Sunday, April 28, 2024
Novel

ഭദ്രദീപ് : ഭാഗം 1

Spread the love

എഴുത്തുകാരി: അപർണ അരവിന്ദ്

Thank you for reading this post, don't forget to subscribe!

രാവിലെ എഴുന്നേറ്റപ്പോൾ പോലും ക്ഷീണം മാറിയിരുന്നില്ല… കരഞ്ഞുകരഞ് എപ്പോളാണ് ഉറങ്ങിയതെന്ന് ഇപ്പോളും ഓർമ്മയില്ല..

കണ്ണിനുചുറ്റും കറുത്ത വലയങ്ങൾ തെളിഞ് കാണാം.. ചിരി മാത്രം ഒഴുകിയിരുന്ന ചുണ്ടുകൾ ഇപ്പോൾ പുഞ്ചിരിക്കാൻ പോലും മറന്നിരിക്കുന്നു.. പതിയെ എഴുന്നേറ്റ് കണ്ണാടിയിലേക്ക് നോക്കി.. മുഷ്ഠി ചുരുട്ടി മുഖത്ത് ആഞ്ഞുകുത്തി കണ്ണാടി തച്ചുടയ്ക്കാനാണ് ആദ്യം തോന്നിയത്..

അത്രയേറെ വെറുത്തുപോയി എന്നെത്തന്നെ… വല്ലാത്തൊരു ജന്മമായ് പോയല്ലോ ദൈവമേ… വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

ഭദ്രേ… മോളെ വാതിൽ തുറക്ക്..

അമ്മയുടെ ശബ്‌ദം കേട്ടപ്പോളാണ് ചിന്തയിൽനിന്ന് ഉണർന്നത്… വേഗം പോയ്‌ വാതിൽ തുറന്നു..

ഭദ്രേ… മോളെ.. ഇതെന്തൊരു കോലമാണ്.. അമ്മയ്ക്ക് സഹിക്കുന്നില്ല.. എന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മ പൊട്ടിക്കരയാൻ തുടങ്ങി.
അമ്മയുടെ കണ്ണുകൾ നിറയുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഒന്നുല്ല്യ അമ്മേ… എനിക്ക് ഇപ്പൊ ഒരു വിഷമവും ഇല്ലാ… ഏത് സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം എന്ന് അച്ഛൻ പറയാറില്ലായിരുന്നോ… അത്രയേ ഉള്ളു… അമ്മ വെറുതെ കരയാതിരിക്കു.. നമ്മൾ എല്ലാം വീണ്ടെടുക്കും അമ്മേ.. നമ്മുടെ കൈയിൽ നിന്ന് ചതിച്ചു നേടിയതെല്ലാം നമ്മൾ തിരിച്ചെടുക്കും… അമ്മ വിഷമിക്കരുത്… അച്ഛന്റെ ആത്മാവ് അത് സഹിക്കില്ല..

ന്റെ കുട്ടിന്റെ തലയിലായി എല്ലാ ഭാരവും.. അച്ഛൻ പൊന്നുപോലെ നോക്കിയ ഭദ്രകുട്ടി ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ അച്ഛന്റെ ആത്മാവ് എങ്ങനെ സഹിക്കും.. അമ്മയുടെ കണ്ണുകൾ അപ്പോളും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു

ഓർമകൾ അൽപ്പം പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി..

സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ കുടുംബം.. പരമ്പരപരമ്പരയായ് കൈമാറി വന്ന സൽപ്പേര് അച്ഛനും കാത്തുസൂക്ഷിച്ചിരുന്നു, പത്മനാഭൻ നായർ എന്ന പേര് കേട്ടാൻ പോലും ആളുകൾ കൈ കൂപ്പി തൊഴുമായിരുന്നു..

ആര് വിഷമം പറഞ്ഞാലും അച്ഛൻ അതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കും.. നാട്ടിലുള്ള കുട്ടികളുടെ പഠനത്തിനും കല്യാണത്തിനും അച്ഛൻ അറിഞ്ഞു സഹായിച്ചിരുന്നു.. പക്ഷെ എല്ലാം മാറിമറിഞ്ഞത് പെട്ടന്നാണ്., കൂട്ടുകാരനായും അനുജനായും കൂടെ കൂടിയ രവി അങ്കിൾ ഞങ്ങളുടെ കുടുംബം തകർത്തു..

