അനാഥ : ഭാഗം 3
എഴുത്തുകാരി: നീലിമ
” ഞാൻ ഉച്ചത്തിൽ നിലവിളിച്ചു. പക്ഷേ, ഭയം കാരണം ശബ്ദം പുറത്തു വന്നില്ല. ഞാൻ ആ രൂപത്തെ സർവ്വശക്കിയുമെടുത്ത് എന്നിൽ നിന്നും തള്ളി മാറ്റാൻ നോക്കി. അതിന്റെ ശക്തിക്കു മുന്നിൽ ഞാൻ ഒന്നുമായിരുന്നില്ല. അതെന്നെ കൊല്ലാൻ വന്നതാണെന്നാണ് ഞാൻ കരുതിയത്. എന്റെ അപ്പൂന്റെ മുഖം എന്റെ മനസിലേക്ക് വന്നു. തളരാൻ പാടില്ല എന്നെന്റെ മനസ് എന്നോട് മന്ത്രിച്ചു. ‘അപ്പൂട്ടാ’ ന്ന് ഞാൻ ഉറക്കെ വിളിച്ചു. ഒരു ചെറിയ ശബ്ദം മാത്രമാണ് പുറത്തേയ്ക്ക് വന്നത്. എന്റെ ആ ചെറിയ ശബ്ദം മതിയായിരുന്നു അപ്പു ഉണരാൻ. അവനും കണ്ടു ആ സത്വത്തെ. ‘എന്റെ ഇച്ചേയിയെ കൊല്ലല്ലേ’ ന്ന് വിളിച്ച് അവൻ ഓടി വന്ന് അതിനെ അടിക്കാനും മാന്താനും തുടങ്ങി. അത് കൂടുതൽ എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു.
എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. അപ്പു ഉടനെ എന്തോ എടുത്ത് അതിന്റെ പുറത്തടിച്ചു. നല്ല വേദനിച്ചു കാണും, പിടി ഒന്നയത്തെപ്പോൾ അതിനെ തള്ളി മാറ്റി ഞാൻ പിടഞ്ഞെഴുന്നേറ്റു. ഓടിപ്പോയി ലൈറ്റിട്ടു. അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു. തലയും തടവി ആടി ആടി മുന്നിൽ നിൽക്കുന്ന ആ രൂപത്തെക്കണ്ട് ഞങ്ങൾ ഞെട്ടി. അതവരായിരുന്നു…. ഞങ്ങൾ ഒരു പാട് ഭയപ്പെടുന്ന ആ രൂപം….. വീട്ടുടമസ്ഥ! ഞങ്ങളെ ദേഷ്യത്തിൽ ഒന്നു നോക്കി അവർ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഞങ്ങൾ വേഗം വാതിലടച്ച് കുറ്റിയിട്ടു. അന്നു മുഴുവൻ ഞങ്ങൾക്ക് ഉറങ്ങാനായില്ല. അവരെന്നെ കൊല്ലാൻ വന്നതെന്തിനാണെന്നായിരുന്നു രാത്രി മുഴുവൻ ആലോചിച്ചത്.
ആ ചിന്ത ഞങ്ങളുടെ ഉറക്കം കെടുത്തി. അവരോടുള്ള ഭയവും വെറുപ്പും കൂടി… അവിടെ നിന്നും എങ്ങനെയും രെക്ഷപെട്ടാൽ മതിയെന്ന് തോന്നിപ്പോയി… പിറ്റേന്ന് അടുക്കളയിൽ ആയിരുന്നപ്പോഴാണ് അപ്പൂട്ടന്റെ ഉറക്കെയുള്ള നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോൾ ഞാൻ കണ്ടത് വലിയൊരു കമ്പു കൊണ്ട് ,ആ സ്ത്രീ അപ്പൂട്ടനെ തല്ലുന്നതാണ്. ‘ഇച്ചേയീ’ ന്ന് വിളിച്ച് അവൻ ഉറക്കെ കരയുന്നുമുണ്ട്. ‘എന്റെ അപ്പൂനെ തല്ലല്ലേ’ ന്ന് പറഞ്ഞ് ഞാൻ അവരെ പിടിച്ച് മാറ്റാൻ നോക്കി. അവര് ദേഷ്യത്തിൽ എന്നെ നോക്കി. ‘വർഷങ്ങളായി ഞാൻ സൂക്ഷിച്ചിരുന്ന എന്റെ ചില്ലുപാതം പൊട്ടിച്ച ഇവനെ പിന്നെ ഞാൻ പൂ വിട്ട് പൂജിക്കണോ?’ ന്ന് ചോദിച്ച് പിന്നെയും അവനെ തല്ലാൻ തുടങ്ങി. ‘ഞാനല്ല ഇച്ചേയി… ഇവരു തന്നാ പൊട്ടിച്ചത്… അപ്പു കണ്ടതാ… എന്നിട്ട് എന്നെ തല്ലുവാ’ ന്ന് പറഞ്ഞ് കരയുകയാണ് പാവം.
ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അവരെ കണ്ടപ്പൊ എനിക്ക് മനസിലായി അവര് ഇന്നലത്തെ ദേഷ്യം തീർക്കുകയാണെന്ന്. ജോലിക്കാരി ഇതെല്ലാം കണ്ട് രസിച്ച് നിൽപ്പുണ്ട്. ‘ഇനി അപ്പുനെ തല്ലല്ലേ’ ന്ന് പറഞ്ഞ് ഞാൻ അവനെ പൊതിഞ്ഞ് പിടിച്ച് നിന്നു. ‘ഇല്ലെടീ.. ഇനി അവനെ തല്ലുന്നില്ല, അവനുള്ളത് കൊടുത്തു കഴിഞ്ഞു, ഇനി നിനക്കു തരാം’ന്ന് പറഞ്ഞ് അവർ ജോലിക്കാരിയോട് അപ്പൂനെ മുറിയിലിട്ട് പൂട്ടാൻ പറഞ്ഞു. അവരെന്റെ അടുത്തേയ്ക്ക് വരുന്തോറും എനിക്ക് വല്ലാത്ത ഭയം തോന്നി. തലേന്നത്തെ സംഭവമാണ് എന്റെ മനസിലേക്ക് വന്നത്. അവരെന്നെ വടിയെടുത്ത് തലാൻ തുടങ്ങി. വടി ഒടിഞ്ഞിട്ടും ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞിട്ടും തല്ലു മതിയാക്കിയില്ല. കൈ കൊണ്ടും വടി കൊണ്ടും തല്ലി…. മുഖം ചുവരിലിടിച്ചു. ചുണ്ടു പൊട്ടി രക്തം വന്നു… കവിളിലൊക്കെ പോറലുണ്ടായി.
എന്നിട്ടും ദേഷ്യം തീരാതെ അവർ എന്നെ പിടിച്ചു വലിച്ച് പുറത്തേയ്ക്ക് കൊണ്ടു പോയി. കൈസറിന്റെ കൂടിനടുത്തേയ്ക്ക്…. കൈസർ… എന്നേക്കാൾ വലിയ നായയാണ്…. അപ്പുവാണ് അവനെ കുളിപ്പിക്കുകയും ആഹാരം കൊടുക്കുകയും ഒക്കെ ചെയ്യുന്നത്. പക്ഷേ എനിക്കതിനെ പേടിയാണ്. വലിയ കൂട്… അവർ കൂട് തുറന്ന് എന്നെ ഉള്ളിലേയ്ക്ക് തള്ളി, കൈസറിനോട് പറഞ്ഞു ‘കൈസറേ കടിച്ചു കീറിയേക്കണം ഇവളെ, കൊല്ലരുത്…. ചാകുന്നതിനു മുൻപ് എനിക്കിവളെ വേണം.’ അത് പറയുമ്പോൾ ക്രൂരമായ ഒരു ചിരി അവരുടെ മുഖത്ത് ഞാൻ കണ്ടു. അവർ അകത്തേക്ക് കയറിപ്പോയി. ഉള്ളിൽ കതകിൽ തട്ടി ‘ഇച്ചേയി ഇച്ചേയീ’ ന്ന് അപ്പു വിളിക്കുന്നത് കേൾക്കാം. പേടി കാരണം ഞാൻ വിറയ്ക്കുകയായിരുന്നു.
എന്റെ മരണം അടുത്തൂന്ന് എനിക്ക് മനസിലായി. ശരീരം തളരുന്ന പോലെയും ഹൃദയം നിലച്ചു പോയ പോലെയും തോന്നി. ഞാൻ ആ കൂടിന്റെ ഒരു മൂലയിലേയ്ക്ക് ചേർന്നിരുന്നു. കൈസർ എന്നെ നോക്കി ഒന്നു മുരണ്ടു. പിന്നെ പതിയെ എന്റെ അടുത്തേയ്ക്ക് നടന്നു വന്നു. ഭയം കാരണം എനിക്ക് ഒന്ന് അനങ്ങാൻ കൂടി കഴിഞ്ഞില്ല. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാൻ കഴിഞ്ഞു. ഭയന്ന് വിറച്ചു ഞാൻ ഇരുന്നു. അവൻ എന്റെ അടുത്ത് വന്നു. കാലിൽ ചെറുതായി നക്കി. എന്നെ ഒന്നും ചെയ്യല്ലേ എന്ന് ഞാൻ കൈ എടുത്തു വിലക്കി. അതല്ലാതെ ഒന്ന് നിലവിളിക്കാൻ പോലും എനിക്കാവുമായിരുന്നില്ല. അവൻ എന്റെ തുടയിലും മുഖത്തും അവന്റെ മുഖം ഉരസി… ഒരു പൂച്ചക്കുഞ്ഞിനെ പോലെ എന്റെ അടുത്ത് വന്ന് എന്റെ മടിയിൽ തല വയ്ച്ചു കിടന്നു.
എന്റെ പേടിയൊക്കെ എങ്ങോട്ടാ പോയി മറഞ്ഞു. ഞാൻ ശ്വാസം നേരെ വിട്ടു. സ്വന്തം മക്കളെ കാശിനു വേണ്ടി വിൽക്കുന്ന എന്റെ അച്ഛനെപ്പോലെ ഉള്ളവരേക്കാൾ എന്ത് കൊണ്ടും ഭേദം ആ നായ തന്നെ ആയിരുന്നു. അപ്പുവിന്റെ കയ്യിൽ ഞാൻ അവനുള്ള ആഹാരം കൊടുത്തു വിടുന്നത് കണ്ടിട്ടുള്ളതിലുള്ള നന്ദി ആകും അത് കാണിച്ചത്. ചില മനുഷ്യരേക്കാൾ മൃഗങ്ങളാണ് ഭേദം എന്നെനിക്കു തോന്നിപ്പോയി. ഞാൻ അവന്റെ തലയിൽ തടവിക്കൊണ്ടിരിക്കുന്നു. വേദന കൊണ്ട് നീറിപ്പുകയുകയായിരുന്നു ഞാൻ…. അപ്പോഴും അപ്പുന്റെ ‘ഇച്ചേയി’ ന്നുള്ള നിലവിളി കേട്ടുകൊണ്ടിരുന്നു. ആരോ എന്നെ പതിയെ ‘മോളെ’ എന്നു വിളിക്കുന്നത് കേട്ടാണ് ഞാൻ മതിലിന്റെ ഭാഗത്തേയ്ക്ക് നോക്കിയത്. വലിയ മതിലിനു മുകളിലൂടെ ഒരു തല മാത്രമേ ഞാൻ ആദ്യം കണ്ടുള്ളു.
