Friday, November 22, 2024
Novel

അനാഥ : ഭാഗം 14

എഴുത്തുകാരി: നീലിമ

അടുത്ത ആഴ്ച ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികമാണ്… ഞങ്ങളുടെ എന്ന് പറഞ്ഞാൽ എന്റെയും നിമ്മിയുടെയും… അപ്പുവിനെ മുന്നിൽ കൊണ്ട് നിർത്തും എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിരുന്നതാണ്… ഇത് വരെ എനിക്കതിനു കഴിഞ്ഞില്ല… ജയിലിൽ നിന്നും കിട്ടിയ അഡ്രസ്സിൽ അവൻ ഉണ്ടായിരുന്നില്ല. അച്ഛന്റെ ഫോട്ടോ പത്രത്തിൽ കൊടുത്തിട്ടും പ്രയോജനം ഉണ്ടായില്ല… എങ്ങനെ കണ്ടെത്തണമെന്ന് ഇപ്പോഴും രൂപമൊന്നുമില്ല…. അരുണിനെ വിദഗ്ധ ചികിത്സായ്ക്കായി അവന്റ ബന്ധുക്കൾ ജർമ്മനിയിലോ അമേരിക്കയിലോ മറ്റോ കൊണ്ട് പോയീന്നു റാം ഇടയ്ക്ക് പറയുന്നത് കേട്ടു….

പിന്നീട് അവനെക്കുറിച്ചു ഇത് വരെ ഒരു വിവരോം കിട്ടിയില്ല… നിമ്മിയോട്‌ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല… അവൻ സുഖമായി തിരികെ വന്നാൽ വീണ്ടും നിമ്മിയെ ഉപദ്രവിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല… വെറുതെ അവളെ പേടിപ്പിക്കുന്നതെന്തിനാ? കിരണിനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഫോൺ എടുത്ത് അവന്റ നമ്പർ ഡയൽ ചെയ്തു. നിന്റെ കാൾ ഒന്നും ഇപ്പോൽ കാണാനില്ലല്ലോടാ മഹി… നിനക്ക് ഇങ്ങോട്ടും വിളിക്കാല്ലോ? ഞാൻ കുറച്ചു തിരക്കിലായിരുന്നെടാ… അപ്പുവിനെക്കുറിച്ചു ഒന്നും അറിഞ്ഞില്ലല്ലോ അല്ലേ? ഇല്ലെടാ… എന്താ ചെയ്യേണ്ടത് എന്നറിയില്ല…

നിമ്മീ ഇടയ്ക്കൊക്കെ ചോദിക്കുമായിരുന്നു.. ഇപ്പൊ അതും നിർത്തി… കിട്ടില്ലാന്നു തോന്നിക്കാണുമായിരുക്കും.. പാവം.. നമുക്ക് നോക്കാടാ.. ഹാ.. ടാ എനിക്ക് വേറൊരു കാൾ വരുന്നു ഞാൻ പിന്നെ വിളിക്കാം… കാൾ നോക്കി.. പരിചയമില്ലാത്ത നമ്പർ ആണ്. ഇതാരാണാവോ?? ആലോചിച്ചു കൊണ്ട് കാൾ എടുത്തു… മറുതലയ്ക്കൽ നിന്നും പരിചയമില്ലാത്ത ശബ്ദം.. ഹലോ …. Mr. മഹേഷ്‌??? അതേ….. ആരാണ്???? ഞാൻ ആരാണെന്നുള്ളതിനല്ലല്ലോ ഇവിടെ പ്രാധാന്യം? ഞാൻ വിളിച്ചത് എന്തിനാണെന്നുള്ളതിനല്ലേ?? എങ്കിൽ അത് പറയൂ… എന്തിനാണ് വിളിച്ചത്?

