Sunday, December 22, 2024
Novel

നീരവം : ഭാഗം 6

എഴുത്തുകാരി: വാസുകി വസു


മീനമ്മ മീരയെ കെട്ടിപ്പിടിച്ചു കരഞ്ഞു.അവൾ വല്ലാത്തൊരു ഷോക്കിലായിരുന്നു.ആദ്യമായി കാണുകയാണു ഈ അമ്മയെ..എന്നിട്ടും തന്നെ അറിയാമെന്ന്..തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ..മീര കരുതി.. ജാനകി വർമ്മയും അമ്പരപ്പിൽ ആയിരുന്നു…

“മീനമ്മക്ക് ഇവളെ എങ്ങനെ അറിയാം”

ജാനകി അമ്പരപ്പോടെ ചോദിച്ചു.. പകരം മീനമ്മ പുഞ്ചിരിച്ചു..

“അതൊക്കെ അറിയാം ചേച്ചി”

ജാനകിയും മീരയും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..മീരക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണുകൾ തിരുമ്മി അവൾ ഒന്നുകൂടി നോക്കി…

സ്റ്റെയർകേസിന്റെ പടികളിറങ്ങി നീരജും നീരജയും ഇറങ്ങി വരുന്നു….

ശ്വാസം നിലച്ചു പോയ പ്രതീതിയിൽ നിറഞ്ഞ മിഴികളോടെ മീരജ അവരെ മാറി മാറി നോക്കി.മനസ്സിൽ ഒരായിരം പ്രതീക്ഷയും നിഴലിച്ചു.

കൈവിട്ടു പോയെന്ന് കരുതിയ ഭാഗ്യം ഇപ്പോൾ തൊട്ടരികെയുണ്ട്.നീരജിന്റെയും നീരജയുടെയും നിലപാടുകൾ പോലെയിരിക്കും തനിക്ക് ഇവിടത്തെ നിലനിൽപ്പെന്ന് മീരക്ക് മനസ്സിലായി.

“നീരവേട്ടൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയില്ലേ ചേച്ചി നീഹാരിക അവരെ പോലെയാണ് മീര.നീഹാരികക്ക് കുറച്ചു വെളുപ്പ് കൂടുതലാണെന്നെയുള്ളൂ”

ജാനകി വർമ്മയുടെ സംശയത്തിനു ഉത്തരമായി നീരജ മറുപടി കൊടുത്തതോടെ തനിക്ക് ഇവിടെ നിൽക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും കൂടെ വളർന്നു.മനസ്സ് സന്തോഷത്താൽ നിറഞ്ഞു. ജാനകി കൗതുക പൂർവ്വം മീരയെ നോക്കി നിന്നു.

“നീഹാരികയെ പോലെയൊരു പെൺകുട്ടിക്കായി ഞാനും നീരജും കുറെ മാസങ്ങളായിട്ട് അൻവേഷണത്തിലാണ്.

മീരയെ രണ്ടു ദിവസം മുമ്പേ ഞങ്ങൾ കണ്ടുമുട്ടി.ക്ഷണിച്ചപ്പോൾ നിരാശയായിരുന്നു ഫലം.സമയപരിധി കുറവായതിനാൽ അവസ്ഥ വിശദീകരിച്ചു പറയാനും കഴിഞ്ഞില്ല”

“നിങ്ങൾ എങ്ങനെയാണ് മീരയെ കണ്ടുമുട്ടിയത്”

ജാനകിയുടെ കൗതുകം തീർന്നില്ല.മീരക്കും ആകാംഷയായി അതെങ്ങനെയെന്ന് അറിയാനായി..

“ഞാൻ പറയാം ചേച്ചി.. നീരജ് മുന്നോട്ടു നീങ്ങി നിന്നു.എല്ലാവരുടേയും ശ്രദ്ധ അവനിലായി.

” മീരയുടെ അരങ്ങേറ്റത്തെ കുറിച്ച് പതിപ്പിച്ചിരുന്ന നോട്ടീസിൽ ഇവളുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഒരുവാട്ട്സാപ്പ് ചാറ്റ് ഗ്രൂപ്പിൽ എങ്ങനെയോ ഷൈർ ആയി വന്നതാണ് ”

മീരക്ക് ഒരേ സമയം ആശ്ചര്യവും സന്തോഷവും വന്നു.ഒരുപക്ഷേ ഇതായിരിക്കും ഈശ്വരന്റെ അനുഗ്രഹം. ഇവിടെ നിൽക്കാൻ ആയിരിക്കും തലേവര..