അച്ഛനറിയാതെ കോടികൾ അങ്കിൾ തട്ടിയെടുത്തു.. ഞങ്ങളുടെ തറവാട് പോലും അയാൾ സ്വന്തം പേരിൽ എഴുതി വാങ്ങി.. ആളുകളെ കണ്ണടച്ചു വിശ്വസിച്ചിരുന്ന അച്ഛന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..

കാലുറപ്പിച്ച മണ്ണും തലമുറകൾ കൈമാറിയ പാരമ്പര്യവും നഷ്ടമാവുന്നത് അച്ഛന് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല.. എല്ലാം വീണ്ടെടുക്കാം എന്ന് അച്ഛനെ പറഞ്ഞാശ്വസിപ്പിച്ചെങ്കിലും,ഉള്ളിന്നുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു.

സർവ്വ ദൈവങ്ങളെയും വിളിച്ചു പ്രാര്ഥിച്ചാണ് അന്ന് രാത്രി ഉറങ്ങാൻ കിടന്നത്. പക്ഷെ പുലർച്ചെ ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എനിക്ക് മുൻപിൽ ഉത്തരത്തിൽ തൂങ്ങിയാടുന്ന അച്ഛന്റെ മൃദദേഹമാണ് ദൈവം സമ്മാനിച്ചത്. .

ആ ദിവസം ഇന്നും ഓർക്കാൻ വയ്യ…പ്രാണനായിരുന്ന അച്ഛൻ പിടഞ്ഞു മരിക്കുന്നത് എന്റെ കണ്ണുകൾ കൊണ്ട് കാണേണ്ടി വന്നു. പെട്ടന്നൊരു നിമിഷം തനിച്ചായ ഞങ്ങളുടെ കുടുംബം ഇനിയെന്ത് എന്ന് തരുത്ത് നിന്നു ..

ആൺതുണ നഷ്ടമായി ഒറ്റപ്പെട്ടുപോയ ഒരമ്മയും രണ്ട് പെൺകുട്ടികളും എല്ലാവർക്കും കണ്ണുനിറയ്ക്കാനുള്ള കഥ മാത്രമായി..

എല്ലാം വെറുമോരു കഥ പോലെ തോന്നുന്നു.. അച്ഛന്റെ ചിത കത്തിയമരാൻപോലും സമയം നൽകാതെ തറവാട്ടിൽ നിന്നും ഇറങ്ങിയതാണ് ഞങ്ങൾ, രവി അങ്കിൾ ചതിയുടെ ചിരി ചിരിക്കുമ്പോൾ അവിടെ നിൽക്കുക എന്നത് അസാധ്യമായിരുന്നു…

കണ്ണീരോടെ സ്വന്തം നാടിനോട് വിടപറയുമ്പോളും, ആഭരണങ്ങൾ വിറ്റുപെറുക്കി ഇവിടെ ഈ പുതിയ നാട്ടിൽ ചെറിയൊരു വീട് വാങ്ങി താമസിക്കുമ്പോളും ജീവിക്കാൻ ഒരു വാശിയായിരുന്നു.

ചതിച്ചവർക്ക് മുൻപിൽ ജീവിച്ചു കാണിക്കണം, പൊരുതി ജയിക്കണം. അച്ഛനും മുതുമുത്തച്ഛന്മാരും ഉറങ്ങുന്ന ഞങ്ങളുടെ മണ്ണ് വീണ്ടെടുക്കണം… നെഞ്ച് കനൽ പോലെ എരിയുന്നുണ്ടായിരുന്നു..

ചേച്ചി…. ഇതെന്തെടുക്കാ… എന്നെ സ്കൂളിൽ വിടുന്നില്ലേ… സമയം നോക്കു…

ഭാമ വന്ന് കൈയിൽ പിടിച്ചപ്പോളാണ് സമയം നോക്കുന്നത്… രാവിലെ തന്നെ പഴയതോരൊന്ന് ഓർത്ത് ഉള്ള സമയം മുഴുവൻ പോയ്‌..

സോറി ഭാമേ.. ചേച്ചി ഇതാ റെഡിയായി… ഇപ്പൊ ഇറങ്ങാം ട്ടോ…
അവളുടെ കവിളിൽ പതിയെ പിടിച്ചുകൊണ്ടു ഞാൻ കൊഞ്ചി പറഞ്ഞു..
പിന്നീട് വേഗം കുളിയും ജപവും കഴിഞ്ഞ് വണ്ടിയെടുത്തിറങ്ങി.. അവളെ സ്കൂളിൽ വിട്ടിട്ട് വേണം ബാക്കി പരുപാടി നോക്കാൻ..

