ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം
ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. 34 റൺസെടുത്ത ഹെയ്ന്‍റിച്ച് ക്ലാസനാണ് ടീമിന്‍റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത് സ്പിന്നർമാരാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഓപ്പണർ ക്വിന്‍റൺ ഡികോക്കിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറു റൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്‍റെ കൈയിൽ എത്തിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നെമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. സിറാജിന്‍റെ ഷോർട്ട് പിച്ച് പന്തിനെ നേരിടുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി.
റീസ ഹെൻഡ്രിക്സ് (3), എയ്ഡൻ മാർക്രം (9), ഡേവിഡ് മില്ലർ (7), ആൻഡിൽ ഫെഹ്ലുക്വായോ (5) എന്നിവർ നിലയുറപ്പിക്കും മുൻപ് പുറത്തായത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. വെറും 71 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്.