Tuesday, January 21, 2025
Novel

ആനന്ദ് കാരജ് : ഭാഗം 1

നോവൽ
എഴുത്തുകാരി: തമസാ


“ഉത്തരാ…”

ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റ് കിതച്ചു അയാൾ… വിയർപ്പ് നെറ്റിത്തടത്തിൽ പറ്റിപ്പിടിച്ചിരുന്നു.. ശ്വാസം വലിച്ചെടുത്തു കൊണ്ട് കട്ടിലിൽ രണ്ടു കൈകളും ഊന്നി തല കുനിച്ചയാൾ ഇരുന്നു..

“എന്താണ് മോനേ..

അയാളുടെ അമ്മ ഓടി വന്നു നെറ്റിയിൽ കൈ വെച്ചു.

“മ്മ്.. പനി വിട്ടുന്നു തോന്നുന്നു മോനേ.. അതിന്റെ ആവും ഇങ്ങനെ വിയർത്തത്.. പിന്നെ നീ എന്താണ് ആദ്യം ഉറക്കെ വിളിച്ചു പറഞ്ഞത്.? .. അത് കേട്ടിട്ടാണല്ലോ ഞാൻ ഓടി വന്നത്.. ”

അയാൾ അമ്മയെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് പിന്നെ ഒന്നുമില്ലെന്ന് തലയാട്ടി..

“അമ്മ പൊയ്ക്കോ.. ഞാൻ ഇത്തിരി കൂടി കിടക്കട്ടെ ”

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉത്തര…

ആ പേര് മാത്രം അയാൾ വീണ്ടും വീണ്ടും മനസിലിട്ടാലോചിച്ചു…

ആരാണെനിക്കവൾ… എന്റെ മനസിനെപോലും സ്പർശിക്കാത്തവൾ.. ഓർക്കേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല ഈ ദിവസം വരെ.. പക്ഷേ ഇന്ന്….

ജീവിതത്തിലെ കഴിഞ്ഞു പോയ ഇന്നലെകളെ നമ്മളെ ഓർമിപ്പിക്കുന്നത് ഇന്നത്തെ ഓരോ സംഭവങ്ങൾ ആയിരിക്കുമല്ലോ.. അത് മാത്രമാണ് വീണ്ടും എന്നെ ഉത്തരയിൽ എത്തിച്ചത്…

ഞാൻ ഡോക്ടർ ആസാദ് പണിക്കർ….

പട്ടാളക്കാരനായ അച്ഛന്റെ മകൻ… അദ്ദേഹം ആണ് ആസാദ്‌ എന്ന പേരും ഇട്ടത്.. അമ്മ ശാരദ ..ഹൗസ് വൈഫ്‌ ആണ്.. അച്ഛന്റെ കൂടെ ഇപ്പോൾ അടുക്കള തോട്ടം ഒക്കെ ആയി നടക്കുന്നു..

എനിക്ക് ജോലി ആയതിൽ പിന്നെ അവർക്ക് റസ്റ്റ് വിധിച്ചിരുന്നു ഞാൻ..ഇപ്പോൾ തൃപ്പൂണിത്തുറ KBS ഹോസ്പിറ്റലിൽ കാർഡിയോളോജിസ്റ്റ് ആയി വർക്ക് ചെയുന്നു..

ഇന്ന് ഹോസ്പിറ്റലിന്റെ നാലാം നിലയിൽ നിന്ന് ബഹളം കേട്ടിട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.. നോക്കിയപ്പോൾ നല്ലൊരു ആൾക്കൂട്ടം തന്നെയുണ്ട്.. നടുക്ക് ഇവിടത്തെ തന്നെ നേഴ്സ്മാരായ പ്രദീപും സജിനയും..
ഭാഷ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു..

കുരിശിലേറ്റപെട്ടവരെ നില്കുകയാണവർ..

