്നു… അങ്ങനെ അവൾ ഓരോ സാധനങ്ങൾ എടുത്തു നോക്കുന്നതിനിടയിലാണ് ഒരു കുഞ്ഞുമോള് തന്റെ ഷോളിൽ പിടിച്ച് വലിച്ചത്.. അവൾ നോക്കിയപ്പോൾ തന്റെ ആദിയുടെ അത്രേം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുമോൾ ആയിരുന്നു അത്..ആ കുഞ്ഞ് അവളെ നോക്കി കൈനീട്ടി…അവൾക്ക് ആ കുഞ്ഞിനോട് ഒരു മാതൃവാത്സല്യം തോന്നി..

അവൾ ആ കുഞ്ഞിനെ വാരിയെടുത്ത് ചുംബിച്ചു… ഇതുകണ്ടിട്ട് അസൂയ തോന്നിയ ആദി അവളുടെ നീണ്ട മുടിയിൽ പിടിച്ചു വലിച്ചു.. അവന്റെ കുശുമ്പ് മനസിലായ അവൾ അവനെ മറു കൈകൊണ്ട് എടുത്തു..എന്നാൽ രണ്ടുപേരെയും ഒന്നിച്ച് താങ്ങാനാവാതെ അവൾ ബാലൻസ് തെറ്റി വീഴാൻ പോയി.. എന്നാൽ വീഴുന്നതിന് മുന്നേ തന്നെ രണ്ട് ബലിഷ്ട്ടമായ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു…

അവൾ നോക്കിയപ്പോൾ സുമുഖനായൊരു ചെറുപ്പക്കാനായിരുന്നു തന്നെ താങ്ങിയത്.. അവൾ അവനോട് താങ്ക്സ് പറഞ്ഞ് എഴുന്നേറ്റതും അവൾ വീണ്ടും വീഴാൻ ആഞ്ഞു….അവൻ വേഗം തന്നെ അവളുടെ ഇടുപ്പിൽ കയറിപ്പിടിച്ച് അവളെ തന്നോട് ചേർത്തുനിർത്തി….. അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ അയാളിലേക്ക് നീണ്ടു…കണ്ടാൽ ഒരു മുപ്പത് വയസ്സ്‌ തോന്നിക്കുന്ന സുമുഖനായ വ്യക്തി… മുഖത്തിന് ചന്തമേകാനായി താഴേക്കാക്കി വച്ചിരിക്കുന്ന മീശ മാത്രം…

ചിരിക്കുമ്പോൾ വിരിയുന്ന ആ നുണക്കുഴികൾ കണ്ടപ്പോൾ അവൾക്ക് ആദിയെ ഓർമ്മ വന്നു…അവനും ഉണ്ട് നുണക്കുഴികൾ… അവനും അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായൊരുന്നു…ഇതുവരെ ഉണ്ടാകാത്ത ഒരു അനുഭൂതി തന്നിൽ നിറയുന്നത് അവൻ അറിഞ്ഞു.. ഇവൾക്ക് തന്റെ ജീവിതവുമായി എന്തൊക്കെയോ ബന്ധമുണ്ടെന്ന് അവന്റെ ഹൃദയതാളം അവനോട് പറയാതെ പറഞ്ഞുകൊണ്ടിരുന്നു… എന്നാൽ പെട്ടന്ന് അവന് അവന്റെ പാത്തുവിനെ ഓർമ്മ വന്നു…

തന്റെ മനസ്സ് എന്തുകൊണ്ട് അവളുടെ മേലേക്ക് ചായുന്നു എന്നവൻ ചിന്തിച്ചു…അവളെയല്ലാതെ വേറെയാരെയും തനിക്ക് ആ സ്ഥാനത്തേക്ക് കൊണ്ടുവരുവാൻ കഴിയില്ല എന്ന് അവന്റെ മനസ്സിനോട് അവൻ മന്ത്രിച്ചു… എന്നാൽ കാലത്തിന്റെ കണക്കുപുസ്തകത്തിൽ സൈറയൊടൊത്തുള്ളൊരു ജീവിതമാണ് അവനായി കാത്തിരിക്കുന്നതെന്ന് അന്നവനറിഞ്ഞിരുന്നില്ല…… അവളുടെ കയ്യിലിരുന്ന ആ പെണ്കുട്ടി അപ്പേ എന്ന് വിളിച്ചപ്പോഴാണ് ഇരുവർക്കും പരിസരബോധം വന്നത്…

