Friday, January 17, 2025
Novel

അനാഥ : ഭാഗം 16

എഴുത്തുകാരി: നീലിമ

ഞെട്ടി ഉണർന്നു. കട്ടിലിൽ എഴുന്നേറ്റിരുന്നു കിതച്ചു. സിനിമയിലെ സീനുകളൊക്കെയാണ് സ്വപ്നത്തിൽ വരുന്നത്…!! സ്വപ്നത്തിനറിഞ്ഞൂടെ ഇത് സിനിമ അല്ല ജീവിതം ആണെന്ന്?? മനുഷ്യനെ പേടിപ്പിക്കാൻ.. !!! സത്യത്തിൽ സ്വപ്നം ആണെന്ന് വിശ്വസിക്കാനാവുന്നില്ല. അത്ര തെളിമയോടെ കണ്ടതാണ് എല്ലാം… അപ്പുന്റെ മുഖം.. !!! അവന്റെ ഇച്ചീയിന്നുള്ള വിളി.. അത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. എ സി യുടെ തണുപ്പിലും ആകെ വിയർത്തു കുളിച്ചിരുന്നു…

അപ്പോഴാണ് നിമ്മീ കോഫിയുമായി റൂമിലേയ്ക്ക് വന്നത്…. എന്താ മഹിയേട്ടാ?? വല്ലതിരിക്കുന്നല്ലോ? സുഖമില്ലേ? ഏയ്‌.. ഒന്നുമില്ലെടോ? പിന്നെ?? സ്വപ്നം വല്ലതും കണ്ടോ? മ്മ്… സമയം 6.30 ആകുന്നു…… ഇപ്പൊ ജോഗ്ഗിങ്ങിനൊന്നും പോകാറില്ലല്ലോ? ഭയങ്കര മടിയല്ലേ? നാളെ മുതൽ ഞാൻ 5.30 നു വിളിക്കും കേട്ടോ? ആയിക്കോട്ടെ… ഞാൻ ചിരിച്ചു കൊണ്ട് ബെഡിൽ ചാരി ഇരുന്നു. നിമ്മീടെ കയ്യിൽ നിന്നും കോഫി വാങ്ങി ടേബിളിൽ വയ്ച്ചു. നിമ്മീ… അപ്പു തന്നെ ഇച്ചേയീണെന്നാണോ വിളിക്കുന്നേ?

അതേ മഹിയേട്ടാ… ഞാൻ പറഞ്ഞിട്ടുണ്ടല്ലോ? അവൻ എന്നെ അങ്ങനേ വിളിക്കാറുള്ളു… അതെന്താ ചേച്ചിന്നു വിളിക്കാത്തെ? ഇത് കുറച്ചു ഡിഫറെൻറ് ആണല്ലോ? അവൻ സംസാരിച്ചു തുടങ്ങിയപ്പോ എന്നെ ഇച്ചേയീന്നാ വിളിച്ചേ. ചേച്ചിന്നു വിളിക്കാൻ പഠിപ്പിച്ചതാ… പക്ഷെ വിളിച്ചത് ഇങ്ങനെ… തിരുത്താൻ ഒത്തിരി തവണ നോക്കി.. അവൻ അങ്ങനെ തന്നെ വിളിച്ചു. വലുതായപ്പോഴും അവൻ തിരുത്തിയില്ല. എന്റെ ഇച്ചേയി എനിക്ക് സ്പെഷ്യൽ ആണ്. അതുകൊണ്ട് ഇതും ഡിഫറെൻറ് ആയിരിക്കട്ടെന്നു പറയുമായിരുന്നു…… അപ്പൊ ചേച്ചിന്നു വിളിച്ചിട്ടേ ഇല്ലേ?

ഇല്ല മഹിയേട്ടാ.. അവൻ എന്നെ ചേച്ചിന്നു വിളിച്ചിട്ടേയില്ല. ഇനി വിളിക്കുകയും ഇല്ല.. അവനെ എനിക്കറിയില്ലേ? എന്താ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നെ? ഏയ്‌.. ഞാൻ അപ്പുനെയാ സ്വപ്നം കണ്ടത്. അവൻ തന്നെ ഇച്ചേയിന്നു വിളിച്ചു തന്റെ അടുത്തേയ്ക്ക് വരുന്നത്. അപ്പൊ ചുമ്മാ ചോദിക്കണമെന്ന് തോന്നി… ആണോ മഹിയേട്ടാ? അപ്പൂനെ കണ്ടോ…??? ആ സ്വപ്നം സത്യമാകട്ടെ…. (എന്റമ്മോ ! എന്റെ പെണ്ണേ… !!! അത് സത്യമാകരുതെന്നാ ഞാൻ പ്രാർത്ഥിക്കുന്നത്…. നിനക്ക് വേറൊന്നും പ്രാർത്ഥിക്കാനില്ലേ? അല്ല, എന്നെ പറഞ്ഞാൽ മതി… ഞാനാണല്ലോ കാണാത്ത സ്വപ്നം അവളോട് പറഞ്ഞത്… )

എന്താ ആലോചിക്കുന്നത്?? ഒന്നുമില്ലെടോ… അപ്പു തന്റെ അടുത്തേയ്ക്ക് വരുന്നത് ഒന്ന് സങ്കൽപ്പിച്ചതാ… അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു… ഒരു കാര്യം കൂടി… റെജിയെക്കുറിച്ച് എന്താ തന്റെ അഭിപ്രായം?? റെജി?? എന്താ ഇപ്പൊ അവനെക്കുറിച്ചു ചോദിക്കാൻ?? ചുമ്മാ.. താൻ പറയൂ… റെജിയ്ക്ക് തന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടായിരുന്നോ? അങ്ങനെ ഒന്നും ഇല്ലെന്നു തോന്നുന്നു. അവൻ എന്നും എന്നോട് സംസാരിച്ചിട്ടുള്ളത് അരുണിന് വേണ്ടിയാണ്. അരുണിന്റെ വലം കൈ ആയിരുന്നല്ലോ അവൻ?

