ലോകകപ്പ് കാണികൾക്കായി കൂടുതൽ ബസുകൾ; പൊതുഗതാഗത സൗകര്യം വർധിപ്പിച്ചു
ദോഹ: ഫിഫ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാൻ 4000 ബസുകൾ തയ്യാർ. പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ) 4000 ബസുകളിൽ സ്റ്റേഡിയം എക്സ്പ്രസ് ബസുകൾക്ക് പുറമേ പൊതുഗതാഗത ബസുകളും ഉൾപ്പെടും. 850 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 2300 പുതിയ ബസുകൾ കർവയുടെ വാഹന പരിധിയിൽ ഉൾപ്പെടുത്തിയതോടെ ബസുകളുടെ എണ്ണം വർദ്ധിച്ചു.
യൂറോ-6 എഞ്ചിനിൽ പ്രവർത്തിക്കുന്ന ആർഡബ്ല്യു സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 1,600 ഹൈബ്രിഡ് ബസുകളും കർവയിലുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക്, ഹൈബ്രിഡ് ബസുകൾ നിരത്തിലിറക്കുന്നത്. ലോകകപ്പിൽ കർവയുടെ 800 ടാക്സികൾ കൂടി സർവീസ് നടത്തും.