രണ്ടുപേർക്കും പിന്നെ തമ്മിൽ നോക്കാൻ മടിയായിരുന്നു… എങ്കിലും കാശിതന്നെയാണ് വീണ്ടും അവളോട് മിണ്ടിയത്…അപ്പോഴും കുഞ്ഞുങ്ങൾ രണ്ടുപേരും അവളുടെ കയ്യിൽ ആയിരുന്നു.. “മലയാളിയാണോ”..കാശി ചോദിച്ചു.. “ആഹ്…അതേ”..അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു… “അപ്പേടെ ചക്കര വാ…ആന്റിയെ ബുദ്ധിമുട്ടിപ്പിക്കല്ലേ…” അവൻ ആമിയെ നോക്കി കൈനീട്ടിക്കൊണ്ട് പറഞ്ഞു എന്നാൽ ആമി അവൻ പറയുന്നത് കേൾക്കാതെ സൈറയുടെ നെഞ്ചോട് ചാഞ്ഞു….

അതേസമയം ആദി ചാടി കാശിയുടെ കൈകളിലേക്ക് കയറി… ഇരുവർക്കും അതൊരു അത്ഭുതമായിരുന്നു…കാരണം കുഞ്ഞുങ്ങൾ രണ്ടുപേരും അപരിചിതരുമായി ഇടപഴകാൻ മടിയുള്ളവരാണ്…എന്നാൽ ഇപ്പോൾ നടക്കുന്നത് എന്തെന്നറിയാതെ രണ്ടുപേരും കുഞ്ഞുങ്ങളെ മാറി മാറി നോക്കി…. അവർ കുഞ്ഞുങ്ങളെ തമ്മിൽ കൈമാറാൻ തുനിഞ്ഞെങ്കിലും കുഞ്ഞുങ്ങൾ പോരാൻ കൂട്ടാക്കിയില്ല… അവസാനം അവർ ആ ഉദ്യമം ഉപേക്ഷിച്ച് ഇരുവരും ഒന്നിച്ച് നടന്ന് അവർക്കവശ്യമുള്ള സാധനങ്ങൾ എടുത്തുകൊണ്ടിരുന്നു…

“ഇയാളുടെ പേരെന്താ..” കാശിയാണ് വീണ്ടും സംസാരത്തിന് തുടക്കം കുറിച്ചത്.. “സൈറ..സൈറ മറിയം സാമുവേൽ…ഇവിടെ ബാംഗ്ലൂരിൽ തന്നെ മെഡി വേൾഡ് എന്ന ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ആണ്…”… “ഓഹ്.. ഐ സി…ഹസ്ബൻഡ് എന്ത് ചെയ്യുന്നു..” അവളുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി…അവൾ ഒന്ന് ചിന്തിച്ചു..പിന്നെ മനസ്സിലെ പതർച്ച മുഖത്ത് വരുത്താതെ അവൾ ഉത്തരം നൽകി.. “ഇച്ഛായൻ ദുബായിൽ ആണ്…അവിടെ ബിസിനെസ്സ് ആണ്… ഇദ്ദേഹത്തിന്റെ പേരെന്താ…കുടുംബം.”

അവൾ വിഷയം മാറ്റാണെന്നോണം ചോദിച്ചു.. “ഓഹ്.. ഞാനത് മറന്നു… എന്റെ പേര് കാശിരുദ്ര…എറണാകുളം ആണ് സ്വദേശം…ഇയാളുടെ തോളിൽ ചാഞ്ഞിരിക്കുന്നത് എന്റെ മകൾ..അധ്വിക എന്ന എന്റെ ആമിക്കുട്ടി..” “രുദ്രേട്ടന്റെ ഭാര്യ….രുദ്രേട്ടൻ എന്ന് വിളിക്കാലോലെ…” “ഇയാൾ അങ്ങനെ വിളിച്ചോളൂ…എനിക്ക് കുഴപ്പമില്ല….പിന്നെ എന്റെ ഭാര്യ കുറച്ചുനാൾ മുന്നേ ഒരു അപകടത്തിൽ…” ബാക്കി പറയാനാകുന്നതിനു മുന്നേ കണ്ണ് നിറഞ്ഞത് അവൾ കാണാതിരിക്കുവാനായി അവൻ മുഖം തിരിച്ചു…

