Thursday, December 19, 2024
Novel

സുൽത്താൻ : ഭാഗം 26

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

കൺസൽറ്റിംഗിന് വന്ന അവസാനത്തെ പേഷ്യന്റ്റും പോയീന്നു ഉറപ്പ് വരുത്തിയ ശേഷം ഫിദയുടെ കണ്സൽറ്റിങ് റൂമിലേക്ക് കയറി ചെന്നു റിഹാൻ… ഫിദ പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു… “ഫിദൂത്ത എനിക്കല്പം സംസാരിക്കാനുണ്ട്..” “എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല റിഹാൻ… ഡാഡിക്ക് കൊടുത്ത വാക്കിന്റെ പുറത്തു മാത്രമാണ് നിന്റെ ചെയ്തികൾ ഞാൻ പുറത്ത് പറയാത്തത്… കൂടാതെ എന്റെ അനിയത്തി വിഷമിക്കുമല്ലോ എന്നോർത്തും… “ഫിദ വീറോടെ പറഞ്ഞു “അതേ അത് തന്നെയാണ് എനിക്ക് പറയാനുള്ളതും… ഞാനാണ് തെറ്റുകാരൻ… ഇക്കായല്ല… എന്നോടുള്ള ദേഷ്യത്തിന് ഇക്കായെ ശിക്ഷിക്കരുത്… ”

“മ്മ്.. രണ്ടുപേരും… ഇക്കാക്ക് വേണ്ടി അനിയൻ ത്യാഗം ചെയ്തു… അല്ലെങ്കിൽ അത് പറഞ്ഞ് എന്റെ വീട്ടുകാരുടെ സിംപതി പിടിച്ചു പറ്റി… നിദയെ കെട്ടാമെന്നു ഒരു ഓഫർ വെച്ചാൽ അവർ എന്തും സമ്മതിക്കുമല്ലോ… പക്ഷെ നിങ്ങൾ കാണാതെ പോയ ഒന്നുണ്ട്… എന്റെ മനസ്… എന്റെ ഇഷ്ടം…. അത്‌ മനഃപൂർവം നഷ്ടപ്പെടുത്തിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടി..” “ഇത്താ പ്ലീസ്… ആദീക്കാ ഒന്നിനും ഇല്ല… ഞാനാണ് ഇതിന്റെ പിന്നിൽ… ” “ഒന്ന് പോയി തരൂ റിഹാൻ… വീണ്ടും വീണ്ടും ചേട്ടന് വേണ്ടി വാദിച്ച് നീ സ്വയം ചെറുതാകാതെ… ഞാൻ ആദിയോട് നേരത്തെ പറഞ്ഞിരുന്നു…. എന്നെ നിക്കാഹ് ചെയ്‌താൽ ലൈഫ് ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന്…

അതിൽ ഇനിയിപ്പോ മാറ്റമൊന്നും വരാനില്ല… “ഫിദ റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോയി… നിരാശയോടെ പുറത്തേക്കിറങ്ങി വന്നു തന്റെ റൂമിലേക്ക് കയറാൻ ആഞ്ഞ റിഹാൻ സ്റ്റെയർകെസിനു മറവിൽ ഉമ്മച്ചി നിൽക്കുന്നത് കണ്ടു ആകുലപ്പെട്ടു… ഉമ്മച്ചിയുടെ മുഖത്ത് നിന്നും എന്തൊക്കെയോ കേട്ടത് പോലെ ഒരു ഭാവം അവൻ വായിച്ചെടുത്തു… മുഖം കൊടുക്കാതെ മുറിയിലേക്ക് കയറാൻ തുനിഞ്ഞ അവനെ അടുക്കളയിലേക്ക് ഒന്നെത്തി നോക്കിക്കൊണ്ട് ഉമ്മച്ചി പിൻവിളി വിളിച്ചു…

