Tuesday, December 17, 2024
Novel

അഗസ്ത്യ : ഭാഗം 1

എഴുത്തുകാരി: ശ്രീക്കുട്ടി

” എന്നാലും കാവുവിളയിലെ ഋഷിക്ക് ഇവളെപ്പോലൊരു മുതലിനെ ഇത്ര വേഗത്തിൽ മടുക്കാനുള്ള കാരണമെന്താണോ എന്തോ ??? ” കവലയിൽ ബസ്സിറങ്ങി മുന്നോട്ട് നടക്കുമ്പോഴായിരുന്നു ബസ്സ്സ്റ്റോപ്പിനടുത്തെ കലുങ്കിലിരുന്നുകൊണ്ട് ഒരുത്തന്റെ ചോദ്യം കേട്ടത്. ഭൂമി രണ്ടായി പിളർന്ന് താഴേക്ക് പോയിരുന്നുവെങ്കിൽ എന്ന് മോഹിച്ചുപോയ നിമിഷം. ” ഹാ… നീയിതെന്തോന്നാ ഈ പറയുന്നത് അവനല്ലേലും ഒന്നും മുഴുവനായിട്ട് കഴിക്കുന്ന ശീലമില്ലല്ലോ. അവന് കൊതിതോന്നിയാൽ ഒന്നുപ്പ് നോക്കും അത്ര തന്നെ.

ഇക്കാര്യത്തിൽ ഒരു താലിയുടെ മറവുണ്ടെന്ന് മാത്രം. ” മറ്റൊരുത്തന്റെ മറുപടി കൂടിയായപ്പോൾ അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി. മുന്നോട്ട് നടന്നിരുന്ന അഗസ്ത്യയുടെ കാലുകൾ പെട്ടന്ന് നിശ്ചലമായി. കണ്ണിൽ കത്തുന്ന അഗ്നിയോടെ അവൾ തിരിഞ്ഞങ്ങോട്ട് ചെന്നു. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അവിടെയിരുന്നിരുന്ന എല്ലാവരുടെ മുഖത്തേയും ചിരി മങ്ങി. ഠപ്പേ….. കലുങ്കിനരികിലേക്ക് ചെന്ന് ആദ്യമിരുന്നിരുന്നവന്റെ കരണം പുകയ്ക്കുമ്പോൾ അവളുടെ മിഴികൾ ചുവന്നിരുന്നു.

ഒരു ഞെട്ടലോടെ ഇരുന്നവരെല്ലാം ചാടിയെണീറ്റ് പകപ്പോടെ അവളെ നോക്കി. ” കാവുവിളയിലെ ഋഷി ഉപ്പുനോക്കി കളഞ്ഞ എല്ലാപെണ്ണുങ്ങളുടെയും കൂട്ടത്തിൽ ഈ അഗസ്ത്യയെ പെടുത്തരുത്. ” പറഞ്ഞിട്ട് ദൃഡമായ ചുവടുകളോടെ നടന്നുനീങ്ങുന്ന ആ പെണ്ണിലായിരുന്നു അപ്പോളവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ. ” അവളാണ് പെണ്ണ് …. ” നടക്കുന്നതിനിടയിൽ പലചരക്കുകട നടത്തുന്ന മാധവേട്ടൻ പറഞ്ഞത് കേട്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൾ വീട്ടിലേക്കുള്ള ഇടവഴിയിലേക്കിറങ്ങി. വിജനമായ ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ അറിയാതെയവളുടെ മിഴികൾ പൊട്ടിയൊഴുകി.

ആ ചുടുനീർ കവിളിനെ നനച്ച് മാറോട്‌ ചേർന്ന് കഴുത്തിൽ കിടന്നിരുന്ന താലിമാലയിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. വഴിയവസാനിക്കുന്നിടത്തേ ചെറിയ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങുമ്പോഴേ ഉമ്മറത്തിണ്ണയിലേ ചെരുപ്പുകളുടെ എണ്ണത്തിൽനിന്നും ആരോ വിരുന്നുകാരുണ്ടെന്ന് മനസ്സിലായിരുന്നു. ” അമ്മയെന്താ ഒന്നും പറയാത്തത് അവളിങ്ങനെത്ര നാളായിവിടിങ്ങനെ വന്നുനിൽക്കുക ??? ഇപ്പൊത്തന്നെ മാസമൊന്നൊന്നരയായില്ലേ ?? അവിടെ ആദർശേട്ടന്റെയും വീട്ടുകാരുടെയും മുന്നിൽ മൊഴിമുട്ടി നിൽപ്പാ ഞാൻ.