“ഞങ്ങൾ മീരയുടെ ഫോട്ടോ അമ്മക്കും അച്ഛനും ഫോർവേഡ് ചെയ്തിരുന്നു”

മീര നിറഞ്ഞ കണ്ണുകളോടെ അവരുടെ നേരെ കൈകൾ കൂപ്പി.എന്താണെന്ന് പറയേണ്ടെന്ന് അവൾക്ക് അറിയില്ല.സന്തോഷത്താൽ ശബ്ദം പുറത്തേക്ക് വരുന്നില്ല.

“ഒരിക്കൽ നിരസിച്ചെന്ന് കരുതി എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കരുതേ.എന്ത് ജോലിയും ചെയ്തോളാം.പ്രതിഫലമായി ശമ്പളമൊന്നും വേണ്ടാ.വിശപ്പ് അടങ്ങാനുളള ഭക്ഷണം തന്നാൽ മതി”

നിലവിളിയോടെ മീര മീനമ്മയുടെ കാൽക്കലിൽ വീണു.അവളുടെ നനഞ്ഞൊഴുകിയ മീഴിനീർ അവരുടെ പാദങ്ങളെ അശ്രുപൂജ ചെയ്തു.

മീനമ്മയുടെ പാദങ്ങളെ അവളുടെ കണ്ണുനീർ ചുട്ടുപൊള്ളിച്ചു.അവരിലൊരു നിശ്ബ്ദമായ നിലവിളി ഉയർന്നു. പൊടുന്നനെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു തന്നിലേക്ക് ചേർത്തു നിർത്തി.

നിലവിളി ശബ്ദം അടങ്ങുന്നത് വരെ അവളുടെ പുറത്ത് ചെറുതായി തട്ടിക്കൊണ്ടിരുന്നു.മീരയുടെ കരച്ചിൽ നീരജക്കും നീരജിനും ജാനകിക്കും സങ്കടമായി.

ഇവളെ പോലൊരു പെൺകുട്ടി ഇത്രയും ചെറുപ്രായത്തിൽ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് അവൾ പറയാതെ ജാനകിക്കും മീനമ്മക്കും മനസ്സിലാക്കാൻ കഴിഞ്ഞു. മീരയുടെ വീട്ടിൽ വെച്ചു രാത്രിയിൽ കണ്ട ദൃശ്യങ്ങളായിരുന്നു അവരുടെ മനസ്സിൽ..

“മോളിവിടെ നിന്നോളൂ…വേലക്കാരി ആയിട്ടല്ല.എന്റെ മക്കളിൽ ഒരാളായിട്ട്”

മീനമ്മ അവളുടെ നെറ്റിയിലൊരുമ്മ കൊടുത്തു. അമ്മയുടെ സ്നേഹവും കരുതലും എല്ലാം അതിൽ അടങ്ങിയിരുന്നു.എന്തുകൊണ്ടോ അവൾക്ക് പെട്ടെന്ന് സ്വന്തം അമ്മയെ ഓർമ്മ വന്നു.പാവം അമ്മ..

മീരക്ക് അറിയില്ലല്ലോ അമ്മ തന്നെ തനിച്ചാക്കി ഈ ലോകത്ത് നിന്നും പോയെന്ന്..

“മാധവേട്ടനെവിടെ മീനമ്മേ”

രംഗം മാറ്റുവാനായി ജാനകി വർമ്മ ചോദിച്ചു. മീനമ്മ മുകളിലെ മുറിയിലേക്ക് വിരൽ ചൂണ്ടി.

“എപ്പോഴും നീരവിന്റെ മുറിയിലാണ് അദ്ദേഹം.. അത്രക്കും ഇഷ്ടം ആയിരുന്നല്ലോ അവനെ.മാനസികമായി തകർന്ന അവൻ അച്ഛനെ മാത്രമേ ഉപദ്രവിക്കാതുള്ളൂ”

മീനമ്മയിൽ നിന്ന് പിന്നെയും അശ്രുകണങ്ങൾ ഒഴുകിയിറങ്ങി.രംഗം തണുപ്പിക്കാനായി പറഞ്ഞതാണ് പക്ഷേ പിന്നെയും സീനാവുകയാണ്.

“എങ്കിൽ ശരി മീനമ്മേ ഞാനിറങ്ങട്ടെ..മക്കളെ സ്കൂളിൽ അയക്കണം”

ജാനകി വർമ്മ അവിടെ നിന്ന് ഇറങ്ങി.. മീരയും അവരുടെ കൂടെ ചെന്നു.