സംഭവം അന്വേഷിച്ചു.. ഞാൻ ഒഴികെ അവിടെ പലർക്കും അറിയാമായിരുന്നു അവർ തമ്മിൽ പ്രണയത്തിലാണെന്ന്.. ഡ്യൂട്ടി റൂമിൽ ഇവര് മാത്രം ഉള്ള സമയത്താണ് ഏതോ രോഗിയുടെ ബൈസ്റ്റാൻഡേർ കതക് തുറന്നത്..

അവളുടെ കഴുത്തിലൂടെ കയ്യിട്ട് നിൽക്കുന്ന അവനേ കണ്ടതോടെ രംഗം വഷളായി.. ആൾകാർ കൂടി..

സദാചാര വാദികൾ – രോഗികളും കൂട്ടുകിടപ്പുകാരും, എന്തിനധികം, ഇവിടത്തെ സ്റ്റാഫുകൾ വരെ അവർക്കെതിരെ മോശമായി പറയുന്നുണ്ടായിരുന്നു..

സജിനയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന പ്രദീപിനോട് അറയ്ക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്..

ചുറ്റും നിന്ന നഴ്സുമാർ തന്നെ, ഇവര് തമ്മിൽ പണ്ടേ ഇങ്ങനെയാ.. അവിഹിതം.. അല്ലാതെന്താ… ഇവർക്കൊക്കെ വല്ല റൂം വാടകയ്‌ക്കെടുത്തു ചെയ്തു കൂടെ എന്നൊക്കെ പറയുന്നു..

അവർ ചെയ്ത തെറ്റ് മാത്രം എനിക്ക് മനസിലായില്ല.. ഒരാണും പെണ്ണും കഴുത്തിലൂടെ കയ്യിട്ട് സംസാരിച്ചാൽ പൊട്ടിമുളയ്ക്കുന്നതാണോ സദാചാര ബോധം..

ഡോക്ടർ ആയതുകൊണ്ട് ഞാൻ പറഞ്ഞൊഴിവാക്കി.. പ്രദീപിനെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു.. അവന് പേടിയായിരുന്നു.. അവളുടെ വീട്ടിൽ ഇതെല്ലാം അറിഞ്ഞാൽ എന്ത് സംഭവിക്കുമെന്നോർത്ത്..

അതെല്ലാം സെറ്റിൽ ചെയ്ത് അവിടെ നിന്നിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഈ പേര് മാത്രമേ ഉണ്ടായിരുന്നുനുള്ളു.

ഉത്തര..

ഞാനും അവളും…..
സദാചാരത്തിന്റെ പുഴുത്ത മുഖം കണ്ട രണ്ടുപേർ.

ജോലിയിൽ നിന്ന് വൺ മന്ത് ലീവെടുത്ത് ഏതെങ്കിലും സംസ്ഥാനങ്ങൾ ഫുൾ കാണുന്നത് എനിക്ക് ഒരു മോഹം ആയിരുന്നു..

അങ്ങനെ ആണ് രണ്ടു മാസം മുൻപ് ഞാൻ പഞ്ചാബിലേക്ക് പോയത്.. ട്രെയിനിൽ കേറ്റി ബുള്ളറ്റും കൊണ്ടുപോവാറുണ്ട്… പഠിക്കുന്ന കാലത്ത് തുടങ്ങി വെച്ച പരിപാടി ആണ്..

അന്ന് വാഗയിലെ റിട്രീറ്റ് സെറിമണിയും കഴിഞ്ഞ് അട്ടാരി വിടുമ്പോൾ സമയം 8 ആയിരുന്നു.. പെട്ടെന്ന് ബുള്ളറ്റിന്റെ വെളിച്ചത്തിൽ ഇത്തിരി ദൂരേ കൺവെട്ടത്ത് ഒരാൾ ഒരു പെണ്ണിനെ കൈ കൊണ്ട് വലിച്ചയാളിലേക്ക് അടുപ്പിക്കുന്നത് കണ്ടു.. ആ കുട്ടി കുതറുന്നുണ്ട്.. പക്ഷേ എതിർക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

” അമ്മാ ”

ആ ഒരു വിളി എന്റെ കർണപുടങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കടന്നു പോയി..
അടുത്തെത്തി അയാളെ വണ്ടിയിലിരുന്ന് തന്നെ ചവിട്ടി വീഴ്ത്തുമ്പോൾ, ആശ്രയം കിട്ടിയപോലെ എന്റെ സൈഡിലേക്ക് അവൾ ചേർന്നു നിന്നു.