അരുണിന് വേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറായിരുന്നു…. പിന്നെ…. പിന്നെ എന്താ?? ചിലപ്പോഴുള്ള അവന്റെ നോട്ടവും ഭാവവും…. അത് വല്ലാതെ ഇറിറ്റേറ്റിങ് ആയിരുന്നു. എന്തോ.. എനിക്കവനെ ആദ്യമേ ഇഷ്ടമായിരുന്നില്ല… മ്മ്… അവന്റെ സ്വഭാവം അരുണിനെപ്പോലെ തന്നെയായിരുന്നോ? അവനെ എനിക്ക് അടുത്ത പരിചയമൊന്നുമില്ല മഹിയേട്ടാ… ഓർഫനേജിൽ ഞങ്ങൾ ലേഡീസ് പ്രത്യേകം ആണ് താമസിച്ചിരുന്നത്. പിന്നെ കോളേജിൽ വച്ചുള്ള പരിചയമാണ്… പഠിക്കാനൊക്കെ അവൻ മോശമായിരുന്നു. ഒരു തെമ്മാടിയായിട്ടൊന്നും അന്ന് തോന്നിയിട്ടില്ല.

പിന്നെ… അവൻ നല്ല ഒരു മിമിക്രി ആർടിസ്റ്റ് ആയിരുന്നു… മിമിക്രിയോ?? മ്മ്… യുത്ത് ഫെസ്ടിവലയിൽ ഒക്കെ മിമിക്രിക്ക് ഒന്നാമതായിരുന്നു. ശബ്ദാനുകരണം ആയിരുന്നു അവനു ഇഷ്ടം. നടന്മാരുടെ ശബ്ദമൊക്കെ നന്നായി അവതരിപ്പിക്കും. ഒരിക്കൽ കവി മധുസൂദനൻ സാറ് കോളേജിൽ വന്നു. അദ്ദേഹത്തിന്റെ മുന്നിൽ വച്ചിട്ട് അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമായി അവതരിപ്പിച്ചു. അദ്ദേഹം അന്ന് അവനെ ഒരുപാട് അഭിനന്ദിച്ചു. ആരുടെ ശബ്ദവും ഒറ്റ തവണ കേട്ടാൽ മതി അവൻ അതുപോലെ അനുകരിക്കും.

ഒരാളുടെ തന്നെ കുഞ്ഞിലേ മുതൽ പ്രായമാകുന്നത് വരെയുള്ള ശബ്ദ വ്യത്യാസം ഒക്കെ clear ആയി അവതരിപ്പിക്കും… ഇപ്പൊ മാഹിയേട്ടന്റെ 10 വർഷം മുന്നേ ഉള്ള ശബ്ദം അവനു അറിയാമെന്നു വച്ചോ.. ഇപ്പോഴുള്ള മാഹിയേട്ടന്റെ ശബ്ദം അവൻ അനുകരിക്കും… വല്ലാത്ത കഴിവാണ്… ഒഹ് ! അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ? എന്താ മഹിയേട്ടാ… ഇപ്പൊ എന്താ ഇതൊക്കെ ചോദിക്കുന്നെ? ഏയ്‌.. ഒന്നുമില്ല.. താൻ ചെല്ല്… (അപ്പൊ എല്ലാം അവന്റെ കളിയാണ്.. റെജിയുടെ.. മോനേ റെജി… നിന്നെ ഞാൻ എടുത്തോളാം… )

നിമ്മീ പോയിക്കഴിഞ്ഞാണ് ഞാൻ എന്റെ ഫോൺ തപ്പിയത്. ബെഡിൽ തന്നെ ഉണ്ടായിരുന്നു. തലേന്ന് രാത്രി കിരൺ വിളിക്കുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് ഫോണും കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു. നോക്കി നോക്കിയിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി. നോക്കിയപ്പോ കിരണിന്റെ 5 മിസ്സ്ഡ് കാൾ. നിമ്മിയെ ഉണർത്താതിരിക്കാൻ ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു. അതാണ്‌ അറിയാത്തത്. അപ്പോൾ തന്നെ അവനെ തിരികെ വിളിച്ചു. അറ്റൻഡ് ചെയ്തില്ല… പാവം ഉറക്കമായിരിക്കും തിരികെ വിളിക്കട്ടെ.

ഫോൺ ടേബിളിൽ കൊണ്ട് വച്ചപ്പോൾ ദേ വരുന്നു അവന്റെ കാൾ… ടാ.. നീ എവിടെ പോയതാ?? ഇത് ഞാനല്ലേ നിന്നോട് ചോദിക്കേണ്ടത്? ഇന്നലെ നീ എവിടെ ആയിരുന്നു? അത്… അത് പിന്നെ.. നിന്റെ കാളും പ്രതീക്ഷിച്ചു കിടന്നു ഉറങ്ങിപ്പോയി…. എന്നാലും വല്ലാത്ത ഉറക്കമായിപ്പോയി അളിയാ… 5 തവണ വിളിച്ചിട്ടും ഉണർന്നില്ലാന്നു വച്ചാൽ?? നീ ഫിറ്റ്‌ ആയിട്ടാണാ ഉറങ്ങിയത്?? ആ ശീലം ഇല്ലാത്തതാണല്ലോ??? ഞാൻ എങ്ങനെയോ ഉറങ്ങട്ടെ… നീ വിളിച്ച കാര്യം പറ… എന്തായി? എല്ലാം ok മോനേ…

