അനാഥ : ഭാഗം 1
എഴുത്തുകാരി: നീലിമ
ഞാൻ നിമിഷ.വളരെ നാളുകൾക്ക് ശേഷം ഞാൻ ഇന്ന് ഏറെ സന്തോഷവതിയാണ്. എന്റെ വിവാഹമാണിന്ന്. ഒരനാധയായ എനിക്ക് സ്നേഹിക്കുവാനും ചേർത്തു നിർത്തുവാനും ആരൊക്കെയോ ഉണ്ടാകാൻ പോകുന്നു……. ഇത്ര നാളും അനുഭവിച്ച വിഷമങ്ങൾക്ക് ഒരു അവസാനം ഉണ്ടാകാൻ പോകുന്നു. എന്നെ വിവാഹം ചെയ്യാൻ പോകുന്നയാൾക്ക് ബാങ്കിലാണ് ജോലി. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ. സിനിമയിലെ കവിയൂർ പൊന്നമ്മയെപ്പോലെ ഒരമ്മ…… മനസ്സ് മുഴുവൻ സ്നേഹം നിറച്ച് ഒരച്ഛനും……
അച്ഛനേയും അമ്മയേയും ആണ് എനിക്ക് പരിചയം….. അമ്മ എന്റെ സ്കൂൾ ടീച്ചറാണ്… അന്നേ എന്നെ വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ അച്ഛനും…… അമ്മ സ്വന്തം മകന്റെ ജീവിതത്തിലേയ്ക്ക് എന്നെ ക്ഷണിച്ചപ്പോൾ നിരസിക്കാനായില്ല…… അല്ലെങ്കിൽ തന്നെ അനാഥയായ എനിക്ക് ലോട്ടറി അടിച്ചതു പോലല്ലേ ഈ വിവാഹം….. അദ്ദേഹത്തെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഫോട്ടോ കണ്ടിട്ടുണ്ട്. സുന്ദരനാണ്….. അദ്ദേഹത്തിന് എന്നെ ഇഷ്ടമാക്കുമോ എന്നു ഞാൻ ടീച്ചറമ്മയോട് ചോദിച്ചപ്പൊ ‘എന്റെ സുന്ദരിക്കുട്ടിയെ ആർക്കാ ഇഷ്ടമാകാത്തത് ?’ എന്നാണ് അമ്മ പറഞ്ഞത്…. “ഈശ്വരാ! ഇനിയും എന്നെ പരീക്ഷിക്കരുതേ……
ഒരു പാട് അനുഭവിച്ചു…. ഇനിയും എനിക്ക് വയ്യ ” വിവാഹത്തിനുള്ള സമയമായി. ഇപ്പോഴാണ് ഞാൻ ആളിനെ കാണുന്നത്… ഫോട്ടോയിൽ കാണുന്നതിനെക്കാൾ ഭംഗിയുണ്ട്. പക്ഷേ, ആള് എന്നെ നോക്കുന്നേയില്ല. മുഖത്ത് നല്ല ഗൗരവം….. എനിക്ക് ഭയം തോന്നി. ‘ ഈശ്വരാ….. ഇനി ടീച്ചറമ്മ പറഞ്ഞത് വെറുതെയാണോ???? എന്നെ ഇഷ്ടമില്ലാതെ ടീച്ചറമ്മയുടെ നിർബന്ധത്തിലാണോ ഈ വിവാഹം???’ ചിന്തിച്ചു കഴിയും മുൻപേ താലി എന്റെ കഴുത്തിൽ വീണിരുന്നു. ഞാൻ തൊഴുകൈയോടെ നിന്നു. ഈശ്വരനോട് മനമുരുകി പ്രാർത്ഥിച്ചു….. ‘ഈശ്വരാ! ഇനിയും കരയാൻ എന്റെ കണ്ണുകളിൽ കണ്ണുനീർ ബാക്കിയില്ല….. ‘
വീട്ടിൽ എത്തുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും നല്ല സന്തോഷത്തിൽ ആയിരുന്നു. അദ്ദേഹം എന്റെ മുഖത്തേയ്ക്ക് പോലും നോക്കുന്നില്ല. ‘ഇനിയും നീ എന്നൊക്കെയാണീശ്വരാ എന്റെ ജീവിതത്തിൽ കരുതി വച്ചിരിക്കുന്നത്?’ “മോളെന്താ ആലോചിച്ച് നിൽക്കുന്നത്? കയറി വാ…..” അമ്മയാണ്….. നിലവിളക്കുമായി ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു. ഞാൻ ആ നിലവളക്ക് വാങ്ങി വലത് കാൽ വച്ച് വീട്ടിലേയ്ക്ക് കയറി. ” ബസുക്കളെ ആരേയും ക്ഷണിച്ചില്ല. അവർക്ക് മറ്റാരു ദിവസം ഒരു പാർട്ടി അറേഞ്ച് ചെയ്യാം എന്നാണ് മഹി പറയുന്നത് ”