പിന്നെ അവിടെ ഉന്തും തള്ളും അടിയും ഇടിയുമായി . അയാൾക്കുള്ളത് ഇരിപ്പത് കൊടുത്തിട്ട് അവളോട് വണ്ടിയിൽ കേറാൻ പറയുമ്പോൾ പരസഹായം എന്നതിനപ്പുറം ഞാൻ ചിന്തിച്ചിട്ടില്ല.. അവളെന്റെ പുറത്തേക്ക് ചാഞ്ഞു കിടന്നു..

കരയുവാണെന്ന് പുറം നനഞ്ഞപ്പോൾ മനസിലായി… കരഞ്ഞോട്ടെ… ആരാണെന്നറിയാത്തവൻ, കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ഭയപ്പെട്ടിട്ടുണ്ടാകും..

വളവുകൾ തിരിഞ്ഞു മുന്നോട്ട് പോയ ബുള്ളെറ്റിനു നേരെ പെട്ടെന്നൊരു നാഷണൽ പെർമിറ്റ് വണ്ടി വന്നു നിന്നു.. അതിൽ ഏഴെട്ട് ആൾക്കാരും ഉണ്ടായിരുന്നു..

ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്ന് പറഞ്ഞവർ കുറേ അധിക്ഷേപിച്ചു.. അവളുടെ കവിളിൽ കുത്തിപ്പിടിച്ചപ്പോൾ അടിക്കേണ്ടി വന്നു എനിക്കവരെ..

അവരിൽ ഒരാൾ മാറി നിന്നു ഫോൺ വിളിച്ചു കുറച്ച് കഴിഞ്ഞപ്പോൾ ദൂരേ നിന്ന് ഒരു ജിപ്സി അടുത്ത് വന്നു നിന്നു…

അതിൽ നിന്നും നാല് ആണുങ്ങളും ഇറങ്ങി.. പ്രായം കൂടിയ ഒരാളെ നോക്കി അവൾ ബാബാ എന്ന് വിളിച്ച് ഓടിപ്പോയി കെട്ടിപ്പിടിച്ചു.. അയാൾ അവളെ അടിച്ചു..

അവളുടെ ഫാദർ ആണെന്ന് മനസിലായത് കൊണ്ട് ഞാൻ ഇടപെട്ടില്ല.. അവളെന്തൊക്കെയോ അവരോട് പറയുന്നുണ്ടായിരുന്നു..

ഒരുത്തൻ വന്നുഹിന്ദിയിൽ അവരുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു.. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നെ ഞാനും കൂടെ ചെന്നു..

അവരുടെ പുറകെ ബുള്ളറ്റിൽ ഞാനും കൂട്ടത്തിൽ ഉള്ള ഒരുത്തനും അവളെ കേറ്റിയ ആ ജിപ്സിക്ക് പുറകെ ചെന്നു..

വണ്ടി ചെന്നു നിന്നത് ഒരു വലിയ ഇരുനില വീടിന്റെ മുറ്റത്തേക്ക് ആയിരുന്നു.. കല്യാണ വീടാണെന്ന് കുറച്ച് സമയത്തിനുള്ളിൽ തന്നെ മനസിലായി.. അവർ സിഖ്കാർ ആണ്.. അത് അവളുടെ വീട്ടുകാരെ കണ്ടപ്പോഴേ മനസിലായിരുന്നു..