അവന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടി. റെജിയാണ് ആള്.. കറക്റ്റ് ആയിട്ട് സ്പോട്ട് ചെയ്‌തിട്ടുണ്ട്. അവൻ ഇപ്പൊ പോത്തൻകോട് ഒരു ഹോട്ടലിൽ ഉണ്ട്. കുറച്ചു ഉള്ളിലോട്ടാ.. ഞാൻ എനിക്ക് അടുത്തറിയാവുന്ന രണ്ട് കോൺസ്റ്റബിൾസിനെയാണ് ചാരപ്പണി ഏൽപ്പിച്ചത്… അവനെകൂടാതെ വേറെ നാല് പേർ കൂടി ഉണ്ടെന്നാണ് അവന്മാർ പറഞ്ഞത്. അവന്മാർ അങ്ങനെ പുറത്തൊന്നും ഇറങ്ങാറില്ലാന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്നെ റെജിയുടെ ശിങ്കിടികളാണ് പുറത്തേയ്ക്ക് പോകാറ്.

അതുകൊണ്ട് അവിടെ എത്തിയാൽ അവന്മാരെ പൂട്ടാൻ എളുപ്പണമാണ്. ഇതൊക്കെ അവന്മാർ ആ ലോഡ്ജ് ഉടമേടെ അടുത്തുന്നു രഹസ്യമായിട്ട് ചോർത്തിയതാണ്. പിന്നെ അത് റെജി തന്നെയാണെന്നാണ് അവന്മാർ പറഞ്ഞത്. നീ അരുണിന്റെ fb യിൽ നിന്നും എടുത്ത റെജിയുടെ ഫോട്ടോ എനിക്ക് അയച്ചിരുന്നത് ഞാൻ അവന്മാർക്ക് കൊടുത്തിരുന്നു. അവന്മാർ അങ്ങനെ പറഞ്ഞുന്നു കരുതി വിശ്വസിക്കുകയൊന്നും വേണ്ട കേട്ടോ.. മണ്ടന്മാരാ… പശൂനെ കണ്ടാൽ കാളയാണെന്നു പറയുന്ന കൂട്ടത്തിലാ…… നിന്റെ അല്ലേ പോലീസു?? ആടാ… എന്റെ തന്നെ.

ഒരു ആവശ്യം വന്നപ്പോ ഞാനും എന്റെ പോലീസുമെ ഉണ്ടായിരുന്നുള്ളു പിണങ്ങാതെടാ… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ?? ടാ.. അപ്പു? അവൻ അവരുടെ കയ്യിൽ ഉണ്ടാകുമോ? ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം റെജിയുടെ അടവാകും… അവൻ ഒന്നാന്തരം മിമിക്രിക്കാരനാണെന്നു നിമ്മീ പറഞ്ഞു… അവര് താമസിക്കുന്ന ലോഡ്ജിൽ എന്തായാലും അപ്പു ഇല്ല… ഇത് റെജിയുടെ കാലിയാണെങ്കിൽ നീ പറഞ്ഞത് ശരിയായിരിക്കും… പക്ഷെ,,, അവന്റെ പുറകിൽ മറ്റാരെങ്കിലും ഉണ്ടെങ്കിലോ???

എങ്കിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം… നീ എന്താ ഉദ്ദേശിക്കുന്നത്?? അരുൺ… അവനെ തന്നെ… കിരണേ… അവൻ…???? അവൻ തിരികെ വന്നിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. അങ്ങനെ ആണെങ്കിൽ അപ്പു അവന്റെ കസ്റ്റഡിയിൽ ഇല്ലാതെ അവൻ ഉണ്ടെന്ന് പറയുന്ന മണ്ടത്തരം ഒന്നും അവൻ കാണിക്കില്ല… അവൻ ഒരു കിടിലൻ ക്രിമിനൽ ആണ്… ഇനി റെജി തന്നെയാണ് ഇതിന് പിന്നിൽ എങ്കിൽ നീ പറഞ്ഞതാവും ശെരി. അവൻ നമ്മളെ കബളിപ്പിക്കുന്നതാകും… അറിഞ്ഞിടത്തോളം അവൻ ഒരു മണ്ടനാണ്.. പിന്നെ ഈ ഫീൽഡിൽ അവൻ പുതിയതാണെന്നു തോന്നുന്നു. അരുൺ?? അവൻ തിരികെ വന്നിട്ടുണ്ടാകുമോടാ?

അറിയില്ല.. സാധ്യതയുണ്ട്.. അപ്പൊ നമ്മൾ എന്ത് ചെയ്യും? അവൻ 4 മണി അല്ലേ പറഞ്ഞത്? ഞാൻ ഒന്ന് ആലോചിക്കട്ടെ… നിനക്ക് ബാങ്കിൽ പോകണ്ടേ? ഇന്ന് ലീവ് ആക്കിയാലോന്നു ആലോചിക്കുകയാ… നീ പോ.. വീട്ടിൽ ഇരുന്നാൽ നീ വേണ്ടാത്തതൊക്കെ ആലോചിക്കും… ഉച്ചക്ക് ശേഷം ലീവ് എടുക്ക്.. അതാണ്‌ നല്ലതല്ലേ? .. മ്മ്… നീ ടെൻഷൻ ആകണ്ട… പറ്റുമെങ്കിൽ നമുക്ക് അവനെ അവനെ അങ്ങോട്ട് പോയി പൂട്ടാം… ശെരിയെടാ… പിന്നെ നീ വിളിച്ചപ്പോ ആദ്യം ഞാൻ കേട്ടില്ല.. ഇന്നലെ കുറച്ചു ബിസി ആയിരുന്നു.