അടുക്കളയിൽ എന്തോ ചെയ്യുകയാണ് നിദ… അവനുമായി പുറത്തൊരു ഒഴിഞ്ഞകോണിൽ ചെന്ന് നിന്നു കാര്യമന്വേഷിച്ച ഉമ്മച്ചിയോട് ഒന്നുമില്ലെന്നും അവർ തമ്മിൽ എന്തോ സൗന്ദര്യപ്പിണക്കത്തിൽ ആണെന്നും റിഹാൻ പറഞ്ഞു… അത്രകണ്ടു അത്‌ വിശ്വസിക്കാതെ വിഷമിച്ചു നിന്ന ഉമ്മച്ചിയെ കണ്ണടച്ച് കാട്ടി കൊണ്ടവൻ അകത്തേക്ക് കയറി പോയി…. ……………………………❣️ ദിവസങ്ങൾ മാസങ്ങളായി പരിണമിച്ചു… ഇതിനിടയിൽ ആദിയുടെ വാപ്പിച്ചി തിരികെ പോയിരുന്നു…. റിഹാന് ട്രെയിനിങ് കഴിഞ്ഞു തിരുവനന്തപുരത്ത് പോസ്റ്റിങ് ആയി… വീട്ടിൽ നിന്നു അകലം ഉള്ളതിനാൽ രണ്ടാഴ്ച കൂടുമ്പോഴേ അവൻ വരുമായിരുന്നുള്ളു… തേജു ഗൾഫിലേക്ക് പോയിരുന്നു ഇതിനോടകം…

വൈശു പ്രൈവറ്റ് ഹോസ്പിറ്റലിൽ തന്നെ തുടർന്നു… ഹർഷന്റെ കല്യാണം കഴിഞ്ഞു… അതിനു പോകാൻ പക്ഷെ തിരക്ക് കാരണം ആദിക്ക് കഴിഞ്ഞില്ല .. ഫിദ കൈപ്പുണ്യമുള്ള ഒരു പീഡിയാട്രീഷ്യൻ ആയിരുന്നത് കൊണ്ടു തന്നെ വീട്ടിലെ ക്ലിനിക്കിൽ നല്ല തിരക്കായിരുന്നു… അവൾ ആ ലോകത്ത് ഒതുങ്ങിക്കൂടി… രാവിലെ ആദി പോകുന്നതിനു മുൻപ് തന്നെ അവൾ കൺസൽറ്റിംഗിന് കയറും.. അതുപോലെ തന്നെ രാത്രി അവൻ വന്നു കഴിഞ്ഞും ഒരുപാടു നേരം പേഷ്യന്റ്സ് ഉണ്ടാകും.. അവർ തമ്മിൽ ഒരു മുറിയിൽ അപരിചിതരെ പോലെ കഴിഞ്ഞു പോന്നു…

റിഹാന് ഒഴിച് ബാക്കിയാർക്കും അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു… ഈയിടെയായി ഉമ്മച്ചിക്ക് പക്ഷെ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്നു ആദിക്കും തോന്നി തുടങ്ങിയിരുന്നു… അത് കൊണ്ടു തന്നെ ഉമ്മച്ചിയുടെ മുന്നിൽ അവൻ ഫിദയോട് പ്രശ്നമൊന്നും ഇല്ലാത്ത രീതിയിൽ സംസാരിച്ചിരുന്നു.. ചില വേളകളിൽ എങ്കിലും അതൊക്കെ അഭിനയമാണെന്ന് ഉമ്മച്ചിക്ക് സംശയം തോന്നി തുടങ്ങി.. അങ്ങനെയിരിക്കെ നീരജിന്റെ കല്യാണം അറിയിച്ചു… പാലക്കാട് തന്നെയാണ് പെണ്ണ്.. ഇത്രയും അടുത്ത കൂട്ടുകാരൻ ആയതു കൊണ്ടു തന്നെ രണ്ടു ദിവസം മുന്നേ ചെല്ലണമെന്ന് പറഞ്ഞിരുന്നു നീരു.. ഫിദയെയും പ്രത്യേകം വിളിച്ചിരുന്നു.. റിഹുവിനെയും അറിയിച്ചതിനെ തുടർന്ന് അവനും പോകാനായി എത്തിയിരുന്നു…