” ചെരുപ്പൂരിയിട്ട് ഉമ്മറത്തേക്ക് കയറുമ്പോഴേ കേട്ടു അടുക്കളയിൽ നിന്നും അമ്മയോടായുള്ള മൈഥിലിയുടെ വാക്കുകൾ. ” ഞാനിപ്പോ എന്തുവേണമെന്നാ നീയീ പറയുന്നത് അവളെയിവിടുന്നിറക്കി വിടണോ ??? ” നിസ്സംഗതയോടെയുള്ള അമ്മയുടെ ചോദ്യം കേട്ടു. ” വീട്ടീന്നിറക്കി വിടണമെന്നല്ല ഞാൻ പറഞ്ഞതിനർഥം. അമ്മയവളോട് കാവുവിളയ്ക്ക് തിരിച്ചുപോകാൻ പറയണം. കെട്ടിച്ചുവിട്ട അനിയത്തി ഭർത്താവിനെയും കളഞ്ഞിട്ട് വീട്ടിൽ വന്നുനിൽപ്പാണെന്നുള്ള അമ്മായിയമ്മയുടെ കുത്തുവാക്ക് കേട്ടെനിക്ക് മടുത്തു.

ഒന്നാമതെനിക്കൊരു കുഞ്ഞിനെയിതുവരെ ഈശ്വരൻ തന്നിട്ടില്ല. അതിന്റെ അകൽച്ച ആദർശേട്ടന് പോലും എന്നോടുണ്ട് അതിന്റെകൂടിനി ഇതുകൂടെയായാൽ എന്റെ കാര്യമെന്താകും. അതുകൊണ്ട് അമ്മയീക്കാര്യം അവളോടൊന്ന് കാര്യായിട്ട് സംസാരിക്കണം. ” ” എന്താരോട് സംസാരിക്കുന്ന കാര്യമാ ചേച്ചി പറയുന്നത് ??? ” എല്ലാം കേട്ടെങ്കിലും ഒരു വാടിയ പുഞ്ചിരിയോടെ അങ്ങോട്ട് ചെന്നുകൊണ്ട് അഗസ്ത്യ ചോദിച്ചു.. ” ആ നീ വന്നോ ??? ” ശബ്ദം കേട്ടതും തറയിലിരുന്ന് അത്താഴത്തിനുള്ള കറിക്ക് നുറുക്കിക്കോണ്ടിരിക്കുകയായിരുന്ന ഇന്ദിര തല ഉയർത്തിയവളെ നോക്കിക്കൊണ്ട് ചോദിച്ചു.

മറുപടിയൊരു മൂളലിലൊതുക്കി അവളൊരുഗ്ലാസ് വെള്ളമെടുത്ത് ചുണ്ടോട് ചേർത്തു. ” സത്യാ…. നിന്റെ കാര്യാ ഞങ്ങള് പറഞ്ഞോണ്ടിരുന്നത്. ” ” എന്റെകാര്യോ അതിപ്പോ ഇത്ര പറയാനെന്താ ??? ” തന്നെനോക്കിയുള്ള അത്ര രസമല്ലാത്ത സ്വരത്തിലുള്ള മൈഥിലിയുടെ പറച്ചിൽ കേട്ട് സാരിത്തുമ്പുകൊണ്ട് മുഖമൊന്നമർത്തി തുടച്ചിട്ട് അവൾ ചോദിച്ചു. ” എത്ര നാളെന്ന് കരുതിയാ നീയിവിടിങ്ങനെ നിൽക്കുന്നത് ??? നിനക്ക് തിരിച്ചുപൊക്കൂടെ ??? ” അവളുടെ മുഖത്ത് നോക്കാതെയായിരുന്നു മൈഥിലിയത് പറഞ്ഞത്. ”

ചേച്ചി ഞാൻ….. എന്റവസ്ത…. ” ” എന്തവസ്തയാ സത്യാ….. ഒരു കുടുംബമായാലങ്ങനെയൊക്കെയാണ്. അല്ലാതെ നമ്മൾ ജനിച്ചുവളർന്ന വീട്ടിലേപ്പോലെ തന്നെ ഭർത്താവിന്റെ വീട്ടിലും ജീവിക്കാൻ കഴിയണമെന്നൊന്നുമില്ല. പിന്നവസ്തയുടെ കാര്യം പറയുമ്പോൾ എന്റവസ്ത നീയെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ??? കല്യാണം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും ഒരു കുഞ്ഞില്ലാത്തത്തിന്റെ തള്ളൽ ആദർശേട്ടന്റെ വീട്ടിലെനിക്കുണ്ട്. അതിന്റെ കൂടിപ്പോ നിന്റെ കാര്യത്തിലും ഞാൻ മറുപടി കൊടുക്കണം. അതുമാത്രമല്ല പുറത്തിപ്പോ നിന്നേക്കുറിച്ചെന്തൊക്കെയാ പറയുന്നതെന്ന് നിനക്കറിയാമോ ????? ” എന്തോ പറയാൻ വന്ന അഗസ്ത്യയുടെ വായ മൂടിക്കൊണ്ട് അവൾ പറഞ്ഞു.

