Monday, April 29, 2024
HEALTHLATEST NEWS

‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’; വീട്ടിലെത്തിയുള്ള സ്ക്രീനിംഗ് 5 ലക്ഷം കടന്നു

Spread the love

തിരുവനന്തപുരം : ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ള അഞ്ച് ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 30 വയസിന് മുകളിലുള്ളവരെ വീടുകളിൽ എത്തി സന്ദർശിച്ച് സൗജന്യമായി രോഗനിർണയവും ചികിത്സയും നൽകുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ആരംഭിച്ച് അഞ്ചാഴ്ചയ്ക്കുള്ളിൽ ഇത്രയധികം ആളുകളിലേക്ക് എത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

Thank you for reading this post, don't forget to subscribe!

30 വയസിന് മുകളിലുള്ളവർ ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ആകെ 5,02,128 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 21.17 ശതമാനം പേര്‍ (1,06,312) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 11.49 ശതമാനം പേര്‍ക്ക് (57,674) രക്താതിമര്‍ദ്ദവും, 8.9 ശതമാനം പേര്‍ക്ക് (44,667) പ്രമേഹവും, 4.14 പേര്‍ക്ക് (20,804) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 6775 പേരെ ക്ഷയരോഗത്തിനും 6139 പേരെ ഗര്‍ഭാശയ കാന്‍സറിനും 34,362 പേരെ സ്തനാര്‍ബുദത്തിനും 2214 പേരെ വദനാര്‍ബുദത്തിനും സ്ഥിരീകരണത്തിനായി റഫര്‍ ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലാണ് മികച്ച സ്ക്രീനിംഗ്. 81,876 പേരെയാണ് മലപ്പുറത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. തൃശ്ശൂർ (59,291) രണ്ടാം സ്ഥാനത്തും ആലപ്പുഴ (50,979) മൂന്നാം സ്ഥാനത്തുമാണ്. റിസ്ക് ഗ്രൂപ്പിലുള്ളവരെയും റഫർ ചെയ്യുന്ന രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമുള്ളവർക്ക് ചികിത്സയും ഉറപ്പാക്കും. ഇ-ഹെൽത്ത് വികസിപ്പിച്ചെടുത്ത ഷൈലി ആപ്ലിക്കേഷനിലൂടെ ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തുകയും ജീവിതശൈലി രോഗനിർണയം നടത്തുകയും ചെയ്യുന്നു. ഇത് അതാത് ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഡാഷ്ബോർഡ് വഴി തത്സമയം നിരീക്ഷിക്കാൻ കഴിയും.