നെറ്റി പൊട്ടി ഒഴുകിയ ചോര ഇടതു കണ്ണിന്റെ കാഴ്ച മറച്ചിരുന്നു. ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. പരിചിതമായ ഒരു മുഖമാണ് ഞാൻ അവിടെ കണ്ടത്….. എന്റെ ജാനമ്മയെ….. മരുഭൂമിയിൽ ഐസ് മഴ പെയ്ത അവസ്ഥയാണ് എനിക്ക് അപ്പോൾ ഉണ്ടായത്. എന്റെ ഹൃദയം തണുത്തു… വേദന പെട്ടെന്ന് കുറഞ്ഞ പോലെ…. എന്ത് പറ്റി എന്നും എങ്ങനെ ഇവിടെ വന്നു എന്നുമൊക്കെ ജാനമ്മ പതിയെ ചോദിച്ചു. പക്ഷെ ഒന്നിനും എനിക്ക് ഉത്തരം പറയാൻ കഴിയുമായിരുന്നില്ല. അത്രമേൽ അവശയായിരുന്നു ഞാൻ…. ‘മോള് അവിടെ ഇരുന്നോ’ എന്നു പറഞ്ഞിട്ട് ജാനമ്മ പോയി… വേദന സഹിക്കാൻ ആവുമായിരുന്നില്ല…. കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…. ഒരു 10-20 മിനിറ്റ് ഞാൻ അങ്ങനെ ഇരുന്നു കാണും…
അപ്പുവിന്റെ കരച്ചിൽ പെട്ടെന്ന് ഇല്ലാതായി…. ഞാൻ ശെരിക്കും ഭയന്നു…. അവര് എന്റെ അപ്പുനെ എന്തെങ്കിലും ചെയ്തു കാണുമോ എന്നു ഞാൻ പേടിച്ചു …. 2-3 മിനിറ്റ്കൾ കഴിഞ്ഞപ്പോൾ കുറച്ചു ആളുകൾ കൂടിനു അരികിലേക്ക് വന്നു…. ജാനമ്മയും അപ്പുവും ആണ് മുന്നിൽ വന്നത്. പുറകിലായി മൂന്നു നാല് പോലീസ്കാരും ഒരു ഫാദർ ഉം ഉണ്ടായിരുന്നു. പിന്നെ മറ്റു രണ്ടു പേരും ഞാൻ ഈ ലോകത്ത് ഏറ്റവും വെറുത്ത ആ സ്ത്രീയും….. അവരുടെ മുഖം വിളറി വെളുത്തിരുന്നു….. അപ്പു എന്നെ കണ്ടപ്പോഴേ കരയാൻ തുടങ്ങി… എന്റെ കണ്ണും മുഖവും നീര് വന്ന് വീർത്തിരുന്നു…. അത് കണ്ടു അപ്പു പേടിച്ചു പോയി… അവൻ നിർത്താതെ നിലവിളിക്കാൻ തുടങ്ങി…
ജാനമ്മ ഒരു കൈ കൊണ്ട് അവനെ ചേർത്തു പിടിച്ച് എന്റെ അരികിലേക്ക് വന്നു…. ഞാൻ അപ്പോഴും വേദനകൊണ്ട് പിടയുകയായിരുന്നു. ജാനമ്മ മറുകൈകൊണ്ട് എന്നെയും ചേർത്തുപിടിച്ചു. ‘എന്റെ പൊന്നുമോളെ ഇവൾ ഒത്തിരി ഉപദ്രവിച്ചോ? മോൾക്ക് നല്ല വേദനയുണ്ടോ?’ അങ്ങനെ എന്തൊക്കെയോ ചോദിച്ചു. എനിക്ക് സംസാരിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അപ്പുവാണ് അവരോട് എല്ലാം പറഞ്ഞത്. എന്നെ അവിടെ നിന്നും ഒരു ഹോസ്പിറ്റലിലേയ്ക് ആണ് കൊണ്ട് പോയത്.. മുറിവൊക്കെ ഡ്രസ്സ് ചെയ്തു. നല്ല വേദന ഉണ്ടായിരുന്നു.. എന്നെക്കാൾ വേദന അപ്പുനായിരുന്നു… പാവം…. രണ്ടും ദിവസം അവിടെ അഡ്മിറ്റ് ആകണം എന്നു ഡോക്ടർ പറഞ്ഞു. ജാനമ്മ എന്നോടൊപ്പം ഇരുന്നു.. പോലീസും ഫാദർ ഉം അപ്പൂനേം കൂട്ടി പോയി. ഒത്തിരി നേരം കഴിഞ്ഞ് അപ്പുവും ഫാദർ ഉം ഹോസ്പിറ്റലിലേക്ക് വന്നു.
അവര് പോലീസ് സ്റ്റേഷൻലെയ്‌ക്കാണ് പോയതെന്നും ഫാദർ എന്തൊക്കെയോ പേപ്പേഴ്സ് സൈൻ ചെയ്തു കൊടുത്തു എന്നും അപ്പു പറഞ്ഞു. ഫാദറിനൊപ്പം പോകാൻ അപ്പു കൂട്ടാക്കിയില്ല. ജാനമ്മയും അപ്പുവും രണ്ടു ദിവസവും എന്നോടൊപ്പം ഉണ്ടായിരുന്നു. ഫാദർ ന് ഒരു ഓർഫനേജ് ഉണ്ടെന്നും ഹോസ്പിറ്റലിൽ നിന്നും ഞങ്ങളെ അങ്ങോട്ടേയ്ക്ക് കൊണ്ട് പോകും എന്നും ജാനമ്മ പറഞ്ഞു. ആദ്യം ഞാൻ താമസിച്ച സ്ഥലത്തു നിന്നും അച്ഛൻ എന്നെ കൊണ്ടു പോയ ശേഷം അവർ മകനൊപ്പം ഓസ്ട്രേലിയയിലേക്ക് പോയത്രേ… അതിനു ശേഷം ജാനമ്മ ജോലിക്കൊന്നും പോകാതെ മകളോടൊപ്പം കൂടി… മകളുടെ വീട്ടിൽ വച്ചാണ് എന്നെ കണ്ടത്.