“കാശുണ്ടെങ്കിലും എല്ലാവരും മനസ്സലിവുളളവരാണ്.നന്നായിട്ട് നിന്നാൽ നിനക്കിവിടെ എത്രനാൾ വേണമെങ്കിലും തുടരാം”

അവളെ അവർ ഓർമ്മിപ്പിച്ചു.. നിശബ്ദമായി കേട്ടുകൊണ്ട് മീര തലയാട്ടി.

“ഞാൻ പോകട്ടേ.എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി..”

തന്റെ മൊബൈൽ നമ്പർ അവർ കുറിച്ച് കൊടുത്തിട്ട് കാറിന് അരികിലേക്ക് നടന്നു. അകന്ന് മറയുന്ന കാറിനെ നോക്കി മീരജ കുറച്ചു നേരം നോക്കി നിന്നു..

“താനിത് ഇവിടെ നിൽക്കുവായിരുന്നോ വാ ഡ്രസ്സൊക്കെ വന്ന് മാറ്റ്”

അവിടേക്കെത്തിയ നീരജ സ്നേഹപൂർവ്വം മീരയെ അകത്തേക്ക് ക്ഷണിച്ചു. അവളെയും കൂട്ടി നീരജ മുകളിലെ വേറൊരു മുറിയിലേക്കാണു ചെന്നത്.നല്ല വൃത്തിയുളള മുറി.

“ഇതാണ് മീരക്കുളള മുറി”

പറഞ്ഞു കൊണ്ട് അലമാരയിൽ നിന്ന് കുറച്ചു തുണികളെടുത്ത് അവൾക്ക് മുമ്പിൽ നിരത്തി.എല്ലാം വിലകൂടിയ തുണികൾ.ചുരീദാറും പാവാടയും ബ്ലൗസും സാരിയുമൊക്കെയുണ്ട്.

“അയ്യോ എനിക്കിത്രയും വില കൂടിയതൊന്നും വേണ്ട ചേച്ചി”

മീര ഒഴിയാൻ ശ്രമിച്ചെങ്കിലും നീരജ സമ്മതിച്ചില്ല.

“മീരയിപ്പോൾ ഇവിടെത്തെയൊരു അംഗമാണ്. അമ്മയാണെല്ലാം നിനക്കായി സിലക്റ്റ് ചെയ്തത്”

അതുകേട്ടിട്ട് അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി.അതുകണ്ടിട്ട് നീരജ അവളെ ശ്വാസിച്ചു.

“എന്തിനാണ് നീ എപ്പോഴും കരയുന്നത്.ഇനിയെങ്കിലും ഇതൊക്കെയൊന്ന് മതിയാക്കി കൂടെ”

“സന്തോഷത്താലാണ് ചേച്ചി..ഒരിക്കലും വിലപ്പെട്ട തുണികളൊന്നും ധരിച്ചിട്ടില്ല.അർഹതയുണ്ടെന്ന് തോന്നിയട്ടില്ല.അതാണ്. ഇനി ഞാൻ കരയില്ല”

ഒഴുകിയിറങ്ങിയ അശ്രുകണങ്ങൾ വിരലാൽ തുടച്ചിട്ട് മീരജ പറഞ്ഞു. അലമാരിയുടെ താഴെ തട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടി നീരജ എടുത്ത് മീരക്ക് മുന്നിൽ വെച്ചു.

അതിൽ നിന്നും ഒരുജോഡി കമ്മലും ഒരുപവനോളം വരുന്നൊരു മാലയും നാലു വളകളും സമ്മാനിച്ചു. എല്ലാം സ്വർണ്ണഭരണങ്ങൾ ആയിരുന്നു..

“ഇതെല്ലാം ധരിച്ചിട്ട് വേഗം താഴേക്ക് വാ..ഞങ്ങൾ ഹാളിൽ കാണും.ഇവിടത്തെ പെൺകുട്ടികൾ നന്നായി ഒരുങ്ങി നടക്കണമെന്ന് അമ്മക്ക് നിർബന്ധമാണ്. അനുസരണക്കേടും കളളം പറച്ചിലും അമ്മക്ക് ഇഷ്ടമാകില്ല”

തുണികളും ആഭരണങ്ങളും അവളെ ഏൽപ്പിച്ചു നീരജ താഴേക്ക് പോയി.തുണികളും ആഭരണങ്ങളുമായി കുറച്ചു സമയം അവൾ പകച്ചു നിന്നു.

