Thursday, November 21, 2024
LATEST NEWS

അമുലിനെ അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; പ്രഖ്യാപനവുമായി അമിത് ഷാ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പന്ന വിതരണക്കാരായ അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്‍റെ 70-ാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലയനത്തിനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ലാഭം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര വിപണിയിൽ മാത്രമല്ല അയൽ രാജ്യങ്ങളിലും പാലിന്‍റെ ലഭ്യത ഉറപ്പാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ പാൽ ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും ഇന്ത്യയിൽ നിന്ന് പാൽ ലോക വിപണിയിലേക്ക് എത്തിക്കുന്നതിന് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സ്ഥാപിക്കുന്നുണ്ടെന്നും ഇത് കയറ്റുമതി കേന്ദ്രമായി പ്രവർത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.