അന്ന് ജാനമ്മ വന്നില്ലായിരുന്നു എങ്കിൽ ഉറപ്പായും അവരെന്നെ കൊന്നേനെ…. ഈശ്വരൻ എന്നൊരു ശക്തി ഉണ്ടെന്ന് ജീവിതത്തിൽ ആദ്യമായി തോന്നിപ്പോയ നിമിഷം…. എന്നെ ഡിസ്ചാർജ് ചെയ്ത ശേഷം ഞാനും അപ്പുവും ജാനമ്മയും ഫാദർ ഉം കാറിലാണ് ഓർഫനേജിലേക്കു പോയത്. ‘ അച്ഛനോടൊപ്പം നിങ്ങളെ അയക്കാൻ ഈ ജാനമ്മക്ക് ഒരു വിഷമോം ഇല്ല… നിങ്ങൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല.. എന്റെ മോളെ എന്റെ കൂടെ കൊണ്ട് പോണംന്ന് ജാനമ്മക്ക് ആഗ്രഹം ഉണ്ടായിരുന്നു… പക്ഷെ, മക്കളുടെ ഔദാര്യത്തിലാ ഇപ്പൊ ജീവിക്കുന്നത്… അപ്പൊ അവരുടെ ഇഷ്ടം അല്ലെ നമുക്ക് നോക്കാൻ പറ്റു… ‘ ജാനമ്മ ഒത്തിരി വിഷമിച്ചാണ് അത് പറഞ്ഞത്… ജാനമ്മയെ വീട്ടിൽ ആക്കിയിട്ടാണ് ഞങ്ങൾ പോയത്… ‘ ജാനമ്മ നിങ്ങളെ കാണാൻ ഇടയ്ക്ക് വരാട്ടോ ‘ എന്നു പറഞ്ഞിട്ടാ പാവം പോയത്…
ഓർഫനേജ് ഞങ്ങൾക്ക് ശെരിക്കും ഒരു സ്വർഗം പോലെ ആയിരുന്നു… അത്രയും നാളത്തെ വേദനകൾക്കും യാദനകൾക്കും ഒരവാസനം… സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന കുറെ ജന്മങ്ങൾ….. അമ്മയെയും അച്ഛനെയും മുത്തച്ഛനേയും മുത്തശ്ശിയേയും സുഹൃത്തുക്കളെയും ഞങ്ങൾക്ക് അവിടെ നിന്നും കിട്ടി… കുറെ നാളുകൾക്ക് ശേഷം സന്തോഷത്തോടെ ഞങ്ങൾ ആഹാരം കഴിച്ചു… സമാധാനത്തോടെ ഉറങ്ങി… നല്ല ദിനങ്ങൾ സ്വപ്നം കണ്ടു കൊണ്ട്….. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനായിരുന്നു ഫാദർ. ഞങ്ങൾക്ക് അദ്ദേഹം ഒരേ സമയം നല്ലൊരു പിതാവും സുഹൃത്തുമായി മാറി… അദ്ദേഹം ഞങ്ങളെ സ്കൂളിൽ ചേർത്തു. അദ്ദേഹത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം എനിക്ക് നാലിലും അപ്പൂന് ഒന്നിലും അഡ്മിഷൻ കിട്ടി.
സ്കൂളിൽ ചേരുന്നതിനു മുൻപ് അദ്ദേഹം ഞങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്നു. ഞങ്ങൾ എല്ലാം വളരെ വേഗം പഠിച്ചു എന്നാണ് ഫാദർ പറഞ്ഞത്. എന്നെക്കാൾ മിടുക്കൻ അപ്പു ആയിരുന്നു. അത് വരെ പഠിക്കാനുള്ള ഭാഗ്യം കിട്ടാതിരുന്നത് കൊണ്ട് ഞങ്ങൾ മത്സരിച്ചു പഠിച്ചു.. അപ്പുനെ ഐ പി എസ് ഓഫീസർ ആക്കണം എന്നായിരുന്നു അന്ന് മുതലുള്ള എന്റെ ആഗ്രഹം, എന്നിട്ട് എന്റെ അച്ഛനെയും ആ സ്ത്രീയെയും പോലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. മാക്സിമം ശിക്ഷ വാങ്ങിക്കൊടുക്കണം…. എന്റെ കുഞ്ഞു മനസ്സ് അതാണ് കൊതിച്ചത്….. ഓരോ ദിവസവും സന്തോഷത്തോടെ കടന്നു പോയി… ഫാദറിൽ നിന്നും അവിടുത്തെ മറ്റ് അന്തേവാസികളിൽ നിന്നും കിട്ടുന്ന സ്നേഹം മാത്രം മതിയായിരുന്നു ഞങ്ങൾക്ക്… മറ്റൊന്നും ഞങ്ങൾ ആഗ്രഹിച്ചില്ല…
നന്നായി പഠിക്കുന്നത് കൊണ്ട് ഫാദറിന് ഞങ്ങളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. എന്നെ എം ബി ബി എസ് ന് ചേർക്കാനായിരുന്നു ഫാദർ ആഗ്രഹിച്ചത്… പക്ഷെ എനിക്ക് പേടിയായിരുന്നു. ടീച്ചിങ് ആയിരുന്നു എനിക്ക് ഇഷ്ടം..എന്റെ ഇഷ്ടത്തിന് ഫാദറും എതിര് നിന്നില്ല. ഞാൻ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ജോയിൻ ചെയ്തു. അവിടെ വച്ചാണ് ഞാൻ അരുൺ മോഹനെ പരിചയപ്പെടുന്നത്. എന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു. നന്നായി പഠിക്കും.. നല്ല പെരുമാറ്റം.. കുറച്ചു വാചകമടി ഉണ്ടെന്നേയുള്ളു.. ഞങ്ങൾ പെട്ടെന്ന് കൂട്ടുകാരായി. എനിക്ക് ആൺ സുഹൃത്തുക്കൾ കുറവായിരുന്നു.. എന്നിട്ടും ഞാൻ അരുണിനെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കരുതി…. അത് തെറ്റായിരുന്നു എന്നു മനസിലാക്കാൻ ഒത്തിരി നാൾ വേണ്ടി വന്നില്ല…