വെളുപ്പിന് 3 മണിക്കാ വന്നു കിടന്നത്. വന്നപ്പോ എന്റെ സഹധർമിണി കുംഭകർണി പൂണ്ട ഉറക്കം. സ്പെയർ കീ ഉണ്ടായിരുന്നോണ്ട് വീട്ടിൽ കയറി. ഉറങ്ങിപ്പോയൊണ്ട് നിന്റെ കാൾ കേട്ടില്ല. എന്റെ ഭാര്യ ഉണ്ടല്ലോ ആ പൂതന…. രാക്ഷസി.. അവളാണ് നടുവിന് ഒരു ചവിട്ടും തന്നു ഫോൺ എന്റെ കയ്യിൽ എടുത്ത് തന്നിട്ട് ‘മനുഷ്യന്റെ ഉറക്കം കളയാതെ വെളിയിലെങ്ങാനും പോയി നിന്നു വിളിക്ക് മനുഷ്യാന്ന് ‘പറഞ്ഞത്. അവള് ഇപ്പഴും കിടന്ന് ഉറക്കമായിരിക്കും. ഇനി അവളിപ്പോ അങ്ങനെ ഉറങ്ങണ്ട. പോയി ചവിട്ടി ഉണർത്തട്ടെ… നീ ഒക്കെ ഭാഗ്യവാനാണളിയാ..

കണ്ണ് തുറക്കുമ്പോ ആവി പറക്കുന്ന ചായയുമായി പ്രിയതമ മുന്നിൽ ഉണ്ടാവില്ലേ?? ഹാ… നിന്റെയൊക്കെ ഒരു യോഗം… ഞാൻ ചിരിച്ചു… അവൻ കാൾ അവസാനിപ്പിച്ചിട്ടും കുറച്ചു സമയം കൂടി ഞാൻ അങ്ങനെ ഇരുന്നു. മനസ്സിൽ പല ചിന്തകളായിരുന്നു.. നിമ്മീ വന്നു വിളിച്ചപ്പോഴാണ് ബോധം വന്നത്. പിന്നെ വേഗം കുളിച്ച് റെഡി ആയി ബാങ്കിലേക്ക് പോയി… മീറ്റിംഗിന്റെയും ഫങ്ക്ഷന്റെയും ഒക്കെ ബ്രോഷർ കിട്ടി.. രണ്ട് ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുന്നതോർത്തപ്പോൾ വിഷമം തോന്നി… പോകാതെ പറ്റില്ലല്ലോ?? IG ബാലഗോപാൽ സാറാണ് inauguration…

വേറെ രണ്ട് സ്പെഷ്യൽ guests ഉം ഉണ്ട്… നോക്കിക്കഴിഞ്ഞു അത് മടക്കി ബാഗിൽ വച്ചു… ഉച്ചയ്ക്ക് ശേഷം ലീവ് പറഞ്ഞു… ഫോൺ എടുത്തു ഒന്ന് രണ്ട് പേരെ വിളിച്ചു… പിന്നെ കിരണിനെയും… ഹാ.. ടാ ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു… ടാ.. അപ്പു അവന്റെ അടുത്തില്ല… അത് ഉറപ്പാണ്… ഇതിന്റെ പിറകിൽ അരുൺ ആയാലും റെജി ആയാലും അപ്പു അവരുടെ കസ്റ്റഡിയിൽ ഇല്ല.. നിനക്ക് എങ്ങനെ ഇത്ര ഉറപ്പിച്ചു പറയാൻ കഴിയും? ………….. oh… അങ്ങനെ ആണോ? അപ്പൊ ഞാൻ എല്ലാം പ്ലാൻ ചെയ്‍തിട്ട് നിന്നെ വിളിക്കാം… അര മണിക്കൂറിനുള്ളിൽ… ok? ok ടാ… 🌷🌷🌷🌷🌷🌷🌷🌷

ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞാണ് കിരണിന്റെ കാൾ വന്നത്… അറ്റൻഡ് ചെയ്ത് ഉടനെ അവൻ പറഞ്ഞു… ടാ… നമുക്ക് ഇപ്പൊ തന്നെ പോകാം.. അവനെ പൊക്കാൻ… അതെങ്ങനെ… അവൻ അവിടെ ഉണ്ടോ? നമ്മൾ അങ്ങോട്ട് പോയാൽ?? അവൻ അവിടെത്തന്നെ ഉണ്ട്.. കുറച്ചു കൂടി കഴിഞ്ഞാൽ റൂം വെക്കേറ്റ് ചെയ്യും എന്നാണ് ചാരന്മാർ തന്ന വിവരം… അതിന് മുൻപ് നമുക്ക് അവനെ പൊക്കണം.. എല്ലാം ഞാൻ ok ആക്കിയിട്ടുണ്ട്.. അപ്പൊ റെഡി ആയി നിലക്ക്.. ഞാൻ ഉടനെ എത്താം… അവൻ വന്നപ്പോൾ 2.30 ആയി.