നിങ്ങൾ മിസ്സിസ് നിമിഷയുടെ ഹസ്ബൻഡ് മഹേഷ്‌ തന്നെയല്ലേ? അതേ… നിങ്ങൾ കാര്യം പറയൂ… ഹ ! കാര്യം പറയാം മാഷേ… ചൂടാകാതെ… കുറച്ചു നാൾ മുൻപ് ന്യൂസ്‌ പേപ്പറിൽ ഒരു ന്യൂസ്‌ കണ്ടിരുന്നു… അച്ഛനെ കാത്തിരിക്കുന്ന മകൾ എന്ന തലക്കെട്ടോടെ.. നിമിഷയുടെ ഫോട്ടോ ഉൾപ്പെടെ… ഉവ്വ്.. അങ്ങനെ ഒരു ന്യൂസ്‌ കൊടുത്തിരുന്നു… അത് കുറേ നാൾ മുൻപ് ആണല്ലോ? മനസ്സിൽ ഒരു കുളിർ മഴ പെയ്തത് പോലെ… ന്യൂസ്‌ കണ്ടു ആരോ വിളിക്കുകയാണ്‌. നിമ്മീടെ അച്ഛനെ പരിചയമുള്ള ആരൊ…. നിമ്മിയ്ക്ക് ഇത് വലിയ ആശ്വാസം ആയിരിക്കും…. ഞാൻ അത് ഇപ്പോഴാണ് കണ്ടതെന്ന് കൂട്ടിക്കോളൂ.. നിങ്ങൾക്ക് പരിചയമുണ്ടോ അദ്ദേഹത്തെ???

എനിക്ക് പരിചയം നിമിഷയുടെ അച്ഛനെയല്ല. അനിയനെയാണ്…നിർമൽ കൃഷ്ണ എന്ന അപ്പൂനെ…. അപ്പൂനെ… അപ്പൂനെ അറിയുയോ??? അവൻ ഇപ്പൊ എവിടെയുണ്ട്??? അവൻ ഇവിടെയുണ്ട്… ഞങ്ങളോടൊപ്പം… നിങ്ങളോടൊപ്പമോ? നിങ്ങൾ ആരാണ്? എവിടെയാണുള്ളത്? ഞാൻ ആരാണെന്നുള്ളത് വിഷയമല്ല മിസ്റ്റർ. നിങ്ങളുടെ അപ്പു ഇപ്പൊ എന്റെ കസ്റ്റഡിയിൽ ഉണ്ട്… മനസ്സിലായില്ല…. ഇതിൽ മനസ്സിലാക്കാൻ ഒന്നുമില്ല മിസ്റ്റർ… അപ്പു ഇപ്പോൾ എന്നോടൊപ്പമുണ്ട്. ഇപ്പോൾ അവൻ safe ആണ്… ഞാൻ നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെടും. അത് സാധിപ്പിച്ചു തരേണ്ടത് നിങ്ങളാണ്.

ഇല്ലെങ്കിൽ അപ്പൂന് എന്ത് സംഭവിക്കും എന്നെനിക്ക് ഇപ്പോൾ പറയാനാവില്ല… എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല… റാസ്‌ക്കൽ… ആരാടാ നീ??? നീ എന്താ എന്നെ ഭീഷണിപ്പെടുത്തുന്നോ?? മറുവശത്തു സ്വരം ശാന്തമായിരുന്നു…. ഭീഷണിയെങ്കിൽ അങ്ങനെ. ഞാൻ അടുത്ത് വിളിക്കുമ്പോൾ എന്റെ ആവശ്യം പറയാം… പിന്നെ അപ്പു എന്നോടൊപ്പം ഉണ്ടെന്ന് നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ അടുത്ത് വിളിക്കുമ്പോൾ അവന്റെ ശബ്ദം കേൾക്കാം… പോലീസിൽ എങ്ങാനും അറിയിക്കാനാണ് ഉദ്ദേശം എങ്കിൽ…. ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ??? കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് കാൾ കട്ട്‌ ആയി… ആരാണത്???

എന്തിനാണ് ഇപ്പൊ ഇങ്ങനെ ഒരു കാൾ? അപ്പൂനെ തടഞ്ഞു വച്ചിട്ട് ആർക്ക് എന്ത് നേട്ടം??? ഇനി അരുൺ ആയിരിക്കുമോ? അവൻ തിരികെ വന്നുവോ? അവനല്ലാതെ വേറെ ആർക്കാണ് നിമ്മിയോട്‌ ശത്രുത??? പരീക്ഷങ്ങൾ വീണ്ടും വന്നു കൊണ്ടിരിക്കുകയാണല്ലോ.. ഓരോന്ന് ആലോചിച്ചിട്ട് ഭ്രാന്ത്‌ പിടിക്കുന്ന പോലെ… നിമ്മിയെ ഒന്നും അറിയിക്കണ്ടാന്നു തീരുമാനിച്ചു. കിരണിനെ വിളിച്ചു സംസാരിക്കാം. പോലീസിൽ അറിയിക്കരുതെന്നാണ് അയാൾ പറഞ്ഞത്. അവനോട് ഡയറക്റ്റ് ആയി ഇടപെടരുതെന്ന് പറയാം. ഇൻഡയറക്ട് ആയി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ? ഞാൻ ഫോൺ എടുത്ത് ഉടനെ തന്നെ കിരണിനെ വിളിച്ചു.