പരുപാടി എന്ന് പറയാൻ മാത്രമൊന്നുമില്ല.. ചെറിയൊരു ഇന്റർവ്യൂ..
കുറെ കമ്പനികൾ കയറിയിറങ്ങി കുറെയധികം ഇന്റർവ്യൂ അറ്റന്റ് ചെയ്തിരുന്നു, പക്ഷെ…ഒന്നിൽപോലും വിജയിക്കാൻ കഴിഞ്ഞില്ല…

രവി അങ്കിൾ ഞങ്ങളെ ജീവിക്കാൻ അനുവദിക്കാത്തവിധം പിറകെ നടക്കുന്നുണ്ടായിരുന്നു, അയാളുടെ പിടിപാട് മൂലം പല കമ്പനികളും ജോലി നിഷേധിച്ചു.. അവസാനം ഉത്തര പറഞ്ഞതാണ് ഇവിടെ പുതുതായി തുടങ്ങുന്ന ടെസ്റ്റൈൽസിലേക്ക് ഒരു സെയിൽസ്ഗേൾ വേണമെന്ന്..

വേറെ ഒരു ജോലിയും എനിക്കിനി കിട്ടാൻ പോവുന്നില്ല..ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവർക്ക് സെയിൽസ്ഗേൾ ആവാൻ പറ്റുമോന്ന് ഞാനും ഒന്ന് നോക്കട്ടെ. നെഞ്ച് നീറുമ്പോളും ഞാൻ പുഞ്ചിരിക്കാൻ ശ്രെമിച്ചു. Phd ചെയ്യണം എന്നുള്ള മോഹമൊക്കെ ഉപേക്ഷിച്ചിരുന്നു, പക്ഷെ കുറച്ചുകൂടി മെച്ചപ്പെട്ടൊരു ജോലി വേണമെന്നുണ്ടായിരുന്നു.. ഒരു കുടുംബം മുന്നോട്ട് പോകുന്നത് ഇപ്പോൾ എന്നെ വിശ്വസിച്ചാണ്.. എന്ത് ചെയ്യാൻ എല്ലാം ദൈവനിശ്ചയം..

ഈ ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു.. ഇതും ഇനി ആ രവി വന്ന് കൊളമാകുമോ ആവോ.. അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നു ഇങ്ങനെ ഒരു ജോലിക്ക് വിടാൻ, ഞാൻ കാല് പിടിച്ചു സമ്മതിപ്പിച്ചതാണ്.. ഇനി ഭാമയെയെങ്കിലും നന്നായി പഠിപ്പിക്കണം.. എല്ലാം തന്റെ കൈകളിലാണ്. എന്തൊക്കയോ ഓർത്തെടുത്ത് അവസാനം സ്കൂളിന്റെ മുറ്റത്തെത്തി.. അവളെ ഇറക്കി വണ്ടി പതിയെ തിരിച്ചതേ ഓർമയുള്ളു ഉള്ളു… ഒരു കാർ വന്ന് നൈസ് ആയി പുറകിൽ ഇടിച്ചു..

എന്റെ പൊന്നോ… തലയിൽ നിന്ന് ഒരായിരം കിളി പറന്ന പോലെ തോന്നി . ആരൊക്കെയോ ഓടി വന്ന് പതിയെ പിടിച്ചെഴുന്നേല്പിച്ചു.

എന്തെങ്കിലും പറ്റിയോ മോളെ…
കൂട്ടം കൂടി നിന്നവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്..
ഭാമ കണ്ടോ എന്നാണ് ഞാൻ നോക്കുന്നത്., പാവം കണ്ടാൽ അവൾ പേടിച്ചുപോവും, ഭാഗ്യം അവൾ കണ്ടിട്ടില്ല,
എവിടെ എന്നെ വണ്ടി തട്ടിയ മഹാൻ, മാനത്ത് നോക്കിയാണോ ഇങ്ങേർ വണ്ടി ഓടിക്കുന്നത്

ഡോ..ഇയാൾ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത്,
നെറ്റിയിലെ മുറിയിൽ പതിയെ പിടിച്ചുകൊണ്ടു ഞാൻ എഴുന്നേറ്റ് നിന്ന് അയാൾക്ക് നേരെ വിരൽ ചൂണ്ടി..