ഞാൻ ഒരു കുഞ്ഞു കത്തി with കവർ, എടുത്ത് Pocket ൽ ഇട്ടിരുന്നു. ചുമ്മാ… സ്വയരക്ഷയ്ക്ക്…. ടാ അവന്മാർ അവിടെ തന്നെ ഉണ്ടെന്നാണ് ചാരന്മാർ തന്ന വിവരം. ഉടനെ പോയാൽ പൊക്കാം… ഹോട്ടൽ ഉടമയെ കിരണിന്റെ ചാരന്മാർ ആദ്യമേ ചാക്കിട്ടിരുന്നു… അവിടെ എത്തിക്കഴിഞ്ഞപ്പോൾ കിരൺ പറഞ്ഞു.. ടാ മഹി.. നീ ആദ്യം ഉള്ളിൽ കയറു… ഞങ്ങൾ പിറകെ വരാം… ആദ്യം തന്നെ ഞങ്ങളെ കണ്ടാൽ രക്ഷപെടാൻ എന്തെങ്കിലും പഴുതുണ്ടെങ്കിൽ അവന്മാർ രക്ഷപെടും. ചിലപ്പൊ പിറകിലെ ബാൽകെണിയിലൂടെ വല്ലോം താഴെ ചാടിയാലോ?

നീ നിന്റെ പ്രിയ ശത്രുവിനോട് രണ്ട് ഡയലോഗൊക്കെ അടിച്ചു തുടങ്ങുമ്പോ ഞങ്ങൾ എത്തും… ടാ… നീ എന്നെ കൊലയ്ക്ക് കൊടുക്കോ? ഹേയ്… ട്രസ്റ്റ്‌ മീ.. പോ… ഹമ്.. ശെരി… ഞാൻ റൂമിനു വെളിയിൽ നിന്നു ഡോറിൽ നോക്ക് ചെയ്ത്. ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഡോർ ചെറുതായി തുറന്നു. പന്ന്യൻ രവീന്ദ്രനെ പോലെ മുടി നീട്ടി വളർത്തിയ ഒരുത്തൻ തല മാത്രം പുറത്തേക്കിട്ട് ചോദിച്ചു… മ്മ്… എന്ത് വേണം??? (ഒഹ്… അപ്പൊ ഇവന് എന്നെ അറിയില്ല.. ) റെജിയെ കാണണം… റെജിയോ??

അതേ… അവനു എന്നെ അറിയാം… അവൻ ഒരു മിനിറ്റ് ആലോചിച്ചു ശേഷം അകത്തേയ്ക്ക് നോക്കി ചോദിക്കുന്നത് കേട്ടു.. ടാ റെജി.. നിന്നെ കാണാനാണെന്നു… എന്നെയോ?? ആര്??? എന്നെ കാണാനായി റെജി തല എത്തിച്ചു നോക്കുന്നത് കണ്ടു. അവനു എന്നെ കാണാനായി ഡോർ അല്പം കൂടി തുറക്കപ്പെട്ടു… എന്നെ കണ്ടു അവൻ നന്നായി ഞെട്ടി.. ഞെട്ടൽ അവന്റെ മുഖത്ത് വ്യക്‌തമായിരുന്നു…. പെട്ടന്ന് മുഖത്തെ ഞെട്ടൽ മറച്ചു ഒരു പുച്ഛ ചിരി വരുത്തി… നീയോ? എന്ന് ചോദിച്ചു ഡോർ തുറക്കാൻ വന്നവനെ കണ്ണ് കാണിച്ചു. അവൻ ഡോർ പൂർണമായി തുറന്ന് തന്നു. ഞാൻ അകത്തേയ്ക്ക് കയറി. മുടിയൻ ഡോർ അടച്ചു ഡോറിൽ ചാരി നിന്നു.

അത് എന്നെ ചെറുതായി ഭയപ്പെടുത്തി. ഞാൻ മുറി ആകെ വീക്ഷിച്ചു. ഒരു പഴയ കട്ടിലും ഒരു ടേബിളും രണ്ട് ചെയർ ഉം… തറയിൽ മുഴുവൻ ഒഴിഞ്ഞ മദ്യ കുപ്പികളും ഭക്ഷണ അവശിഷ്ടവും…. മുറി ആകെ മദ്യത്തിന്റെയും പുകയിലയുടെയും രൂക്ഷ ഗന്ധം… റെജിയും വേറൊരുത്തനും ബെഡിൽ ഇരിക്കുന്നു. അതിനടുത്തായി കിടക്കുന്ന രണ്ട് ചെയറുകളിൽ ഒന്നിൽ അടുത്തയാൾ… ബെഡിൽ മുഴുവൻ കാർഡ് നിരത്തി ഇട്ടിരിക്കുകയാണ്… റെജി എഴുന്നേറ്റ് എന്റെ അടുത്തേയ്ക്ക് വന്നു.

പുലി മടയിലേക്കാണല്ലോ മോനേ ഒറ്റയ്ക്ക് വന്നു കയറിയത്… മ്മ്.. പുലി ആണോ കഴുതപ്പുലി ആണോന്നു നമുക്ക് ഉടനെ അറിയാം….. ടാ… അവൻ കൈ അടുത്ത ടേബിളിൽ ആഞ്ഞിടിച്ചു. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….. പെട്ടെന്ന് ഭാവം മാറ്റി ചോദിച്ചു. നീ എങ്ങനെ ഇവിടെ എത്തി? എന്താ പിന്നെ നീ കരുതിയ?? നീ വിളിക്കുന്നിടത്തേയ്ക്ക് നിന്നെ വിശ്വസിച്ചു ഞാൻ നിമ്മിയുമായി വരുമെന്നോ? ഞാൻ അത്ര മണ്ടനാണെന്നു നീ കരുതിയോ? നീ മണ്ടൻ തന്നെയാ…. അതോ അളിയന്റെ ഡെഡ് ബോഡി കാണാൻ കൊതിയായോ?