ടാ… ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു… എനിക്ക് നാളെ ട്രിവാൻഡ്രത് ഒരു മീറ്റിങ് ഉണ്ടെടാ.. നാളെ നേരിൽ കാണാം… അതൊക്കെ കാണാം.. ഞാൻ വിളിച്ചത് വേറൊരു പ്രധാന കാര്യം പറയാനാണ്.. കുറച്ചു മുൻപ് എനിക്ക് ഒരു കാൾ വന്നിരുന്നു. ഒരു അനോണിമസ് കാൾ ആയിരുന്നു. ഞാൻ വിവരങ്ങൾ അവനെ ധരിപ്പിച്ചു… ആരായിരിക്കുമെടാ അത്?? ഇപ്പോൾ ഇങ്ങനെ ഒരു കാൾ??? അപ്പു… അവനു എന്തെങ്കിലും??? എനിക്ക് ഓരോന്ന് ആലോചിച്ചിട്ട് പേടിയാകുന്നെടാ… നീ ടെൻഷൻ ആകാതെ.. ആ നമ്പർ എനിക്ക് സെൻറ് ചെയ്യ്.. നമുക്ക് നോക്കാം..

പിന്നെ അവൻ ഇപ്പൊ കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ? അതു കൊണ്ട് അടുത്ത കാൾ വരെ നമുക്ക് വെയിറ്റ് ചെയ്യാം. എന്താണ് അവന്റെ ഉദ്ദേശം എന്ന് അറിയണമല്ലോ? മ്മ് ശെരിയെടാ… നമ്പർ ഞാൻ സെൻറ് ചെയ്യാം…. നീ പേടിക്കണ്ട… നമുക്ക് നോക്കാം. പിന്നെ നിമിഷയെ ഇപ്പൊ ഒന്നും അറിയിക്കേണ്ട. അടുത്ത ദിവസം അയാളുടെ കാൾ വന്നില്ല. പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലാതെ ആ ദിവസം മുന്നോട്ട് പോയി. ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ നിമ്മി ഒരു ക്യാൻവാസിനു മുന്നിലാണ്…. അതിലേയ്ക്ക് അവൾ ഒരു ചിത്രം പകർത്തിയിട്ടുണ്ട്…. നക്ഷത്ര കണ്ണുകളുള്ള ഒരു പൊടിമീശക്കാരന്റെ ചിത്രം….

ഇതാരാണെന്നല്ലേ??? ഇതാണെന്റെ അപ്പു… എന്റെ പൊന്നനുജൻ…. എത്രയോ കാലമായി ഒരു ചിത്രം വരച്ചിട്ട്… ഇങ്ങനെ ഒരു കഴിവ് എനിക്ക് ഉണ്ടെന്നുള്ള കാര്യം പോലും വിസ്മരിച്ചിരുന്നു… സ്കൂളിലും കോളേജിലും അധ്യാപകർ എന്നോട് പ്രധാനമായും പറഞ്ഞിരുന്നത് പഠനത്തോടൊപ്പം ദൈവികമായി കിട്ടിയ ഈ കല കൂടി ജീവിതത്തിൽ ഒപ്പം കൂട്ടണം എന്നാണ്… കഴിഞ്ഞില്ല… ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികൾ ഇങ്ങനെ ഒന്ന് എന്നിലുണ്ടെന്നുള്ള ഓർമയെപ്പോലും തടഞ്ഞിരുന്നു…. പൂർണമായും മറന്നു എന്ന് പറയാനാവില്ല… ചിലപ്പോഴൊക്കെ ശ്രമിച്ചിരുന്നു… എന്റെ അപ്പൂനെ ഇത് പോലെ പകർത്താൻ… കഴിഞ്ഞില്ല…