ഒരു വീരശൂര പരാക്രമി ആണെന്ന് തോന്നുന്നു.. അയാളുടെ നിൽപ്പ് കണ്ടാൽ തോന്നും അങ്ങേരെ പൊന്നാട അണിയിക്കാൻ ഞാൻ കൊണ്ട് നിർത്തിയതാണെന്ന്.. ഞാൻ എന്തൊക്കെയോ അയാളോട് വിളിച്ചു കൂകുന്നുണ്ട്… കേട്ടഭാവം പോലും അങ്ങേർക്കില്ല.. ഇനി പൊട്ടനാണോ ആവോ, അയാളുടെ മൂക്കിന്റെ മുൻപിൽ ഞാൻ കൈ വെച്ച് കൈകൊട്ടി..
പെട്ടന്ന് അങ്ങേരൊന്നു ഞെട്ടി.. അപ്പോൾ പൊട്ടനല്ല..

നിലത്ത് നോക്കി വണ്ടി ഓടിക്ക് പെണ്ണെ…
പുച്ഛഭാവത്തിൽ എന്നെ ഒന്ന് തുറിച്ചുനോക്കി എന്റെ മുൻപിൽ രണ്ടായിരം രൂപയുടെ നോട്ട് വലിച്ചെറിഞ് അയാൾ കാറിൽ കയറി പറന്നു..

ഞാനാകെ ഞെട്ടി തരിച്ചു പോയി

അവൻ അങ്ങനെയാ മോളെ.. പണത്തിന്റെ ഹുങ്കാ.. മോള് കാര്യാക്കണ്ട, പോയ്‌ ഒന്ന് ഡോക്ടറെ കാണിച്ച് മുറിവ് ഡ്രസ്സ്‌ ചെയ്തോ ട്ടോ, അടുത്ത് നിന്ന ചേച്ചി അതും പറഞ് ആ നോട്ട് എന്റെ കൈകളിൽ ഏൽപ്പിച്ചു..

മുറിവ് നീറുന്നുണ്ടായിരുന്നു, അതിലും കൂടുതൽ എന്റെ മനസ്സ് നീറുന്നുണ്ട്.. . ഇങ്ങനെയും ഉണ്ടോ മനുഷ്യൻ… ഹോ വല്ലാത്ത ജന്മം തന്നെ.. ഒരു പെണ്ണിനോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയില്ല…

ദേഷ്യം കൊണ്ട് കണ്ണ് ജ്വലിക്കുന്നുണ്ടായിരുന്നു. അയാളെ ഇപ്പോൾ കൈയിൽ കിട്ടിയാൽ കരണം നോക്കി ഒന്ന് കൊടുക്കാൻ പോലും ഞാൻ മടിക്കില്ല..വണ്ടി ഇടിക്കുന്നതൊക്കെ സർവ്വ സാധാരണമാണ്, പക്ഷെ അതിന് മാപ്പ് പറയുന്നതിന് പകരം ഇങ്ങനെ മനുഷ്യനെ തിന്നാൻ വരികയാണോ വേണ്ടത്…

അവന്റെ ഒരു രണ്ടായിരം ഉലുവ.. ഹോ പണം പോലും വലിച്ചെറിയുന്നു.. എല്ലാം നഷ്ടമായാൽ അറിയാം അതിന്റ വില..ദേഷ്യം കൊണ്ട് ഞാൻ തിളച്ചുമറിഞ്ഞു.. അയാളെ തെറി വിളിച്ചോണ്ടിരുന്നാൽ ഇന്റർവ്യൂ സമയം കഴിയുമെന്ന് ബോധ്യമായപ്പോൾ പോയ്‌ വണ്ടിയെടുത്തു.. വണ്ടിയുടെ മിറർ പൊട്ടിയിട്ടുണ്ടായിരുന്നു.

പോകുന്ന വഴിയ്ക്ക് മിറർ മാറ്റി, നാഷണൽ ഹോസ്പിറ്റലിൽ കയറി നെറ്റിയിലെ മുറിവ് ഡ്രസ്സ്‌ ചെയ്ത് വീട്ടിലേക്ക് തിരിച്ചു.. വഴി നീളെ അങ്ങേരെ ഞാൻ മനസ്സിൽ പ്രാകുന്നുണ്ടായിരുന്നു.. ദുഷ്ടൻ… കാലമാടൻ പ്രകാലൊക്കെ കഴിഞ്ഞ് വേഗം വീട്ടിൽ എത്തി, മുറിവ് കണ്ട് അമ്മ ആകെ വിഷമത്തിലായി..കഥ മുഴുവൻ പറയാൻ സമയം ഇല്ലാത്തത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് പറഞ് ഞാൻ വേഗം ഇന്റർവ്യൂക് ഇറങ്ങി..