നിന്റെ അടുത്ത അപ്പു ഇല്ല എന്നറിഞ്ഞിട്ടു തന്നെയാ ഞാൻ വന്നത്. അവന്റെ പേര് പറഞ്ഞു നീ ഇനി എന്നെ വിരട്ടണ്ട… ഓ… അപ്പൊ മോൻ എല്ലാം അറിഞ്ഞു… ആ… സാരമില്ല… എനിക്ക് വേണ്ടത് അവളെയാ… നിമിഷയെ… അതിന് അപ്പുനെക്കാൾ നല്ലത് നീയാ… എത്ര നാളായി ഞാൻ അവളെ മോഹിക്കുവാണെന്നോ? അരുൺ അവളെ കാണുന്നതിന് മുന്നേ അവൾ എന്റെ മനസ്സിൽ കയറിക്കൂടിയതാ… പിന്നെ അരുണിന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ അവന്റെ കൂടെ നിന്നു. അത് വേറൊന്നിനും വേണ്ടിയല്ല…. അവൻ ഒരു കോടീശ്വരനാണ്. അവനെ പിണക്കുന്നത് ബുദ്ധിയല്ലാന്നു തോന്നി.

പിന്നെ.. അവൻ എന്തായാലും അവളെ ജീവിതാവസാനം വരെ കൊണ്ട് നടക്കാനൊന്നും പോകുന്നില്ലാന്നു എനിക്ക് അറിയാരുന്നു… ഒടുവിൽ അവൾ എന്റെ കയ്യിൽ തന്നെ വരുമെന്നും…. അതിനിടയിൽ അരുണിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി… വിളിക്കാത്ത അതിഥിയായി നീ കൂടി വന്നപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ ഇരട്ടിച്ചു. നീ വിചാരിച്ചിരുന്നത് നീ അന്ന് നിമിഷയുടെ വിവരങ്ങൾ തിരക്കാനായി എന്നെ അന്വേഷിച്ചു കണ്ടെത്തിയെന്നല്ലേ? സത്യം അതല്ല മോനേ മഹേഷേ… ഞാൻ നിന്നെ എന്റെ അടുത്തേയ്ക്ക് വരുത്തിയതാ… എന്റെ ആള് തന്നാ നിനക്ക് എന്റെ വിവരങ്ങൾ തന്നത്…. ഞാൻ പറഞ്ഞിട്ട്.

ഞാൻ അങ്ങോട്ട്‌ വന്നു പറഞ്ഞാൽ നീ ചിലപ്പോൾ വിശ്വസിക്കില്ല. നീ ഇങ്ങോട്ട് വരുമ്പോഴാകുമ്പോൾ കൂടുതൽ വിശ്വസനീയത ഉണ്ടല്ലോ…. അന്ന് നീ അതൊക്കെ വിശ്വസിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചു. പക്ഷെ…… അവൻ ഒന്നു നിർത്തി…… അതൊക്കെ വിടാം… എനിക്ക് അവളെ വേണം… നിമിഷയെ… നിനക്കറിയാമോ ഞാൻ അവളെ എത്ര മാത്രം ആഗ്രഹിച്ചുന്നു… അരുണിനെക്കാളേറെ… പക്ഷെ അവൾ…. ഓരോ തവണയും അവൾ രക്ഷപ്പെട്ടു. ഇപ്പൊ നീ അവൾക്ക് രക്ഷകനായി….അവളെ എനിക്ക് വേണം.. അത് നിന്നെ കൊന്നിട്ടായാലും… അവളെക്കുറിച്ചു ഓർക്കുമ്പോ തന്നെ…. ഭ്രാന്ത് പിടിക്കുകയാണെനിക്ക്…

ഒരൊറ്റ അടി… കൈ നീട്ടി.. നല്ല ഊക്കോടെ അവന്റെ കവിളിൽ…. ഞാൻ കൈ കുടഞ്ഞു…. ഇവന്റെ കവിളെന്താ കരിങ്കല്ലാ??? അവൻ കവിളും പൊത്തിപ്പിടിച്ചു താഴേയ്ക്ക് ഇരിക്കുന്ന കണ്ടു… കടവായിലൂടെ ചോര വരുന്നുണ്ട്… ഇത് എന്റെ ഭാര്യയയെക്കുറിച്ച് മോശമായി സംസാരിച്ചതിന്…. എഴുന്നേറ്റപ്പോൾ അവന്റെ വയറ്റിൽ ഒരു ചവിട്ടു കൂടി കൊടുത്തു…. അവൻ അമ്മേ എന്ന് വിളിച്ചു വയറും പൊത്തിപ്പിടിച്ച് താഴേയ്ക്കരിക്കുന്നു…. അവന്റെ കൂട്ടുകാർക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിനു മുന്നേ അവനെ പിടിച്ചെഴുന്നേൽപ്പിച്ച കൈ രണ്ടും പുറകിലേക്ക് കൂട്ടിപ്പിടിച്ചു പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്തു അവന്റെ കഴുത്തിലേക്ക് ചേർത്ത് വച്ചു.

എന്റെ പെണ്ണിനെക്കുറിച്ച് മോശമായി സംസാരിച്ച നിന്റെ കഴുത്തു കണ്ടിക്കുകയാ വേണ്ടത്… ഇപ്പൊ ഞാനത് ചെയ്യുന്നില്ല. എനിക്ക് നിന്നെക്കൊണ്ട് ചില ആവശ്യങ്ങളുണ്ട്. നിന്നിൽ നിന്നും ചിലതൊക്കെ അറിയാനുണ്ട്. അവന്റെ കൂട്ടുകാരന്മാർ എന്ത് ചെയ്യണമെന്നറിയാതെ കണ്ണ് മിഴിച്ചു നിന്നപ്പോൾ കിരണും കൂട്ടരും കൂടി ഡോർ പൊളിച്ചു അകത്തു വന്നു… അവരെ കണ്ടു എല്ലാം എണ്ണവും ഞെട്ടി….. ഞാൻ റെജിയെ ശക്തിയായി മുന്നിലേയ്ക്ക് തള്ളി… അവൻ ചെയറിൽ പോയി ഇടിച്ച് തറയിൽ വീണു… നീ എന്താടാ കരുതിയത്? ഒറ്റയ്ക്ക് ഇവിടേയ്ക്ക് വരാൻ ഞാൻ മണ്ടനാണെന്നോ?