അവന്റെ സൗഹൃദം പ്രണയത്തിനു വഴിമാറുന്നതറിഞ്ഞപ്പോൾ ഞാൻ ആ സൗഹൃദം പോലും ഉപേക്ഷിച്ചു… പഠിക്കാൻ മിടുക്കൻ, കോടീശ്വര പുത്രൻ… എന്നെപ്പോലെ ഒരു പെണ്ണു വീണു പോകാൻ അത്രേം മതിയായിരുന്നു…. പക്ഷെ എനിക്ക് അങ്ങനെ ചിന്തിക്കാനായില്ല… എന്റെ ജീവിതാനുഭവങ്ങളും അപ്പുവും ആയിരിക്കും എന്നെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്… ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്നു പറഞ്ഞ് അവൻ പല തവണ എന്റെ മുന്നിൽ വന്നു കരഞ്ഞു… എനിക്ക് അങ്ങനെ ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല… അവന്റെ സ്നേഹം പതിയെ ദേഷ്യമായി…. . പിന്നെ ഭീഷണിയുടെ സ്വരമായിരുന്നു…. റെജി, അവൻഎന്റെ ഓർഫനേജിലെ അന്തേവാസിയായിരുന്നു.,
ഞങ്ങളുടെ കോളേജിലെ വിദ്യാർത്ഥി,അരുണിന്റെ അടുത്ത സുഹൃത്ത്… പിന്നെ അവനിലൂടെയായി ചരട് വലി… അരുണിന്റെ മാഹാത്മ്യങ്ങൾ റെജി പല വട്ടം എന്നോട് പറഞ്ഞു.. അവൻ കോടീശ്വരൻ ആണെന്ന് പറഞ്ഞു എന്നെ പ്രലോഭിപ്പിക്കാൻ നോക്കി.. അവനു എന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും ഒക്കെ പറഞ്ഞു. … ഒരു അനാഥയായ ഞാൻ അത് കേട്ട് വീണുപോകും എന്ന് അവൻ കരുതിയിട്ടുണ്ടാവും…..പക്ഷെ അത്തരത്തിൽ വീണു പോകുന്ന ഒരുവളായിരുന്നില്ല ഞാൻ… ഒരു ദിവസം ഞാൻ ക്ലാസ്സ് റൂമിൽ ഇരുന്നപ്പോൾ അരുൺ ക്ലാസ്സിലേക്ക് വന്നു.. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു.. എന്റെ കയ്യിൽ പിടിച്ചു.. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ അവന്റെ മുഖത്തടിച്ചു…
അടി കിട്ടിയ കവിൾ തടവി പകയോടെ എന്റെ അടുത്തേയ്ക്ക് വരാൻ തുടങ്ങിയപ്പോഴാണ് എന്റെ സുഹൃത്ത് അഭിരാമി ക്ലാസ്സിലേക്ക് വന്നത്… ‘എഡീ… നീ എന്നെ തല്ലി അല്ലേ? ഇതിനുള്ളത് നിനക്ക് ഞാൻ തരുന്നുണ്ട് ‘ പറഞ്ഞു ദേഷ്യത്തോടെ അവൻ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി… അടിക്കണമെന്നു കരുതിയതല്ല.. അറിയാതെ കൈ ഉയർന്നു പോയതാണ്… എന്റെ അനുവാദമില്ലാതെ എന്റെ കയ്യിൽ പിടിച്ചപ്പോൾ ഞാൻ പോലും അറിയാതെ പ്രതികരിച്ചു പോയി… ഭയമായിരുന്നു പിന്നീട്… അവൻ എന്തും ചെയ്യാൻ മടിക്കില്ല എന്ന് തോന്നിയിരുന്നു. പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഭയത്തോടെയാണ് കോളേജിലേക്ക് പോയത്. പക്ഷെ, പിന്നീട് കുറച്ചു ദിവസങ്ങൾ അവൻ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല…
2 വർഷങ്ങൾ വളരെ പെട്ടെന്ന് കടന്നു പോയി… ഫൈനൽ ഇയർ എക്സാംസ് എത്താറായി… ആ ഇടയ്ക്കാണ് കോളേജിൽ ഒരു സ്ട്രൈക്ക് ഉണ്ടായത്… വിദ്യാർഥികൾ തമ്മിൽ അടിയായി… ഞാനും അഭിരാമിയും ലൈബ്രറിയിൽ ആയിരുന്നു. പുറത്തെ ബഹളം കാരണം ഞങ്ങൾ പുറത്തിറങ്ങാൻ ഭയന്നു. അപ്പോഴാണ് ആരോ ലൈബ്രറിയിലേയ്ക്ക് വരുന്നത് അറിഞ്ഞത്. പുറത്തെ പ്രശ്നക്കാരാരോ ആണെന്ന് കരുതി ഞങ്ങൾ ബുക്സ്ന് ഇടയിൽ ഒളിച്ചു നിന്നു. ഞങ്ങൾ കണ്ടത് അരുണിനെയും റെജിയേയും ആണ്.. ‘ഡാ അരുണേ നീ എന്തിനാ ഇപ്പൊ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്… ‘ ‘ഈ അവസ്ഥയിൽ നിന്നോട് സംസാരിക്കാൻ ഇതാ നല്ല സ്ഥലം… ലൈബ്രേറിയൻ പുറത്തേയ്ക്ക് പോകുന്നത് കണ്ടിട്ടാ ഞാൻ വന്നത്… ഞാൻ ഏല്പിച്ച കാര്യം എന്തായി?’ ‘അത് നടക്കില്ലടാ..