അച്ഛനാണ്…. മഹി….. മഹേഷ്…… എന്റെ ഭർത്താവ്….. രാത്രിയാകുംതോറും എനിക്ക് ഭയം കൂടിക്കൂടി വന്നു…. ഇതേ വരെ അദ്ദേഹം എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്തിന്, മുഖത്ത് പോലും നോക്കിയിട്ടില്ല…. അദ്ദേഹത്തിന് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല എന്ന് അമ്മ പറയുന്നു, പിന്നെ എന്താണ് ഇങ്ങനെ??? ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി…. രാത്രി ഭക്ഷണം കഴിക്കാൻ ഞാൻ അദ്ദേഹത്തിനരികിലാണ് ഇരുന്നത്. അപ്പോഴും അദ്ദേഹം എന്നെ ശ്രദ്ധിച്ചില്ല. എനിക്ക് തീരെ വിശപ്പ് തോന്നിയില്ല. “മോളെന്താ ഒന്നും കഴിക്കാത്തത്? വിശപ്പില്ലേ?” അമ്മ ചോദിച്ചു. ” ഒന്നുമില്ലമ്മേ ” ഞാൻ മറുപടി പറഞ്ഞു.
എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.പാത്രങ്ങളൊക്കെ കഴുകി വയ്ക്കാൻ അമ്മയെ സഹായിച്ചു. ” മോള് പോയി കിടന്നോളൂ, മഹിക്ക് പാൽ ഇഷ്ടമല്ല, മോൾക്ക് വേണോ?” ” വേണ്ടമ്മേ… എനിക്കിതൊന്നും ശീലമില്ല” “എന്നാൽ ശരി. മോള് പൊയ്ക്കോ… നേരം ഒത്തിരിയായില്ലേ?” വിറയ്ക്കുന്ന കാലുകളും, ഉറക്കെ മിടിക്കുന്ന ഹൃദയവുമായിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് പോയത്. ഞാൻ മുറിയിൽ എത്തിയപ്പോൾ അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു. അത് എനിക്ക് വലിയ ആശ്വാസമായിരുന്നു. കട്ടിലിൽ കിടക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കിലോ എന്നു കരുതി ഒരു വിരിപ്പ് എടുത്ത് വിരിച്ച് തറയിൽ കിടന്നു… അത് എനിക്ക് ശീലവുമായിരുന്നു…..
പലതും ഓർത്തു കിടന്ന് വൈകിയാണ് ഉറങ്ങിയത്…. എന്നെപ്പോലെ ഒരനാഥയ്ക്ക് സുരക്ഷിതമായി ഉറങ്ങാൻ കഴിയുന്നത് തന്നെ വലിയ ആശ്വാസമായിരുന്നു. പിന്നീടുള്ള ദിവസങ്ങളും ഇങ്ങനെ തന്നെയായിരുന്നു. അദ്ദേഹം എന്നെ നോക്കുകയോ മിണ്ടുകയോ ചെയ്തില്ല… രണ്ടാഴ്ച അങ്ങനെ കടന്നു പോയി. ഇന്ന് അച്ഛനും അമ്മയും അച്ഛന്റെ കുടുംബ ക്ഷേത്രത്തിൽ പോവുകയാണ്. മഹിയേട്ടൻ പോകാത്തതിനാൽ ഞാനും പോയില്ല. ക്ഷേത്രം കുറച്ച് ദൂരയാണ്, അതിനാൽ അവർ 4 മണിക്ക് തന്നെ പുറപ്പെട്ടു. പതിവു പോലെ ഞാൻ ചായയുമായി അദ്ദേഹത്തിന്റെ റൂമിലേയ്ക്ക് പോയി. സാധാരണ ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ ആൾ ഉറക്കമായിരിക്കും , അല്ലെങ്കിൽ മുറിയിൽ ഉണ്ടാകാറില്ല.