ഒറ്റയ്ക്ക് ഇവിടെ വന്നു നിന്നെയൊക്കെ ഇടിച്ച് റൊട്ടി ആക്കി സ്ലോ മോഷനിൽ നടന്നു പോകാനേ ഞാൻ സിനിമയിലെ നായകനൊന്നും അല്ലെന്നു എനിക്ക് നല്ല ബോധ്യമുണ്ട്. നിന്നെ പൊക്കാൻ താന്നെയാ വന്നത്…. കിരൺ പറഞ്ഞത് പോലെ അവന്മാർക്ക് ഈ ഫീൽഡിൽ വല്യ പരിചയമില്ലാന്നു തോന്നുന്നു. എല്ലാത്തിനേം അടിച്ചൊതുക്കി ചുരുട്ടിക്കൂട്ടി ജീപ്പിലിടാൻ ഞങ്ങൾക്ക് 10 മിനിറ്റ് തികച്ചു വേണ്ടി വന്നില്ല… കൂടെയുള്ള 4 എണ്ണത്തിനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി. റെജിയെ കിരണിന്റെ വണ്ടിയിൽ എന്റെ വീട്ടിലേക്കും. നിമ്മിയുടെ സാനിധ്യത്തിൽ എനിക്ക് അവനോട് ചിലതൊക്കെ ചോദിക്കാനുണ്ടായിരുന്നു…

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സിറ്റ്ഔട്ടിൽ തന്നെ അച്ഛൻ ഉണ്ടായിരുന്നു. ടാ… ഇവനാണോ നീ പറഞ്ഞ റെജി??? ഇങ്ങു കൊണ്ട് വാടാ.. എനിക്കും പൊട്ടിക്കണമെടാ അവന്റെ കരണകുറ്റി നോക്കി ഒന്ന്….. വാ മോനേ… വാ…. കിരൺ റെജിയുമായി അച്ഛന്റെ അടുത്തെത്തിയപ്പോൾ അടിക്കാൻ ഉയർത്തി വച്ചിരുന്ന കൈ തനിയെ താഴ്ന്നു…. ഇവനെ ഞാൻ ഇനി എവിടെ അടിക്കാനാടാ??? അടിച്ചു ഇഞ്ച പരുവമാക്കി വച്ചേക്കുവല്ലേ??? റോഡ് റോളർ കേറിയ പോലെ ഉണ്ടല്ലോടാ… ദാ ഈ നിക്കുന്ന റോളർ തന്നാ കേറിയത്.

അച്ഛന്റെ മോൻ…. നിമിഷയെക്കുറിച്ച് മോശമായി എന്തോ പറഞ്ഞുന്നു പറഞ്ഞു അവന്റെ പുറത്ത് കയറി നിരങ്ങുവല്ലാരുന്നോ….? ഈശ്വരാ ഇവനെ ഞാൻ ഇനി എങ്ങനെ ലോക്കൽ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോകുമെന്നാ??? ഒന്ന് രണ്ട് എല്ലെങ്കിലും ഓടിയാതെ ബാക്കി വച്ചൂടാരുന്നോടാ കാലമാടാ.? .. ഹാ… ഇതും കൂടി കൂടെ വന്ന ആ പാവം ചാരന്മാരുടെ തലയിൽ തന്നെ വച്ചു കൊടുക്കാം… അല്ലാതെന്തു ചെയ്യാൻ??? അച്ഛാ.. നിമ്മീ എവിടെ?? മോള് അകത്തുണ്ട്… നിങ്ങളു വാ… മോളേ… നിമ്മീ… അച്ഛൻ വിളിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി..

നിമ്മീ ഹാളിലേക്ക് വന്നു… പുറത്തു നിന്നു കയറി വരുന്ന എന്നെ കണ്ടു…. അയ്യോ… മഹിയേട്ടാ… ഇതെന്തു പറ്റി??? ഈ ബ്ലഡ്‌ എങ്ങനെ ഉടുപ്പിലായത്??? അവൾ വെപ്രാളത്തോടെ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. അപ്പോഴാണ് കിരൺ റെജിയുമായി ഹാളിൽ എത്തിയത്…. റെജിയെ കണ്ട് നിമ്മീ കുറച്ചു സമയം നിന്നിടത്തു തന്നെ തറഞ്ഞു നിന്നു… അത് അവന്റെ അല്ല.. ദേ ഇവന്റെയാ… ഇവനെ ചമ്മന്തി ആക്കിയപ്പോൾ ലേശം ചമ്മന്തി ആ ഷിർട്ടിലോട്ട് തെറിച്ചുന്നെ ഉള്ളു… . നിമ്മി എന്നെയും റെജിയേയും മാറി മാറി നോക്കി…. എന്നെ അല്ല ഇവനെയാ പോലീസിൽ എടുക്കേണ്ടത്…

പിന്നെ എന്റെ പെണ്ണിനെ പറഞ്ഞാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കണോ? അതൊക്കെ പോട്ടെ… ഞങ്ങൾ ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത് നിമ്മിയുടെ മുന്നിൽ വച്ചു ഇവനോട് ചിലത് ചോദിക്കാനാണ്…. ഞാൻ റെജിയുടെ നേർക്ക് തിരിഞ്ഞു… എനിക്കറിയേണ്ടത് റോയിയെക്കുറിച്ചാണ്… അരുണിൽ നിന്നും ഒന്നും കിട്ടിയില്ല… ഇനി നീ പറയും… പറയെടാ… റോയിയെ കിഡ്നാപ്പ് ചെയ്ത് നീയും അരുണും കൂടിയല്ലേ??? അവൻ ഒന്നും മിണ്ടിയില്ല. ടാ…… നീ പറയുന്നോ അതോ ഇനിയും കിട്ടിയാലേ പറയുന്നതാണോ? ഞാൻ…. ഞാൻ പറയാം…. ഞങ്ങളാണ് റോയിയെ പൊക്കിയത്….

