Friday, January 17, 2025
HEALTHLATEST NEWS

ആഫ്രിക്കൻ പന്നിപ്പനി പടരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

തിരുവനന്തപുരം: വടക്കുകിഴക്കൻ ഇന്ത്യയിലും, ബീഹാറിലും ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. ഈ സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. രോഗം പടരുന്ന പ്രദേശങ്ങളിൽ ഇറച്ചി വിൽപ്പന നിരോധിച്ചതോടെ ഇവയുടെ വില കുറഞ്ഞു. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ നിന്ന് നാമമാത്രമായ വിലയ്ക്ക് പന്നികളെ കടത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൂചന നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. പന്നികളിൽ രോഗം വളരെ വേഗത്തിൽ പടരുന്നു. വാക്സിനോ മറ്റൊ ഇല്ലാത്തതിനാൽ രോഗബാധിതരായ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിലും മറ്റ് സ്ഥലങ്ങളിലും പൊലീസുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു.

രണ്ട് വർഷം മുമ്പ് അസമിൽ ഇന്ത്യയിലെ ആദ്യത്തെ പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് പന്നികളെ കൂടുതലും വളർത്തുന്നത്. കേരളത്തിൽ ഏകദേശം ഒരു ലക്ഷത്തോളം വളർത്തു പന്നികൾ ഉണ്ടെന്നാണ് കണക്ക്. പന്നികളിൽ മാത്രം കാണപ്പെടുന്ന രോഗമായതിനാൽ ഇത് മറ്റ് മൃഗങ്ങളിലേക്ക് പകരാൻ കഴിയില്ലെന്നും ഈച്ചകൾ വഴി പന്നികളിലേക്ക് പകരാമെന്നും പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ഡോക്ടർമാർ പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരരുതെന്ന് കേരളം കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.