പക്ഷേ, ഇന്ന് ആളവിടെ ഉണ്ടായിരുന്നു. എന്നെയും പ്രതീക്ഷിച്ചെന്നപോലെ ഫോണും കൈയിൽ പിടിച്ച് ഇരിപ്പുണ്ട്. എന്നെ കണ്ട ഉടനെ ഫോൺ ബെഡിൽ വച്ചു നിവർത്തിരുന്നു. എന്നെ ഒന്നു നോക്കി.കുറച്ച് ദൂരെയായി കിടന്ന ചെയർ ചൂണ്ടി എന്നോട് പറഞ്ഞു, ” താൻ അവിടെ ഇരിക്ക് ” ശബ്ദം ശാന്തമായിരുന്നു എങ്കിലും മുഖത്തെ ഗൗരവഭാവത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. “ചായ ” “അതവിടെ വച്ചിട്ട് താൻ ഇരിക്ക് ” ചായ ടേബിളിന്റെ പുറത്ത് വച്ചിട്ട് ഞാൻ ഇരുന്നു…. നല്ല ഭയം തോന്നി…. ” തന്റെ വിവാഹം നേരത്തേ കഴിഞ്ഞതാണോ?” അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ ഞെട്ടിച്ചു. എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി.
ഞാൻ ഒന്നും മിണ്ടാത്തതു കൊണ്ട് അദ്ദേഹം വീണ്ടും ചോദിച്ചു. ” ചോദിച്ചതു കേട്ടില്ലേ?” ഇത്തവണ മുഖത്തു നല്ല ദേഷ്യമുണ്ടായിരുന്നു, ശബ്ദത്തിലും. ” അല്ല ” ഞാൻ പതിയെ പറഞ്ഞു. അദ്ദേഹം ഫോൺ എടുത്തു, അതിൽ എന്തോ തിരഞ്ഞു… ഫോൺ എന്റെ മുഖത്തിനു നേരേ പിടിച്ചു ചോദിച്ചു. “പിന്നെ ഇതെന്താണ്?” ഞാൻ അതിലേയ്ക്ക് നോക്കി. അത് എന്റെ വിവാഹ ഫോട്ടോ ആയിരുന്നു. ഞാൻ ശരിക്കും ഞെട്ടി… ഹൃദയം നിലച്ചതു പോലെ തോന്നി…. ശബ്ദം പുറത്തേയ്ക്ക് വന്നില്ല…. ” തന്റെ കഴുത്തിൽ താലി കെട്ടുന്നതിന് അല്പം മുൻപ് എന്റെ whats app ലേയ്ക്ക് വന്ന ഫോട്ടോയാണിത്. കൂടെ ഒരു മെസേജും… താൻ എന്നെ ചതിക്കുകയാണെന്നും തന്റെ വിവാഹം കഴിഞ്ഞതാണെന്നും….. വിവാഹത്തിൽ നിന്നും പിന്മാറിയാലോ എന്ന് ആദ്യം ആലോചിച്ചു.പിന്നെ വേണ്ടെന്നു വച്ചു.
ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം എന്നാണ് അപ്പോൾ തോന്നിയത്.” അദ്ദേഹം എന്നെ നോക്കി. സത്യം എങ്ങനെ അദ്ദേഹത്തെ ബോധ്യപ്പെടുത്തണം എന്നറിയാതെ ഒരു നിർവികാരവസ്ഥയിലായിരുന്നു ഞാൻ. എന്റെ മൗനം ആയിരിക്കും അദ്ദേഹത്തെ വീണ്ടും സംസാരിപ്പിച്ചത് ” ആദ്യം തന്നോട് നേരിട്ട് ചോദിക്കാമെന്നു തോന്നി. പക്ഷേ, ഈ ഫോട്ടോ സത്യമാണെങ്കിൽ അത് ഒളിച്ചു വച്ച താൻ സത്യം മറച്ചു വയ്ക്കാൻ എന്തും പറയും എന്നെനിക്കു തോന്നി. ഈ കഴിഞ്ഞ ദിവസങ്ങൾ ഇത് സത്യമാണോ എന്നറിയാനുള്ള ഓട്ടത്തിലായിരുന്നു ഞാൻ. താൻ താമസിച്ചിരുന്ന അനാഥാലയത്തിലേയ്ക്ക് ഞാൻ ആദ്യം പോയി. താൻ അവിടെ എത്തിയിട്ട് 5 വർഷങ്ങൾ ആയി എന്നും, അതിന് മുൻപുള്ള കാര്യങ്ങൾ ഒന്നും അറിയില്ല എന്നുമാണ് അവർ പറഞ്ഞത്. കൂടുതൽ എന്തെങ്കിലും സംസാരിക്കാൻ അവർ തയ്യാറുമായില്ല.