ഓരോ തവണയും കണ്ണുകൾ നിറഞ്ഞു വന്ന കണ്ണ്നീര് കാഴ്ചയെ മറച്ചു കളയും… എത്ര തുടച്ചു നീക്കിയാലും അതെന്റെ കാഴ്ചയെ വീണ്ടും മറച്ചു കൊണ്ടേയിരിക്കും…. അവനെ ഓർക്കാൻ ഒരിക്കലും എനിക്കൊരു ചിത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല… അവൻ എന്നും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു… ചിലപ്പോഴൊക്കെ കണ്മുന്നിൽ തെളിഞ്ഞു വരാറുണ്ട് അവൻ…. ഓരോ നിമിഷവും ഈ നിമിഷ അവനെ ഓർത്തിട്ടുണ്ട്… മറന്നിട്ടില്ല ഒരിക്കലും…. ഇനി ഒരിക്കലും മറക്കുകയുമില്ല…. പിന്നെ ഇപ്പോൾ അവന്റെ ഫോട്ടോ എങ്കിലും കാണാനായെങ്കിൽ എന്ന് മഹിയേട്ടൻ ഇടയ്ക്കിടെ പറയുന്ന കേട്ടപ്പോൾ വരച്ചതാണ്….

പല തവണ കണ്ണുനീർ കാഴ്ചയെ മറച്ചിട്ടും അത് തുടച്ചു നീക്കി വരച്ചത് അവൻ ഇന്നും എന്റെ ഉള്ളിൽ മങ്ങലേൽക്കാതെ നിൽപ്പുണ്ടെന്നു എന്നെ തന്നെ ബോധ്യപ്പെടുത്താനാണ്.. അവൻ എനിക്ക് വെറും അനിയൻ ആയിരുന്നില്ല… അച്ഛനും അമ്മയും പോയപ്പോൾ എനിക്ക് സ്വന്തമെന്നു പറയാൻ ആകെ ഉണ്ടായിരുന്നത് അവനായിരുന്നു… എന്റെ കൂടപ്പിറപ്പ്… അന്ന് അവൻ ആയിരുന്നു എന്റെ ജീവനും ജീവിതവും എല്ലാം.. അവൻ എന്നിൽ നിന്നും അകന്ന് പോയപ്പോൾ എനിക്ക് നഷ്ടമായത് എന്നെ തന്നെയാണ്…. അന്ന് ആ വിഷമത്തിൽ നിന്നും കര കയറാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി.

എന്നെങ്കിലും അവൻ എന്റെ അരികിൽ വരുമെന്ന് കരുതി ഇത് വരെ ജീവിച്ചു… പക്ഷെ അവൻ ഇന്നും കാണാ മറയത്താണ്… അവന്റെ ചിത്രത്തിലൂടെ എന്റെ വിരലുകൾ ചലിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു… നീ ഈ ഇച്ചേയിയെ മറന്നിട്ടുണ്ടാകുമോ മോനേ..??? ഒരു തേങ്ങലോടെ അവൾ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു… ആ ചിത്രത്തിലേക്ക് നോക്കി നിൽക്കെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു…. പിറകിൽ എന്തോ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. മഹിയേട്ടൻ… ചിത്രത്തിലേക്ക് തന്നെ ഉറ്റു നോക്കി നിൽക്കുകയാണ്… താൻ… താൻ ഇത്ര നന്നായി ചിത്രം വരക്കുമോ നിമ്മി? ഞാൻ അറിഞ്ഞതേ ഇല്ലല്ലോ? ശെരിക്കും ജീവനുള്ളത് പോലെയുണ്ട്… അപ്പു അല്ലേ ഇത്??