മെറൂൺ കളറിൽ പ്രിന്റ് വർക്കുകൾ ധാരാളമുള്ളൊരു ചുരീദാർ ധരിച്ചു. കമ്മലും വളയും മാലയും അണിഞ്ഞ ശേഷം മുടിയൊതുക്കി ചീകി രണ്ടു വശത്തേക്കും പിന്നിയിട്ടു.

കണ്ണാടിയിൽ അവൾ സ്വയം മറന്നു നിന്നു. പഴയ മീരക്ക് പകരം സുന്ദരിയായൊരു പെൺകുട്ടി മുമ്പിൽ.തന്റെ മാറ്റം അവൾക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

മീര താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും അവളെ പ്രതീക്ഷിച്ചു ഡൈനിംഗ് ടേബിളിനു മുന്നിൽ ഇരിപ്പുണ്ട്.സ്റ്റെയർകേസ് ഇറങ്ങി വരുന്ന മീരയെ എല്ലാവരും അത്ഭുതം നിറഞ്ഞ മിഴികളോടെ നോക്കി.

“എന്തൊരു സൗന്ദര്യമാണ്..അടിമുടിയൊരു മാറ്റം.ശരിക്കുമൊരു ദേവതയെ പോലെയുണ്ട്.ഇപ്പോൾ മീരയെ കണ്ടാൽ സമ്പന്നായ വീട്ടിലെ പെൺകുട്ടിയാണെന്നേ തോന്നൂ..

നീരജിന്റെ കണ്ണുകൾ മീരയിൽ ആയിരുന്നു. അവന്റെയുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ ആരും തിരിച്ചറിഞ്ഞില്ല.

മീനമ്മ അവളെ തനിക്ക് അരികിൽ പിടിച്ചിരുത്തി…

” എന്റെ നീരവ് മോനൊരു പ്രണയം ഉണ്ടായിരുന്നു. ഒരുവർഷം മുമ്പേ നല്ലൊരു ആലോചന വന്നപ്പോൾ അവൾ എന്റെ മോനേ വഞ്ചിച്ച് മറ്റൊരുത്തനെ വിവാഹം കഴിച്ചു.

അതോടെ അവൻ മാനസികമായി തകർന്നു.

പഴയതുപോലെ അവൻ തിരിച്ച് വരണമെങ്കിൽ നീഹാരികയെ പോലൊരു പെൺകുട്ടിയെ കിട്ടിയാൽ ചിലപ്പോൾ മാറ്റങ്ങൾ സംഭവിച്ചേക്കാം.

അങ്ങനെ നീണ്ട നാളത്തെ അൻവേഷണത്തിനു ഒടുവിലാണു നിന്നെ കണ്ടുമുട്ടിയത്.

എന്റെ മകനെ എനിക്ക് പഴയതുപോലെ തിരിച്ച് തന്നാൽ ചോദിക്കുന്നതെന്തും അമ്മതരാം”

കണ്ണുനീരോടെ മീനമ്മ മീരക്ക് മുമ്പിൽ യാചിച്ചു.അതുകണ്ടപ്പോൾ അവൾക്കത് കൂടുതൽ സങ്കടമായി.

“എനിക്കൊന്നും വേണ്ടമ്മേ..എന്നെ പറഞ്ഞു വിടാതിരുന്നാൽ മതി.അമ്മയുടെ മോനേ പഴയ പോലെ തിരിച്ചാക്കി തരാം. ഞാൻ വാക്ക് തരുന്നു”

മീനമ്മ മീരയെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.

“വാ നീരവിനെ കാണണ്ടേ”

മീരജക്ക് ആഗ്രഹം ഉണ്ടായിരുന്നു പറഞ്ഞു മാത്രം കേട്ടിരുന്ന നീരവിനെ കാണാൻ.. അതിലേറെ ആകാംഷയും.മീനമ്മ അവളെയും കൂട്ടി നീരവിന്റെ മുറിയിലേക്ക് ചെന്നു.

കസേരയിലിരുന്ന് പത്രം വായിക്കുന്നൊരു മദ്ധ്യവയസ്ക്കനെയാണു മീരയാദ്യം കണ്ടത്.നരച്ചു തുടങ്ങിയ മുടിയിയ്.ലേശം നെറ്റി കൂടുതൽ ഉണ്ട്. ഇരുനിറമാണു ആൾ.

“മാധവേട്ടാ”

മീനമ്മയുടെ വിളികേട്ട് അയാൾ തല ഉയർത്തി.. അവർക്ക് അരികിൽ നിൽക്കുന്ന പെൺകുട്ടിയെ അയാൾ കൗതുകത്തോടെ നോക്കി.