സാരി ആയിരുന്നു വേഷം.. സമയം കുറച്ച് വൈകിയതിന്റെ പേടിയുണ്ടായിരുന്നു.. പക്ഷെ എറ്റവും അവസാനമായി ഞാൻ അവിടെ എത്തിപ്പെട്ടു.. നെറ്റിയിലെ ഡ്രസിങ് കണ്ടിട്ടാകണം എന്നെ വേഗം അകത്തേക്ക് കയറ്റിയത് ..
മൂന്നാളുകൾ ഉണ്ടായിരുന്നു ഇന്റർവ്യൂ ബോർഡിൽ.. പ്രായമായ ഒരാൾ ആയിരുന്നു സംസാരിച്ച് തുടങ്ങിയത്..

ഭദ്ര.. അങ്ങനെയല്ലേ പേര്..

അതെ..

ഇതെന്താ പറ്റിയത് നെറ്റിയിൽ..

അത്.. സർ… ചെറിയൊരു ആക്‌സിഡന്റ്..

പെണ്ണുങ്ങളായാൽ നിലത്ത് നോക്കി നടക്കണം അല്ലെങ്കിൽ ശരീരം മുഴുവൻ ഇങ്ങനെ ബാൻഡേജ് ഇടേണ്ടി വരും.. പുറകിൽ നിന്ന് ശബ്‌ദം കേട്ടപ്പോളാണ് തിരിഞ്ഞ് നോക്കിയത്…
എന്റെ കൃഷ്ണാ… ഇത് ആ കാലൻ അല്ലേ… എന്നെ വണ്ടി ഇടിച്ച മഹാൻ.. ബാക്കി ഉണ്ടായിരുന്ന കിളികൾ കൂടെ തലയിൽ നിന്ന് പറന്ന് പോകാൻ തുടങ്ങി..

എന്താ ദീപക് ഇത്… ഇങ്ങനെയാണോ പെൺകുട്ടികളോട് സംസാരിക്കുക..
പ്രായമായ സർ എനിക്ക് വേണ്ടി ആ കാലനോട് ചോദിച്ചു..

പെണ്ണോ.. ഇവളോ… ആ സ്കൂളിന്റെ മുന്നിൽനിന്ന് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ..ഇവൾ ഏതാ ഐറ്റം എന്ന് അച്ഛന് അറിയാഞ്ഞിട്ടാണ്..
അയാൾ വീണ്ടും എന്തൊക്കെയോ കിടന്ന് കുരച്ചു.. എന്നെ പറ്റി എന്തൊക്കെയോ മോശമായി പറഞ്ഞു.. കരച്ചിൽ വരുന്നുണ്ടായിരുന്നു.. പക്ഷെ കരഞ്ഞുതളരാൻ എനിക്ക് കഴിയില്ലായിരുന്നു..

ക്ഷമിക്കണം സർ… എനിക്ക് ഈ ജോലി വേണ്ടാ…കാർ ഇങ്ങോട്ട് വന്ന് ഇടിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇദ്ദേഹത്തോട് അങ്ങനെയൊക്കെ പറഞ്ഞത്.. അതിൽ ഇപ്പോളും എനിക്ക് തെറ്റ് തോന്നുന്നില്ല.. പെണ്ണ് ആണെന്ന് പറഞ്ഞ് പ്രതികരിക്കാതിരിക്കാൻ കഴിയുമോ..എന്നെ ഇത്രയും മോശമായി പറയുന്നൊരു സ്ഥലത്ത് എനിക്ക് ജോലിചെയ്യാൻ കഴിയില്ല.. പണം ഇല്ലെങ്കിലും അഭിമാനം എന്നൊന്നുണ്ട്.. അതുകൂടി പണയം വെക്കാൻ കഴിയില്ല.. കരച്ചിൽ പിടിച്ചുനിർത്തി ഒന്ന് പുഞ്ചിരിച്ച് ഞാൻ അവിടെ നിന്നും നടന്ന് നീങ്ങി

മിസ്റ്റർ ദീപക് മേനോൻ ബാൽക്കണിയിൽ നിന്ന് അപ്പോളും എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.

തുടരും