ഒരു സ്ത്രീ ഇറങ്ങി എന്റെ വണ്ടിയുടെ അടുത്തെത്തി..

” കെ. എൽ….?
ഇത് കേരള രെജിസ്റ്റെഡ് വണ്ടി ആണല്ലോ.. കുട്ടി മലയാളി ആണോ? ”

പിന്നെ വീടും സ്ഥലവും ഡോക്ടർ ആണെന്നും എല്ലാം പറഞ്ഞു..

അവർ മലയാളി ആണ്.. സീതാലക്ഷ്മി… സിഖ്കാരനെ കല്യാണം കഴിച്ച് ഇപ്പോൾ നോർത്ത് ഇന്ത്യൻ ആയതാണ്..

ഞാൻ ഉത്തരയുടെ അമ്മയാണ് എന്നവർ സ്വയം പറഞ്ഞു.. ഉത്തര ആരാണെന്ന് മനസിലായില്ലെങ്കിലും കേട്ടു നിന്നു..

അവസാനം ഉത്തര ഞാൻ രക്ഷപ്പെടുത്തിയ കുട്ടി ആണെന്നും ജിപ്സിയിൽ വന്നത് അവളുടെ അച്ഛനും ചേട്ടന്മാരും ആണെന്ന് മനസിലാക്കിയെടുത്തു..

പിന്നെ അവിടെയൊരു ബഹളം ആയിരുന്നു. എന്തൊക്കെയോ ചടങ്ങുകൾ.. ഇടയ്ക്ക് അവളെന്റെ അടുത്തു വന്നു….

” രക്ഷപെടാൻ വേറെ വഴിയൊന്നുമില്ല.. നമ്മൾ തമ്മിൽ പ്രണയത്തിലാണെന്നാ ഇവിടെ എല്ലാവരോടും ഞാൻ പറഞ്ഞിരിക്കുന്നത്..

നാളെ നമ്മുടെ കല്യാണം നടത്താൻ ഉള്ള പരിപാടി ആണ് നടക്കുന്നത്.. ഇനി തനിക്ക് ഇവിടെന്ന് പോവാൻ പറ്റില്ല..എന്താ ചെയ്ക ” (ഉത്തര )

” ഡോ തനിക്ക് മലയാളം ഒക്കെ അറിയാലേ.. എങ്കിൽ കേട്ടോ ഞാൻ പോകുവാ.. ഞാൻ തന്നെ കെട്ടണോ.. വന്നപ്പോഴേ എനിക്ക് സംശയം തോന്നിയതാ ഇത് കല്യാണ വീട് വല്ലതും ആണോ എന്ന്..

അപ്പോൾ മോള് പറ്റിയ ചെറുക്കനെ തപ്പി ഇറങ്ങിയത് ആണല്ലേ.. കൊള്ളാലോ… അങ്ങനെ ഓസിന് ഒരു ഡോക്ടറെ ഒപ്പിച്ചെടുക്കണ്ട.. അതിനുള്ള യോഗ്യത ഒന്നും ഇയാൾക്കില്ല.. ”

നാശം.. എനിക്ക് ദേഷ്യം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഇങ്ങോട്ട് വരാൻ തോന്നിയൊരു നിമിഷം.. ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു..

” ഡോക്ടർക്ക് പോവാൻ പറ്റില്ല.. കയ്യിൽ കഠാരയുമായി നിൽക്കുന്ന സിഖ്‌കാരെ കണ്ടോ.. എന്റെ ബന്ധുക്കളാ അവർ.. ചിലപ്പോൾ കൊല്ലും അവർ ഇയാളെ.. ”

ആകെ നടുക്കടലിൽ പെട്ട് പോയൊരു അവസ്ഥ..

“എനിക്ക് ഡോക്ടറുടെ അവസ്ഥ മനസിലാവും.. പക്ഷേ ഞാൻ എന്ത് ചെയ്യാനാണ്..അവിടെ എന്നെ ഉപദ്രവിച്ച ആള് ആണ് നാളെ എന്നെ വിവാഹം കഴിക്കാൻ ഇരുന്നത്..