എന്നാൽ അവൾ അത് കണ്ടിരുന്നു… “ഓഹ്… ആം സോറി… ” “ഹേയ്..ഇറ്റ്‌സ് ഓൾ റൈറ്റ്…പെട്ടന്ന് അവൾ ഓർമ്മയിലേക്ക് വന്നു….അവളുടെ അഭാവം നിമിത്തം ആമിയെ നോക്കിയതും വളർത്തിയതും ഒക്കെ ഞാനാ… എന്റെ അമ്മയുടെ അടുക്കൽ പോലും പോവാൻ അവൾക്ക് മടിയാ.. എന്നാൽ ഇയാൾ എടുത്തപ്പോൾ ഒരു കരുതൽ തോന്നിയതിനാലാകാം അവൾ കൂടെ തന്നെ നിൽക്കുന്നത്…ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ പിടിക്കാട്ടോ..” “അയ്യോ..ഒരു ബുദ്ധിമുട്ടും ഇല്ല….. ആമിമോൾക്ക് എത്ര വയസ്സായി….”

“കഴിഞ്ഞ മാസം ഒന്നര തികഞ്ഞു….” “ആഹാ..അപ്പൊ ആദിയും ആമിയും ഒരേ പ്രായമാണല്ലോ…അവനും കഴിഞ്ഞ മാസമാണ് ഒന്നര വയസ്സായത്…” “ആദി….”…കാശി സംശയരൂപേണ ചോദിച്ചു… “ഹ..ഹ…രൂദ്രേട്ടന്റെ തോളിൽ കിടക്കുന്ന കക്ഷി…എന്റെ മോൻ..അദ്രിയേൽ…ആദി എന്ന് വിളിക്കും…” “ആഹാ..ആദിയും ആമിയും…കൊള്ളാലോ..” “രൂദ്രേട്ടന്റെ താമസം എവിടാ…ഇവിടെ എത്തിയിട്ട് അധികം ആയിട്ടില്ല എന്ന് മനസ്സിലായി…അതുകൊണ്ടാ ചോദിച്ചെ…”

“ഹാ..ഇയാൾ പറഞ്ഞത് ശെരിയാണ്.. ഞാൻ ഇന്നാണ് ഇവിടെയെത്തിയത് തന്നെ…പിന്നെ ഞാൻ രണ്ട് ദിവസത്തേക്ക് എന്റെ കൂട്ടുകാരന്റെ അനിയന്റെയും അവന്റെ കൂട്ടുകാരുടെയും കൂടെയാണ് താമസം… രണ്ട് ദിവസം കഴിഞ്ഞാൽ ഒരു ഫ്‌ളാറ്റ് ശെരിയാക്കാം എന്നവൻ ഏറ്റിട്ടുണ്ട്… സ്ഥലം ഒന്ന് പരിചയമാകുന്നതുവരെ കൂടെ താമസിക്കാമെന്നും അവൻ പറഞ്ഞിട്ടുണ്ട്…” അങ്ങനെ ഓരോന്ന് സംസാരിച്ച് സംസാരിച്ച് അവർ സാധനങ്ങളെല്ലാം വാങ്ങി അവരവരുടെ ബില്ല് കൊടുത്തു…

കാശി കൂട്ടത്തിൽ രണ്ട് ചോക്ലേറ്റും കൂടെ ഒന്ന് രണ്ട് സോഫ്റ്റ് ടോയ്‌സും വാങ്ങി…ഒന്ന് ആദിക്കും മറ്റേത് ആമിക്കും കൊടുത്തു… പോരാൻ നേരം ആദി സൈറയ്ക്ക് നേരെ ചാഞ്ഞു…രാത്രി ആ മാറിന്റെ ചൂടേൽക്കാതെ അവന് ഉറങ്ങാൻ കഴിയില്ലായിരുന്നു… എന്നാൽ ആമി കാശിയുടെ കൂടെ പോകാൻ കൂട്ടാക്കിയതെയില്ല..അവൾ എന്ത് ചെയ്തിട്ടും സൈറയെ വിട്ടുപോയില്ല…അവസാനം കാശി ബലം പിടിച്ചാണ് കുഞ്ഞിനെ കൊണ്ടുപോയത്..കൂട്ടത്തിൽ ഒരു സോറി പറയാനും മറന്നില്ല…