എന്നിട്ട് റോയി ഇപ്പൊ എവിടെ? അതെനിക്കറിയില്ല… പ്ഫ!!… നുണ പറയുന്നോടാ നായേ… കിരൺ അവനെ അടയ്ക്കാനായി കൈ ഓങ്ങി.. അവന്റെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ കൈ താഴ്ത്തി… ഞാൻ പറഞ്ഞത് നുണയല്ല… റോയിയും നിമിഷയും തമ്മിലുള്ള വിവാഹം രണ്ടാമതും തീരുമാനിച്ചപ്പോഴാണ് ഞങ്ങൾ റോയിയെ കടത്താൻ പ്ലാൻ ചെയ്തത്. റോയിയെ വച്ചു നിമിഷയേ ഭയപ്പെടുത്താനും അത് വഴി അവളെ വരുതിയിൽ ആക്കാനുമായിരുന്നു പ്ലാൻ… റോയിടെ അച്ഛനെയും സെർവന്റിനെയും അവൻ വിദഗ്ധമായി അവിടെ നിന്നും മാറ്റി. ഞാനും അരുണും മറ്റ് രണ്ട് പേരും കൂടി റോയിയുടെ വീട്ടിൽ എത്തി അവനെ പൊക്കി…

റോയിക്ക് എഴുന്നേൽക്കാനാകാത്തത് കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിരുന്നു. ഞങ്ങൾ അവനെ അരുണിന്റെ ഔട്ട്‌ ഹൗസിലേക്കാണ് കൊണ്ട് പോയത്. അവിടെ നിന്നും റോയിയെ മറ്റെവിടേയ്ക്കോ മാറ്റാനുള്ള പ്ലാൻ അരുണിനുണ്ടായിരുന്നു. പക്ഷെ അതെവിടേക്കാണെന്നു അവൻ പറഞ്ഞില്ല… അപ്പോഴാണ് father നിമ്മിയെ ഓർഫനേജിൽ നിന്നും മാറ്റിയത്. ഇവളെ കണ്ടെത്താൻ ഞങ്ങൾ കുറേ ശ്രമിച്ചു…. നടന്നില്ല. നിമിഷയെ കണ്ടെത്തിയപ്പോഴാണ് അരുണിന്റെ അച്ഛന് സുഖമില്ലാതായത്… പിന്നെ നിങ്ങളുടെ കല്യാണം… അരുണിന്റെ അച്ഛന്റെ മരണം….

ഇവള് കൈയ്യെത്തും ദൂരെ എത്തിയപ്പോൾ അവന് ഇങ്ങനെ ഒരത്യാഹിതവും… .പിന്നെ ഇവളോടെനിക്ക് വാശിയായി… ഇവളെ എങ്ങനെയും നേടാനുള്ള എന്റെ ശ്രമമാണ് ഇവിടെ എത്തി നിൽക്കുന്നത്. ഇതിനിടയിൽ ഞാൻ പല വട്ടം അരുണിനോട് റോയിയെക്കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴൊന്നും റോയി എവിടെയാണെന്നോ അവനെ എന്ത് ചെയ്തുവെന്നോ ഒന്നും അവൻ എന്നോട് പറഞ്ഞില്ല. ഒരിക്കൽ ഇനി എന്തിനാ ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നത് എന്ന് മാത്രം പറഞ്ഞു…. ഇതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല… അപ്പൊ റോയിയെ നിങ്ങൾ അപായപ്പെടുത്തിയില്ല… ??

എന്റെ അറിവിൽ ഇല്ല… കൂടുതൽ ഒന്നും അവനിൽ നിന്നും കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് കിരൺ അവനെയും തൂക്കി എടുത്തു കൊണ്ട് പോയി… പോകുന്നതിനു മുൻപ് അവൻ ഒന്ന് കൂടി പറഞ്ഞു… അരുൺ തിരികെ വരുമെന്ന്… അത് നിമ്മിയെ ശെരിക്കും ഭയപ്പെടുത്തി… അങ്ങനെ റോയിയെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ വീണ്ടും അസ്തമിച്ചു. പക്ഷെ റോയി ജീവനോടെ ഉണ്ടെന്നുള്ള അറിവ് ഒരു ആശ്വാസം തന്നെ ആയിരുന്നു… എനിക്കും… നിമ്മിക്കും….

തുടരും…. അപ്പുവിന് ആപത്ത് ഉണ്ടാകരുതെന്നുള്ള നിങ്ങളുടെ ഇഷ്ട പ്രകാരം എഴുതിയിട്ടുണ്ട്…. ഇനി എന്നെ തല്ലരുത്… 🙈🙈🙈😁😁😁😜😜😜 ഒന്ന് വിരട്ടി വിട്ടാൽ മതി ഞാൻ നന്നായിക്കൊള്ളാം… എന്ന് പറയാൻ പറഞ്ഞു ന്റെ ചേച്ചി 😁😁😁

അനാഥ : ഭാഗം 15