പക്ഷേ അയാൾക്ക് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഇന്നലെ രാത്രി മനസിലാക്കി ഞാൻ..വീട്ടിൽ ആരും എന്നെ വിശ്വസിക്കാത്തതു കൊണ്ടാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിപ്പോയത്..

ആരും അന്വേഷിച്ചു വരാതിരിക്കാൻ വേണ്ടി ആണ് ഇഷ്ടപ്പെട്ട ആളുടെ കൂടെയാ പോവുന്നതെന്ന് എഴുതി വെച്ചത്… പക്ഷേ അയാളുടെ ആളുകൾ തടസ്സം വന്നു നിന്ന് അവിഹിതം ആണെന്നൊക്കെ അറിയിച്ച് ബാബയെ വരുത്തിയത്… എനിക്കൊന്നും ചെയ്യാൻ കഴിയില്ല ഇനി .. ”

കണ്ണുകൾ കൊണ്ട് മാപ്പ് പറഞ്ഞവൾ പോയി..

എനിക്ക് ഈ വിവാഹം എങ്ങനെ എങ്കിലും മുടക്കിയാൽ മതി എന്നായിരുന്നു.. ബാച്‌ലർ ആണെങ്കിലും വേറെ ഒരു സ്റ്റേറ്റിൽ നിന്ന് കെട്ടുക എന്ന് പറഞ്ഞാൽ എനിക്കത് ബുദ്ധിമുട്ട് ആയിരുന്നു..

അവളുടെ ബാബയോട് എനിക്ക് സിഖ് ആവാൻ പറ്റില്ലെന്ന് പറഞ്ഞു.. പക്ഷേ മാറേണ്ട എന്ന് അവർ പറഞ്ഞു.. അവളെ കെട്ടിക്കൊണ്ട് പോരില്ലേ ഞാൻ.. പിന്നെ അതിന്റെ ആവശ്യം ഇല്ലെന്ന്

ആ പ്രതീക്ഷയും തീർന്നു..

കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ നേരം വെളുപ്പിച്ചു.. ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചു.. ഒന്ന് പ്രാർത്ഥിക്കണേ.. എന്തോ ഭയം തോന്നുന്നു എന്ന് മാത്രം അമ്മയോട് പറഞ്ഞു..

കേരളം അല്ലാത്തത് കൊണ്ടാവും ഒരു കോഴിയും രാവ് പുലർന്നപ്പോൾ കൂവിയില്ല..

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്.. എന്റെ വിവാഹം.. എന്റെ സമ്മതം പോലും ചോദിക്കാതെ…

“സ ശ്രീ അകാൽ ബേട്ടാ.. ”
തിരിച്ചു കൈ കൂപ്പി അവളുടെ ബാബയുടെ നേരെ…

ഇന്നാണ് ഈ ദിവസം.. ആനന്ദ് കാരജ്…. വിവാഹത്തിന് സിഖ്‌കാർ പറയുന്ന പേര്.. സന്തോഷത്തോടെ ഉള്ള ഒത്തുചേരൽ എന്നാണ് അർത്ഥം.. ആരെന്നോ എന്തെന്നോ സ്വഭാവം പോലും അറിയാത്ത ഒരുവളെ കെട്ടുന്നതെങ്ങനെ ആനന്ദ് കരാജ് ആവും.. പുച്ഛം…

ചുമന്ന ലെഹങ്കയിൽ നെറ്റിന്റെ ദുപ്പട്ട കൊണ്ട് മുഖം മറച്ചു കൊണ്ട് അവൾ വന്നു….

അവളുടെ കണ്ണുകൾ ചെഞ്ചോര നിറമാർന്ന നെറ്റിനുള്ളിൽ കണ്ണുനീരാൽ തിളങ്ങുന്നുണ്ടായിരുന്നു..