എന്നാൽ സൈറയ്ക്ക് ആ സോറി പറച്ചിൽ ഇഷ്ടപെട്ടില്ലായിരുന്നു….അത് അവളുടെ മുഖത്ത് വെളിവാകുകയും ചെയ്തു.. കുഞ്ഞാമി കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടപ്പോഴേ അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു…അവളുടെ ഹൃദയം വല്ലാതെ തുടികൊട്ടി… കൂടാതെ ആമി പോയ വിഷമത്തിൽ ആദിയാണെങ്കിൽ കുവാ..കുവാ..എന്ന് വിളിച്ചു കരയാൻ തുടങ്ങി…അവന്റെ ഭാഷയിൽ ആമിയെ കുഞ്ഞാവ എന്ന് അഭിസംബോധന ചെയ്തതാണവൻ…

ആ കാർ കണ്ണിൽനിന്ന് മറയുവോളം ഇരുവരും നോക്കിനിന്നു പോയ്‌…ആ കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും തന്റെ കാതുകളിൽ അലയടിക്കുന്നതായി തോന്നിയവൾക്ക്… തിരിച്ച് വണ്ടിയോടിക്കുമ്പോഴും അവളുടെ മനസ്സിൽ തെളിഞ്ഞുനിന്നിരുന്നത് കരയുന്ന ആമിയുടെയും അവൾ പോയതിൽ വിഷമിച്ച് അവളെ തിരികെ വിളിക്കുന്ന ആദിയുടെയും ചിത്രമായിരുന്നു… പത്ത് മിനിറ്റ് ഡ്രൈവ് ചെയ്തശേഷം ഫ്‌ളാറ്റിൽ എത്തി…ആദിയെ പതിയെ എഴുന്നേല്പിക്കാൻ നോക്കിയെങ്കിലും അവൻ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല…

പക്ഷെ അവന് വിശക്കുന്നുണ്ടാകും എന്നറിഞ്ഞ അവൾ അവനെ കിടത്തിയ ഉടൻ തന്നെ അവന്റെ ഉറക്കത്തിൽ അവന് മുലപ്പാൽ കൊടുത്തു… അവനായി തന്റെ മുല ചുരത്തുമ്പോഴും ആമിയെക്കുറിച്ചുള്ള നൊമ്പരമായിരുന്നു അവളുടെ മനസ്സിൽ…മുലപ്പാൽ മാധുര്യം നഷ്ടമായ കുഞ്ഞുങ്ങളിൽ ഒരാളാണല്ലോ അവൾ എന്നോർത്ത് സൈറയ്ക്ക് അതീവ ദുഃഖം തോന്നി… താൻ നാലുവയസ്സുവരെ സമൃദ്ധമായി കുടിച്ചുകൊണ്ടിരുന്ന ആ പാലിന്റെ ഒരു തുള്ളിപോലും രുചിക്കാനാവാതെ ജീവിക്കുന്ന ആ കുഞ്ഞിനെ ഓർത്ത് അവൾക്ക് വലിയൊരു വേദന ഉള്ളിൽ രൂപപ്പെട്ടു…

പക്ഷെ ഇങ്ങനെ വേദനിക്കാൻ കാരണം എന്താണെന്ന് അവൾ പല തവണ തന്റെ മനസ്സിനോട് ചോദിച്ചെങ്കിലും അതിനൊരു ഉത്തരം അവൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല… അങ്ങനെ ഈ ചിന്തകൾക്കെല്ലാം ഒടുവിൽ ആദിക്ക് പാലും കൊടുത്തുകൊണ്ട് അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു… ★★★★★★★★★★★★★★★★★★★★

