Tuesday, December 17, 2024
LATEST NEWS

രാജ്യത്തെ ആഗോള ഉത്പാദനകേന്ദ്രമാക്കുമെന്ന് മോദി

ഗുജറാത്ത്: നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത്തെ വ്യാവസായിക വിപ്ലവം പുതിയ ആശയങ്ങളുടെയും പുതിയ സാങ്കേതികവിദ്യകളുടെയും സംയോജനമായിരിക്കും. ഇതിലൂടെ ലോകത്തെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നടന്ന ‘ഇൻഡസ്ട്രി 4.0’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ഇന്ന്, നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. ആഗോള സാമ്പത്തിക ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായി മാറാൻ ഇന്ത്യയെ സഹായിക്കുന്നത് നമ്മുടെ വ്യവസായ മേഖലയും അതിന്‍റെ സംരംഭകരുമാണ്. രാജ്യത്തെ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളും പരിഷ്കാരങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

3ഡി പ്രിന്റിംഗ്, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യ ആഗോളതലത്തിൽ ഒരു പ്രധാന ഉൽപാദന കേന്ദ്രമായി മാറുമെന്ന് കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ഇതിനായി നിരവധി പുതിയ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി 18,000 കോടി രൂപയുടെ ഇൻസെന്‍റീവ് പദ്ധതിയായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) സർക്കാർ അംഗീകരിച്ചതായി പാണ്ഡെ കൂട്ടിച്ചേർത്തു.