ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20; ഗുവാഹത്തിയില്‍ മഴ ആശങ്ക
ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് മുമ്പ് ബർസപാര സ്റ്റേഡിയത്തിന്‍റെ ആകാശത്ത് ആശങ്കകള്‍ മൂടിക്കെട്ടുന്നു. കനത്ത മഴ ആശങ്കകൾക്കിടെയാണ് ഇന്നത്തെ മത്സരം നടക്കുക. മത്സര സമയത്ത് മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. അതിനാൽ, മഴ മത്സരം തടസ്സപ്പെടുത്തിയേക്കാം. ഇതിനൊപ്പം സ്റ്റേഡിയത്തിൽ മറ്റൊരു ആശങ്കയുമുണ്ട്.
ബർസപാര സ്റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. മഴ പെയ്താൽ വെള്ളം പൂർണ്ണമായും നീക്കം ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവം അവസാനം ഇവിടെ നടന്ന മത്സരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2020ൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇവിടെ നടന്ന മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പിച്ചുകളുടെ കവർ മാറ്റാനും ഈർപ്പം ചളയാനുമുള്ള സൗകര്യങ്ങളുടെ അഭാവമായിരുന്നു ഇതിന് കാരണം. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ നവീകരിച്ചിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ഗുവാഹത്തിയിൽ നടക്കും. വൈകിട്ട് 6.30ന് ബർസപാര സ്റ്റേഡിയത്തിൽ ടോസ് വീഴും. സ്റ്റാർ സ്പോർട്സിലും ഡിസ്നി + ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.