Monday, April 29, 2024
Novel

സുൽത്താൻ : ഭാഗം 9

Spread the love

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

വേദനയാൽ വിങ്ങുന്ന ഹൃദയവുമായി ആദി എങ്ങോട്ടോ നടന്നു… ചെന്ന് നിന്നത് കോളേജിന്റെ പുറകിലുള്ള വൃക്ഷത്തോട്ടത്തിലാണ്…. ഏതോ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ പിടഞ്ഞു പൊടിയുന്ന ഹൃദയത്തിന്റെ താളമൊന്നു തന്റെ വരുതിയിൽ നിർത്താൻ പാട് പെട്ടു കൊണ്ട് അവൻ ഇരുന്നു.. കണ്ട കാഴ്ചയൊക്കെ പണ്ടൊരു ജന്മത്തിൽ സ്വപ്നത്തിൽ കണ്ടത് ആയാൽ മതിയായിരുന്നു എന്നവൻ വെറുതെ മോഹിച്ചു….

അതൊരു ദുസ്വപ്നമായി മറഞ്ഞു പോയിരുന്നെങ്കിൽ… ആ കണ്ണുകളിൽ നിന്നു താൻ തനിക്കായി കാണാൻ ആഗ്രഹിച്ചൊരാ പ്രണയം… തനിക്കായി മാത്രം തിളങ്ങി കാണുവാൻ ആഗ്രഹിച്ചൊരാ കണ്ണുകൾ… തനിക്കു വേണ്ടി ചുവക്കണം എന്ന് കരുതിയൊരാ കവിളുകൾ…. തനിക്കു മാത്രമായി വിരിയേണ്ടിയിരുന്നൊരാ നുണക്കുഴികൾ…. അതെല്ലാം ഇന്ന് മറ്റൊരുവന് വേണ്ടി തുടിക്കുന്നത് കണ്ടു നിൽക്കേണ്ടി വന്നതിൽ നിന്നു പിറന്നു വീണ ആ ആത്മവേദന താങ്ങാനാവാതെ അവനിരുന്നു.. ഒന്നര വർഷമായി കൊണ്ട് നടന്ന..

സ്വപ്നം കണ്ട കിനാവുകളെല്ലാം വെറും പാഴ്കിനാവായി മാറി മറിഞ്ഞത് നിമിനേരത്തിൽ ആണല്ലോ… ഇതായിരുന്നോ അവൾക്കു തന്നോട് പറയാനുണ്ടെന്നു പറഞ്ഞത്…. അവളിൽ നിന്നു ആ പ്രണയം കേൾക്കാൻ കാത്തിരുന്ന തന്റെ കാതുകൾ ഇനിയൊരു ശബ്ദവും കേൾക്കുവാനാവാതെ കൊട്ടിയടച്ചത് പോലെ… ആ കണ്ണുകളുടെ തിളക്കത്തിൽ നിന്നു ചിതറുന്ന പ്രണയ നക്ഷത്രങ്ങൾ കാണാൻ കൊതിച്ച തന്റെ കണ്ണുകൾക്ക്‌ ഇനിയുള്ള കാഴ്ചകളൊക്കെ വർണ്ണരഹിതമാകും….

കയ്യിലേക്കു തല താങ്ങി ആ മരത്തിലേക്ക് ചേർന്ന് ആദി ഇരുന്നു…. തിളച്ചു മറിയുന്ന കണ്ണുകൾക്ക്‌ ആശ്വാസമെന്നോണം വീശിയ ഇളങ്കാറ്റിനു പക്ഷെ അവന്റെ ഹൃദയത്തിന്റെ അഗ്നിചൂട് ശമിപ്പിക്കാൻ കഴിഞ്ഞില്ല…. ……………..❣️ ആദിയെ കാണാതെ തിരക്കി വന്ന നീരജ് ആ മരച്ചുവട്ടിൽ അവനിരിക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു …. “ഡാ…നീയിവിടിരിക്കുവാണോ…. എന്താ.. എന്ത് പറ്റി… “? ആദിയുടെ മുഖം കണ്ടു നീരജിന് വല്ലായ്മയായി… “ഡാ… എന്താ… അവൾ ‘നോ’ പറഞ്ഞോ… “? “ഏയ്.. ഒന്നൂല്ല… വാ പോകാം…