നിദയും ഒരുങ്ങി പോകാനായി… നാലുപേരും കൂടി കാറിലേക്ക് കയറും മുൻപ് ഫിദ ആദിയോട് പറഞ്ഞു.. “ആദി എന്നെ ആലപ്പുഴയിൽ ഇറക്കിയെക്ക് കേട്ടോ… ഞാൻ വരുന്നില്ല… റിഹുവിനോടും നിദയോടും മറ്റെന്തെങ്കിലും പറഞ്ഞേക്ക്… ” ആദി ഒന്നും മിണ്ടിയില്ല… അവന്റെ മനസ് ഇടിഞ്ഞു പോയിരുന്നു.. ഈ ഒരു ബന്ധം വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി… അല്ലെങ്കിലും ഫിദയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നവന് തോന്നി.. അവൾ ആദ്യമേ പറഞ്ഞതായിരുന്നു ഇത് ഇങ്ങനെയൊക്കെയേ ആവൂന്ന്… എങ്കിലും ഇത്രയും ജീവൻ പോലെ സ്നേഹിച്ചിരുന്ന ഒരു കൂട്ടുകാരനെ ഇങ്ങനെ വേണ്ടെന്നു വെയ്ക്കാൻ എങ്ങനെ പറ്റുന്നു അവൾക്ക്.. ഏതെങ്കിലും ഒരു നിമിഷത്തിൽ എങ്കിലും ഒരു ഇഷ്ടം തോന്നില്ലേ…

മനസിലെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ ആദി ഇരുന്നു…. കാറിൽ കയറിയപ്പോൾ മുതൽ ആദി മൂഡ് ഓഫ്‌ ആണെന്ന കാര്യം റിഹു മനസിലാക്കി എങ്കിലും ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചിരുന്നു അവൻ… ആലപ്പുഴ എത്തിയപ്പോൾ വീട്ടിലേക്ക് ഓട്ടോ കിട്ടാൻ പാകത്തിൽ ഒരിടത്ത് കാർ നിർത്തി കൊടുക്കാൻ ആദി ആവശ്യപ്പെട്ടതനുസരിച് റിഹു കാർ ഒതുക്കി… കാറിൽ നിന്നിറങ്ങിയ ഫിദയെ നിദയും റിഹുവും സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു… ആദിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഒക്കെ റിഹുവിനു കുറ്റബോധം തോന്നി.. താൻ കാരണമാണ് ഇക്കാക്ക് ഇങ്ങനെയൊരു ജീവിതമായി പോയതെന്ന് ഓർത്തു അവന്റെ നെഞ്ച് വിങ്ങി…

പക്ഷെ അതിനു വേണ്ടി ചെയ്തതൊക്കെ പറഞ്ഞാൽ ഇക്കാ ഒരിക്കലും ക്ഷമിക്കില്ല തന്നോട് എന്നോർത്തപ്പോൾ അത്‌ ആദിയോട് പറയാനും അവൻ ഭയന്നു… മാത്രമല്ല നിദ… അവൾ ഇത് അറിഞ്ഞാൽ തകർന്നു പോകും… ഒരേസമയം തന്റെ ജീവന്റെ ജീവനായ രണ്ടുപേരെ താൻ ചതിക്കുകയാണോ എന്നൊക്കെ ഓർത്തു പോയി റിഹാൻ…. …………………………..❣️ മാസങ്ങൾ വീണ്ടും കടന്നു പോയി… ഇരു വീട്ടുകാരെയും സന്തോഷ തേരിൽ ഏറ്റിക്കൊണ്ട് ആ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നു എന്ന വാർത്തയറിഞ്ഞു..നിദക്ക് വിശേഷമായി… വിവരം അറിഞ്ഞു വരേണ്ട ദിവസത്തിനും മുൻപേ തന്നെ റിഹാൻ എത്തി…