അതു കഴിഞ്ഞ് താൻ ആദ്യം താമസിച്ചിരുന്ന സ്ഥലത്തേയ്ക്ക് ഞാൻ പോയി. ആ അനാഥാലയം പ്രവർത്തനം നിർത്തിയെങ്കിലും ഫാദറിനെ കാണാനാകുമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോഴാണ് ഫാദർ അമേരിക്കയിലാണെന്ന് അറിയുന്നത്. തന്നോടൊപ്പം അനാഥാലയത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും അന്വേഷിച്ചു. ഒരു റെജിയെ മാത്രമേ കണ്ടെത്താനായുള്ളൂ”. ആ പേര് കേട്ട് ഞാൻ ഞെട്ടി. പേടി കൊണ്ട് ഞാൻ കസേരയിൽ മുറുകെ പിടിച്ചു. എന്റെ പരിഭ്രമം കണ്ട് അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു. എന്നെത്തന്നെ നോക്കിക്കൊണ്ട് തുടർന്നു. ” റെജിയിൽ നിന്നുമാണ് തന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞു എന്നുള്ളത് സത്യമാണെന്ന് അറിയുന്നത്.
റോയി മാത്യു, സ്കൂൾ അദ്ധ്യാപകൻ, തന്റെ ഫാദറിന്റെ സുഹൃത്തിന്റെ മകൻ. അല്ലെ?” ഞാൻ തല താഴ്ത്തി ഇരുന്നു. ആദ്യം പറഞ്ഞു കഴിയട്ടെ. എന്നിട്ട് സംസാരിക്കാം എന്നു കരുതി. ” പക്ഷേ, താൻ അരുൺ മോഹൻ എന്നൊരാളുമായി ഇഷ്ടത്തിൽ ആയിരുന്നു എന്നും ഫാദറിന്റെ ഇഷ്ടപ്രകാരമാണ് റോയിയെ വിവാഹം കഴിച്ചതെന്നും റെജി പറഞ്ഞു. റോയി പിന്നീട് missing ആയി. തനിക്ക് അരുണിനെ മറക്കാനായില്ല എന്നും ,താനും അരുണുമാണ് റോയിയുടെ മിസ്സിംഗിന് പിന്നിലെന്നും, അരുൺ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നറിഞ്ഞ താൻ അരുണിനെയും ഉപേക്ഷിച്ച് വീണ്ടും ഫാദറിനടുത്തെത്തിയെന്നുമാണ് റെജി എന്നോട് പറഞ്ഞത്. ഇനി എനിക്കറിയേണ്ടത് തന്റെ നാവിൽ നിന്നുമാണ്. ” അദ്ദേഹം ഒന്നു നിർത്തി. ”
എന്റെ അച്ഛനും അമ്മയും പാവങ്ങളാണ്. അവരെ വേഗം പറ്റിക്കാനാകും… പക്ഷേ ഞാൻ അങ്ങനെയല്ല. പറയ്…. ഞാൻ കേട്ടത് സത്യമാണോ?” അദ്ദഹത്തിന്റെ പെട്ടെന്നുള്ള ഭാവമാറ്റം എന്നെ ഭയപ്പെടുത്തി, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്തു പറയണമെന്നറിയാതെ ഒരു നിമിഷം ഞാനിരുന്നു. ” ഒരു കുമ്പസാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് വേണ്ട. ക്ഷമിക്കാനെനിക്കാവില്ല” അദ്ദേഹം ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. എന്റെ മൗനം അദ്ദേഹത്തിന് കൂടുതൽ ദേഷ്യം ഉണ്ടാക്കുമെന്ന് തോന്നി. ഞാൻ ശ്വാസം നന്നായി ഉള്ളിലേക്കെടുത്ത് ദീർഘമായി ഒന്നു നിശ്വസിച്ചു, ശേഷം പതിയെ പറഞ്ഞു തുടങ്ങി.