“ആദി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു… “പോകുന്നില്ല… കാര്യം അറിഞ്ഞിട്ടേ പോകുന്നുള്ളൂ… രണ്ടു പേരെയും കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നീ അവളോട്‌ സംസാരിക്കാൻ പോയതാകുമെന്ന്… അവൾ തിരികെ വന്നു നീ എവിടെന്നു ചോദിച്ചപ്പോൾ ആണ് ഞാൻ നിന്നെ തിരക്കി ഇറങ്ങിയത്… ഇനി പറ.. എന്താ ഉണ്ടായേ…. “? “ഒന്നൂല്ലേടാ… ഹോസ്റ്റലിൽ ചെല്ലട്ടെ… പറയാം… പിന്നെ ആരോടും ഒന്നും പറയണ്ടാ.. എല്ലാം നമ്മുടെ മനസിൽ മാത്രം ഒതുങ്ങട്ടെ..” ആദി നീരജുമായി ക്ലാസിലേക്ക് ചെന്നു…

അവിടെ അവന്റെ ഇരിപ്പിടത്തിൽ ഫിദ ഇരിപ്പുണ്ടായിരുന്നു…. ആദിയെ കണ്ടതും അവൾ ഒതുങ്ങിയിരുന്നു… “നീയിത് എവിടെയായിരുന്നു ആദി…?? ഇവർ പറഞ്ഞു നീ എന്നെ തിരക്കി വന്നൂന്നു… എന്നിട്ട് ഞാൻ കണ്ടില്ലല്ലോ… ” “ഞാൻ കൂളറിന്റെ അടുത്ത് ഉണ്ടായിരുന്നു… വെള്ളം കുടിക്കാൻ…. ” “നിന്റെ ഒച്ചയെന്താ അടഞ്ഞിരിക്കുന്നെ..? ” “അത്…. നല്ല തൊണ്ടവേദന… “അവൻ വെറുതെ പറഞ്ഞു “എന്നിട്ടാണോടാ ബുദ്ദുസെ… കൂളറിൽ പോയി വെള്ളം കുടിച്ചേ… “ഫിദ അവന്റെ തലക്ക് നോക്കി ഒരു കൊട്ട് കൊടുത്തു… “വാ എഴുന്നേൽക്ക്…

ക്യാന്റീനിൽ പോയി ചൂട് കട്ടൻ കുടിക്കാം… “അവനെന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പേഴ്സും എടുത്ത് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് എഴുന്നേറ്റു… ആദി ഒന്നും പറയാനാവാതെ നിന്നു… “നിങ്ങൾ പോയിട്ട് വാ… ഞങ്ങളിവിടെ കാണും.. “അവനു പ്രത്യേകിച്ചെന്തെങ്കിലും അവളോട്‌ പറയാനുണ്ടെങ്കിൽ പറയട്ടെ എന്ന് കരുതി നീരജ് പറഞ്ഞു… ഫിദ ആദിയുമായി കാന്റീനിലേക്ക് നടന്നു… അവിടെ ചെന്ന് ചൂട് ചായ പറഞ്ഞതിന് ശേഷം രണ്ടു പേരും കൂടി ഒരു ഒഴിഞ്ഞ കോണിൽ ഇരുന്നു…

ആദിയുടെ മനസ്സ് കലങ്ങി മറിയുകയായിരുന്നു…. ഒരു തവണ അവളുടെ മുഖത്തേക്കൊന്നു നോക്കിയാൽ താൻ പൊട്ടിപ്പോകുമെന്ന് അവനു തോന്നി… താഴേക്ക് മിഴികൾ നാട്ടി അവനിരുന്നു… “ഡാ… നിനക്കിത് എന്ത് പറ്റി… നിന്റെ ചിരി എവിടെ പോയി…. ചിരിക്കാതെ നിന്നെ ഞാൻ കണ്ടിട്ടേയില്ല… ഒരു തൊണ്ട വേദന വന്നപ്പോൾ നീ തകർന്നു പോയോ… അത്രേയ്‌ക്കെ ഉള്ളോ ഡോക്ടർ ആദിൽ സൽമാൻ സുൽത്താൻ… “അവൾ ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചു കൊണ്ട് അവന്റെ കവിളിൽ തോണ്ടി…

കണ്ണുയർത്തി നോക്കിയ ആദി തന്റെ മുന്നിൽ നുണക്കുഴി കാട്ടി ചിരിക്കുന്ന അവളുടെ നുണക്കുഴിയിലേക്കാണ് ആദ്യം നോക്കിയത്… അവിടെ വളരെ ചെറിയ അക്ഷരത്തിൽ ‘F’എന്നെഴുതിയിരിക്കുന്നത് അവൻ കണ്ടു…. ഫർദീൻ എഴുതിയതാവും… ഹൃദയം പൊള്ളിപ്പോയി ആദിയുടെ !!! എങ്ങനെയൊക്കെയോ ചായ കുടിച്ചു തീർത്തു അവൻ അവളോടൊപ്പം തിരിച്ചിറങ്ങി.. ഇതിനിടയിൽ അവൾ പറയാനുണ്ടെന്നു പറഞ്ഞ കാര്യം പറയുമായിരിക്കും എന്നവൻ കരുതി…