അവളോട് ഞാൻ നിന്നെ കുറേ പൊക്കി പറഞ്ഞു. നിനക്ക് അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഒക്കെ പറഞ്ഞു. അത്രയ്ക്ക് ഇഷ്ടമായൊണ്ടാണ് തല്ലിയിട്ട് പ്രതികരിക്കാത്തത് എന്ന് വരെ പറഞ്ഞു നോക്കി… നോ രക്ഷ… അവൾ അങ്ങനെ ഒന്നും വീഴുന്ന ടൈപ്പ് അല്ല… അല്ല നിനക്കിപ്പോ അവളെ എന്തിനാ? കെട്ടാനാണോ? നിനക്ക് വേറെ നല്ല കോടീശ്വരികളെ നിന്റെ അച്ഛൻ നോക്കിത്തരില്ലേ?’ ‘അതൊക്കെ എത്ര എണ്ണത്തിനെ വേണമെങ്കിലും കിട്ടും… പക്ഷെ അതൊന്നും ഇവളെപ്പോലെ ആകില്ല… അവള് നമ്മുടെ കോളേജിലെ ബ്യൂട്ടി ക്വീൻ അല്ലേടാ?? അവളെ നോക്കാത്തവരാരുണ്ട്? ഒരുപാട് പെൺപിള്ളേരെ ഞാൻ വളച്ചിട്ടുണ്ട്.. പലരും ഇങ്ങോട്ട് വന്നതാ.. ഒന്നിന്റെയും പുറകെ ഇങ്ങനെ നടക്കേണ്ടി വന്നിട്ടില്ല….
അവളെ എനിക്ക് ഇഷ്ടമായിരുന്നെടാ. വേറെ ഒരുത്തിയോടും തോന്നാത്ത ഒരിഷ്ടം. അവളുടെ പ്രണയത്തിനു വേണ്ടിയാണ് ഞാൻ അവളുടെ മുന്നിൽ നല്ലവനായി അഭിനയിച്ചത്… കെട്ടിയാലോന്നു വരെ ആലോചിച്ചതാ.ഞാൻ പറഞ്ഞാൽ അച്ഛൻ സമ്മതിക്കുകേം ചെയ്തേനെ…..പക്ഷെ അവള്….അവളെന്നെ തല്ലി… ആദ്യമായാണ് എന്നെ ഒരാള് തല്ലുന്നത്.. അതും ഒരു പെണ്ണ്……. ഇപ്പൊ എനിക്ക് അവളോട് ദേഷ്യവും പ്രതികാരവും മാത്രമാണുള്ളത്….. വിടില്ല ഞാൻ അവളെ.. ഇനി അവള് സമാധാനത്തിൽ ജീവിക്കുന്നത് എനിക്കൊന്നു കാണണം……അവളെ എനിക്ക് വേണം… സന്തോഷിപ്പിക്കാനല്ല… ഇപ്പൊ അവളുടെ കണ്ണുനീര് കാണുന്നതാ എനിക്കിഷ്ടം… അവള് വിഷമിക്കുന്നത് കണ്ട് എനിക്ക് സന്തോഷിക്കണം….’ ‘ എന്താ നിന്റെ പ്ലാൻ? ‘ ‘ഒന്നും തീരുമാനിച്ചില്ല.. നീ എന്റെ കൂടെ നിൽക്കില്ലേ?’
‘ അത് ചോദിക്കാനുണ്ടോ അളിയാ?? എപ്പോഴും ഉണ്ടാവും ഞാൻ… ‘ അവന്റെ മുഖത്ത് ഒരു ക്രൂരമായ ചിരി വിരിഞ്ഞു.. അവന്റെ സംസാരം എന്നെ വല്ലാതെ ഭയപ്പെടുത്തി.അവനെ തല്ലാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാൽ ശപിച്ചു പോയി… അഭിയും വല്ലാത്ത ഒരാവസ്ഥായിലായിരുന്നു. കുറച്ചു ദിവസങ്ങൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി. പരീക്ഷ ആകാറായി. പോർഷൻ തീരാത്തതിനാൽ സിമി ടീച്ചറിന്റെ എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോഴേയ്ക്കും ലേറ്റ് ആയി. കോളേജിലെ ബാക്കി കുട്ടികളൊക്കെ പോയിക്കഴിഞ്ഞിരുന്നു. ഞാനും ക്ലാസിനു വെളിയിലിറങ്ങി ഗേറ്റിന് അടുത്ത് എത്തിയപ്പോഴാണ് ക്ലാസ്സിലെ അഭിനന്ദ് വന്നു പറഞ്ഞത്, ക്ലാസ്സ് റൂമിൽ അഭി ഉണ്ടെന്നും അവളുടെ നോട്ട്സ് കാണാനില്ലാത്തതു കൊണ്ട് അത് അന്വേഷിക്കുകയാണെന്നും എന്നോട് അങ്ങോട്ടേയ്ക്ക് ചെല്ലാൻ പറഞ്ഞു എന്നും…..