അതേ എന്ന് ഞാൻ തലയാട്ടി… ആള് ഒരു കൊച്ചു സുന്ദരനല്ലോ? പക്ഷെ, തന്നെപ്പോലെ അല്ലാട്ടോ…. തന്റെ മുഖച്ഛായ ഇല്ല… അപ്പു അച്ഛനെപ്പോലെയാ… മ്മ്… എന്തായാലും ഒരു ഫോട്ടോ എടുക്കട്ടെ… അദ്ദേഹം ചിത്രം ഫോണിൽ പകർത്തി…. ഞാൻ തിരികെ വന്നിട്ട് ഈ ഫോട്ടോ ന്യൂസ്പേപ്പറിൽ കൊടുക്കാട്ടോ… മഹിയേട്ടൻ എവിടെ പോണു? രണ്ട് ദിവസം കഴിഞ്ഞ് എറണാകുളം വരെ പോകാനുണ്ട്. ബാങ്കിന്റെ പുതിയ ബ്രാഞ്ച് അവിടെ തുടങ്ങുന്നു… inauguration IG ആണ്… നമ്മുടെ wedding ആനിവേഴ്സറി യുടെ അന്ന് രാവിലെ എത്തുള്ളു… ഞാൻ അന്ന് എല്ലാരും കൂടി ഒരു ചെറിയ ട്രിപ് ഒക്കെ പ്ലാൻ ചെയ്‌തിരുന്നതാ… ഇനിയിപ്പോ ഒന്നും നടക്കില്ല…

സാരോല്ല മഹിയേട്ടാ.. അത് നമുക്ക് പിന്നീട് പോകാം… മ്മ്… താൻ വിഷമിക്കണ്ട… അപ്പു ഉടനെ വരും കേട്ടോ? ഞാൻ വിഷാദത്തോടെ തല കുനിച്ചു. ഒന്നും മിണ്ടാനായില്ല… ആ പ്രതീക്ഷയൊക്കെ എന്നേ അസ്തമിച്ചിരുന്നു… പിന്നെ പിന്നെ psc, അസിസ്റ്റന്റ് proffessor റാങ്ക് ലിസ്റ്റ് വന്നിട്ടുണ്ട്.. എന്റെ പേരുണ്ട്.. ഫസ്റ്റ് അപ്പോയ്ന്റ്മെന്റ് ഇവിടെ ഒന്നും ആയിരിക്കില്ല.. വല്ല കാസറഗോടോ.. കണ്ണൂരോ ഒക്കെ ആയിരിക്കും… പോകണോ വേണ്ടയോ എന്നാണ് ആലോചിക്കുന്നത്… അമ്മയോടും അച്ഛനോടും പറഞ്ഞോ? അച്ഛനോട് ദാ ഇപ്പൊ പറഞ്ഞേ ഉള്ളൂ… അച്ഛന് വിഷമം.. ഞാൻ കൂടെ ഉണ്ടാകില്ല എന്ന് പറഞ്… എന്റെ കണ്ണുകളും നിറഞ്ഞു.. താൻ കരയണ്ട..

ഞാൻ പോകുന്നെങ്കിൽ തന്നെയും കൊണ്ട് പോകും… ഇവിടെ അടുത്ത് ഒരു aided കോളേജിൽ ഒരു vacancy ഉണ്ട്.. സിംഗിൾ മാനേജ്മെന്റ് കോളേജ് ആണ്.. അത് കൊണ്ട് transfer കാണില്ല… retirement വരെ ഇവിടെ തന്നെ ഇരിക്കാം… പക്ഷെ കാശു കൊടുക്കണം.. ഇല്ലാഞ്ഞിട്ടല്ല.. കാശ് കൊടുത്തു ജോലിക്ക് കയറാൻ മടി.. അത് കൊണ്ട് എന്ത് വേണെന്നു ആലോചിക്കണം… മഹിയേട്ടൻ എന്ത് തീരുമാനിച്ചാലും ഞാൻ ഒപ്പം ഉണ്ടാകും… അദ്ദേഹം ചിരിച്ചു… ഒന്ന് കൂടി അപ്പുവിന്റെ ഫോട്ടോയിലേയ്ക്ക് നോക്കി തിരികെ നടന്നു.. 💕💕💕💕💕💕💕💕

അച്ഛനുമായി സംസാരിച്ചിരുന്നപ്പോഴാണ് അന്നത്തെ നമ്പറിൽ നിന്നും എനിക്ക് വീണ്ടും കാൾ വന്നത്. ഞാൻ ഫോണുമെടുത്ത് പുറത്തേയ്ക്കിറങ്ങി. കാൾ അറ്റൻഡ് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. Mr.മഹേഷ്‌… ആരാണ് നിങ്ങൾ? നിങ്ങൾക്ക് എന്താണ് വേണ്ടത്? ഹാ… ധൃതി കൂട്ടല്ലേ… പറയാം… പറയാനാണല്ലോ വിളിച്ചത്…. എന്നാൽ പെട്ടെന്ന് പറയണം മിസ്റ്റർ… പറയാമെന്നേ…. ആളൊരു ചൂടനാണല്ലോ? എന്റെ ആവശ്യം സിമ്പിൾ ആണ്. അപ്പുവിനെ ഞാൻ വിട്ടു തരാം. അതിന് മുൻപ് എനിക്ക് നിമിഷയോട് ഒന്ന് സംസാരിക്കണം. എന്തിന്? നിങ്ങൾ ആരാണ്? നിമ്മിയെ നിങ്ങൾക്ക് എങ്ങനെ അറിയും…

