Thursday, January 23, 2025
LATEST NEWSPOSITIVE STORIES

മാലിന്യ പാക്കറ്റിനൊപ്പം ഹരിത സേനാ പ്രവർത്തകർക്ക് മിഠായി പാക്കറ്റും

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട് വാർഡിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്‍റെ ചുമതലയുള്ള ഹരിതസേന അംഗങ്ങൾക്ക് മാലിന്യപ്പൊതിയോടൊപ്പം ലഭിച്ചതൊരു മിഠായിപ്പൊതി. വീടുവീടാന്തരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ എരുമേലി റോഡിലെ സൗപർണികയുടെ വീട്ടിലെ സിറ്റൗട്ടിൽ നിന്ന് വൃത്തിയായി കഴുകിയ പ്ലാസ്റ്റിക് മാലിന്യ പൊതിയും അതിനു മുകളിൽ മധുരപലഹാരങ്ങളുടെ പാക്കറ്റും 50 രൂപ യൂസർ ഫീസും കണ്ടെത്തി. ഹരിത കർമ്മ സേന അംഗങ്ങളായ അനിഷ അഭിലാഷ്, സതി ശശി എന്നിവർക്ക് ഇത് ആദ്യ അനുഭവമായിരുന്നു. ഉടൻ തന്നെ പഞ്ചായത്തംഗം ഐബി വർഗീസിനെ വിവരമറിയിച്ചു.

ആകാശവാണി കൊച്ചി എഫ്എമ്മിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്ന രാധാകൃഷ്ണനാണ് ഈ മധുര പാക്കറ്റിന് പിന്നിൽ. മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായാണ് മധുരപലഹാരങ്ങളുടെ പാക്കറ്റുകൾ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് പഞ്ചായത്തിലെ 18 വാർഡുകളിലായി 36 ഹരിത കർമ്മ സേനാംഗങ്ങളാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറിയ വാഹനം ഉടൻ സജ്ജീകരിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ലവിൻ ജോസഫ് പറഞ്ഞു.