Sunday, December 22, 2024
LATEST NEWSTECHNOLOGY

ഭൂമിയുടെ ഉൾക്കാമ്പിൽ നിന്ന് ‘ പ്രാചീന വാതകം’ പുറന്തള്ളപ്പെടുന്നു

പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തിലേക്ക് നയിച്ച മഹാവിസ്ഫോടനത്തിനുശേഷം രൂപപ്പെട്ട ഏറ്റവും പുരാതനവും അപൂർവവുമായ ഹീലിയം വാതകം ഭൂമിയുടെ കാമ്പിൽ നിന്ന് പുറന്തള്ളപ്പെടുന്നതായി ശാസ്ത്രജ്ഞർ. ഹീലിയം -3 എന്നറിയപ്പെടുന്ന ഈ വാതകം 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് മഹാവിസ്ഫോടന സമയത്ത് ഉത്ഭവിച്ചതാണ്. ഇത് പിന്നീട് സോളർ നെബുലയുടെ ഭാഗമായി. വലിയ, കറങ്ങുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും ഒരു വലിയ മേഘമാണ് സോളാർ നെബുല. സൗരയൂഥത്തിന്‍റെ സൃഷ്ടി ഈ നെബുലയിൽ നിന്നാണ് വന്നതെന്ന് കരുതപ്പെടുന്നു.

ഹീലിയം 3 യുടെ ഒരു വലിയ ഉറവിടം ഭൂമിയുടെ കാമ്പിലാണ് സ്ഥിതിചെയ്യുന്നതെന്ന് ഈ പഠനം തെളിയിച്ചിട്ടുണ്ട്. ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ സോളർ നെബുലയുടെ ഉള്ളിലാണ് രൂപപ്പെട്ടതെന്നും അതിന്‍റെ വക്കിലല്ല എന്നുമുള്ള അവകാശവാദത്തെ ഈ കണ്ടെത്തൽ ശക്തിപ്പെടുത്തുന്നു. അമേരിക്കയിലെ ന്യൂ മെക്സിക്കോ സർവകലാശാലയിലെ ജിയോഫിസിസ്റ്റായ പീറ്റർ ഓൾസണും സംഘവും ചേർന്നാണ് പഠനം നടത്തിയത്. ഹീലിയം 3 ഹീലിയം മൂലകത്തിന്‍റെ ഐസോടോപ്പ് രൂപമായി കണക്കാക്കപ്പെടുന്നു. സാധാരണ ഹീലിയം ന്യൂക്ലിയസിൽ രണ്ട് ന്യൂട്രോണുകൾ ഉണ്ട്. എന്നാൽ ഹീലിയം 3 ന് ഒരെണ്ണം മാത്രമേ ഉള്ളൂ.

ഭൂമിയിലെ മൊത്തം ഹീലിയത്തിന്‍റെ 0.0001% മാത്രമാണ് ഹീലിയം-3 ന്‍റെ പങ്ക്. ഹൈഡ്രജന്‍റെ ന്യൂക്ലിയർ ശേഷിയുള്ള ഐസോടോപ്പായ ട്രിഷ്യത്തിന്റെ അപചയവും ഹീലിയം 3-ന്‍റെ ഉൽപാദനത്തിന് കാരണമാകുന്നു. എന്നാൽ ഈ വാതകം സൗരയൂഥത്തിലേക്ക് വരാനുള്ള പ്രധാന കാരണം ബിഗ് ബാങ് സ്ഫോടനമാണ്. ഓരോ വർഷവും ഏകദേശം 2 കിലോഗ്രാം ഹീലിയം -3 വാതകം ഭൂമിയിൽ നിന്ന് പുറന്തള്ളപ്പെടുന്നു. ഇത് വളരെ ചെറിയ അളവാണ്. ഹീലിയം 3 ഒരു കാലത്ത് ഭൂമിയിൽ സമൃദ്ധമായി ലഭ്യമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 4 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ പിണ്ഡമുള്ള വസ്തു ഭൂമിയിലേക്ക് ഇടിച്ചുകയറുകയും വാതകം ഭൂമിയിൽ നിന്ന് വലിയ തോതിൽ നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ സമയത്താണ് ചന്ദ്രൻ സൃഷ്ടിക്കപ്പെട്ടതെന്നും വാദമുണ്ട്.