” സർ ഇപ്പൊ പറഞ്ഞതു മുഴുവൻ സത്യമല്ല എന്നു പറഞ്ഞാൽ സർ വിശ്വസിക്കുമോ? അതിന് എന്റെ പക്കൽ തെളിവുകളൊന്നുമില്ല.” ആൾ എന്റെ മുഖത്ത് നോക്കിയിരിക്കുകയാണ്. മുഖത്തെ ദേഷ്യവും ഗൗരവവും ഒട്ടും കുറഞ്ഞിട്ടില്ല. ” ഞാൻ ഈ ലോകത്ത് ഏറ്റവും ഭയപ്പെട്ട മൂന്ന് വ്യക്തികളുണ്ട്. ഒരാൾ എന്റെ സ്വന്തം അച്ഛൻ, പിന്നെ റെജിയും അരുണും.” ” അച്ഛനോ? അതിന് തനിക്ക് ആരുമില്ല എന്നാണല്ലോ പറഞ്ഞത്?” “ശരിയാണ്”… ഞാൻ എന്റെ താലിയിൽ മുറുകെ പിടിച്ചു… കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. “ഇപ്പൊ എനിക്കാരുമില്ല, എല്ലാവരും ഉണ്ടായിരുന്നു…. കേൾക്കാൻ മനസുണ്ടെങ്കിൽ ഞാൻ പറയാം. റെജിയും അരുണും റോയി മാത്യുവും ഒക്കെ അതിലെ കഥാപാത്രങ്ങളാണ്.”
” പറയൂ…. കേൾക്കാനാണല്ലോ ഇത്ര രാവിലെ, അച്ഛനോടും അമ്മയോടും ഒപ്പം അമ്പലത്തിൽ പോലും പോകാതെ ഇവിടിരിക്കുന്നത്. ” ഇപ്പോൾ ആളുടെ സ്വരം ശാന്തമായിരുന്നു. ഞാൻ മുഖം താഴ്ത്തി തറയിലേയ്ക്ക് നോക്കി പറഞ്ഞു തുടങ്ങി…. എന്റെ കഥ… എന്റെ ജീവിതം…. ” അച്ഛനും അമ്മയും ഞാനും….. എന്തു രസമായിരുന്നെന്നോ ജീവിതം? അച്ഛൻ റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയായിരുന്നു, ആർഭാടങ്ങൾ ഒന്നും ആഗ്രഹിക്കാത്തതിനാൽ അച്ഛന്റെ ചെറിയ വരുമാനം മതിയായിരുന്നു ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ. അച്ഛൻ ഞങ്ങളെ പൊന്നു പോലെ നോക്കി. ഞങ്ങളെ സ്നേഹം കൊണ്ട് പൊതിഞ്ഞു.
എനിക്ക് 3 വയസുള്ളപ്പോഴാണ് ഒരനുജൻ കൂടി വന്നത്.എന്റെ അപ്പൂട്ടൻ. അതോടെ സന്തോഷം ഇരട്ടിയായി. സ്നേഹിക്കാൻ മാത്രം അറിയുന്ന അച്ഛനും അമ്മയും, പിന്നെ രണ്ട് കുസൃതികളും…. സ്നേഹവും സന്തോഷവും മാത്രം…… ” പഴയതൊക്കെ ഓർക്കുമ്പോൾ കരയാതിരിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. “ഈശ്വരനു പോലും അതിൽ അസൂയ തോന്നിയിരിക്കും….. അതല്ലേ… അതല്ലേ എന്റെ അമ്മയെ… എന്റെ അമ്മയെ പെട്ടെന്ന് വിളിച്ചത്…..” വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. ഉറക്കെ കരയണമെന്ന് തോന്നി. മുഖം പൊത്തി കുറച്ചു നിമിഷങ്ങൾ ഇരുന്നു… ആൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഞാൻ അങ്ങോട്ടേയ്ക്ക് നോക്കിയില്ല.
തുടരും….