രാവിലെ ഏഴുമണിക്ക് മിയ തിരികെ വന്നു കാളിങ് ബെല്ലടിച്ചപ്പോഴാണ് അവൾ ഉണർന്നത്.. അവൾ തന്റെ നെഞ്ചിൽ പറ്റിച്ചേർന്നുറങ്ങുന്ന ആദിയെ ഉണർത്താതെ പതിയെ എഴുന്നേറ്റ് വാതിൽ തുറന്ന് കൊടുത്തു…തൊട്ട് പിറകെ തന്നെ രാധമ്മയും എത്തി… രാധമ്മ അടുക്കളയിലേക്കും സൈറ മിയയെയും വലിച്ചുകൊണ്ട് മിയടെ മുറിയിലേക്ക് പോയി.. “എന്നതാടി…എന്റെ കൈ…” മിയ സൈറയോട് പറഞ്ഞു “അത് എടി… എനിക്കിതൊന്നും നിന്നോട് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടുകേല..

അതാ…” “കാര്യം എന്നതാടി പെണ്ണേ.. എനിക്ക് ഉറങ്ങണം…” “അത്…. അവൾ ഇന്നലെ ആമിയെ കണ്ടതും തന്റെ മനസ്സിനുണ്ടായ വേദനയും എല്ലാം അവളുമായി പങ്കുവച്ചു….. “എടി സൈറമ്മോ…അത് നിന്റെ തോന്നലാണ്…അന്നത്തെ സംഭവത്തിന് ശേഷം അച്ഛനോ അമ്മയോ ഇല്ലാത്ത ആരെ കണ്ടാലും നിനക്കീ പ്രശ്നമുള്ളതല്ലേ… പിന്നെ ഇനി നീ ആ കുഞ്ഞിനെ കാണും എന്നുറപ്പുണ്ടോ…അതും ഇല്ല…അതുകൊണ്ട് മോള് ബേജാറാവാതെ പോയി റെഡി ആയി ഹോസ്പിറ്റലിൽ പോ…

ഞാൻ ഒന്ന് കുളിക്കട്ടെ…അപ്പോഴേക്കും നീ ആദിയെ എഴുന്നേല്പിച് ഭക്ഷണം ഒക്കെ കൊടുക്ക്…നീ പോയിട്ട് വേണം ഞങ്ങൾക്ക് കിടന്നുറങ്ങാൻ….” അവൾ അത് കേട്ട് ചിരിച്ചുകൊണ്ട് ആദിയെ എഴുന്നേല്പിക്കാനായി പോയി…മിയയോട് സംസാരിച്ചപ്പോൾ തന്റെ മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ തോന്നിയവൾക്ക്.. അവൾ വേഗം തന്നെ ആദിയെ എഴുന്നേല്പിച്ചു ഗോതമ്പുകൊണ്ടുള്ള ബ്രെഡ്ഡും പാലും പഞ്ചസാരയും കൂടെ കൂട്ടി കൊടുത്തു.. എന്നിട്ട് വായ കഴുകിച്ച്‌ കുളിപ്പിച്ചു സുന്ദരനാക്കി മിയയുടെ കയ്യിൽ കൊടുത്ത് അവൻ കാണാതെ ആശുപത്രിയിലേക്ക് തിരിച്ചു…. ★★★★★★★★★★★★★★★★★★★★

പത്ത് മിനിറ്റിനകം അവൾ ആശുപത്രിയിലെത്തി….പഞ്ചിങ് കഴിഞ്ഞ് നടന്നുപോകുന്നതിനിടയിൽ അവൾ ചുമ്മാ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ തനിക്കു പരിചയമുള്ളപോലത്തെ ഒരാളെ ഒരു മിന്നായം പോലെ കണ്ടു.. അവൾ വേഗം ആ വഴിയേ നടന്നു..അവസാനം ഒരു മുറിയിൽ എത്തിച്ചേർന്നു…അവിടെ കിടക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് സന്തോഷവും സങ്കടവും ചേർന്ന സമ്മിശ്ര വികാരങ്ങളുണ്ടായി….അവളുടെ കണ്ണുകൾ നിറഞ്ഞു…

(തുടരും…)

അറിയാതെ : ഭാഗം 2