Wednesday, January 22, 2025
GULFLATEST NEWS

യുഎൻ സഹകരണത്തോടെ യുഎഇയിൽ ഉടൻ കാർഷിക പദ്ധതി

ദുബായ്: മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന മുൻവിധിയെ വേരോടെ പിഴുതെറിയാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. വയലുകളും മരങ്ങളും നിറഞ്ഞ ഒരു ഭാവിയിലേക്ക് ചുവടുവയ്ക്കാൻ രാജ്യം യുഎന്നുമായി സഹകരിച്ച് പ്രവർത്തിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ഹരിത പ്രദേശങ്ങൾ തരിശായി മാറുന്ന സമയത്താണ് ഹരിതാഭം വ്യാപിപ്പിക്കാനുള്ള യുഎഇയുടെ പദ്ധതി വരുന്നത്.

യുഎന്നും യുഎഇ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് നടത്തിയ ശിൽപശാലയിലാണ് പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയത്. അരിയും ഗോതമ്പും പോലും വിളവെടുത്ത പദ്ധതികളുടെ വിജയം രാജ്യത്തിന് പ്രതീക്ഷ നൽകുന്നു. ഈ മേഖലയിൽ ഇന്ത്യ, ഇസ്രയേൽ , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി തന്ത്രപ്രധാനമായ സഹകരണവുമുണ്ട്. ഏത് കാലാവസ്ഥയിലും ജലലഭ്യതയും കൃഷിയും ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കും.

ഭൂഗർഭജല ചൂഷണം, ഓരോ പ്രദേശത്തെയും നാടൻ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും നാശം, ജലസ്രോതസ്സുകൾ ഉണങ്ങുകയോ നശിപ്പിക്കുകയോ ചെയ്യുക തുടങ്ങിയ ഘടകങ്ങൾ മണ്ണിനെ തരിശുഭൂമിയാക്കാനും ഉപ്പ് പരത്താനും കാരണമാകുന്നു. കൂടുതൽ പദ്ധതികൾക്ക് രൂപം നൽകുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനായി ശക്തമായ നിയമ സംവിധാനം ഏർപ്പെടുത്തുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ആക്ടിംഗ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ഡോ.നാസിർ സുൽത്താൻ പറഞ്ഞു.