അല്ലെങ്കിൽ തന്നെ ഇനി എന്ത് പറഞ്ഞിട്ടെന്താ… അത് താൻ എത്രയോ മുൻപ് തന്നെ അറിഞ്ഞു… ആ കാര്യം തന്റെ ഹൃദയത്തെ പലതായി മുറിച്ചു നിണത്താൽ മുക്കി നിറയ്ക്കുകയാണല്ലോ…. തിരിച്ചു ക്ലാസിലേക്ക് നടക്കുമ്പോൾ ഫിദയും മൗനമായിരുന്നു… ആദിയോട് ഇനിയും പറഞ്ഞില്ലല്ലോ ഫർദീന്റെ കാര്യം… എങ്ങനെയാ ഒന്ന് പറയുക… അവൾ ചിന്തിച്ചു…. അപ്പോഴാണോർത്തത് ആദിക്കെന്തോ തന്നോട് പറയാനുണ്ടെന്നു പറഞ്ഞിരുന്നല്ലോ…. അവൾ പെട്ടെന്ന് ആദിയെ നോക്കി…

“നിനക്ക് എന്നോട് എന്തോ പറയാനുണ്ടെന്നു പറഞ്ഞാരുന്നല്ലോ… എന്താടാ അത്…? ” ആ ചോദ്യം കേട്ട മാത്രയിൽ ആദി ശക്തമായൊന്നു ഞെട്ടി…. എന്താണ് താൻ ഇവളോട് പറയേണ്ടത്…? താനൊരു കനവ് കണ്ടിരുന്നു എന്നോ… ആ കനവിൽ ഒരുപാട് നിറങ്ങൾ ഉണ്ടായിരുന്നെന്നോ… കണ്ട കനവിലെ നിറങ്ങൾ എല്ലാം ഇപ്പോൾ വറ്റി വരണ്ടു പോയെന്നോ… അത് നിറമില്ലാതെ… ഭാരമില്ലാതെ… ഇപ്പോൾ അപ്പൂപ്പൻ താടി പോൽ ഏതോ ശ്മശാനത്തിലെ ശവംനാറി പൂക്കൾക്ക് കുടപിടിക്കുന്നു എന്നോ…. “ഡാ… നീയിത് ഏത് ലോകത്താ…എന്റെ ആദി…

“അവളുടെ ചോദ്യമാണ് അവനെ തിരികെ കൊണ്ട് വന്നത്…. ഒന്നും മിണ്ടാനാവാതെ…. ഒരു മൊഴിയകലം… ഒരു മിഴി ദൂരം നിന്നു അവൻ അവളെ നോക്കി…. ………………………….❣️ ദിവസങ്ങൾ കടന്നു പോയി… വെന്തുനുറുങ്ങുന്ന ഹൃദയവുമായി ആദിയും, പ്രണയലോകത്ത് ഫിദയും ഫർദീനും കാര്യങ്ങളൊന്നും അറിയാതെ മറ്റു കൂട്ടുകാരും ദിവസങ്ങൾ കഴിച്ചു കൂട്ടി… നീരജ് എത്ര ചോദിച്ചിട്ടും ആദി താൻ കണ്ട കാര്യങ്ങൾ അവനോടു തുറന്നു പറഞ്ഞില്ലായിരുന്നു…. പിന്നീട് നീരജും അത് വിട്ടു കളഞ്ഞു…. മനസിന്റെ ഭാരം മുഴുവനും ആദി തന്റെ ഡയറി താളുകളിൽ അക്ഷരങ്ങളാൽ കോറിയിട്ടു….

പലപ്പോഴും ആ അക്ഷരക്കൂട്ടങ്ങളോട് മാത്രമായി തന്റെ സങ്കടങ്ങളും പരിഭവങ്ങളും പങ്കുവെച്ചു… കരൾ പറിയുന്ന വേദനയിലും ഫിദയോട് ചിരിച്ചു സംസാരിച്ചു…. …….❣️❣️ ഇന്ന് ഫർദീൻ പോകുന്ന ദിവസമാണ്…. ഇന്നും കൂടിയേ അവൻ കോളേജിൽ ഉള്ളൂ… പതിവ് പോലെ ലൈബ്രറിയിലെ ഒഴിഞ്ഞ കോണിൽ നിൽക്കുകയാണ് ഫിദയും ഫർദീനും…. ഒരു മാസത്തിനുള്ളിൽ അവൻ ലണ്ടനിലേക്ക് പറക്കും…. വീട്ടിൽ ഇതിനോടകം അവൻ ഫിദയുടെ കാര്യത്തിൽ തീരുമാനം എടുപ്പിച്ചിരുന്നു…