അവരുടെ തനതായ ശൈലിയില് വസ്ത്രം ധരിച്ച്, ഏറെക്കുറെ അക്ബർ ചക്രവർത്തി വാളും കൊണ്ട് നിൽക്കുന്ന പോലെ അവളുടെ അടുത്ത് ഞാനും നിന്നു…

പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ആസാദ് പണിക്കറെന്ന ഞാൻ ഉത്തര ഗുർപ്രീത് സിംഗ് എന്ന അവളെ വിവാഹം ചെയ്തു.. എന്ത് വിവാഹം..

രേഖകളിൽ എഴുതപ്പെട്ട എന്റെ ദുർവിധി.. സ്വർണ ചെയിനിൽ കറുത്ത കരിമണി മുത്തുകൾ പാകിയ മാലയുടെ അടിയിൽ വെളുത്ത കല്ല് പതിച്ച മാല.. അതായിരുന്നു മംഗൾ സൂത്ര.. നമ്മുടെ താലി..

അവളുടെ കൈകൾ നിറയെ വെള്ളയും ചുമപ്പും വളകൾ അണിയിച്ചിരുന്നു.. ആസ്വദിച്ചില്ലെങ്കിലും ഞാൻ എല്ലാം കണ്ടിരുന്നു..

സിന്ദൂരം ചാർത്തുമ്പോൾ എന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. അവളിൽ നിന്നൊരു ഏങ്ങൽ ഞാൻ അറിഞ്ഞു..

പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ..

മണിയറയൊക്കെ ഒരുക്കി അവർ എന്നെ അതിൽ കൊണ്ടു ചെന്നാക്കി..ബെഡിൽ അവളിരിപ്പുണ്ട്…ഒരു ചുമന്ന സാരിയിൽ .

ഇറങ്ങി ഓടിയാലോ എന്ന് വരെ ആലോചിച്ചു.. ചുമപ്പ് കാണുമ്പോൾ തന്നെ പേടിയാവുന്നുണ്ട് രാവിലെ തൊട്ട്..

” ഇവിടെ കിടന്നോളു… ഞാൻ തറയിൽ കിടന്നോളാം.. ”

“വേണ്ട… എനിക്ക് എത്രയും പെട്ടെന്നൊന്ന് തിരിച്ചു പോയാൽ മതി.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ വെന്ത് മരിക്കുവാ… മടങ്ങിപ്പോവാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താടോ.. ”

കണ്ണുകൾ നിറഞ്ഞു ബാഷ്പങ്ങൾ അവളുടെ കവിളിൽ പടർന്നു കൊണ്ടിരുന്നു..

അവളെണീറ്റു മെല്ലെ എന്റെ അടുത്ത് വന്ന് എന്നെ ഒന്ന് പുണർന്നു.. ചേർത്ത് പിടിക്കാനൊന്നും പോയില്ല… അതൊന്നും എന്റെ മനസിനെ തണുപ്പിക്കാൻ ഉതകുന്ന ഒന്നുമല്ല..

” ഡോക്ടർ ആണെന്ന് ഇന്നലെ പറഞ്ഞു കേട്ടപ്പോൾ മനസിലായി.. എന്ത് ഡോക്ടർ ആണെന്ന് വെച്ചാൽ ചികിത്സിക്കുന്ന ഏതെങ്കിലും രോഗിക്ക് സീരിയസ് ആണെന്ന് പറഞ്ഞു ഡോക്ടർ പോയെന്ന് ഞാൻ ഇവരോട് പറഞ്ഞോളാം..

ഇയാൾ പൊയ്ക്കോ.. എനിക്ക് കുഴപ്പൊന്നുമില്ല… പിന്നെ കള്ളത്തരം ആണെന്ന് ഒരിക്കലും അവരറിയാതെ നോക്കണം.. കൊല്ലാൻ പോലും മടിക്കില്ലവർ.. “(ഉത്തര)

“ഇല്ലെടോ… ”

സന്തോഷം കൊണ്ട് ഞാൻ അവളെ കെട്ടിപ്പിടിച്ചു..