അതൊക്കെ നേരിൽ പറയാമെന്നേ… നിമിഷ ഒറ്റയ്ക്ക് വരണ്ട. നിങ്ങളും ഒപ്പം വന്നോളൂ… നിങ്ങൾ മാത്രം… നിങ്ങൾ ആരാണെന്ന് പറയണം മിസ്റ്റർ. ഞാൻ പറഞ്ഞല്ലോ അതൊക്കെ നേരിൽ കാണാമെന്ന്. നിമിഷയ്ക്ക് അതൊരു സർപ്രൈസ് ആയിരിക്കും. നിങ്ങളുടെ അടുത്ത് അപ്പു ഉണ്ടെന്ന് എന്താണ് ഉറപ്പ്?? അപ്പു തന്നെ നിങ്ങളോട് സംസാരിക്കും… അയാൾ ആർക്കോ ഫോൺ കൈ മാറി.. സംസാരിക്കെടാ എന്ന് ദേഷ്യത്തിൽ പറയുന്നത് കേട്ടു… ഹലോ… ഞാൻ അപ്പുവാണ്… നിമ്മി ചേച്ചി.. നിമ്മി ചേച്ചി എവിടെ? നിങ്ങൾ ഇങ്ങോട്ട് വരണ്ട. എന്നെ ഇവര് കൊന്നാലും നിങ്ങൾ വരരുത്… നിമ്മി ചേച്ചിക്ക് ആപത്താണത്…

മതിയെടാ എന്ന് പറഞ്ഞു അയാൾ ഫോൺ വാങ്ങി വീണ്ടും സംസാരിച്ചു… കേട്ടല്ലോ.. പുന്നാര അളിയന്റെ ശബ്ദം??? ഇനി പറ വരാൻ തയ്യാറല്ലേ? ഞാൻ പറയുന്ന ഇടത്തേക്ക്… നിങ്ങളുടെ ഉദ്ദേശം നിമ്മിയോട്‌ സംസാരിക്കുകയല്ല എന്നെനിക്കറിയാം… വെറുതെ സംസാരിക്കാൻ ഇത്രയും risk എടുക്കേണ്ട കാര്യം ഇല്ലല്ലോ?? മറു വശത്തു ഉറക്കെയുള്ള ചിരി കേട്ടു… കുറച്ചു risk എനിക്ക് ഇഷ്ടമാണെന്ന് കരുതിക്കോളൂ… അപ്പോൾ കൂടുതൽ സംസാരം ഇല്ല.. മീറ്റ് ചെയ്യേണ്ട സ്ഥലം സെറ്റ് ചെയ്‍തിട്ട് ഞാൻ വീണ്ടും വിളിക്കാം… പിന്നെ പറഞ്ഞത് ഓർമയുണ്ടല്ലോ? പോലീസിൽ അറിയിച്ചു മിടുക്കു കാട്ടണ്ട…

അങ്ങനെ എന്തെങ്കിലും ആണ് ഉദ്ദേശമെങ്കിൽ അളിയന്റെ കയ്യും കാലും പീസ് പീസ് ആക്കി പെട്ടിയിലിട്ട് ഞാൻ പാർസൽ ചെയ്യും… നിമിഷയ്ക്ക് , അവൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന പുന്നാര അനിയന്റെ ഡെഡ് ബോഡി കൊടുക്കുന്നത് മോശമല്ലേ? കാൾ അവസാനിച്ചു… കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുകയാണ്. ആരാവും അത്? അയാൾക്ക് നിമ്മിയുമായി എന്താണ് ശത്രുത??? നിമ്മിയോട്‌ ശത്രുതയുള്ള ഒരേ ഒരാളെ ഉള്ളു… അരുൺ ! അവനാണോ?? അവൻ വീണ്ടും വന്നുവോ??? കിരണിനോട് സംസാരിക്കാമെന്ന് കരുതി അവനെ വിളിച്ചു. മഹി.. പറയെടാ… ടാ.. അവൻ വീണ്ടും വിളിച്ചിരുന്നു. എപ്പോ??