പോകുന്നതിനു മുൻപ് അവളുടെ വീട്ടിൽ ചെന്ന് കാര്യങ്ങൾ സംസാരിച്ചു വെച്ചിട്ട് പോകാമെന്നു തീരുമാനിച്ചിരിക്കുകയാണ്…. “നീയിങ്ങനെ ഡെസ്പ് ആകാതെ ഫിദൂ.. കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിരുന്നതല്ലേ…നമ്മുടെ രണ്ടാൾടേം ഭാവിക്ക് ഇതാ നല്ലത്… അല്ലെങ്കിൽ നമ്മൾ ഒന്ന് സെറ്റിൽഡ് ആകാൻ നാൾ കുറെ എടുക്കും… ഇതാകുമ്പോൾ ജീവിക്കാൻ തുടങ്ങുമ്പോൾ തന്നെ അടിച്ചുപൊളിച്ചു ജീവിക്കാം… ” അവന്റെ നെഞ്ചിൽ ചാരി നിൽക്കുകയായിരുന്നു ഫിദ… നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി…

അവൻ അവളുടെ കഴുത്തിൽ മുൻപ് താൻ ഇട്ടു കൊടുത്ത തന്റെ മാല ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു… “ഇതിവിടെ ഇട്ടു തന്നത് വെറുതെയല്ല കേട്ടോ… പിന്നെ നാളെയിവിടുന്നു ചെന്നിട്ട് നീ പറഞ്ഞത് പോലെ സുലുവാന്റിയെയും അങ്കിളിനെയും വിളിക്കാം… അവരെ കൊണ്ട് നിന്റെ വീട്ടിൽ സംസാരിപ്പിച്ചിട്ട് ഞാൻ ഉപ്പായേം ഉമ്മായേം കൂട്ടി ചെല്ലാം… ” “ഉം… ” “ഒന്ന് ചിരിക്കെന്റെ മൊഞ്ചത്തി… “അവൻ അവളുടെ മുഖം പിടിച്ചുയർത്തി… അവളുടെ മുഖത്തേക്ക് ആഴ്ന്നു ചെന്ന അവന്റെ അധരങ്ങൾ ആദ്യം അവളുടെ കവിളിലമർന്നു..

അവിടുന്ന് അത് അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി ചെന്നപ്പോൾ അവളവനെ തള്ളി മാറ്റി… “അതൊന്നും വേണ്ടാ… അതിനിനിയും സമയം ബാക്കിയാണ് പുതുമണവാളാ… “അവൾ ചിരിച്ചു… “ഛെ !അത് ശരിയായില്ലെടി… മ്മ്… കാത്തിരുന്നോളാം… പെട്ടു പോയില്ലേ ഞാൻ … “അവനും ചിരിച്ചു… ഫർദീൻ കോഴ്സ് നിർത്തി പോകുന്ന കാര്യം അന്നാണ് ക്ലാസിൽ എല്ലാവരും അറിഞ്ഞത്… എല്ലാവർക്കും അത്ഭുതമായിരുന്നു….

പോകുന്നതിനു മുൻപ് ഫർദീൻ ആദിയെയും കൂട്ടുകാരെയും കണ്ടു സംസാരിക്കാനെത്തി… എല്ലാവരെയും കൂടെ നിർത്തി അവൻ ഫിദയുടെയും തന്റെയും കാര്യം പറഞ്ഞു… അവളുടെ വീട്ടിൽ പോയി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിക്കുന്നത് വരെയുള്ള എല്ലാക്കാര്യങ്ങളും കൂട്ടുകാരോട് പങ്കു വെച്ചു.. ഏറ്റവുമൊടുവിൽ ആദിയെ നോക്കി… “ഡാ എന്റെ പെണ്ണിനെ ഒരുറുമ്പു പോലും കടിക്കാതെ നോക്കിക്കോണം കേട്ടോ…

നിന്നെ അവളുടെ സെക്യൂരിറ്റി ആയി നിയമിക്കുകയാണ്…” എന്ന് പറഞ്ഞു കേട്ടപ്പോഴുണ്ടായ മനോവേദനയിൽ ആദി അറിയാതെ ഫിദയെ നോക്കി പോയി… ഹൃദയം വിണ്ടുകീറുന്ന വേദനയിലും… അവൻ ചിരിച്ചു…. അത്‌ കേട്ടുനിന്ന നീരജ് ആദിയെ നോക്കി എന്തോ പറയുവാനാഞ്ഞെങ്കിലും അവന്റെ കൈകൾ പിടിച്ചമർത്തി കൊണ്ട് ആദി നടന്നകന്നു…. ഉറവ പൊട്ടിയ കണ്ണീർ കടലുമായി…… ❣️ luv u…..❣️

കാത്തിരിക്കുമല്ലോ…… ❣️

സുൽത്താൻ : ഭാഗം 8