” മൈഥിലീ…. ” എല്ലാം കേട്ടുകൊണ്ട് അടുക്കളയുടെ പുറത്ത് നിൽക്കുകയായിരുന്ന വേണുഗോപാലിന്റെ സ്വരം കേട്ട് മൂവരും പെട്ടന്ന് തിരിഞ്ഞുനോക്കി. വാതിൽപ്പടിയിൽ പിടിച്ചുകൊണ്ട് തന്നെത്തന്നെ നോക്കി നിൽക്കുന്ന അയാളെ കാണെ മൈഥിലിയുടെ മുഖം കുനിഞ്ഞു. ” നീയെന്താ പറഞ്ഞത് ??? ” ” അതച്ഛാ ഞാൻ…. ” തുറിച്ചുനോക്കിക്കോണ്ടുള്ള അയാളുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ അവൾ വിക്കി. ” തപ്പിത്തടഞ്ഞ് ബുദ്ധിമുട്ടണ്ട ഞാനെല്ലാം കേട്ടു. എന്റെ മകളെന്നുമുതലാ ഇത്ര സ്വാർത്ഥയായിത്തുടങ്ങിയത് ??

ഇന്ന് നിനക്ക് കുറ്റപ്പെടുത്താൻ പാകത്തിന് നിന്റനിയത്തിയിങ്ങനെ നിൽക്കാനിടയായ കാരണം എന്റെ മോളങ്ങ് മറന്നുപോയൊ ??? നീ സൗകര്യം പോലെ എല്ലാം മറക്കും പക്ഷേ ഈ അച്ഛനൊന്നും മറന്നിട്ടില്ല മോളെ. എന്നിട്ടും നിനക്കീ വീട്ടിൽ എന്റെ മകളെന്ന സ്ഥാനമുള്ളത് നിന്റെയീ അച്ഛൻ നിന്നെപ്പോലെ സ്വാർത്ഥതയോടെ ചിന്തിക്കാത്തത് കൊണ്ട് മാത്രമാണ്. എന്റെ മകൾ ഞാനധ്വാനിച്ചുണ്ടാക്കിയ എന്റെ വീട്ടിൽ വന്നുനിൽക്കുന്നതിന് നിന്റെ ഭർത്താവിനോ അവന്റെ വീട്ടുകാർക്കോ ചോദ്യം ചെയ്യേണ്ട കാര്യമില്ല. പിന്നെ നിന്നേയവർ കുത്തുന്നെങ്കിൽ അതിന് നീയിവിടെ വന്ന് പരാതി പറയേണ്ട കാര്യമില്ല.

കാരണം നിന്റെയീ ജീവിതം ഞാനൊ നിന്റമ്മയോ തേടിപ്പിടിച്ചുതന്നതല്ല. നീ സ്വയം കണ്ടെത്തിയതാണ്. ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി നീയാ ജീവിതത്തിലേക്ക് പോവുകയും ചെയ്തു. എന്നിട്ടിപ്പോ അതിലെന്തെങ്കിലും പാകപിഴ വന്നെങ്കിൽ അതും എന്റെ മോള് സ്വയം പരിഹരിച്ചോണം. അല്ലാതെ അതിന്റെ പഴി സ്വന്തം അനിയത്തിയുടെ മേൽ ചാരാനായി മേലാൽ നീയീ പടി ചവിട്ടിപ്പോകരുത്. പിന്നെ സത്യയെപ്പറ്റി പുറത്താരെന്ത് പറഞ്ഞാലും അതുമോർത്ത് നീ വേദനിക്കണ്ട.