അന്ന് തന്നെ ആലപ്പുഴയിൽ നിന്നും ഡാഡിയും മമ്മിയും സുലുവാന്റിയും കൂടി പലഹാരങ്ങൾ ഒക്കെയായി നിദയെ കാണാനെത്തി… നിദയും ഫിദയും മമ്മിയും ഉമ്മച്ചിയും കൂടി ഇരിക്കുന്ന നേരത്ത് സുലുവാന്റി പറഞ്ഞു… “അനിയത്തി ചേച്ചിയെ വെട്ടിച്ചു കളഞ്ഞല്ലോ.. നോക്ക് ഫിദു … റിഹു വല്ലപ്പോഴുമേ വീട്ടിൽ വരാറുള്ളു… എന്നിട്ടും അവർ നിങ്ങളെ കടത്തി വെട്ടി കേട്ടോ… നിന്റെ കെട്യോന് എന്താടി പരിപാടി… ” എല്ലാവരും അത് കേട്ട് ചിരിച്ചപ്പോൾ എന്ത് കൊണ്ടോ ഉമ്മച്ചിയുടെ നോട്ടം ഫിദയിൽ തറഞ്ഞു നിന്നു… അവളും ആ തമാശ ആസ്വദിക്കാനാവാതെ ഇരിക്കുകയായിരുന്നു.. ഇതുവരെ പരിചയമില്ലാത്തൊരു നോട്ടമാണ് ഉമ്മച്ചി നോക്കിയതെന്നു ഫിദക്ക് തോന്നി… വല്ലാതെ മനസ് ആസ്വസ്ഥമാകുന്നത് അവളറിഞ്ഞു… ………………………❣️

സമയം മാത്രം തിരിഞ്ഞു നോക്കാൻ സമയമില്ലാതെ നീങ്ങിക്കൊണ്ടിരുന്നു… ഇതിനിടയിൽ നിദയെ പ്രസവത്തിനായി ആലപ്പുഴയിലേക്ക് കൊണ്ടു പോയി… അവിടെയും ഇവിടെയുമായി മാറി മാറി ഫിദ നിന്നു… അങ്ങനെ കാത്തിരുന്ന ആ ദിവസമെത്തി.. നിദ ഒരു ആൺകുഞ്ഞിന് ജന്മം നൽകി… ചടങ്ങുകളും കാര്യങ്ങളും ഒക്കെ കഴിഞ്ഞു അവളെ കൂട്ടി കൊണ്ടു വരുന്ന ദിവസമായി … എല്ലാവരും കൂടി പോയാണ് അമ്മയേം കുഞ്ഞിനേം കൂട്ടി കൊണ്ടുവന്നത്… വീട്ടിൽ വന്നപ്പോൾ മുതൽ നിദയുടെയും കുഞ്ഞിന്റെയും എല്ലാകാര്യങ്ങളും ഫിദ തന്നെയാണ് ചെയ്തിരുന്നത്… അവനെ അവൾ താഴെ വെക്കില്ലായിരുന്നു…. ഏതു സമയവും എടുത്തു കൊണ്ടു നടക്കും… ഇടക്ക് ഉമ്മച്ചി കളിയായി പറയാൻ തുടങ്ങി…

ഇനിയിപ്പോ സ്വന്തമായൊക്കെ നോക്ക്… നിങ്ങൾക്കും വേണ്ടേ ഒന്ന്… എന്നും അനിയത്തിയുടെ കുഞ്ഞിനെ കളിപ്പിച്ചു നടന്നാൽ മതിയോ… ആദി അത് കേട്ട് ചിരിച്ചു തള്ളി… പിന്നെയും കഴിഞ്ഞു രണ്ടു മാസം കൂടി… അന്നൊരു ദിവസം ഉമ്മച്ചിയുടെ ഉമ്മാ ഒരാഴ്ച വിരുന്നു നിൽക്കാൻ എത്തി.. ആദി തന്നെയാണ് വലിയുമ്മിക്ക് വരണമെന്ന് പറഞ്ഞിട്ട് പോയി കൂട്ടി കൊണ്ടു വന്നത്… പൊതുവെ സംസാരം കുറവുള്ള ഫിദയെ വലിയുമ്മിക്ക് അത്ര ബോധിച്ചില്ല.. നിദ ഏതുസമയവും വലിയുമ്മിയുടെ ഇഷ്ടത്തിന് നിന്നിരുന്നത് കൊണ്ടു അവളെ ബോധിക്കുകയും ചെയ്തു… ഏതോ ഒരു ദിവസം അത്താഴം കഴിഞ്ഞ ഇടവേളയിൽ വലിയുമ്മി ചോദിച്ചു..

