Thursday, November 14, 2024
LATEST NEWSPOSITIVE STORIES

പുതിയ ആകാശത്തെ കാണാൻ ഒരു ‘ഗോത്രയാത്ര’

കരിപ്പൂർ: മേഘങ്ങൾക്കിടയിൽ കണ്ട വെളിച്ചം തെളിയാനായ് വിജേഷും കൂട്ടുകാരും കാത്തു നിന്നു.വെളിച്ചം തെളിഞ്ഞു മുന്നിലൂടെ പോയപ്പോൾ ജിദ്ദയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തെ ആർത്തു വിളിച്ച് അവർ സ്വാഗതം ചെയ്തു.
ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ നിലമ്പൂരിലെ വിവിധ ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്കായി ജൻ ശിക്ഷക് സൻസ്ഥാൻ (ജെ.എസ്.എസ്) സംഘടിപ്പിച്ച ഗോത്രയാത്രയുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളം സന്ദർശിക്കാൻ എത്തിയതാണ് ഇവർ. കാട്ടിൽ താമസിക്കുന്നവരടക്കം 120 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും മിക്ക ആളുകൾക്കും ആദ്യത്തെ അനുഭവമായിരുന്നു.
വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ പി വി ജ്യോതി, വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവിധ വാക്കുകളെ കുറിച്ചും കുട്ടികളോട് വിശദീകരിച്ചു.  അവർക്ക് 2 ടേക്ക് ഓഫുകളും ഒരു ലാൻഡിങ്ങും കാണാനായി. വനവിഭവങ്ങൾ വിൽക്കാൻ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിക്കാൻ സഹായിക്കാമോയെന്ന് ഗോത്രാമൃത് സൊസൈറ്റിയുടെ പ്രസിഡന്‍റ് കൂടിയായ എസ്.സുരേന്ദ്രൻ ചോദിച്ചു. വാടകയിൽ പ്രത്യേക ഇളവ് നൽകി വിഷയം പരിഗണിക്കണമെന്ന് പി.വി അബ്ദുൾ വഹാബ് എം.പിയും പറഞ്ഞു. ഇക്കാര്യം പദ്ധതി രൂപത്തിൽ എയർപോർട്ട് ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണെന്ന് അസിസ്റ്റന്‍റ് ജനറൽ മാനേജർ സി ശ്രീനിവാസൻ മറുപടി നൽകി.