കാരണം അവൾക്ക് നേരെ വരുന്നതിനിയെന്തായാലും അതിനെ നേരിടാനുള്ള കരുത്ത് അവൾക്കുണ്ടെന്നാണ് എന്റെ വിശ്വാസം. ” രണ്ടുപെണ്മക്കളേയും മാറി മാറി നോക്കിക്കൊണ്ട് വേണുഗോപാൽ പറഞ്ഞുനിർത്തുമ്പോൾ മൈഥിലിയുടെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിരുന്നു. ” ഞാനിനിയൊന്നും പറയുന്നില്ല. ഇങ്ങോട്ടൊട്ട് വരുന്നതുമില്ല. ” പറഞ്ഞുകൊണ്ട് ഹാൻഡ് ബാഗുമെടുത്ത് അയാളെക്കടന്ന് ചവിട്ടികുലുക്കിയവൾ പുറത്തേക്ക് പോകുന്നത് നോക്കി നിൽക്കേ വേണുവിന്റെയും ഇന്ദിരയുടെയും മുഖത്തൊരു നേരിയ മന്ദഹാസം വിടർന്നിരുന്നു. പക്ഷേ അപ്പോഴും ഏതോ ആലോചനകളിൽ മുഴുകി നിൽക്കുകയായിരുന്നു അഗസ്ത്യ. ”

നീയെന്താ മോളെയീ ആലോചിച്ചുകൂട്ടുന്നത് ???? ” അഗസ്ത്യയെ പതിയെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ ചോദിച്ചു. ” ഏയ് ഒന്നൂല്ലച്ഛാ ഞാൻ വെറുതെ…. ” പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. ” സാരമില്ലെടാ…… ബുദ്ധിയും ബോധവുമില്ലാത്ത അവളുപറയുന്നതൊന്നും എന്റെ മോള് കാര്യമാക്കണ്ട. ” അവളുടെ മൂർദ്ധാവിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു. ” ഏയ് ഞാനതൊന്നുമല്ലച്ഛാ ഓർത്തത്. ഞാനൊന്ന് കുളിച്ചിട്ട് വരാം. ” ആർക്കോവേണ്ടിയെന്നപോലെ ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.

മുറിയിൽ കയറി വാതിടച്ചതും അവളാ വാതിലിൽ ചാരിനിന്ന് പൊട്ടിക്കരഞ്ഞു. കരഞ്ഞുകരഞ്ഞ് ഉള്ളൊന്ന് തണുത്ത് തുടങ്ങിയപ്പോൾ അവളുടെ മിഴികൾ ചുവരിലെ ഫ്രെയിം ചെയ്തുവച്ച തന്റെ വിവാഹഫോട്ടോ തേടിച്ചെന്നു. തന്റെകഴുത്തിലീ താലി കെട്ടുമ്പോൾ ആ മുഖത്തെ ഭാവം എപ്പോഴത്തെയും പോലെ അവൾ വീണ്ടും വീണ്ടും നോക്കി നിന്നു. ആ താലിയൊരു കൊലക്കയറ് പോലെ ഏറ്റുവാങ്ങിയത് മുതൽ ഇന്നീ നിമിഷം വരെ സംഭവിച്ച കാര്യങ്ങളോർക്കവേ വീണ്ടുമവളുടെ മിഴികൾ നീർചാലുകളായി.

കഴുത്തിൽ പറ്റിച്ചേർന്നുകിടന്ന അവന്റെ പേര് കൊത്തിയ താലിയിൽ അമർത്തിപ്പിടിക്കുമ്പോൾ അത് പൊട്ടിച്ചെറിഞ്ഞെങ്ങോട്ടെങ്കിലും ഓടിപ്പോകാൻ അവളുടെ ഉള്ള് വെമ്പൽകൊണ്ടു. വീണ്ടും ഓർമ്മകളുടെ കുത്തൊഴുക്കിൽ നിലത്തേക്കിരുന്ന് സാരിത്തുമ്പുകൊണ്ട് വായ മൂടി അവൾ പൊട്ടികരഞ്ഞു. ഒടുവിൽ ഉള്ളിലെ നൊമ്പരമെല്ലാം പെയ്തൊഴിഞ്ഞപ്പോൾ തോളിൽ നിന്നും പിൻചെയ്തിരുന്ന സാരിയഴിച്ചുകൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു.

ഷവറിൽ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളത്തിൽ നെറുകയിൽ ചാർത്തിയിരുന്ന സിന്ദൂരം മൂക്കിൻ തുമ്പിലൂടെ ഒഴുകിയിറങ്ങുന്നത് നോക്കി നിസംഗതയോടെ നിൽക്കുമ്പോൾ അവളുടെ ഉള്ള് നിറയെ നാളുകൾക്ക് മുൻപ് തന്റെജീവിതത്തിൽ എന്നെന്നേക്കുമായി കരിനിഴൽ വീഴ്ത്തിയ ആ ദിവസമായിരുന്നു. ——————– തുടരും…..