“മൂത്തോൾക്ക് വിശേഷം ഒന്നുമായില്ലല്ലോ അതെന്താ… എന്തേലും കുഴപ്പമുണ്ടോ അവൾക്ക്.. ഇപ്പൊ ഒന്നൊന്നര വർഷമായില്ലേ നിക്കാഹ് കഴിഞ്ഞിട്ട്… ” വലിയ ശ്രദ്ധ കൊടുക്കാതിരുന്ന ഉമ്മച്ചിയെ എന്തൊക്കെയോ പരദൂഷണം തലയിലെക്കടിച്ചു കയറ്റി വലിയുമ്മി ഉറങ്ങാൻ പോയി… ടീവി കണ്ടുകൊണ്ടിരുന്ന ആദി അത് മതിയാക്കി മുകളിലേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് ഡൈനിങ് ടേബിളിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ഉമ്മച്ചിയെ കണ്ടത് …. അവൻ അടുത്തേക്ക് ചെന്നതും ഉമ്മച്ചി തലയുയർത്തി നോക്കി… എന്തുപറ്റി എന്നവൻ കയ്യുയർത്തി ചോദിച്ചു… “മോൻകുട്ടാ എനിക്കൊരു കാര്യം അറിയണം.. എന്താ നിങ്ങളുടെ ഉദ്ദേശം… “ഗൗരവത്തോടെയുള്ള ഉമ്മച്ചിയുടെ ചോദ്യം കേട്ട് ആദി അമ്പരന്നു…

“എന്താ ഉമ്മച്ചി… ആരുടെ ഉദ്ദേശം.. “? ചോദിച്ചുകൊണ്ട് ഉമ്മച്ചിയുടെ അടുത്ത് കിടന്ന കസേരയിലേക്ക് അവൻ ഇരുന്നു… “നീ കുറെ നാളായിട്ട് ഇവിടെ നന്നായി അഭിനയിക്കുന്നുണ്ട് മോൻകുട്ടാ … അതിന്റെ ബാക്കിപത്രമാണോ നിങ്ങൾക്ക് ഒരു കുഞ്ഞില്ലാത്തത്…?? ” ആദിയിൽആ ചോദ്യം വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കി … മുഖത്ത് ചിരി വരുത്താൻ പ്രയാസപ്പെട്ടു കൊണ്ടു കള്ളം കണ്ടുപിടിക്കപ്പെട്ട കൊച്ചു കുഞ്ഞിന്റെ മുഖഭാവത്തോടെ അവനവിടിരുന്നു… “ഏയ്.. ഉമ്മച്ചി എന്തൊക്കെയാ ഈ പറയുന്നേ… “അവന്റെ വാക്കുകൾ ഇടറി… “എന്നാൽ നാളെ തന്നെ അവളെ വല്ല ഡോക്റ്ററെയും കൊണ്ടു കാണിക്ക്.. എന്താണെന്നറിയാല്ലോ… ഇനി വെച്ച് താമസിപ്പിക്കണ്ടാ… നിങ്ങളുടെ ഫ്രണ്ട്സൊക്കെ കാണുമല്ലോ ഗൈനക്കോളജിസ്റ്റ്…

അല്ലാതെ ഇതിപ്പോ എത്രനാളാന്നും പറഞ്ഞാ കാത്തിരിക്കുന്നെ.. ചോദിക്കുന്നവരോടൊക്കെ മറുപടി പറഞ്ഞ് ഞാൻ മടുത്തു… “ഉമ്മച്ചി ഈർഷ്യയോടെ പറഞ്ഞിട്ട് മുറിയിലേക്ക് പോകാൻ എഴുന്നേറ്റു… “ഉമ്മച്ചി… ” ആദിയുടെ പിൻവിളി കേട്ട് അവർ തിരിഞ്ഞു നോക്കി… “അവൾക്ക് കുഴപ്പമൊന്നുമില്ല… ചെക്ക് ചെയ്താരുന്നു… ” “പിന്നെ… “ഉമ്മച്ചി സംശയത്തോടെ പുരികമുയർത്തി… “എനിക്ക്… എനിക്കാണ് കുഴപ്പം… “ആദി മിഴികളടച്ചു നേർത്ത സ്വരത്തിൽ പറഞ്ഞു… കിച്ചണിൽ നിന്നു ജഗ്ഗിൽ വെള്ളവുമെടുത്ത് മുകൾ നിലയിലേക്ക് കയറാൻ നിന്ന ഫിദ കേട്ടു നിൽക്കുകയായിരുന്നു അവിടെ നടന്ന ഈ സംസാരമത്രയും…….തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 25