ഞാൻ ഇറങ്ങുമ്പോൾ അവൾ ക്ലാസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് സംശയം ഒന്നും തോന്നിയില്ല. ഞാൻ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിൽ കയറി നോക്കി. പക്ഷെ അഭിയെ കണ്ടില്ല. ഉള്ളിൽ കയറി അഭി എന്ന് വിളിച്ചതും പിറകിൽ ക്ലാസ്സ് റൂമിന്റെ ഡോർ അടയുന്ന ശബ്ദം ഞാൻ കേട്ടു..ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. അവിടെ അഭിയെ അല്ല അരുണിനെയാണ് കണ്ടത്. ഭയന്നു പോയി ഞാൻ. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.. പെട്ടെന്ന് അവനെ മുന്നിൽ കണ്ടപ്പോൾ മരവിച്ചു പോയിരുന്നു എന്റെ മനസ്സും ശരീരവും… കോളേജിൽ അധികം ആരും ഉണ്ടാകില്ല എന്നുള്ള ചിന്ത എന്നെ കൂടുതൽ ഭയ ചകിതയാക്കി… ഹൃദയമിടിപ്പ് കൂടി… ഹൃദയം ഇപ്പോൾ പൊട്ടിപ്പോകും എന്നുള്ള അവസ്ഥയിൽ എത്തിയിരുന്നു… ‘ഈശ്വരാ നിനക്കിനിയും എന്നെ ശിക്ഷിച്ചു മതിയായില്ലേ?
‘ അവൻ എന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. ‘നിന്നെ എനിക്കിഷ്ടമായിരുന്നു… ഒരുപാട്… അപ്പൊ നിനക്ക് ജാഡ…നീ എന്നെ തല്ലി…. നിന്നെ വെറുതെ വിട്ടാൽ ഞാൻ ആണല്ലാതായിപ്പോകില്ലെടി?? ഇന്നു നീ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടുന്നത് എനിക്കൊന്നു കാണണം..’ അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു…..അവന്റെ ശബ്ദം പോലും എനിക്ക് ദൂരെ എവിടെയോ നിന്നും വരുന്നത് പോലെയാണ് തോന്നിയത്… അവൻ എന്റെ അടുത്തേയ്ക്ക് വരുന്നതിനനുസരിച്ചു ഞാൻ പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു… പെട്ടെന്ന് ആരോ ഡോറിൽ തട്ടുന്നത് കേട്ടു. അവൻ ശെരിക്കും ഞെട്ടി. എനിക്ക് വല്യ ആശ്വാസം തോന്നി.. അവന്റെ ശ്രദ്ധ മാറിയതും ഞാൻ ഓടിപോയി ഡോർ തുറന്നു. അവിടെ അഭി ഉണ്ടായിരുന്നു.. ഒപ്പം സിമി ടീച്ചറും. ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു.
ടീച്ചർ അകത്തു കയറി അവനെ എന്തൊക്കെയോ പറയുന്ന കേട്ടു.. ‘നീ ക്ലാസ്സിലേയ്ക്ക് പോകുന്നത് ഞാൻ സ്റ്റാഫ്‌റൂമിൽ നിന്നു കണ്ടു. നോട്ട്സ് വല്ലതും മറന്നു വച്ചതാവും എന്നാ കരുതിയത്. അരുൺ പുറകെ കയറുന്ന കണ്ട ഉടനെ ഞാൻ ടീച്ചറിനോട് പറഞ്ഞു. അതാ ടീച്ചറിനെയും കൂട്ടി ഉടനെ വന്നത്… ‘ അവളോട് നന്ദി പറയാൻ വാക്കുകളില്ലാതെ ഞാൻ നിന്നു… അന്ന് ഓർഫനേജിൽ എത്തിയിട്ടും എന്റെ വിറയൽ മാറിയിരുന്നില്ല… പിറ്റേന്ന് പ്രിൻസിപ്പൽ വിളിപ്പിച്ചു… അവനെ സസ്‌പെൻഡ് ചെയ്തു… . അവന്റെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് എക്സാം എഴുതാൻ ഉള്ള പെർമിഷൻ കിട്ടിയെന്നു ഞാൻ അറിഞ്ഞു. പക്ഷെ പിന്നീട് ഞാൻ ഭയന്നതു പോലെ ഒന്നും സംഭവിച്ചില്ല. അരുണിനെ ഞാൻ പിന്നെ കണ്ടതുമില്ല…
എനിക്ക് അത് വലിയ ആശ്വാസം ആയിരുന്നു. പരീക്ഷ കഴിഞ്ഞു. അരുൺ എന്ന ടോപിക് തന്നെ ഞാൻ മറന്നു. അപ്പു പ്ലസ് ടു ആയിരുന്നു. അവന്റെ എക്സാംസ് കഴിഞ്ഞു. ഒരു ദിവസം രാവിലെ അപ്പു എന്തോ ആവശ്യത്തിന് ഫാദറിനൊപ്പം പുറത്തു പോയതാണ്. വൈകിട്ട് ഫാദർ മാത്രം എന്നെ കാണാൻ വന്നു. അപ്പുവിനെ കാണാൻ അച്ഛൻ വന്നിരുന്നു എന്നും, അച്ഛൻ ഒരുപാട് മാറിപ്പോയി എന്നും അപ്പുവിനോട് അദ്ദേഹം ക്ഷമ ചോദിച്ചു എന്നുമൊക്ക പറഞ്ഞു. അപ്പു അച്ഛനോടൊപ്പം പോയത്രേ… എന്നോട് ഒരു വാക്ക് പോലും പറയാതെ.. പറഞ്ഞാൽ ഞാൻ വിടില്ല എന്നറിയാം. അതാവും… എനിക്ക് പേടിയായി… അച്ഛൻ നന്നായി എന്നുള്ളത് എനിക്ക് ഉൾക്കൊള്ളാനായില്ല.. അച്ഛൻ വീണ്ടും അപ്പൂട്ടനെ ഉപദ്രവിക്കുമോ എന്നായി എന്റെ പേടി… വീണ്ടും ഞാൻ ഒറ്റയ്ക്കായി…