“ഇത് മീര..നീരവ് മോന്റെ..”

മീരയെ കണ്ടപ്പോഴേ അയാൾക്ക് ആളെ മനസ്സിലായി..എഴുന്നേറ്റു വന്ന് അവളുടെ അരികിലെത്തി..

“എങ്ങനെ എങ്കിലും രക്ഷിക്കണം.” അയാൾ തൊഴുതപ്പോൾ താൻ പെട്ടെന്ന് ചെറുതായതു പോലെ.

“അച്ഛ ഞാൻ… അവൾ വാക്കുകക്കായി പരതി.

” അറിയാം മോളേ നിനക്കേയിനി ഇവനെ രക്ഷിക്കാൻ കഴിയൂ”

വിങ്ങിപ്പൊട്ടി ഹൃദയം തകർന്നു മാധവൻ മുറിവിട്ടിറങ്ങി. അയാളുടെ കരച്ചിൽ അവളുടെ ഹൃദയത്തിൽ തട്ടി.

മീരയുടെ കണ്ണുകൾ കട്ടിലിൽ കിടക്കുന്ന നീരവിൽ പതിഞ്ഞു.താടിയും മീശയും മുടിയും വളർന്ന് വികൃതമായൊരു ചെറുപ്പക്കാരൻ.നന്നേ വെളുത്തിട്ടാണു.

മുറിയുടെ ചുവരുകൾ നിറയെ ചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്നു.അതും ഒരുപെൺകുട്ടിയുടെ.അവൾക്ക് തന്റെ ഛായയാണെന്ന് മീര തിരിച്ചറിഞ്ഞു.

“മോൾ ഇവിടെ ഇരിക്ക്.മോൻ ഉണരുമ്പോൾ വിളിച്ചാൽ മതി”

മീനമ്മ അവളെ മുറിയിലാക്കി താഴേക്ക് പോയി.. മീരയുടെ കണ്ണുകൾ മുറിയാകെ പരതി.നിരവധി ബുക്കുകൾ ഷെല്ഫിൽ വൃത്തിയാക്കി അടുക്കി വെച്ചിരിക്കുന്നു.

അവൾ അങ്ങോട്ട് നീങ്ങി.

അവിടെ വെച്ചിരുന്ന ഡയറിക്കുറിപ്പിലാണു അവളുടെ കണ്ണുകൾ ഉടക്കിയത്.മെല്ലെയതിന്റെ ആദ്യത്തെ പേജ് തുറന്നു..

അതേ സമയം ആണ് നീരവ് കണ്ണുകൾ തുറന്നത്..മുറിയിൽ ഒരുപെൺകുട്ടി നിൽക്കുന്നു. അവൻ കാലുകൾ വലിച്ചു നിലത്തേക്ക് വെച്ചു.

പെട്ടെന്ന് മുറിയിലൊരു ചങ്ങലക്കിലുക്കം കേട്ട് മീര ഡയറിക്കുറിപ്പിൽ നിന്ന് ദൃഷ്ടികൾ മാറ്റി..നീരവിന്റെ കാലുകളിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല കണ്ടവൾ ഞെട്ടിപ്പോയി..

“ആരാടീ നീ..ഇറങ്ങിപ്പോടീ എന്റെ മുറിയിൽ നിന്ന്. ഇവിടെ എന്റെ നീഹാരികയുടെ സാന്നിധ്യം മാത്രം മതി”

അവിടെ ഇരുന്ന ഫ്ലാസ്ക്ക് എടുത്തു അവൻ അവളുടെ നേരെ എറിഞ്ഞു.ഒഴിഞ്ഞ് മാറിയെങ്കിലും വന്നു കൊണ്ടത് മുഖത്താണു.ചുണ്ടുകൾ പൊട്ടി ചോര കിനിഞ്ഞു.ഉമിനീരിൽ രക്തചുവ പരന്നു.

“ഇയാൾക്ക് ഭ്രാന്താണു…നല്ല മുഴുത്ത ഭ്രാന്ത്”

മീരക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലായി..തനിക്ക് പോകാൻ മറ്റൊരിടമില്ല.എല്ലാം സഹിച്ചേ കഴിയൂ.പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞു..

ആ കരച്ചിൽ നീരവിന്റെ ഹൃദയത്തിൽ തൊട്ടു.പൊടുന്നനെ നീരവ് ശാന്തനാകുന്നത് കണ്ണുനീരിനിടയിലും അവൾ കണ്ടു…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5