കുറച്ചു മുൻപ്… ഛെ ! അവന്റെ നമ്പർ ട്രേസ് ചെയ്യാൻ നോക്കീട്ടു പറ്റിയില്ലെടാ… സ്വിച്ച് ഓഫ്‌ ആയിരുന്നു ഇത് വരെ… അത് പോട്ടെ… അവൻ എന്താ പറഞ്ഞത്? അവനു നിമ്മിയെ നേരിട്ട് കാണണമെന്ന്… നിമിഷയെയോ? എന്തിന്? അതറിയില്ല. അയാള് പറഞ്ഞ കാര്യങ്ങൾ ഞാൻ കിരണിനോട് പറഞ്ഞു. വെറുതെ സംസാരിക്കാൻ ആണെങ്കിൽ അവൻ ഇങ്ങനെ റിസ്ക് എടുക്കേണ്ട കാര്യം ഇല്ലല്ലോ? അവനു മറ്റെന്തോ ഉദ്ദശം ഉണ്ട്. എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. എന്നാലും അത് ആരായിരിക്കുമെടാ?? അരുൺ അല്ലാതെ വേറെ ആർക്കെങ്കിലും നിമിഷയോട് ശത്രുതയുണ്ടോ? എന്റെ അറിവിൽ ഇല്ല…

ഇനി അരുൺ തന്നെ ആകുമോ? അറിയില്ലെടാ… ഓരോ ദിവസം കഴിയും തോറും പ്രശ്നങ്ങൾ കൂടിക്കൂടി വരികയാണ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട്… നിമ്മിയോട്‌ എങ്ങനെ പറയും? അപ്പുവാണ് എന്നോട് സംസാരിച്ചത് എന്നതിന് എനിക്ക് ഉറപ്പൊന്നും ഇല്ല.. അവന്റെ ശബ്ദം എനിക്ക് അറിയില്ലല്ലോ? നിമ്മിയോടാണെങ്കിൽ ഒന്നും പറയാനും വയ്യ.. എനിക്ക് നല്ല ടെൻഷൻ ഉണ്ടെടാ.. നീ ടെൻഷൻ ആകണ്ട. നിന്റെ ഫോണിലേക്ക് വരുന്ന എല്ലാം കാളുകളും ട്രേസ് ചെയ്യാനുള്ള ഏർപ്പാട് ഞാൻ ചെയ്യാം… അടുത്ത തവണ അവൻ വിളിക്കുമ്പോ കൂടുതൽ സമയം അവനുമായി സംസാരിക്കാൻ നോക്കണം… നമുക്ക് അവനെ locate ചെയ്യാം… ടാ പോലീസിൽ അറിയിക്കരുതെന്നാണ് അവൻ പറഞ്ഞത്… നീ പേടിക്കണ്ട. ഞാൻ നേരിട്ട് ഇടപെടില്ല..

പിന്നെ അവന്റെ രീതികൾ വച്ചു അവൻ ഒരു പ്രഫഷണൽ കിഡ്നാപ്പർ ആണെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ അവനെ കണ്ടെത്താൻ കുറച്ചു കൂടി എളുപ്പമായിരിക്കും…. നീ വറീഡ് ആകണ്ട. നമുക്ക് നോക്കാം കാര്യങ്ങൾ ഏത് വരെ പോകുമെന്ന്… ടാ അപ്പൂനെ അവൻ എന്തെങ്കിലും??? അപ്പു എവിടെയെങ്കിലും സുഖമായി ഇരിക്കുന്നെണ്ടെന്ന വിശ്വാസത്തിലാണ് നിമ്മി ഇന്ന് ജീവിക്കുന്നത് തന്നെ….. ഒന്നും ഇല്ലെടാ… അപ്പൂന് ഒന്നും സംഭവിക്കില്ല. ഞാൻ നിന്നെ പിന്നീട് വിളിക്കാം… കിരണിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയ ആശ്വാസം തോന്നി. എങ്കിലും അതാരാണെന്നുള്ള ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു…

തുടരും….

അനാഥ : ഭാഗം 13