എന്റെ ഉറക്കം നഷ്ടമായി… അപ്പുനെ ഒന്ന് ഫോൺ വിളിക്കാൻ പോലുമാകാതെ അവൻ എവിടെയാണെന്ന് പോലും അറിയാതെ ഞാൻ വിഷമിച്ചു… അപ്പോഴാണ് ഞാൻ ശെരിക്കും അനാഥ ആയത്… അത് വരെ എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ അനുജൻ ഉണ്ടായിരുന്നു… അപ്പോൾ മുതൽ ഞാൻ ആരും ഇല്ലാത്തവളായി… ഒറ്റയ്ക്കായി… ഇതിനിടയിൽ എന്റെ റിസൾട്ട് വന്നു.. ഡിസ്റ്റിങ്‌ഷൻ ഉണ്ടായിരുന്നു. അപ്പു ഇല്ലാത്തതിനാൽ എനിക്ക് ഒരു സന്തോഷവും തോന്നിയില്ല…. അവനെക്കുറിച്ചു പിന്നെ ഒന്നും അറിഞ്ഞില്ല… എനിക്ക് ദൈവം ഒരിക്കലും സന്തോഷം തരില്ല എന്നെനിക്ക് തോന്നി.. ഒരു ദിവസം ഫാദർ എന്നെ വിളിപ്പിച്ചു, ഫാദറിന്റെ സുഹൃത്തിന്റെ മകനും ഞാനുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ…അപ്പോൾ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ഞാൻ..
എന്റെ മനസ് മുഴുവൻ അപ്പു ആയിരുന്നു. അവൻ സുഖമായിരിക്കുന്നോ എന്ന് പോലും അറിയില്ല.. എന്റെ മനസ്സ് മുഴുവൻ കുഞ്ഞിലേ അച്ഛനും ചെറിയമ്മയും അവന്റെ ശരീരത്തിൽ ഏല്പിച്ച മുറിവുകളുടെ ചിത്രം മായാതെ കിടപ്പുണ്ടായിരുന്നു…… പക്ഷെ, ഓർഫനേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെന്നും ചിലപ്പോൾ അതിന്റെ പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും അതിനു മുൻപ് എന്നെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണമെന്നും, അത് അദ്ദേഹം അപ്പുവിന് കൊടുത്ത വാക്കാണെന്നും പറഞ്ഞു ഫാദർ നിർബന്ധിച്ചപ്പോൾ എനിക്ക് സമ്മതിക്കാതിരിക്കാനായില്ല. എന്താണ് പ്രശ്നമെന്ന് മാത്രം എന്നോട് പറഞ്ഞില്ല. പറഞ്ഞാലും എനിക്ക് ഒന്നും മനസിലാകില്ല എന്ന് അറിയാവുന്നത് കൊണ്ടാകും…
അപ്പുവിനെക്കുറിച്ച് ചോദിച്ചപ്പോൾ പിന്നീട് ഒന്നും അറിയാൻ കഴിഞ്ഞില്ല, എന്നാണദ്ദേഹം പറഞ്ഞത്. അവനെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുന്നത് പോലെ തോന്നി.. അങ്ങനെ റോയ് മാത്യുവുമായുള്ള കല്യാണം ഉറപ്പിച്ചു. അദ്ദേഹം എന്നെ കാണാൻ വന്നു.. ഞങ്ങൾ സംസാരിച്ചു. സംസാരിച്ചപ്പോൾ വളരെ നല്ല ആളാണെന്നു തോന്നി.അല്ലെങ്കിലും മോശമായൊരാളെ ഫാദർ എനിക്ക് വേണ്ടി കാണ്ടെത്തില്ലല്ലോ? അപ്പോഴും അപ്പു ഒപ്പമില്ലല്ലോ എന്നുള്ള വിഷമമായിരുന്നു മനസ്സ് നിറയെ… ഞങ്ങളുടെ മനസമ്മതം കഴിഞ്ഞു. അരുണിനെ ആയിരുന്നു എനിക്ക് പേടി.. പക്ഷെ അവനെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് ഞാൻ അറിഞ്ഞില്ല…..
ഞങ്ങളുടെ വിവാഹ ദിവസം എത്തി…. നവവധുവായി ഒരുങ്ങി പള്ളിയിൽ നിൽക്കവേ എന്നെത്തേടി ഹൃദയം തകർക്കുന്ന ആ വാർത്ത എത്തി…. എന്റെ കഴുത്തിൽ താലി ചാർത്തേണ്ട ആളിന് ആക്‌സിഡന്റ്…… ആ വാർത്ത കാതിൽ എത്തിയപ്പോഴേക്കും ഞാൻ തളർന്നു വീണു പോയിരുന്നു… … തുടരും…. നിമ്മിയെ ഓർഫനേജിൽ എത്തിക്കുന്നത് വരെ മാത്രേ നടന്ന സംഭവങ്ങൾ ഉള്ളൂട്ടോ… ഇനിയെല്ലാം ഭാവനയാണ്…. അരുണും റോയിയും മാഹിയും ഒക്കെ സാങ്കല്പിക കഥാപാത്രങ്ങൾ ആണ്. ആ കുട്ടിയെ യഥാർത്ഥത്തിൽ വിവാഹം ചെയ്ത ആൾ പെയിന്റിംഗ് കോൺട്രാക്ടർ ആണ്. ഇത് വരെ നിങ്ങൾ തന്നെ സപ്പോർട്ടിന് നന്ദി… തുടർന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
തുടരും….