” എന്നെ മനസിലാക്കാൻ തനിക്കെങ്കിലും പറ്റിയല്ലോ.. ഇനി പഞ്ചാബ് എന്നൊരു മോഹം ഈ ജന്മം എനിക്ക് തോന്നില്ല… വെറുത്തു പോയി..ഇവിടെ എനിക്കൊരു സഹായം ചെയ്ത തന്നെ ഞാൻ മറക്കില്ലാട്ടോ.. വാ ഒരു സെൽഫി എടുക്കാം ”

അവളുടെ തോളത്തു കൈ വെച്ച് ഞാൻ എന്റെ ഫോണിൽ ഒരു ഫോട്ടോ എടുത്തു..

” ഡോക്ടർ വരില്ലല്ലേ ഇനി ഇങ്ങോട്ട്?

“ഞാൻ ഇനി എന്തിന് വരണം.. ഇതൊക്കെ ഒരു ജാതി കല്യാണം അല്ലേ.. കുറച്ചു കഴിയുമ്പോൾ ഞാനും താനും മറക്കും… പക്ഷേ കേരളത്തിൽ വന്നാൽ എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാട്ടോ.. എന്തിനും കൂടെ നിൽക്കും.. അത് പോരേ… ”

” മറന്ന് പോവാതിരിക്കാൻ എനിക്കിപ്പോൾ എടുത്ത ഫോട്ടോ ഒന്ന് അയച്ചു തരുമോ?
പേടിക്കണ്ട.. ഞാൻ ആരെയും കാട്ടില്ല.. ഇതിന്റെ പേരിൽ ഡോക്ടർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല.. ”

അപ്പോൾ തന്നെ വാട്സാപ്പിൽ അവൾക്ക് ഫോട്ടോ അയച്ചു കൊടുത്തു…

” ഡോക്ടർ, ഞാനൊരു കൂട്ടം ചോദിച്ചാൽ തരുമോ.. ”

“എന്ത് ”

” ഡോക്ടറുടെ കഴുത്തിൽ കിടക്കുന്ന മാലയിലെ ലോക്കറ്റ്.. അത് മാത്രം.. ”

“അതിന്റെ ആവശ്യം ഉണ്ടോ ഡോ. ”

വേണം.. ഇത് മാത്രം.. വേറൊന്നും ചോദിക്കില്ല… ഇടയ്ക്കൊന്ന് ഓർക്കാൻ വേണ്ടി മാത്രം .. ഇനി ആര് കെട്ടിയാലും എന്റെ ആദ്യ വിവാഹം ഡോക്ടർ ആയിട്ട് ആണല്ലോ..

ഒരുപാട് സ്വപ്നങ്ങളിൽ കൂടി ഞാൻ കണ്ട ആനന്ദ് കാരജ്..അതാണ്‌ ഇങ്ങനെ ആയിപ്പോയത്.. അതിന്റെ ഓർമയ്ക്കായി മാത്രം.. ”

ഞാനെന്റെ ലോക്കറ്റിലേക്ക് നോക്കി.. മെല്ലെ ആസാദ് എന്ന് ഇംഗ്ലീഷിൽ കൊത്തിയ ലോക്കറ്റ് കഴുത്തിൽ നിന്ന് ഊരി അവൾക്ക് കൊടുത്തു.. അവൾ അത് ഉള്ളം കയ്യിൽ മംഗൾ സൂത്രയ്ക്ക് ഒപ്പം വെച്ച് അതിൽ ചുണ്ടമർത്തി..

മുറിവിട്ടിറങ്ങിയിട്ട് മെല്ലെ തിരിഞ്ഞു നോക്കി.. പതിഞ്ഞൊരു ചിരി അവളെനിക്കായ്‌ ആ ചുണ്ടിൽ കാത്തു വെച്ചിരുന്നു..

തുടരും….